Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ എല്ലാം കൈവിട്ടു പോകുന്നു; ധാരാവിയിൽ അടക്കം രോഗികളുടെ എണ്ണം മേലോട്ടു തന്നെ; ക്വാറന്റീൻ സൗകര്യം ഒരുക്കാൻ വാങ്കഡെ സ്റ്റേഡിയം ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; മഹാഷ്ട്രയിൽ മാത്രം ഒറ്റ ദിവസം റിപ്പോർടടു ചെയ്തത് 2,347 രോഗബാധയും 63 മരണവും; തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു; കർണാടകത്തിൽ മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തിയവർക്ക് കൂട്ടത്തോടെ കോവിഡ്; കേരളവുമായി അതിർത്തി പങ്കിടുന്ന മൂന്ന് കർണാടക ജില്ലകൾ രോഗമുക്തമായത് ആശ്വാസം

മുംബൈയിൽ എല്ലാം കൈവിട്ടു പോകുന്നു; ധാരാവിയിൽ അടക്കം രോഗികളുടെ എണ്ണം മേലോട്ടു തന്നെ; ക്വാറന്റീൻ സൗകര്യം ഒരുക്കാൻ വാങ്കഡെ സ്റ്റേഡിയം ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; മഹാഷ്ട്രയിൽ മാത്രം ഒറ്റ ദിവസം റിപ്പോർടടു ചെയ്തത് 2,347 രോഗബാധയും 63 മരണവും; തമിഴ്‌നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു; കർണാടകത്തിൽ മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തിയവർക്ക് കൂട്ടത്തോടെ കോവിഡ്; കേരളവുമായി അതിർത്തി പങ്കിടുന്ന മൂന്ന് കർണാടക ജില്ലകൾ രോഗമുക്തമായത് ആശ്വാസം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെയും പിന്നിലാക്കി മുന്നോട്ടു പോകുകയാണ്. ഒരു ലക്ഷത്തിന് അടുത്തേക്കാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ കണക്കു നീങ്ങുന്നത്. ഇപ്പോൾ 95,698 പേർക്കാണ് കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. 3,025 പേർ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയും തമിഴ്‌നാടും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങിൽ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. കോവിഡ് ബാധിച്ച് ഇന്നലെ 63 പേർ മരിച്ച മഹാരാഷ്ട്രയിൽ പുതുതായി രോഗം കണ്ടെത്തിയത് 2,347 പേർക്കാണ് ഒറ്റദിവസം ഇത്രയും മരണവും രോഗവ്യാപനവും ആദ്യം. സംസ്ഥാനത്തെ ആകെ മരണം 1198. രോഗികൾ 33,053. അതിനിടെ, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാൻ എടുക്കുന്ന സമയം 7 ൽ നിന്ന് 13 ദിവസമായി മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണു മുംബൈ.

മുംബൈയിൽ ക്വാറന്റീൻ കിടക്കകളുടെ എണ്ണം 1 ലക്ഷമാക്കും. അതേസമയം, വാങ്കഡെ സ്റ്റേഡിയം ക്വാറന്റീൻ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിച്ചു. മഴ അടുത്തിരിക്കെ തുറന്ന സ്റ്റേഡിയങ്ങൾ തിരഞ്ഞെടുക്കേണ്ട എന്ന നിർദേശത്തെ തുടർന്നാണിത്. കോവിഡ് ബാധിതരായ പൊലീസുകാർ 1,206 ആയി. മരിച്ചവർ 11. ജയിലുകളിലെ തിക്കും തിരക്കും കുറയ്ക്കായി 7,200 തടവുകാരെ വിട്ടയച്ചു. മാർച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടുപേർക്കാണ് അന്ന് രോഗം കണ്ടെത്തിയത്. പിന്നാലെ കോവിഡ് നിരക്ക് കുത്തനെ കുതിക്കുകയായിരുന്നു. ഇന്ത്യയിൽ കോവിഡ് ഏറ്റവുമധികം ബാധിച്ച നഗരമായ മുംബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു. ഞായറാഴ്ച മാത്രം 1595 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 38 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 734 പേരാണ് മുംബൈയിൽ മരിച്ചത്.

വിദേശത്തുനിന്നെത്തി മുംബൈ കസ്തൂർബ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 64-കാരൻ മരിച്ചതോടെയാണ് മഹാരാഷ്ട്രയ്ക്ക് കോവിഡിന്റെ അപകടത്തെക്കുറിച്ച് ശരിക്കും ബോധ്യപ്പെട്ടത്. ആദ്യമരണത്തിന് 72 മണിക്കൂർ മുമ്പുതന്നെ സംസ്ഥാനം പകർച്ചവ്യാധി നിയമം നടപ്പാക്കിയിരുന്നു. അടുത്ത ദിവസം ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡിനെ നിയന്ത്രിച്ചുനിർത്താം എന്നുതന്നെയായിരുന്നു അപ്പോഴും പ്രതീക്ഷ.

എന്നാൽ, ആദ്യഘട്ടം ലോക്ഡൗൺ തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്ക് മാർച്ച് 11-ന് മരണസംഖ്യ 10 ആയി. രണ്ടാംഘട്ട ലോക്ഡൗൺ വേളയിൽ ഏപ്രിൽ 15 ആയപ്പോഴേക്കും മരണം 187 ആയി. 70 ദിവസംകൊണ്ട് അത് 30,706 ആയി ഉയർന്നു. ദിവസം ശരാശരി 438 പുതിയ കേസ്. രാജ്യത്തെ ആകെ രോഗബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. മെയ്‌ അവസാനത്തോടെ രോഗബാധിതരുടെ എണ്ണം 50,000 കവിയുമെന്നാണ് കരുതുന്നത്. 7061 പേർ രോഗവിമുക്തരായി എന്നതാണ് ആശങ്കകൾക്കിടയിലും പ്രതീക്ഷ നൽകുന്ന കാര്യം. 94 വയസ്സുള്ള മുത്തശ്ശിവരെ കോവിഡ് ഭേദമായവരിൽപ്പെടുന്നു. മുംബൈയിലെ ധാരാവിയിൽ കോവിഡ് ബാധിതരുടെ എണ്ണം വളരെ വേഗത്തിലാണ് ഉയരുന്നത്. പൊലീസുകാർക്കിടയിലും രോഗം കൂടി വരുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.

ഗുജറാത്തിൽ കോവിഡ്ബാധിതരുടെ എണ്ണം 11,000 കടന്നു. 34 പേർകൂടി മരിച്ചതോടെ മരണസംഖ്യ 650 കടന്നു. അഹമ്മദാബാദിലാണ് രോഗബാധിതരിലേറെയും. 8420 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേർകൂടി മരിച്ചതോടെ അഹമ്മദാബാദിൽ മരണസംഖ്യ 524 ആയി. അഹമ്മദാബാദിലെ വ്യാപാരികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 709 കേസുകൾകൂടി ചേർത്തതാണ് രോഗികൾ കൂടാൻ കാരണം. ഡൽഹിയിൽ രോഗികളുടെ എണ്ണം പതിനായിരത്തോടടുക്കുന്നു. ഞായറാഴ്ച പുതുതായി 422 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 9500 കടന്നു. 19 പേർകൂടി മരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിനം നാനൂറിനുമേൽ ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ട്.

കർണാടകത്തിൽ തിരിച്ചെത്തിയവർക്ക് കൂട്ടത്തോടെ കോവിഡ്

കർണാടകത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ തിരിച്ചെത്തുന്നവർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നുണ്ട്. സംസ്ഥാനത്ത് 55 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 40 പേരും മുംബൈയിൽനിന്നെത്തിയവരാണ്. രോഗം ബാധിച്ചവരിൽ എട്ടുപേർ കുട്ടികളാണ്. ചെന്നൈയിൽനിന്നു തിരിച്ചെത്തിയ ഒരാൾക്കും രോഗം ബാധിച്ചു. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗംവന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1147 ആയി. 509 പേർ രോഗം മാറി ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിലുള്ള 600 പേരിൽ 13 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഉഡുപ്പി സ്വദേശിയായ അമ്പത്തിനാലുകാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ 37 ആയി.

മാണ്ഡ്യയിൽ രോഗം സ്ഥിരീകരിച്ച 22 പേരും കലബുറഗിയിൽ രോഗംവന്ന പത്തുപേരും മഹാരാഷ്ട്രയിൽനിന്നെത്തിയവരാണ്. ഹാസൻ, ധാർവാർഡ്, കോലാർ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലുള്ളവർക്കും രോഗം സ്ഥിരീകരിച്ചു. ഞായാറാഴ്ച 13 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ബെംഗളൂരുവിൽ ഏഴുപേരും കലബുറഗിയിൽ നാലുപേരും തുമകൂരു, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും രോഗം മാറി. ബെംഗളൂരുവിൽ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. 216 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 122 പേർ രോഗമുക്തരായി. ഞായറാഴ്ച 5374 പേരുടെ സാംപിൾ പരിശോധിച്ചു. ഇതിൽ 5228 പേരുടെ ഫലം നെഗറ്റീവാണ്. രോഗലക്ഷണങ്ങളോടെ 158 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിന്റെ അതിർത്തി ജില്ലകൾ കോവിഡ് മുക്തം

കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകയിലെ വലിയഭാഗം പ്രദേശങ്ങളും കോവിഡിന്റെ ഭീഷണിയിൽനിന്നു മോചിതമായത് ഒട്ടേറെ മലയാളികൾക്കുൾപ്പെടെ ആശ്വാസം പകരുന്നു. മൈസൂരു, കുടക്, ചാമരാജനഗർ ജില്ലകൾ കോവിഡിനെ പടിക്കുപുറത്താക്കിയതോടെ അതിർത്തിപ്പട്ടണങ്ങൾ മിക്കതും സാധാരണ ജനജീവിതം കൈവരിക്കുന്നതിന്റെ തിരക്കിലായി. രണ്ട് മലയാളികളുൾപ്പെടെ 90 പേർക്ക് കോവിഡ് ബാധിച്ച മൈസൂരുവിൽ മുഴുവൻപേരും സുഖം പ്രാപിച്ച് മടങ്ങിയതോടെയാണ് ഭീഷണിയൊഴിഞ്ഞത്. രണ്ടാഴ്ചയിലധികമായി ഇവിടെ പുതിയ രോഗികളുമില്ല. കുടകിൽ ആകെ ഒരാൾക്കുമാത്രമാണ് രോഗം ബാധിച്ചത്. ഇദ്ദേഹം സുഖം പ്രാപിച്ചിട്ട് രണ്ടുമാസത്തോളമായി. ചാമരാജനഗർ ജില്ലയിലാണെങ്കിൽ ഇതുവരെ ഒരാൾക്കുപോലും രോഗം ബാധിച്ചിട്ടില്ല.

ചാമരാജനഗറും കുടകും നിലവിൽ ഗ്രീൻ സോണുകളാണ്. ഇവിടെ കൂടുതൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിലും ബസ് സർവീസ് ഉൾപ്പെടെ മടങ്ങിവന്നുകഴിഞ്ഞു. ജില്ലയുടെ അതിർത്തിക്കുള്ളിലായി വളരെ കുറച്ചു ബസുകൾമാത്രമാണ് സർവീസ് നടത്തുന്നത്. ഹോട്ടലുകളും തുണിക്കടകളും ചെറിയ ജൂവലറികളും ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചുതുടങ്ങി.

ചാമരാജനഗറിൽ മലയാളികൾ ഏറെയുള്ള ഗുണ്ടൽപേട്ടിൽ കച്ചവടകേന്ദ്രങ്ങളുൾപ്പെടെ സജീവമാണ്. ഇവിടത്തെ പച്ചക്കറിച്ചന്തയിൽ തിരക്കനുഭവപ്പെട്ടുവരുന്നതായി വ്യാപാരികൾ പറഞ്ഞു. ടൗണിൽ മിക്കസമയവും ജനത്തിരക്കുണ്ട്. ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിത്തുടങ്ങി. കുടകിലെ മലയാളികൾ കൂടുതലുള്ള കുശാൽനഗർ, മടിക്കേരി, വീരാജ്‌പേട്ട തുടങ്ങിയ പട്ടണങ്ങളെല്ലാം സജീവമായിക്കഴിഞ്ഞു. ഹോട്ടലുകളുൾപ്പെടെ തുറന്നു. മൈസൂരുവിൽ ഏതാനുംദിവസംമുമ്പാണ് നഗരസഭ ഇളവുകൾ അനുവദിച്ചത്. പുതിയ രോഗികളില്ലാതെ രണ്ടാഴ്ച പിന്നിട്ടതോടെയാണിത്. ഹോട്ടലുകളും തുണിക്കടകളും ജൂവലറികളും ഉൾപ്പെടെയുള്ള മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന വ്യാപാരകേന്ദ്രങ്ങളാണ് സജീവമായിത്തുടങ്ങിയത്.

അതേസമയം, മൂന്നു ജില്ലകളിലെയും വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിനടുത്തുള്ള കച്ചവടസ്ഥാപനങ്ങൾ തുറക്കാൻ ഉടമകൾ താത്പര്യം കാണിക്കുന്നില്ല. ഹോട്ടൽ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഭക്ഷണം കഴിക്കാൻ ആരും വരാതെ തുറന്നുവെച്ചിട്ട് എന്തുകാര്യമെന്ന് ബൈലക്കുപ്പയിലെ ഒരു ഹോട്ടൽനടത്തിപ്പുകാരൻ ചോദിച്ചു. അതിർത്തിക്കപ്പുറമുള്ള വയനാട് ജില്ല കോവിഡ് രോഗികൾ വർധിക്കുന്നതിനാൽ കർശന നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ അതിർത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജില്ലകളിലേക്ക് പുറത്തുനിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കുകയും സർക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുംചെയ്തുവരുന്നു.

അതേസമയം, 3 ദിവസത്തെ ഇടവേളയ്ക്കു ശേഷം തമിഴ്‌നാട്ടിൽ ഒറ്റ ദിവസം കോവിഡ് ബാധിതർ 500 കടന്നു. ഇന്നലെ 639 പേർക്കു രോഗം സ്ഥിരീകരിച്ചതിൽ 81 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. രോഗികൾ 11,224. നാലു പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 78. കോയമ്പത്തൂർ, തെങ്കാശി, കന്യാകുമാരി, തിരുപ്പൂർ, തേനി, നീലഗിരി തുടങ്ങി കേരളത്തിന്റെ അതിർത്തി ജില്ലകളുൾപ്പെടെ 25 ജില്ലകളിൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്നലെ കോവിഡ് ബാധിച്ച് 19 പേർ മരിച്ചു. ആകെ മരണം 148. രോഗികൾ 9,755.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP