Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിയൊച്ചകൾക്ക് നടുവിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിച്ച് മാറ്റിയത് കൈകൾ കൊണ്ട്; ജനിച്ച രണ്ടാം മണിക്കൂറിൽ അമ്മയെ നഷ്ടമായ കുഞ്ഞിനെയും വെടിവെച്ച് ഭീകരർ: ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മാറാതെ കാബൂൾ

വെടിയൊച്ചകൾക്ക് നടുവിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ പൊക്കിൾ കൊടി മുറിച്ച് മാറ്റിയത് കൈകൾ കൊണ്ട്; ജനിച്ച രണ്ടാം മണിക്കൂറിൽ അമ്മയെ നഷ്ടമായ കുഞ്ഞിനെയും വെടിവെച്ച് ഭീകരർ: ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും മാറാതെ കാബൂൾ

സ്വന്തം ലേഖകൻ

കാബൂൾ: സന്തോഷം മാത്രം തളം കെട്ടി നിന്ന ഇടമായിരുന്നു കാബൂളിലെ ബർച്ചി നാഷണൽ ആശുപത്രി. ഓരോ കുഞ്ഞും ജനിച്ച് വീഴുമ്പോഴും മിഠായി വിതരണം ചെയ്തും ബന്ധുക്കൾ പുതിയ അതിഥിയെ വരവേറ്റും ഓരോ നിമിഷവും ആഘോഷമാക്കിയിരുന്ന ഇടം. പെട്ടെന്നാണ് ഈ ആശുപത്രി ചോരക്കളമായി മാറിയത്. ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി അതിക്രമിച്ചു കയറിയ ഭീകരർ അവിടം കുരുതിക്കളമാക്കി മാറ്റുകയായിരുന്നു.

ആശുപത്രിയിലെ പ്രസവ വാർഡ് മാത്രം ലക്ഷ്യമിട്ടാണ് ആ മൂന്ന് ഭീകരർ ഇരമ്പി എത്തിയത്. പ്രസവ വാർഡിലേക്ക് എത്തിയ ആയുധധാരികൾ അമ്മമാർക്ക് നേരെയാണ് തുരുതുരാ വെടിയുതിർത്തത്. കിടക്കകളിൽ വിശ്രമിക്കുകയായിരുന്നവർക്ക് നേരെയും വെടിയുതിർത്തു. അവർ അമ്മമാരെ കൊല്ലാനായാണ് വന്നത്- മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ്(എംഎസ്ഫ്) പ്രോഗ്രാംസ് മേധാവിയായ ബോന്നോട്ട് പറഞ്ഞു.

സംഭവസമയത്ത് 26 അമ്മമാരും പ്രസവത്തിനായി പ്രവേശിപ്പിച്ച സ്ത്രീകളും വാർഡിലുണ്ടായിരുന്നു. ആക്രമണം കണ്ട് പത്ത് പേർ സുരക്ഷിതമായി മുറികളിൽ ഓടിയൊളിച്ചു. പക്ഷേ, ബാക്കിയുള്ളവർക്ക് രക്ഷപ്പെടാനായില്ല. പലരും വെടിയേറ്റ് വീണു. ഭൂമിയിലേക്ക് പിറന്നുവീണ് രണ്ട് മണിക്കൂർ മാത്രം പിന്നിട്ടപ്പോൾ ആമിന എന്ന കുരുന്നിന് വെടിയേറ്റു. ആമിനയുടെ കാലിനാണ് വെടിവെപ്പിൽ പരിക്കേറ്റത്. ആമിനയ്ക്ക് അമ്മയേയും നഷ്ടമായി. മുലപ്പാലിന്റെ മധുരം നുണയാൻ പോലും ആ കുരുന്നിന് ഭാഗ്യം ലഭിച്ചില്ല.

ആമിനയുടെ മാതാവ് ബീബി നാസിയ അടക്കമുള്ള എട്ട് അമ്മമാരും വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രസവമുറിയിലുണ്ടായിരുന്ന മൂന്ന് അമ്മമാരുടെയും അവരുടെ നവജാത ശിശുക്കളുടെയും ജീവൻ പൊലിഞ്ഞു. ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും വെടിവെപ്പും തുടരുമ്പോഴും ആശുപത്രിയിൽ ഒരു കുഞ്ഞ് ജനിച്ചെന്നായിരുന്നു ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട നഴ്സിന്റെ വെളിപ്പെടുത്തൽ.

ഭീകരരുടെ കണ്ണിൽപ്പെടാതെ ആശുപത്രിയിലെ ഒരു മുറിക്കുള്ളിൽ വെടിയൊച്ചകൾക്ക് നടുവിലേക്കാണ് ആ കുഞ്ഞ് പിറന്നുവീണത്. ടോയ്ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് നഴ്സുമാർ ആ പ്രസവമെടുത്തു. വെറും കൈകൾ കൊണ്ട് പൊക്കിൾകൊടി മുറിച്ചുമാറ്റി. തങ്ങളുടെ തലയിലുണ്ടായിരുന്ന തുണി കൊണ്ടാണ് ആ കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിച്ചതെന്നും നഴ്സ് പറഞ്ഞു.

നിരവധി തവണ ഭീകരാക്രമണങ്ങളുണ്ടായ പ്രദേശമാണെങ്കിലും ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ വാർഡ് ലക്ഷ്യമാക്കി ഒരു ആക്രമണമുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുധധാരികളായ മൂന്ന് പേരാണ് 55 കിടക്കകളുള്ള ആശുപത്രിയിലെ പ്രസവവാർഡിൽ വെടിവെപ്പ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP