Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നിത്തല പ്രവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയോ? 'പൂർണ്ണഗർഭിണിയായ മകളെ തനിച്ച് നാട്ടിലേക്കയക്കാൻ മാത്രം മനക്കരുത്ത് ഇല്ലാത്തതിനാണ് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് വന്നത്; ഖത്തറിൽ ഒതുങ്ങിപ്രവർത്തിച്ചിരുന്ന തന്നെ ഇത്രമേൽ പോപ്പുലറാക്കിയത് വിമർശകരാണ്'; പ്രതിപക്ഷ നേതാവിന്റെ ഒറ്റ ഫോൺവിളിയിലൂടെ പ്രശസ്തനായ ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

ചെന്നിത്തല പ്രവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയോ? 'പൂർണ്ണഗർഭിണിയായ മകളെ തനിച്ച് നാട്ടിലേക്കയക്കാൻ മാത്രം മനക്കരുത്ത് ഇല്ലാത്തതിനാണ് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് വന്നത്; ഖത്തറിൽ ഒതുങ്ങിപ്രവർത്തിച്ചിരുന്ന തന്നെ ഇത്രമേൽ പോപ്പുലറാക്കിയത് വിമർശകരാണ്'; പ്രതിപക്ഷ നേതാവിന്റെ ഒറ്റ ഫോൺവിളിയിലൂടെ പ്രശസ്തനായ ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു

ജാംസിം മൊയ്തീൻ

 കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഒറ്റ ഫോൺവിളിയോട് കൂടി പ്രസിദ്ധനായ ആളാണ് നാൽപതിലേറെ വർഷക്കാലമായി ഖത്തറിൽ ജോലിചെയ്യുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന കോഴിക്കോട് നാദാപുരം സ്വദേശി ഉസ്മാൻ പാറക്കടവ്. ഇൻകാസ് എന്ന കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഖത്തറിലെ മുഖ്യ സംഘാടകൻ കൂടിയായ ഉസ്മാൻ മലയാളികൾക്ക് സുപരിചിതനായത് പ്രതിപക്ഷ നേതാവിന്റെ ഒരു ഫോൺവിളിയോട് കൂടിയാണ്. ട്രോളുകളായും കടുത്ത വിമർശനങ്ങളായും പ്രതിപക്ഷ നേതാവിനെ അക്രമിച്ചവരെല്ലാം അതിനോടൊപ്പം ഉസ്മാന്റെയും പേര് കൂട്ടിച്ചേർത്തു.

ഉസ്മാൻ ഇപ്പോൾ നാട്ടിലെത്തി ക്വാറന്റെയിനിൽ കഴിയുകയാണ്. പൂർണ്ണഗർഭിണിയായ മകളോടൊപ്പം നാട്ടിലേക്ക് വരാനുള്ള ഇളവ് ഉപയോഗപ്പെടുത്തിയാണ് ഉസ്മാൻ ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള ആദ്യ വിമാനത്തിൽ നാട്ടിലെത്തിയത്. ഇതിനെ ചൊല്ലിയും സാമൂഹിക മാധ്യമങ്ങളിലും കൈരളിന്യൂസ് പോലുള്ള വാർത്താമാധ്യമങ്ങളിലും ഉസ്മാനെതിരെ വിമർശനങ്ങളുയർന്നു. രമേഷ് ചെന്നിത്തല പ്രവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയിരിക്കുന്നു എന്നായിരുന്നു വിമർശനം. ഇത്തരം വിമർശനങ്ങളോടും ട്രോളുകളോടുമുള്ള പ്രതികരണം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് ഉസ്മാൻ പാറക്കടവ്.

ട്രോളുകളെ നേരിട്ടത്

ട്രോളുകൾ ഈ കാലഘട്ടത്തിന്റെ ഒരു യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവ കൺസ്ട്രക്ടീവ് ആയിരിക്കണമെന്ന ഒരു അഭിപ്രായം എനിക്കുണ്ട്. എന്നെ കുറിച്ചുള്ള ട്രോളുകൾ ആദ്യ കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു. കാരണം ഒരു നല്ല ഉദ്ദേശ്യത്തോട് കൂടി പ്രതിപക്ഷ നേതാവ് ഞാനടക്കമുള്ള പ്രവാസികളായ പൊതുപ്രവർത്തകരെ ഫോൺചെയ്തതിനെ വക്രീകരിച്ച് പരിഹസിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നിയിരുന്നു.

ചില സമയത്ത് ട്രോളുകളും പരിഹാസങ്ങളും അതിരു കടന്നോ എന്ന സംശയവും എനിക്കുണ്ടായിരുന്നു. നാട്ടുകാർക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നതിനായി നടത്തിയ ഒരു ഫോൺ സംഭാഷണത്തെ ഇത്തരത്തിൽ പരിഹസിക്കേണ്ട കാര്യമില്ല എന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ വ്യക്തിപരമായി ട്രോളിയപ്പോൾ എനിക്ക് വലിയ വിഷമമൊന്നുമുണ്ടായിട്ടില്ല. കാരണം ഞാൻ അത്ര പ്രശസ്തനായ ആളൊന്നുമല്ലായിരുന്നു. പക്ഷെ ഉസ്മാനെന്ന വ്യക്തി സാങ്കൽപികമാണെന്ന തരത്തിലൊക്കെ പ്രചരണങ്ങൾ വന്നപ്പോൾ എനിക്ക് വിഷമം തോന്നി. പിന്നീട് ഉസ്മാനെന്ന വ്യക്തി ഉണ്ട് എന്ന് സോഷ്യൽ മീഡിയിയിലൊക്കെ എന്നെ അറിയുന്നവർ പ്രചരിപ്പിപ്പോൾ അത് കുവൈത്തിലെ ഉസ്മാനെന്ന് പറഞ്ഞ് വീണ്ടും പരിഹസിക്കാൻ തുടങ്ങി.

പിന്നീട് നാട്ടിലേക്ക് പോരുന്ന ഘട്ടത്തിൽ ചില ചാനലുകളിലൂടെ എയർപോർട്ടിൽ നിന്നും ഞാനാണ് പ്രതിപക്ഷ നേതാവ് ഫോൺവിളിച്ച ഉസ്മാൻ എന്ന് പ്രഖ്യാപിച്ചതോടെ വിമർശനങ്ങളുടെയും പരിഹാസങ്ങളുടെയും രീതി മാറി. പിന്നീട് പ്രതിപക്ഷ നേതാവ് പ്രവാസികളെ നോക്കാനേൽപിച്ച ഉസ്മാൻ പ്രവാസികളെ മരുഭൂമിയിലിട്ട് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് പോരുന്നു എന്നായി പ്രചരണം. എന്നാൽ കഴിഞ്ഞ രണ്ട് മാസക്കാലമായി ഞാൻ എന്നാലാവും വിധം കൊവിഡ് ദുരിതമനുഭവിക്കുന്ന മലയാളികൾക്കിടയിൽ അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിൽ ഇൻകാസിന്റെ പ്രവർത്തനങ്ങളോടൊപ്പം തന്നെ ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് എന്ന എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾക്കൊള്ളുന്ന ഒരു പൊതുവേദിയുടെ ചാരിറ്റി പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിരുന്നു.

അതിനെല്ലാം ശേഷമാണ് പൂർണ്ണഗർഭിണിയായ മകളോടൊപ്പം ഞാൻ നാട്ടിലേക്ക് പോരുന്നത്. ഏറ്റവുമധികം വേദനിച്ചത് നാട്ടിലേക്ക് പോന്നതിനെ കുറപ്പെടുത്തിയപ്പോഴാണ്. ഞാനൊരു ഘട്ടത്തിലും എന്റെ എംബസി രജിസ്‌ട്രേഷനുമായോ, യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കോ ഒരു തരത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല. മരുമകനാണ് എന്റെ പേര് എംബസിയിൽ രജിസ്റ്റർ ചെയ്തത്. എന്റെ മക്കളുടെയും പേരക്കുട്ടികളുടെയുമെല്ലാം പേരുകൾ രജിസ്റ്റർ ചെയ്തത് അവനാണ്. എംബസിയിൽ നിന്ന് രണ്ടാം ഘട്ടത്തിൽ ഒരു അറിയിപ്പ് വന്നു. തനിച്ച് യാത്ര ചെയ്യാൻ പറ്റാത്ത ഗർഭിണികൾക്കൊപ്പം ഒരാൾക്ക് കൂടി പോകാമെന്ന്. അങ്ങനെയാണ് എന്റെ പേര് നൽകുന്നത്. കാരണം എന്റെ മറ്റു മക്കൾക്കോ, മരുമക്കൾക്കോ ആർക്കും തന്നെ അവരുടെ ജോലിയും ബിസിനസുമായി ബന്ധപ്പെട്ട് ഇവിടെ ഖത്തറിൽ നിന്നും മാറിനിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതു കൊണ്ടാണ് ഞാൻ തന്നെ പോന്നത്. നെടുമ്പാശ്ശേരിയിലേക്കാണ് ഖത്തറിൽ നിന്നുള്ള ആദ്യ വിമാനമുണ്ടായിരുന്നത്. കോഴിക്കോട് നഗരത്തിൽ നിന്നും തന്നെ 70 കിലോമീറ്ററുകൾക്കപ്പുറത്താണ് എന്റെ വീട്. നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോടെത്തുകയും വേണം. പൂർണ്ണഗർഭിണിയായ എന്റെ മകൾക്ക് ഇന്നലെ വരെ മാത്രമാണ് യാത്ര ചെയ്യാൻ ഗൈനക്കോളജിസ്റ്റ് ഫിറ്റ്‌നസ് സർ്ട്ടിഫിക്കറ്റ് നൽകിയിരുന്നത്. ഈ ഘട്ടത്തിൽ എന്റെ മകളെയും മൂന്ന് ചെറിയ കുട്ടികളെയും തനിച്ച് പറഞ്ഞയക്കാൻ മാത്രമുള്ള മനക്കരുത്തൊന്നും എനിക്കില്ലായിരുന്നു. എന്നെ കുറ്റപ്പെടുത്തി വാർത്ത നൽകിയ കൈരളി ടിവിക്കത് സാധിച്ചെന്ന് വരാം. എനിക്ക് അതിനുള്ള മനക്കട്ടിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ മകൾക്കൊപ്പം നാട്ടിലേക്ക് വന്നത്.

ഇതിനെ ഞാൻ പ്രവാസികളെ മരുഭൂമിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു എന്ന തരത്തിൽ ചിത്രീകരിക്കുന്നത് കണ്ടപ്പോഴാണ് എനിക്കേറ്റവും അധികം വിഷമം തോന്നിയത്. ഈ രീതിയിൽ ഒരു പിതാവെന്ന നിലയിൽ എന്റെ മകളുടെ സുരക്ഷയുടെ ഭാഗമായി ഞാൻ നാട്ടിലേക്ക് പോന്നത് ഒരു തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ സമ്മതിക്കുന്നു. പ്രവാസികളെ ഞാൻ മരുഭൂമിയിൽ ഉപേക്ഷിച്ചു പോന്നു എന്നാണ് കൈരളി വാർത്ത നൽകിയത്. പ്രതിപക്ഷ നേതാവ് ഉസ്മാൻ എന്ന വ്യക്തിയെ അല്ല വിളിച്ചതും പ്രവാസികൾക്ക് സഹായം നൽകാൻ പറഞ്ഞതും. ഇൻകാസ് എന്ന സംഘടനയുടെ പ്രതിനിധിയായ ഉസ്മാനെയാണ്. അതിനർത്ഥം അത് ഞാൻ വ്യക്തിപരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളല്ല. മറിച്ച് ഇൻകാസ് ചെയ്യേണ്ട കാര്യങ്ങളാണ്.

അത് ഖത്തറിൽ ഇൻകാസിന്റെ പ്രവർത്തകരും ഭാരവാഹികളും ഭംഗിയായി നിറവേറ്റുന്നുണ്ട്. ഇതുവരെ 50 ടിക്കറ്റുകൾ ഖത്തറിൽ നിന്നു മാത്രം ഇൻകാസ് നൽകുന്നുണ്ട്. ഏഴായിരത്തിലധികം ഭക്ഷണ കിറ്റുകൾ ഇൻകാസ് വിതരണം ചെയ്തു കഴിഞ്ഞു. ആ സംഘടനയുടെ മറ്റ് ഭാരവാഹികളെല്ലാം അവിടെയുണ്ട്. അവർ കാര്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റുന്നുണ്ട്. നാട്ടിലെത്തിയതിന് ശേഷവും ഞാൻ ഫോൺ വഴി കാര്യങ്ങളിൽ ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം കാസർകോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ വിളിച്ചിരുന്നു. മലപ്പുറം ഡിസിസി സെക്രട്ടറി വിളിച്ചിരുന്നു. ഇവരുടെയൊക്കെ ആവശ്യപ്രകാരം എനിക്കറിയാവുന്ന മാർഗങ്ങളിലൂടെയെല്ലാം ഞാൻ പ്രവാസികളുടെ യാത്രയും ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോളും ഇടപെടുന്നുണ്ട്. എന്നാൽ തുടക്കത്തിൽ ട്രോളുകളും പരിഹാസങ്ങളും കണ്ടപ്പോൾ ഉണ്ടായ സങ്കടവും വേദനയുമൊന്നും ഇപ്പോൾ എനിക്കില്ല. ഇപ്പോൾ സത്യം പറഞ്ഞാൽ ട്രോളന്മാരോട് എനിക്ക് നന്ദിയാണുള്ളത്. കേവലം ഖത്തറിലെ മലയാളികൾക്കിടയിൽ മാത്രം അറിയപ്പെട്ടിരുന്ന എന്നെ ഇന്ന് മലയാളികൾക്കെല്ലാം സുപരിചിതനാക്കിയത് ഈ ട്രോളന്മാരാണ്. ട്രോളന്മാരാണ് ഒരു ചെലവുമില്ലാതെ എന്നെ ഇന്ന് ഇത്രയും പോപ്പുലറാക്കിയത്. അതിനെനിക്ക് അവരോട് കടപ്പാടുണ്ട്.

ട്രോളുകളും പരിഹാസങ്ങളും അതിരു കടന്നപ്പോൾ നിരവധി പേർ ഐക്യദാർഢ്യവുമായി വന്നു
എന്നെ അറിയുന്ന നിരവധി പേർ എനിക്ക് സപ്പോർട്ടുമായി എന്നെ വിളിച്ചിരുന്നു. അതിൽ സിപിഎമ്മിന്റെ കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ മാഷ് വരെയുണ്ട്. അദ്ദേഹവും ഞാനുമായി വളരെ അടുത്ത ബന്ധമുണ്ട്. ട്രോളുകളൊന്നും കാര്യമാക്കേണ്ടയെന്നും ഞങ്ങളൊക്കെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ പികെ പാറക്കടവ്, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായി കുഞ്ഞഹമ്മദ് വാണിമേൽ, സൂപ്പി വാണിമേൽ തുടങ്ങിയവരൊക്കെ എന്ന വിളിച്ച് ഐക്യദാർഢ്യം അറിയിച്ചു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു അവരുടെയൊക്കെ പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും വിളിച്ചു. ഒരു ഫോൺവിളി കൊണ്ട് ഞാൻ അദ്ദേഹത്തേക്കാളേറെ പോപ്പുലറായല്ലോ എന്ന് അദ്ദേഹം രസകരമായി ചോദിച്ചു. എന്റെ നിരവധി സുഹൃത്തുക്കൾ എന്നെ വിളിച്ചു സപ്പോർട്ട് തന്നിട്ടുണ്ട. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്, നാദാപുരത്തെ കെഎസ്‌യു നേതാവ് അർഷാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഗേഷ് തുടങ്ങിയവരൊക്കെ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്

ഖത്തറുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്. ഇക്കാര്യത്തിൽ ഞാൻ കേരളത്തെ അഭിനന്ദിക്കുകയാണ്. കാരണം ഖത്തറിനെ അപേക്ഷിച്ച് ഇത്രയധികം ജനങ്ങളുള്ള നാട്ടിൽ ഇപ്പോഴും വളരെ കുറച്ചുപേർക്ക് മാത്രമേ രോഗം പിടിപെട്ടിട്ടൊള്ളൂ. മരണ നിരക്കും കുറവാണ്. ഖത്തറിൽ ദിവസവും ആയിരത്തോളം ആളുകൾക്ക് രോഗം പകരുമ്പോൾ കേരളത്തിൽ കേവലം പത്തും ഇരുപതും ആളുകൾക്ക് മാത്രമാണ് രോഗം പകരുന്നുള്ളൂ.

പ്രവാസികളെ ഭയത്തോടെയാണ് കാണുന്നത്

പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ് എന്നതോടൊപ്പം തന്നെ ജനങ്ങൾ ഞാനടക്കമുള്ള പ്രവാസികളോട് ഇടപെടുന്ന രീതിയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഭയത്തോടെയാണ് ഇപ്പോൾ ഞങ്ങളോട് ആളുകൾ പെരുമാറുന്നത്. ഇവിടെ എന്റെ വീടിന്റെ മുമ്പിലൂടെ പോകുന്നവർ പേടിച്ച് നടത്തത്തിന് വേഗത കൂട്ടുന്നത് ക്വാറന്റെയിനിലിരിക്കുന്ന മുറിയുടെ ജനലിലൂടെ കാണുന്നുണ്ട്. ഒരു തരത്തിൽ ഈ ഭയം നല്ലതാണ് രോഗം പകരാതിരിക്കാൻ.

എന്നാൽ അതിത്രത്തോളം വേണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏറ്റവുമടുപ്പമുള്ളവർ വീടിന്റെ മുറ്റത്തേക്ക് കയറാൻ മടിക്കുന്നു. മുൻകരുതൽ നല്ലതാണ്. അത് രോഗം പകരുന്നതിനെ കുറക്കും. നമ്മുടെ നാട്ടിൽ നിപ്പയുണ്ടായക്കിയിട്ടുള്ളൊരു അനുഭവമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള മുൻകരുതലുകൾ. നാട്ടിലെത്തിയതിന് ശേഷമുള്ള കാര്യങ്ങൾ ചിരിക്കാനും ചിന്തിക്കാനുമായി നിരവധിയുണ്ട്. ഇന്നലെ വരെ ദിവസവും വീട്ടിൽ വന്നിരുന്നവർ ഇന്ന് വീടിന്റെ മുറ്റത്തേക്ക് പോലും കയറുന്നില്ല. ചിലരൊക്കെ സാധനങ്ങൾ വീടിന്റെ പുറത്ത് വെച്ച് ഓടിപ്പോകുന്നത് ഞാൻ ജനലിലൂടെ കാണാറുണ്ട്. ഈ രീതിയിൽ ആളുകളുടെ മാനസികാവസ്ഥ മാറിയിട്ടുണ്ട്. ഇപ്പോൾ എന്റെ ക്വാറന്റെയിനിന്റെ ഏഴാമത്തെ ദിവസമാണ്. ഒരു പൊതു പ്രവർത്തകൻ ഇങ്ങനെ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ അത് നാടിന്റെ നന്മക്ക് വേണ്ടിയാണല്ലോ എന്ന തോന്നൽ ആ ബുദ്ധിമുട്ടുകളെയൊക്കെ മറക്കുന്നതാണ്.

പ്രവാസ ജീവിതം, പൊതുപ്രവർത്തനം

ബ്രണ്ണൻ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ ഗൾഫിലേക്ക് വരുന്നത്. വരുന്ന ജൂൺ നാലാം തിയ്യതിയായാൽ ഞാൻ പ്രവാസ ജീവിതം ആരംഭിച്ചിട്ട് 46 വർഷം കഴിയും. ഗൾഫിലെത്തിയ ആദ്യ 10 വർഷത്തോളം എല്ലാവരെയും പോലെ സ്വന്തം നിലനിൽപിനായുള്ള പരിശ്രമത്തിലായിരുന്നു. നാട്ടിലുണ്ടായപ്പോൾ തന്നെ ഞാൻ കെഎസ് യുവിൽ സജീവമായി പ്രവർത്തിച്ചരുന്നു. കെഎംസിസിക്ക് പുറമെ ഖത്തറിൽ ആദ്യമായി മലയാളികളുടെ ഒരു സംഘടനയുണ്ടാക്കുന്നത് 1982ലാണ്. അത് കോഴിക്കോട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. പ്രിയദർശിനി കൾച്ചറൽ ഫോറം എന്നായിരുന്നു സംഘടനയുടെ പേര്. കടമേരിക്കാരനായ ചൂരക്കുളങ്ങര പോക്കർക്കയായിരുന്നു പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആദ്യ പ്രസിഡണ്ട്. ഞാനായിരുന്ന ജനറൽ സെക്രട്ടറി. പോക്കർക്ക നാട്ടിലേക്ക് പോന്നതോടെ സംഘടനയുടെ ചുമതല എനിക്കായി.

അങ്ങനെയാണ് പ്രവാസ ലോകത്തെ എന്റെ പൊതുപ്രവർത്തന ജീവിതത്തിന്റെ തുടക്കം. നാട്ടിൽ നിന്നു വരുന്ന കോൺഗ്രസ് നേതാക്കൾക്ക് വേദിയൊരുക്കലായിരുന്നു അന്നത്തെ സംഘടനയുടെ പ്രധാന പരിപാടികളിലൊന്ന്. സാമൂഹിക രംഗത്തും അന്ന് സജീവമായിരുന്നു. അക്കാലത്താണ് അഹമ്മദാബാദിൽ വെച്ച് നടന്ന ഒരു സംഘർഷത്തിൽ പക്രൻ എന്നൊരാൾ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് നാട്ടിൽ വീടൊരുക്കിക്കൊടുത്തു. ആ രീതിയിൽ അന്നു തന്നെ സാമൂഹിക മേഖലകളിൽ ഒരു സംഘാടകനെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. സ്‌കൂൾ കുട്ടികളെ സഹായിക്കുക, പ്രോത്സാഹന സമ്മാനങ്ങൾ നൽകുക തുടങ്ങി അന്നത്തെ കാലഘട്ടത്തിൽ ചെയ്യാൻ കഴിയുന്ന ചെറിയ ചെറിയ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നു. ഈ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് 2001ൽ കെ സുധാകരൻ ഖത്തറിലെത്തുന്നത്. അതിന് മുമ്പ് തന്നെ കോൺഗ്രസുകാർക്ക് ഒത്തുചേരാൻ ഒരു പൊതു പ്ലാറ്റ്‌ഫോമില്ലെന്ന കാര്യം ചർച്ച ചെയ്തിരുന്നു. പ്രിയദർശിനി കൾച്ചറൽ ഫോറം കോഴിക്കോട്ടുകാരുടെ ഒരു സംഘമായിരുന്നു.അതല്ലാതെ ഖത്തറിലെ കോൺഗ്രസുകാർക്ക് ഒത്തുചേരാനുള്ള ഒരു വേദിയില്ലായിരുന്നു. കെ സുധാകരന് അന്ന് നൽകിയ സ്വീകരണത്തിൽ വച്ചാണ് അദ്ദേഹം അത്തരമൊരു ചർച്ചക്ക് തുടക്കമിട്ടത്. എന്തുകൊണ്ട് പ്രവാസികളായ കോൺഗ്രസുകാർക്ക് ഒത്തു ചേരാനൊരു പ്ലാറ്റ്‌ഫോമുണ്ടാക്കിക്കൂടായെന്ന്. അതിന്റെ തുടർച്ചയായിട്ടാണ് 2002 ഫെബ്രുവരി 2ന് ഇൻകാസ് എന്ന സംഘടന രൂപം കൊള്ളുന്നത്. ഇരിക്കൂർ എംഎൽഎ കെസി ജോസഫിന്റെ സഹോദരൻ മരണപ്പെട്ട കെസി വർഗ്ഗീസ്, മൻസൂർ പള്ളൂർ തുടങ്ങിയവരായിരുന്നു ഖത്തറിൽ അന്ന് സംഘടനയ്ക്ക് നേതൃത്വം നൽകിയത്. വർഗ്ഗീസ് പ്രസിഡണ്ടും മൻസൂർ ജനറൽ സെക്രട്ടറിയുമായിരുന്നു.

ഞാനായിരുന്നു സംഘടനയുടെ ഏക വൈസ് പ്രസിഡണ്ട്. സംഘടനയുടെ ആദ്യ ജില്ലാ കമ്മറ്റിയെന്നു പറയുന്നത് കോഴിക്കോടിന്റേതായിരുന്നു. കോഴിക്കോട്ടെ കോൺഗ്രസുകാർക്ക് നേരത്തെ തന്നെ ഒരു സംഘടനാ അടിത്തറ ഖത്തറിലുണ്ടായിരുന്നു. അതു കൊണ്ടാണ് ഏറ്റവും ആദ്യം തന്നെ കോഴിക്കോട്ടുകാർക്ക് ഇൻകാസിന്റെ ഭാഗമായി സംഘടിക്കാനായത്. 2002 ഏപ്രിൽ 22ന് ഖത്തറിൽ ഇൻകാസിന്റെ ഉദ്ഘാടനം നടന്നു. നാട്ടിൽ നിന്ന് അന്നത്തെ കെപിസിസി പ്രസിഡണ്ട് കെ മുരളീധരനടക്കം പരിപാടിയിൽ പങ്കെടുത്തു. ഖത്തറിലെ അംബാസിഡറും അന്ന് യോഗത്തിൽ പങ്കെടുത്തു. പത്മശ്രീ സികെ മേനോന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇൻകാസിന്റെ ഉദ്ഘാടന ചടങ്ങ്. ഇൻകാസിന് മികച്ചൊരു തുടക്കമായിരുന്നു ഖത്തറിൽ ലഭിച്ചത്. ആൾബലം കൊണ്ട് കെഎംസിസിയാണെങ്കിലും പേരും പ്രശസ്തിയും അന്ന് മുതൽ ഇന്നോളം ഇൻകാസിനാണ് കൂടുതലുള്ളത്. ഖത്തറിലെ എല്ലാ സാസ്‌കാരിക മേഖലകളിലും ഇൻകാസ് നിറഞ്ഞുനിൽക്കുന്നു. ഇന്ത്യൻ എംബസിയുടെ എല്ലാ അപ്പക്‌സ് ബോഡികളിലും ഖത്തറിൽ ഇൻകാസിന്റെ നിർണ്ണായക സാന്നിദ്ധ്യമുണ്ട്.- ഉസമാൻ വ്യക്താമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP