Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് പുലർച്ചെ അബദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ഒൻപത് യാത്രക്കാരെ ആശുപത്രിയിലാക്കി; നാല് പേർക്ക് കൊവിഡ് ലക്ഷണം; വിമാനത്തിലുണ്ടായിരുന്നത് ആകെ 180 യാത്രക്കാരിൽ കൂടുതൽ പേരും മലപ്പുറം സ്വദേശികൾ; കൊവിഡ് കെയർ സെന്ററുകളിലേക്ക് നിരീക്ഷണത്തിനയച്ചത് 83 പേരെ

ഇന്ന് പുലർച്ചെ അബദാബിയിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലെ ഒൻപത് യാത്രക്കാരെ ആശുപത്രിയിലാക്കി; നാല് പേർക്ക് കൊവിഡ് ലക്ഷണം; വിമാനത്തിലുണ്ടായിരുന്നത് ആകെ 180 യാത്രക്കാരിൽ കൂടുതൽ പേരും മലപ്പുറം സ്വദേശികൾ; കൊവിഡ് കെയർ സെന്ററുകളിലേക്ക് നിരീക്ഷണത്തിനയച്ചത് 83 പേരെ

ജാസിം മൊയ്ദീൻ

കോഴിക്കോട്; ഇന്ന് പുലർച്ചെ 2.12ന് അബദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ഐ.എക്സ് 348 എയർ ഇന്ത്യ എക്സ്‌പ്രസ് പ്രത്യേക വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 9 പേരെ മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ നാല് പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. ബാക്കി 5 പേർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് ലക്ഷണങ്ങളുള്ള മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലും കോഴിക്കോട് സ്വദേശിയായ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയിൽ മൂന്ന് പേർ മലപ്പുറം സ്വദേശികളും ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്. ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി.

വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ആംബുലൻസികളിലാണ് ഇവരെ കൊണ്ടുപോയത്. മറ്റു യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺവെയിൽത്തന്നെ 108 ആംബുലൻസുകൾ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്.

180 യാത്രക്കാരാണ് ആകെ വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ മലപ്പുറം സ്വദേശികളായിരുന്നു. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസർക്കോട് - രണ്ട്, കണ്ണൂർ - ഏഴ്, കൊല്ലം - രണ്ട്, കോഴിക്കോട് - 49, പാലക്കാട് - 15, വയനാട് - 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാർ. ഇവരെ കൂടാതെ തമിഴ്‌നാട്, മാഹി സ്വദേശികളായ ഓരോരുത്തരും ഇന്ന് തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ച് യാത്രക്കാരെ സ്വീകരിച്ചത്.

എയ്‌റോ ബ്രിഡ്ജിൽവച്ചുതന്നെ മുഴുവൻ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കോവിഡ് - കോറന്റൈൻ ബോധവത്ക്കരണ ക്ലാസ് നൽകിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം പൂർത്തിയാക്കി. തുടർന്ന് എമിഗ്രേഷൻ, കസ്റ്റംസ് പരിശോധന എന്നിവയ്ക്കു ശേഷമാണ് യാത്രക്കാർ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷൻ കേന്ദ്രങ്ങളിലേയ്ക്കും പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, ഉറ്റ ബന്ധുവിന്റെ മരണത്തോടനുബന്ധിച്ച് എത്തിയവർ തുടങ്ങിയവരെ നേരിട്ട് വീടുകളിലേയ്ക്കും തുടർ ചികിത്സയ്‌ക്കെത്തിയവരെ ആശുപത്രികളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേയ്ക്കും ആരോഗ്യ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

ഇന്ന് തിരിച്ചെത്തിയവരിൽ 83 പേരെയാണ് കോവിഡ് കെയർ സെന്ററുകളിൽ പ്രത്യേക നിരീക്ഷണത്തിലാക്കിയത്്. 80 പേരെ വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകളിലേക്കും മൂന്ന് പേരെ അവർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയർ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 31 പേരാണ് വിവിധ കോവിഡ് കെയർ സെന്ററുകളിലുള്ളത്. ആലപ്പുഴ ജില്ലയിലെ ഒരാൾ, കണ്ണൂർ ജില്ലയിൽ നിന്ന് അഞ്ച് പേർ, കൊല്ലം ജില്ലയിലെ ഒരാൾ, കോഴിക്കോട് ജില്ലയിലെ 26 പേർ, പാലക്കാട് ജില്ലയിലെ ഒമ്പത് പേർ, വയനാട് ജില്ലയിലെ അഞ്ച് പേർ, തമിഴ്‌നാട്, മാഹി സ്വദേശികൾ എന്നിവരാണ് സർക്കാറിന്റെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലുള്ളത്. മലപ്പുറം ജില്ലയിലെ രണ്ട് പേരും പാലക്കാട് ജില്ലയിലെ ഒരാളും അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയർ സെന്ററിലും കഴിയുന്നു.

മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളിൽ പ്രായമുള്ള 14 പേർ, 10 വയസിനു താഴെ പ്രായമുള്ള 22 കുട്ടികൾ, 17 ഗർഭിണികൾ എന്നിവരുൾപ്പടെയുള്ളവരാണിവർ. ഇവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ പൊതു സമ്പർക്കമില്ലാതെ സ്വന്തം വീടുകളിൽ പ്രത്യേക മുറികളിൽ കഴിയണം. മലപ്പുറം ജില്ലയിലെ 51 പേർ, കാസർകോഡ്, കണ്ണൂർ ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും കൊല്ലത്ത് നിന്ന് ഒരാളും കോഴിക്കോട് നിന്ന് 20 പേരും പാലക്കാടുള്ള അഞ്ച് പേരും വയനാട്ടിൽ നിന്നുള്ള ഏഴ് പേരുമാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിമാനത്താവള അഥോറിറ്റിയുമായി ചേർന്ന് ഒരുക്കിയിരുന്നത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും ആരോഗ്യ പരിശോധനയ്ക്കും ഡോക്ടർമാരുടെ നേതൃത്വത്തിൽ നാല് സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. ഗർഭിണികളടക്കമുള്ളതിനാൽ ഗൈനക്കോളജിസ്റ്റിന്റേയും സ്റ്റാഫ് നഴസുമാരുടേയും സേവനവുമുണ്ടായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് യാത്രക്കാർക്കായി പ്രത്യേക കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകൾ കൈകാര്യം ചെയ്തത്. യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകൾ പ്രവർത്തിച്ചു.

എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകൾക്ക് നാലും കൗണ്ടറുകളുമുണ്ടായിരുന്നു.യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോകാൻ 108 ആംബുലൻസുകളുൾപ്പെടെ 46 ആംബുലൻസുകളും ആറ് കെ.എസ്.ആർ.ടി.സി ബസുകളും 35 പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് യാത്രാ അനുമതി ലഭിച്ച എട്ട് സ്വകാര്യ വാഹനങ്ങൾക്ക് മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാർ, മറ്റ് ഏജൻസി പ്രതിനിധികൾ, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിച്ചില്ല. വിമാനത്താവളത്തിനകത്ത് സിഐ.എസ്.എഫും പുറത്ത് പൊലീസും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP