Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയതമയുടെ ചേതനയറ്റ ശരീരം കാണാൻ ദുബായിൽ നിന്നും വിജയകുമാർ എത്തി; ഏഴ് ദിവസമായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രിയപ്പെട്ടവളുടെ മൃതശരീരം അടുത്ത് നിന്നു കണ്ട് അന്തിമോപചാരം അർപ്പിക്കാം: അവസാനമായി ഒരു നോക്ക് കാണാനാവാതെ ജീവന്റെ പാതി വിട്ടു പിരിഞ്ഞതോടെ ഇനി വജയകുമാർ ഒറ്റത്തടി

പ്രിയതമയുടെ ചേതനയറ്റ ശരീരം കാണാൻ ദുബായിൽ നിന്നും വിജയകുമാർ എത്തി; ഏഴ് ദിവസമായി ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രിയപ്പെട്ടവളുടെ മൃതശരീരം അടുത്ത് നിന്നു കണ്ട് അന്തിമോപചാരം അർപ്പിക്കാം: അവസാനമായി ഒരു നോക്ക് കാണാനാവാതെ ജീവന്റെ പാതി വിട്ടു പിരിഞ്ഞതോടെ ഇനി വജയകുമാർ ഒറ്റത്തടി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലങ്കോട്: കഴിഞ്ഞ ഏഴ് ദിവസമായി കരളു പിളർക്കുന്ന വേദന കടിച്ചമർത്തിയാണ് വിജയകുമാർ എന്ന കൊല്ലങ്കോട്ട്കാരൻ ദുബായിൽ കഴിച്ചു കൂട്ടിയത്. തന്റെ ജീവിതത്തിൽ തനിക്ക് സ്വന്തമെന്ന് അഹങ്കരിച്ചിരുന്ന പ്രിയതമയുടെ മരണം വിജയകുമാറിനെ തെല്ലൊന്നുമല്ല തളർത്തി കളഞ്ഞത്. ഭാര്യമരിച്ചെന്ന വാർത്തകേട്ടപ്പോൾ അലറി കരഞ്ഞെങ്കിലും ദുബായിൽ നിന്നും അവളുടെ അടുത്തേക്ക് എത്താൻ കടമ്പകളേറെ താണ്ടേണ്ടി വന്നു. ഇനി ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തി അവസാനമായി പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാം.

ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ വിജയകുമാറിന്റെ ഭാര്യ ഗീത ഈ മാസം 10നാണ് ഹൃദയാഘാതം മൂലം മരിച്ചത്. സർക്കാർ വിമാന സർവീസ് തുടങ്ങി എങ്കിലും രജസിറ്റർ ചെയ്യാത്തവർക്ക് ടിക്കറ്റ് കിട്ടുക പ്രയാസമായി. ഭാര്യയെ അവസാനമായി ഒരു നോക്ക് കാണാനായി നാട്ടിലേക്കു പോകാനുള്ള ഇദ്ദേഹത്തിന്റെ ശ്രമമെല്ലാം വിമാനങ്ങളിൽ സീറ്റ് ഒഴിവില്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടു. നാട്ടിലേക്കുള്ള വിമാനത്തിൽ ആരുടെയെങ്കിലും യാത്ര ഒഴിവായാൽ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയിൽ വിജയകുമാർ അന്നമുതൽ ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല.ഒടുവിൽ സാമൂഹിക പ്രവർത്തകനും ഇൻകാസ് നേതാവുമായ അഡ്വ.ടി.കെ.ഹാഷിക് നൽകിയ വിമാന ടിക്കറ്റിലാണ് വിജയകുമാർ നാട്ടിലേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ദുബായിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ വൈകിട്ട് ആറരയോടെ കൊച്ചിയിൽ എത്തി. രാത്രി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിൽ കഴിയും. ഞായറാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജില്ലാ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കും.

പ്രിയ പത്‌നിയെ അവസാനമായി ഒരുനോക്കു കാണാൻ നാട്ടിലെത്താനുള്ള ശ്രമങ്ങൾക്കു കോവിഡ് കാലം പ്രതിരോധം തീർത്തതിനെ തുടർന്ന് യുഎഇയിലെ എംബസി കയറിയിറങ്ങി നടന്ന വിജയകുമാറിന്റെ വേദന മാധ്യമങ്ങളാണു പുറം ലോകത്തെ അറിയിച്ചത്. 2002ൽ വിവാഹം കഴിഞ്ഞ ശേഷം തനിക്കൊപ്പം സ്വപ്നങ്ങളും സുഖദുഃഖങ്ങളും പങ്കിട്ടവൾ ഇനിയില്ല എന്ന യാഥാർഥ്യം വിജയകുമാറിനെ ചില്ലറയൊന്നുമല്ല തളർത്തി കളഞ്ഞത്. ഇവർക്ക് മക്കളില്ല.

കഴിഞ്ഞ ശനിയാഴ്ചയാണു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ആശുപത്രിയിലേക്കു പോകുന്നത്. മരുന്നു വാങ്ങി തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നു പൊലീസിന്റെ ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങളും പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ജീവിതത്തിന്റെ 22 വർഷത്തോളം പ്രവാസിയായി കഴിഞ്ഞതാണ് വിജയകുമാർ. ഭാര്യയുടെ മരണ വിവരം അറിഞ്ഞതു മുതൽ വിജയകുമാർ നാട്ടിലെത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ നിന്ന് ആരംഭിക്കുന്ന വിമാനങ്ങളിൽ മറ്റാരുടെയെങ്കിലും ഒഴിവിൽ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ വിമാനത്താവളത്തിലെത്തി നിരാശനായി മടങ്ങേണ്ടി വന്നതു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസി സംഘടനകളുടെയും സർക്കാരുകളുടെയും നിരന്തര സമ്മർദത്തിന്റെ ഫലമാണു നാട്ടിലെത്താനുള്ള ടിക്കറ്റ് ലഭിച്ചത്. വിജയകുമാറിനെയും കാത്ത് ഗീതയുടെ മൃതദേഹവുമായി കാത്തിരിക്കുകയായിരുന്നു നാട്ടുകാർ ഇത്രയും ദിവസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP