Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈനും പോലും ഉറപ്പിക്കാനാകുന്നില്ല; ദുരിത ജീവിതം മടുത്ത് എങ്ങനേയും വീട്ടിലേക്ക് യാത്ര പോകുന്ന കുടിയേറ്റ തൊഴിലാളികളേയും കൊണ്ടു കുതിക്കുന്നതു മൂലമുള്ള വാഹനാപകടങ്ങൾക്കും ശമനമില്ല; ഉയർന്ന തീവണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടന്നും വീട്ടിലേക്ക്; മോദി സർക്കാരിന് വയ്ക്കാനുള്ളത് പോർട്ടലെന്ന ആശയം മാത്രം; പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ലോക് ഡൗണിന്റെ നാലാം ഘട്ടത്തിലും ഈ കണ്ണീരുകൾക്ക് മാത്രം ശമനമില്ല

യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റൈനും പോലും ഉറപ്പിക്കാനാകുന്നില്ല; ദുരിത ജീവിതം മടുത്ത് എങ്ങനേയും വീട്ടിലേക്ക് യാത്ര പോകുന്ന കുടിയേറ്റ തൊഴിലാളികളേയും കൊണ്ടു കുതിക്കുന്നതു മൂലമുള്ള വാഹനാപകടങ്ങൾക്കും ശമനമില്ല; ഉയർന്ന തീവണ്ടിക്കൂലി കൊടുക്കാനില്ലാത്തവർ നടന്നും വീട്ടിലേക്ക്; മോദി സർക്കാരിന് വയ്ക്കാനുള്ളത് പോർട്ടലെന്ന ആശയം മാത്രം; പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ലോക് ഡൗണിന്റെ നാലാം ഘട്ടത്തിലും ഈ കണ്ണീരുകൾക്ക് മാത്രം ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പ്രത്യേക തീവണ്ടികൾ അയച്ചിട്ടും കുടയേറ്റ തൊഴിലാളികളുടെ ദുരിതം മാറുന്നില്ല. 'കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം വേദനാജനകമാണ്. തൊഴിലെടുക്കുന്ന സംസ്ഥാനത്തിന്റെയും സ്വന്തം സംസ്ഥാനത്തിന്റെയും ചുമതലയാണ് കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ', മഹാരാഷ്ടയിൽ കുടുങ്ങിയ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഇടപെടണം എന്ന ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശമാണിത്. എന്നാൽ കേന്ദ്ര സർക്കാരിന് മാത്രം കണ്ണ് തുറക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ പാക്കേജിലും ഇവരെ പൂർണ്ണമായും തഴഞ്ഞു. നേരിട്ട് പണം കൈയിലെത്തിക്കാനുള്ള പദ്ധതിയൊന്നും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല.

ലോക്ക്ഡൗൺ രണ്ട് മാസത്തോട് അടുക്കുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനങ്ങളും കേന്ദ്രവും നേരിടുന്ന വലിയ പ്രതിസന്ധിയായി വളരുകയാണ് കുടിയേറ്റത്തൊഴിലാളികളുടെ ജീവനും ആരോഗ്യവും. പട്ടിണി സഹിച്ച്, കിലോമീറ്ററുകൾ താണ്ടി വീടുതേടി പോകുന്നവരിൽ പലരും അപകടങ്ങളിൽ മരിക്കുന്നു. തൊഴിലാളികളുടെ യാത്രയിലെ സാമൂഹിക അകലവും നാട്ടിലെത്തിയ ശേഷമുള്ള ക്വാറന്റീനും കൃത്യമായി പാലിച്ചില്ലെങ്കിൽ സ്ഥിതി അപകടകരമാവും എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പക്ഷേ പലരും നടന്നാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിരോധത്തിനുള്ള സാധ്യതയും ഇല്ല.

അതിനിടെ മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബന്ദയ്ക്ക് സമീപം വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്കു പോകുകയിയിരുന്നു ഇവർ. പരിക്കേറ്റവരെ ബന്ദയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഞ്ചുപേരിൽ മൂന്ന് പേരും സ്ത്രീകളാണ്. നേരത്തെ ഉത്തർപ്രദേശിലെ ഔരയ ജില്ലയിൽ രണ്ടു ട്രക്കുകൾ കൂട്ടിയിടിച്ച് കുടിയേറ്റ തൊഴിലാളികളായ 24 പേർ മരിച്ചിരുന്നു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചവരിലേറേയും. തീവണ്ടി പാളത്തിൽ കിടന്നുറങ്ങിയവരുടെ ദേഹത്തേക്ക് തീവണ്ടി കയറി മരിച്ചത് 17 ഓളം പേരാണ്. ഇതിന് ശേഷം പലതും കേന്ദ്ര സർക്കാർ പറഞ്ഞു. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ദുരിതം തീരുന്നില്ല. അതിന് തെളിവാണ് ഇപ്പോഴും ഉണ്ടാകുന്ന ദുരിതങ്ങൾ.

തമിഴ്‌നാട്ടിൽ കോവിഡ് സ്ഥിരീകരിച്ച 477-ൽ 93 പേർ കുടിയേറ്റത്തൊഴിലാളികളാണ്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ് ഏറയെും. ധാക്കയിൽനിന്നു തിരിച്ചുവന്ന നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 150 കുടിയേറ്റത്തൊഴിലാളികൾക്ക് കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിലും തെലങ്കാനയിലും സമാന അവസ്ഥയാണ്. കർണാടകയിൽ കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ മിക്കവയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ കുടിയേറ്റ തൊഴിലാളികൾക്ക് സാമൂഹിക അകലമെന്നത് സങ്കൽപ്പം മാത്രമായി മാറുന്നുവെന്ന ചർച്ചയാണ് സജീവമാകുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ പലായനം നിയന്ത്രിക്കുന്നതിനും ഇവരുടെ മടക്ക യാത്ര സുഗമമാക്കുന്നതിനുമായി പുതിയ പോർട്ടൽ. കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുമാണ് 'നാഷണൽ മൈഗ്രന്റ് ഇൻഫർമേഷൻ സിസ്റ്റം' എന്ന പോർട്ടൽ ആരംഭിച്ചത്. തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് വിവധ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി പോർട്ടൽ ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച പുതിയ കത്തിൽ നിർദ്ദേശിച്ചു. ഫീൽഡ് ഓഫീസർമാർക്ക് അധിക ജോലി സൃഷ്ടിക്കാതെ സംസ്ഥാനങ്ങൾ തമ്മിൽ വേഗത്തിൽ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും. എന്നാൽ പാവങ്ങളായ കുടിയേറ്റ തൊഴിലാളികൾക്ക് പോർട്ടൽ ഉപയോഗിക്കാൻ പോലും അറിയില്ലെന്നതാണ് വസ്തുത.

അതിനിടെ ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കായി കൂടുതൽ ട്രെയിനുകൾ റെയിൽവേ അനുവദിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ദുരന്ത നിിവാരണ നിയമപ്രകാരം കളക്ടർമാർക്കാണ് അധികാരം. അവർക്ക് അതത് ജില്ലകളിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം പട്ടികപ്പെടുത്താനും അതിനനുസരിച്ച് ബസുകൾ ക്രമീകരിക്കുകയും ചെയ്യാം.എത്ര ട്രെയിനുകൾ വേണമെന്ന് പട്ടികപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ജില്ല തിരിച്ചുള്ള ഡാറ്റകൾ ഉപയോഗിക്കാൻ കഴിയും, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

നോൺ കണ്ടെയ്ന്മെന്റ് സോണുകളിൽ ഓട്ടോ, ബസ് യാത്രകളും ഗ്രീൻ സോണുകളിൽ വിമാന സർവ്വീസുകളും അടുത്ത ഘട്ടത്തിൽ ആരംഭിച്ചേക്കും. സംസ്ഥാനങ്ങൾ തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അധികൃതർ കാബിനറ്റ് സെക്രട്ടറിയുമായി മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് തിരുമാനമെടുക്കാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗൺ മെയ് 30 വരെയാകും നീളുക. നാലാം ഘട്ടത്തിൽ ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂണെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നീ 30 സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും.

അതിനിടെ രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശിൽ എത്തിക്കാൻ 500 ബസുകൾ ഏർപ്പാട് ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇടപെടൽ നടത്തി. രാജസ്ഥാനിലെ വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പിയിലെ സ്വന്തം ഗ്രാമത്തിലെത്തിക്കുന്നത്. ഞായറാഴ്ച രാവിലെ തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ബസുകൾ യു.പി സംസ്ഥാന അതിർത്തിയിൽ എത്തിച്ചേരും. തൊഴിലാളികൾക്ക് ഭക്ഷണം അടക്കം മറ്റ് സേവനങ്ങൾ നൽകാൻ വിവിധ ജില്ലകളിൽ ഹൈവേ ടാക്‌സ് ഫോഴ്‌സിന് യു.പി കോൺഗ്രസ് നേതൃത്വം രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 40 ഇടങ്ങളിൽ മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താനും പാർട്ടി നിർദേശമുണ്ട്.

കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് 1,000 ബസുകൾക്ക് അനുമതി നൽകാൻ പ്രിയങ്ക ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബസ് യാത്രയുടെ ചെലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയാൻ രാഹുൽ ഗാന്ധിയും തെരുവിലിറങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് സുഖ്ദേവ് വിഹാർ ഫ്ലൈഓവറിന് താഴെ ക്യാമ്പ് ചെയ്ത തൊഴിലാളികൾക്കരികെ രാഹുൽ എത്തിയത്. രാഹുൽ ഗാന്ധി തൊഴിലാളികളുമായി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. മാസ്‌ക് ധരിച്ചാണ് രാഹുൽ തൊഴിലാളികളോട് കാര്യം തിരക്കുന്നത്.

ഹരിയാനയിലെ അംബാലയിൽ നിന്ന് യുപിയിലേക്കും മധ്യപ്രദേശിലേക്കും കാൽനടയായി പോകുന്ന തൊഴിലാളികളാണ് ഫ്ലൈഓവറിന് താഴെ വിശ്രമിച്ചത്. ഇതുവരെ 130 കിലോമീറ്റർ നടന്നെന്നും കൂടുതൽ നടക്കാനുണ്ടെന്നും ഇവർ രാഹുൽ ഗാന്ധിയോട് പറഞ്ഞു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം വീടുകളിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP