Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

2018 മേയിൽ ഇടുക്കിയിൽ ഉണ്ടായിരുന്നത് 25 ശതമാനം വെള്ളമെങ്കിൽ ഇപ്പോഴുള്ളത് 41 ശതമാനം ജലസംഭരണം; കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല; വൈദ്യുത ഉത്പാദനത്തിലെ കുറവ് 555 മെഗാവാട്ടും; പെരുമഴക്കാലമെത്തിയാൽ ഇടുക്കി ഡാം തുറന്നു വിടേണ്ടി വരും; ഇടവപ്പാതിക്കാലത്ത് കേരളത്തിന് മുമ്പിൽ എത്തുന്നത് പ്രളയ ആശങ്കയുടെ മൂന്നാം വെർഷൻ; കൊച്ചിയും ആലുവയും വീണ്ടും വെള്ളത്തിനടിയിൽ ആകാതിരിക്കാൻ മുൻകരുതലുകൾ എടുത്ത് സർക്കാർ സംവിധാനങ്ങൾ

2018 മേയിൽ ഇടുക്കിയിൽ ഉണ്ടായിരുന്നത് 25 ശതമാനം വെള്ളമെങ്കിൽ ഇപ്പോഴുള്ളത് 41 ശതമാനം ജലസംഭരണം; കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല; വൈദ്യുത ഉത്പാദനത്തിലെ കുറവ് 555 മെഗാവാട്ടും; പെരുമഴക്കാലമെത്തിയാൽ ഇടുക്കി ഡാം തുറന്നു വിടേണ്ടി വരും; ഇടവപ്പാതിക്കാലത്ത് കേരളത്തിന് മുമ്പിൽ എത്തുന്നത് പ്രളയ ആശങ്കയുടെ മൂന്നാം വെർഷൻ; കൊച്ചിയും ആലുവയും വീണ്ടും വെള്ളത്തിനടിയിൽ ആകാതിരിക്കാൻ മുൻകരുതലുകൾ എടുത്ത് സർക്കാർ സംവിധാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടവപ്പാതി പടിവാതിലിലെത്തിയിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനാകുന്നില്ലെന്നത് കേരളത്തെ വെട്ടിലാക്കും. വൈദ്യുത ബോർഡിന് കീഴിലുള്ള വൻ ഡാമുകളിൽ എല്ലാം നല്ല ജലശേഖരം ഇപ്പോഴുണ്ട്. വൈദ്യുത ഉത്പാദനത്തിന്റെ കുറവാണ് ഇതിന് കാരണം. 12 ജനറേറ്ററുകൾ പ്രവർത്തിക്കാത്തും ഇതിന് കാരണമാകും. കേരളത്തിന്റെ വൈദ്യുതി ഉത്പാദനത്തിൽ ഇതുകാരണം 555.95 മെഗാവാട്ടിന്റെ കുറവാണ് ദിവസേനയുണ്ടാകുന്നത്. നിലവിലെ സാഹചര്യത്തിൽ ഇടവപ്പാതിക്കാലത്ത് ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നു വിടേണ്ടി വരും. അങ്ങനെ വന്നാൽ കൊച്ചിയുലം ആലുവയുമെല്ലാം വീണ്ടും വെള്ളത്തിനടിയിലാകും. രണ്ട് കൊല്ലമുമ്പുണ്ടായ പ്രളയ സാഹചര്യം വീണ്ടും സംസ്ഥാനത്ത് വരാനുള്ള സാധ്യതയാണ് സർക്കാർ ഇപ്പോൾ കാണുന്നത്.

കേരളത്തിലെ 52 ജനറേറ്ററുകളിൽ 12 എണ്ണം പ്രവർത്തിക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ 42 ശതമാനമാണ് ജലസംഭരണം. മൂന്നുമാസത്തിലേറെയായി ജനറേറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ മഴ കനത്താൽ ഡാം തുറക്കേണ്ടിവരും. ഇടുക്കി തുറന്നാൽ താഴെയുള്ള ഡാമുകളിലെ കണക്കുകൂട്ടലുകളും തെറ്റും. മഴപ്രതീക്ഷയിൽ ഡാമുകളിലെ ജലസംഭരണം മെയ്‌ അവസാനത്തോടെ 10 ശതമാനത്തിലെത്തിക്കണം. 2018-ലെ പ്രളയമഴയ്ക്കു മുമ്പ് ഡാമുകളിലെ ജലസംഭരണം 23.77 ശതമാനമായിരുന്നു. എന്നാൽ മഴയെത്തും മുമ്പ് ജലനിരപ്പ് കുറയ്ക്കാനാവാത്ത സ്ഥിതിയാണുള്ളത്. നല്ല വേനൽ മഴയും കിട്ടുന്നു. അതുകൊണ്ട് തന്നെ വൈദ്യുത ബോർഡിന്റെ വമ്പൻ അണക്കെട്ടിലേക്ക് നീരൊഴുക്കും കൂടുതലാണ്. അതും ആശങ്കയാകുന്നു.

മുഴുവൻ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ 1,938.75 മെഗാവാട്ട് ഉത്പാദിപ്പിക്കാം. ഇപ്പോൾ 1,382.8 മെഗാവാട്ട് വൈദ്യുതോത്പാദനമേയുള്ളൂ. കേടുപാട് വന്നതും വാർഷിക അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടതുമാണ് ഇതിലേറെയും. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയ്ക്കണമെങ്കിൽ മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളും പൂർണതോതിൽ പ്രവർത്തിപ്പിക്കണം. എന്നാൽ, ഇതിൽ രണ്ടു ജനറേറ്ററുകൾ മൂന്നുമാസം മുമ്പ് പൊട്ടിത്തെറിച്ചു. ഒരെണ്ണം അറ്റകുറ്റപ്പണിയിലും. അതുകൊണ്ട് തന്നെ വൈദ്യുത ഉൽപാദനം കൂട്ടാനാകില്ല. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ഇതും ഇടുക്കിയിലേക്ക് കൂടുതൽ വെള്ളമെത്തിക്കും.

ഈ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 10 മുതൽ 16 അടി വെള്ളമാണ് വേനൽ കാലത്ത് അണക്കെട്ടിൽ കൂടുതൽ ഉള്ളത്. ഈ നില തുടരുകയും മഴ ശക്തമാവുകയും ചെയ്താൽ കാലവർഷത്തിന്റെ ആദ്യത്തിൽ തന്നെ ഡാം തുറക്കേണ്ടി വരുമോ എന്നാണ് ആശങ്ക. ലോക്ക്ഡൗണിൽ ഫാക്ടറികളും വാണിജ്യ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞത് മൂലം വൈദ്യുതോൽപാദനം കുറച്ചതാണ് ഡാമിൽ ജലനിരപ്പ് താഴാത്തതിനുള്ള പ്രധാന കാരണം. ഇടുക്കി അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 2,344 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 40 ശതമാനത്തിനു മുകളിലാണ് ഈ ദിവസങ്ങളിലെ ജലനിരപ്പ്. വേനൽ കാലത്ത് ഈ നിലയിൽ ജല നിരപ്പ് കുറയാതിരിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിനം ശരാശരി 8.5 കോടി യൂണിറ്റ് വേണ്ടിയിരുന്നിടത്ത് ലോക്ക്ഡൗൺ വന്ന ശേഷം പ്രതിദിന ഉപഭോഗം 7 കോടി യൂണിറ്റായി ചുരുങ്ങി. കാലവർഷം ഇത്തവണ ജൂൺ ഒന്നിന് തന്നെ എത്തുമെന്നും ശക്തമാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ജൂൺ അവസാനത്തോടെ ഡാം നിറഞ്ഞേക്കും. ചെറുഡാമുകളിൽ നിന്നുള്ള വൈദ്യുതോൽപാദനം കുറച്ച് ഇടുക്കിയിൽ ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി, എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലെന്നും അധിക ജലം കാലവർഷം എത്തും മുൻപ് ഒഴുക്കി കളയണം എന്നുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. മഴ കൃത്യമായി വന്നില്ലെങ്കിൽ വലിയ വൈദ്യുതി ക്ഷാമം അതുണ്ടാക്കും.

കാലവർഷം കനക്കുമെന്നു മുഖ്യമന്ത്രിയും സൂചന നൽകിയതോടെ ഇടുക്കിക്കാരുടെ നെഞ്ചിടിപ്പു കൂടുകയാണ്. മഴക്കാലത്തെ വരവേൽക്കാൻ ജില്ലാ ആസ്ഥാനത്തെ പഞ്ചായത്തുകളിൽ ഒരുക്കം ആരംഭിച്ചു. കഴിഞ്ഞ പ്രളയകാലത്ത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതോടെ പെരിയാർ നദി കര കവിഞ്ഞു വള്ളക്കടവു മുതൽ ചപ്പാത്തു വരെ തീരപ്രദേശത്തു തകർത്ത വീടുകളുടെ പണികൾ ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല . കല്ലാർ ഡാമിലെ വെള്ളം ഇടുക്കി ഡാമിലേക്കു തടസ്സമില്ലാതെ ഒഴുകും. മന്നാക്കുടി ടണൽ മുഖത്തേക്കു 2018ലെ പ്രളയകാലത്തു പതിച്ച പാറക്കഷണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂർണമായും നീക്കം ചെയ്തു. 30 അടി ഉയരവും 30 അടി വ്യാസവുമുള്ള പാറക്കഷണമാണു ടണൽ മുഖത്തു പതിച്ചത്. ഇതും ഇടുക്കിയിലേക്കുള്ള നീരൊഴുക്ക് കൂട്ടും.

അതിനിടെ മൺസൂൺ സീസണിൽ ഇടുക്കി മലങ്കര ഡാമിന്റെ സംഭരണശേഷി 39.5 മീറ്ററായി നിജപ്പെടുത്തി ഉത്തരവായി. മലങ്കര ഡാം തുറന്നുവിടുമ്പോൾ മൂവാറ്റുപുഴയാറും പരിസരവും കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യം പരിഗണിച്ചാണിത്. ഈ മാസം 25 മുതൽ ഡാമിലെ ജലനിരപ്പ് പുനഃക്രമീകരിക്കും. നിലവിൽ ഡാമിലെ ജലനിരപ്പ് 41.64 മീറ്ററാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നു ഡാമിന്റെ മൂന്നു ഷട്ടർ ഇന്നു മുതൽ 20 സെന്റീമീറ്റർ ഉയർത്തുമെന്നു ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. 42 മീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. വെള്ളം തുറന്നുവിട്ടാൽ മൂവാറ്റുപുഴയാറിൽ ഒരടി വെള്ളം ഉയരാനുള്ള സാധ്യതയുണ്ട്. ഇനി ജലനിരപ്പ് 39.5 മീറ്ററിലേക്കു താഴുമ്പോൾ ഷട്ടറുകൾ അടയ്ക്കും.

വെള്ളം തുറന്നുവിടുമ്പോൾ മൂവാറ്റുപുഴയാർ കരകവിയുന്നത് പതിവായിരുന്നു. ആയിരക്കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഇതു ഭീഷണിയുയർത്തിയിരുന്നു. മൂവാറ്റുപുഴ നഗരത്തിലെ ഒട്ടുമിക്ക താഴ്ന്ന മേഖലകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡാമിലെ ഷട്ടർ 80 സെന്റീമീറ്റർ ഉയർത്തിയപ്പോൾ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് എട്ടടി ഉയർന്നിരുന്നു. ഇടുക്കി ജലസംഭരണിയിൽനിന്നു വൈദ്യൂതോൽപ്പാദനത്തിനുശേഷം വരുന്ന ജലമാണു തൊടുപുഴയിലെ മലങ്കര ഡാമിൽ സംഭരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP