Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രോഗ സ്ഥിരീകരണത്തിന് മുമ്പ് കമാണ്ടോ യാത്ര ചെയ്തത് കോട്ടയത്തേക്കും മലപ്പുറത്തേക്കും വടകരയിലേക്കും; വയനാട്ടിലെ മിക്ക ചെക് പോസ്റ്റിലും പൊലീസ് സ്‌റ്റേഷനിലും ആശുപത്രികളിലും ഡിവൈഎസ്‌പിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ എത്തിയത് ഔദ്യോഗിക ജോലിയുടെ ഭാഗം; വൈറസ് ബാധ സ്ഥിരീകരിച്ച ദിവസവും ഡ്യൂട്ടിയിൽ; കമാൻഡോയുടെ സമ്പർക്ക പട്ടികയിൽ നിറയുന്നത് സമൂഹ വ്യാപനത്തിനുള്ള സാധ്യത; കൂടുതൽ സാമ്പിൾ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ്; വയനാട്ടിൽ കൊറോണ ഭീതി ഒഴിയുന്നില്ല

രോഗ സ്ഥിരീകരണത്തിന് മുമ്പ് കമാണ്ടോ യാത്ര ചെയ്തത് കോട്ടയത്തേക്കും മലപ്പുറത്തേക്കും വടകരയിലേക്കും; വയനാട്ടിലെ മിക്ക ചെക് പോസ്റ്റിലും പൊലീസ് സ്‌റ്റേഷനിലും ആശുപത്രികളിലും ഡിവൈഎസ്‌പിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ എത്തിയത് ഔദ്യോഗിക ജോലിയുടെ ഭാഗം; വൈറസ് ബാധ സ്ഥിരീകരിച്ച ദിവസവും ഡ്യൂട്ടിയിൽ; കമാൻഡോയുടെ സമ്പർക്ക പട്ടികയിൽ നിറയുന്നത് സമൂഹ വ്യാപനത്തിനുള്ള സാധ്യത; കൂടുതൽ സാമ്പിൾ പരിശോധനയ്ക്ക് ആരോഗ്യ വകുപ്പ്; വയനാട്ടിൽ കൊറോണ ഭീതി ഒഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ പൊലീസ് കമാൻഡോയുടെ മെയ്‌ 3 മുതലുള്ള സമ്പർക്ക പട്ടിക അതിസങ്കീർണ്ണം. ജില്ലയിൽ ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വലുതാണിത്. കോട്ടയം, മലപ്പുറം, വടകര തുടങ്ങിയ സ്ഥലങ്ങളിലും ഇദ്ദേഹം യാത്ര ചെയ്തു. ഇതെല്ലാം രോഗ സ്ഥിരീകരണത്തിനു മുൻപാണ്. വയനാട്ടിലെ വിവിധ ചെക്‌പോസ്റ്റുകൾ, പൊലീസ് സ്റ്റേഷനുകൾ, ഡിവൈഎസ്‌പി ഓഫിസ്, ആശുപത്രികൾ, കന്റീനുകൾ തുടങ്ങിയ സ്ഥലങ്ങളിലും ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരുടെ പൂർണ സമ്പർക്കപ്പട്ടിക തയാറാക്കുക ഏറെ ശ്രമകരമാണ്.

വയനാട് ജില്ലാ പൊലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റിയതും ഈ സാഹചര്യത്തിലാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസ് മേധാവിയും നിരീക്ഷണത്തിലേക്ക് മാറേണ്ടിവന്നത്. കൊറോണ സ്ഥിരീകരിച്ച പൊലീസുകാരിൽ ഒരാൾ ഡിവൈഎസ്‌പിയുടെ കമാൻഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പൊലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിലച്ച അവസ്ഥയിലാണ്.

കോവിഡ് വിമുക്തമായിരുന്ന വയനാട് കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ആശങ്കയിലേക്ക് എത്തുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസിൽ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസുകാർക്ക് രോഗബാധയുണ്ടായത്. ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസുകാരിൽ കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇത് അതീവ ആശങ്കയുണർത്തുന്നത്. കോവിഡ് സ്ഥിരീകരിച്ച കമാണ്ടോ സ്ഥിരീകരിച്ച ദിവസവും ജോലി ചെയ്തിരുന്നു.. മുത്തങ്ങ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മാനന്തവാടി ഡിവൈഎസ്‌പിയോടൊപ്പം ഇദ്ദേഹം യാത്ര ചെയ്‌തെന്ന് കണ്ടെത്തി. നേരത്തെ രോഗം വന്നയാളുടെ രണ്ടാം തല സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളായിട്ടും ഡ്യൂട്ടി തുടർന്ന സാഹചര്യത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് പത്തിന് കോവിഡ് സ്ഥിരീകരിച്ച യുവാവ് കഴിഞ്ഞ മാസം 28 നും ഈ മാസം രണ്ടിനും ലോക്ക് ഡൗൺ ലംഘന കേസുമായി ബന്ധപ്പെട്ടു മാനന്തവാടി സ്റ്റേഷനിൽ എത്തിയിരുന്നു. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സാമ്പിളുകൾ ഇക്കഴിഞ്ഞ തിങ്കളാഴ്ച പരിശോധനക്ക് അയച്ചു. ഇതിൽ രണ്ടെണ്ണം പോസിറ്റീവായി. ഇതോടെയാണ് ആശങ്ക എത്തുന്നത്. ഇതിൽ കമാണ്ടോയാണ് രോഗം സ്ഥിരീകരിച്ച ദിവസം പോലും ജോലിയെടുത്തത്. ഫലം വരുന്നത് വരെ ക്വാറന്റീനിൽ കഴിഞ്ഞെങ്കിൽ ആശ്വാസം ആകുമായിരുന്നു.

കമാൻഡോ വിഭാഗത്തിൽപ്പെട്ട ഇയാൾ മാനന്തവാടി ഡിവൈഎസ്‌പിയ്‌ക്കൊപ്പം മുത്തങ്ങ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയിട്ടുണ്ട് . ആ സമയം വയനാട് എസ്‌പിയും സ്ഥലത്ത് ഉണ്ടായിരുന്നു. ഡിവൈഎസ്‌പിയുടെ ചുമതല മാനന്തവാടി എ എസ് പിക്ക് നൽകി. മാനന്തവാടി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിലച്ചു. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നൽകേണ്ടവർ ഇ മെയിൽ വഴിയൊ, മറ്റു സ്റ്റേഷനിലൊ പരാതി നൽകാനാണ് നിർദ്ദേശം. ഉന്നത ഉദ്യോഗസ്ഥർ ക്വാറന്റീനിൽ പോയ സാഹചര്യത്തിൽ ഇവരുടെ ചുമതലകൾ മറ്റു ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. മാനന്തവാടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ അതത് ഡ്യൂട്ടി പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേദ്ദശം. അത്യാവശ ഘട്ടത്തിൽ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പുന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ സ്റ്റേഷൻ അണുവിമുക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ വീണ്ടും ഡ്യൂട്ടി ചെയ്തതിനെത്തുടർന്ന് വയനാട്ടിൽ അതീവജാഗ്രതയാണ്. രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ സ്റ്റേഷനിൽ എത്തിയതിനെത്തുടർന്ന് ബത്തേരി സിഐയും രണ്ട് എസ്‌ഐമാരും ഉൾപ്പെടെ 20 പേരെ നിരീക്ഷണത്തിലാക്കി. യോഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിക്കുപുറമെ കലക്ടറും ഡിഎംഒയും പൊലീസിന്റെ പ്രതിനിധിയും മാത്രമേ അവലോകനയോഗങ്ങളിൽ പങ്കെടുക്കുകയുള്ളൂ. മാനന്തവാടി ഡിവൈഎസ്‌പിക്കൊപ്പമാണ് കമാൻഡോ ബത്തേരി സ്റ്റേഷനിലെത്തിയത്. പിന്നീട് ഇവർ മുത്തങ്ങയിലെ പരിശോധനാകേന്ദ്രങ്ങളിലും പോയി. ബത്തേരി സ്റ്റേഷനിലെ പൊലീസുകാർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തതും കമാൻഡോയാണ്. ഇതെല്ലാം പ്രതിസന്ധിയാണ്.

അതിനിടെ വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ അറാം വാർഡ് കൂടി ജില്ലയിലെ കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു. നിലവിൽ നാല് തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ജില്ലയിൽ നാല് തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾ പൂർണ്ണമായും അടച്ചു. മാനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി വെള്ളമുണ്ട എടവക പഞ്ചായത്ത് എന്നിവിടങ്ങളും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. നെന്മേനി പഞ്ചായത്തിലെ നാലും മീനങ്ങാടി പഞ്ചായത്തിലെ അഞ്ചും വാർഡുകൾ പൂർണ്ണമായും കണ്ടെയ്ന്മെന്റ് സോണിലാണ്. ഇന്ന് തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു വാർഡ് കൂടി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. നെന്മേനി പഞ്ചായത്തിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെടുത്തും.

വയനാട് ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വനവാസികളെ നിരീക്ഷണത്തിൽ ആക്കി. കൊറോണ ഭീഷണി നില നിൽക്കുന്ന മൂന്ന് കോളനികളിലെ 650 വനവാസികളെയാണ് നിരീക്ഷണത്തിൽ ആക്കിയത്. തിരുനെല്ലി പഞ്ചായത്തിലെ പവനല്ലിയിലെ കുണ്ടറ, കൊല്ലി, സർവാണി എന്നി കോളനികളിലുള്ളവരെയാണ് നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വയനാട്ടിൽ കൊറോണ സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മകളുടെ ഭർത്താവ് നടത്തുന്ന ചായക്കടയിലും പലചരക്ക് കടയിലും ഈ മൂന്ന് കോളനികളിലെയും ആളുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് കോളനികളിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കാൻ അധികൃതർ തീരുമാനിച്ചത്.

കേളനിയിലെ ജനങ്ങൾക്കിടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചാൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വളരെ ഗുരുതരം ആകുമെന്നാണ് കരുതുന്നത്. കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളിൽ രോഗം സ്ഥിരീകരിച്ചാൽ അതിന്റെ വ്യാപനം വേഗത്തിലാകുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. വയനാട്ടിൽ കോളനികളിൽ കഴിയുന്ന ഭൂരിഭാഗം ആളുകളും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. ഇത് പെട്ടെന്ന് രോഗം ബാധിക്കുന്നതിനും ആരോഗ്യ നില വഷളാകുന്നതിനും കാരണമാകും. വരും ദിവസങ്ങളിൽ കോളനികളിലേക്കുള്ള പ്രവേശനം വിലക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ അധികൃതർ സ്വീകരിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP