Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം; മരണാനന്തര ചടങ്ങുകളിൽ 20 പേരും; സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകിയതോടെ ഐപിഎൽ ക്രിക്കറ്റ് നടക്കുമോ എന്ന് ആകാംക്ഷ; ഓട്ടോ റിക്ഷകളും ടാക്‌സികളും ഓടുമോ എന്ന കാര്യത്തിലും വ്യക്തത കുറവ്; ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കുന്ന കാര്യത്തിലും പ്രത്യേകം മാർഗ്ഗ നിർദ്ദേശമില്ല; ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടേക്കും; സോൺ മാർഗനിർദ്ദേശത്തിൽ വെള്ളം ചേർക്കരുതെന്നും കേന്ദ്ര നിർദ്ദേശം

വിവാഹ ചടങ്ങിൽ 50 പേർക്ക് പങ്കെടുക്കാം; മരണാനന്തര ചടങ്ങുകളിൽ 20 പേരും; സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകിയതോടെ ഐപിഎൽ ക്രിക്കറ്റ് നടക്കുമോ എന്ന് ആകാംക്ഷ; ഓട്ടോ റിക്ഷകളും ടാക്‌സികളും ഓടുമോ എന്ന കാര്യത്തിലും വ്യക്തത കുറവ്; ബാർബർ ഷോപ്പുകളും സലൂണുകളും തുറക്കുന്ന കാര്യത്തിലും പ്രത്യേകം മാർഗ്ഗ നിർദ്ദേശമില്ല; ഇക്കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടേക്കും; സോൺ മാർഗനിർദ്ദേശത്തിൽ വെള്ളം ചേർക്കരുതെന്നും കേന്ദ്ര നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക്ഡൗൺ മെയ്‌ 31 വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കുകയുണ്ടായി. ഇതിൽ വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാം എന്ന പുതിയ നിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കയാണ്. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരു സമയം പങ്കെടുക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇത് കൂടാതെ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നൽകുമെന്നും മാനദണ്ഡങ്ങളിൽ പറയുന്നുണ്ട്. എന്നാൽ കാഴ്‌ച്ചക്കാരെ അനുവദിക്കില്ലെന്നും നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ നോക്കുന്നത് രാജ്യത്ത് ഐപിഎൽ നടക്കുമോ എന്നതാണ്. ഇതുവരെ ഐപിഎൽ ഇക്കൊല്ലം ഉപേക്ഷിച്ചതായി ബിസിസിഐയോ മറ്റ് വൃത്തങ്ങളോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ കഴിഞ്ഞാൽ കാണികൾ ഇല്ലാതെ ഐപിഎൽ നടക്കാനുള്ള സാധ്യത പലരും ചൂണ്ടിക്കാടുന്നു. അല്ലാത്ത പക്ഷം വൻ നഷ്ടം ക്രിക്കറ്റ് ബോർഡിന് ഉണ്ടാകും എന്നത് ഉറപ്പാണ്.

അതേസമയം മറ്റു ചില കാര്യങ്ങളിലും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്ന സൂചനയുമുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കു നിരോധനം ഏർപ്പെടുത്താം എന്ന ഗണത്തിൽ പെടുത്തിയ ചില കാര്യങ്ങളുമുണ്ട്. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് നിരോധനമുള്ളതായി മാർഗനിർദ്ദേശത്തിൽ പറയുന്നില്ല. ഈ സാഹചര്യത്തിൽ ഇതിന്മേൽ സംസ്ഥാന സർക്കാരുകളാണു തീരുമാനമെടുക്കേണ്ടത്. മാത്രമല്ല, ഓട്ടോ, ടാക്‌സി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ കാര്യത്തിലും നിരോധനമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഓട്ടോറിക്ഷകൾ സർവീസുകൾ നടത്തുന്ന കാര്യത്തിൽ അടക്കം സംസ്ഥാന സർക്കാർ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്രസർക്കാറെന്ന സൂചനയാണുള്ളത്.

ബസുകൾക്കും ജില്ലകൾ വിട്ടു പോകാമെന്ന് കേന്ദ്ര മാനദണ്ഡത്തിൽ പറയുന്നുണ്ട്. എന്നാൽ സംസ്ഥാനം വിട്ടുള്ള യാത്രകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളിൽ അവശ്യസേവനങ്ങൾ മാത്രമേ പാടുള്ളൂ. ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്. മാളുകളിലെയും കണ്ടെയ്ന്മെന്റ് സോണുകളിലെയും ഒഴികെയുള്ള ഷോപ്പുകൾ മെയ്‌ 18 മുതൽ തുറന്നു പ്രവർത്തിക്കും, എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദ്ദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം.

ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്കു പ്രവർത്തിക്കാം. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കന്റീനുകൾക്ക് പ്രവർത്തിക്കാം. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം. എന്നാൽ കണ്ടെയ്ന്മെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.

പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങൾക്കും അനുമതിയുണ്ട്. മെഡിക്കൽ പ്രവർത്തകർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങൾക്ക് അകത്തും അതിർത്തിയിലും തടയരുത്. കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്-കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ നിർണയിക്കുന്നതിൽ ഇനിമുതൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കേന്ദ്ര നിർദ്ദേശം. കേന്ദ്ര ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദ്ദേശം അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. റെഡ്, ഓറഞ്ച് സോണുകൾക്കുള്ളിലെ കണ്ടെയ്ന്മെന്റ് സോണും ബഫർ മേഖലയും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരമായിരിക്കും ഇത്തരം തീരുമാനങ്ങളുമെടുക്കേണ്ടത്.

കണ്ടെയ്ന്മെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതി ഉണ്ടാകില്ല. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണപ്രദേശ അധികൃതർക്കു തീരുമാനിക്കാം. എന്നാൽ കണ്ടെയ്ന്മെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്രയും അനുവദിക്കില്ല.

നൈറ്റ് കർഫ്യൂ നടപ്പാക്കുന്നയിടങ്ങളിൽ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനത്തിലേർപ്പെടുന്നവർക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു തീരുമാനമെടുക്കാം. എന്നാൽ ആഭ്യന്തര വകുപ്പിന്റെ പുതിയ മാർഗ നിർദ്ദേശങ്ങളിലൊന്നും വെള്ളം ചേർക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിർദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അധികാരം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP