Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിബിസിയിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ മലയാളി പെൺകുട്ടിയും; സൗപർണികയുടെ ശബ്ദമധുര്യത്തിന് ലോകമെമ്പാടു നിന്നും കയ്യടി; ഒൻപതു വയസുകാരിയുടെ അസാധ്യ കഴിവിനെ വാഴ്‌ത്തി വാർത്താ മാധ്യമങ്ങളും; ലണ്ടനിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാൻ ഒരു പുത്തൻ താരോദയം

ബിബിസിയിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിൽ മലയാളി പെൺകുട്ടിയും; സൗപർണികയുടെ ശബ്ദമധുര്യത്തിന് ലോകമെമ്പാടു നിന്നും കയ്യടി; ഒൻപതു വയസുകാരിയുടെ അസാധ്യ കഴിവിനെ വാഴ്‌ത്തി വാർത്താ മാധ്യമങ്ങളും; ലണ്ടനിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കാൻ ഒരു പുത്തൻ താരോദയം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബിബിസി ചാനലിൽ ഒന്നു മുഖം കാണിക്കുവാൻ കഴിഞ്ഞെങ്കിൽ എന്ന സ്വപ്നവുമായി നടക്കുന്ന യു കെ മലയാളികൾ നിരവധിയാണ്. ബ്രിട്ടനിൽ നിന്നും ഏതാനും മലയാളികൾക്ക് ഈ അപൂർവ്വ ഭാഗ്യം ലഭിക്കുകയും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തുകയും ചെയ്തിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അക്കൂട്ടത്തിലേക്ക് ലണ്ടനിലെ ഒരു കൊച്ചു മിടുക്കി കൂടി എത്തിയിരിക്കുകയാണ്. ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയുടെ ഭാഗമാകുവാനുള്ള സുവർണാവസരമാണ് സൗപർണിക എന്ന ഒൻപതു വയസുകാരിക്ക് ലഭിച്ചത്.

ബിബിസി ചാനലിലെ വളരെ പ്രശസ്തമായ ഷോയാണ് മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോ. ഇതിൽ അവസരം ലഭിക്കുക എന്നതുപോലും വലിയ ഭാഗ്യമാണ്. പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയൻ മൈക്കൽ മക്കന്റൈയർ അവതരിപ്പിക്കുന്ന സ്റ്റാന്റപ്പ് കോമഡി സീരിസാണ് മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോ. പ്രശസ്ത താരങ്ങളും പാട്ടുകാരും കൊമേഡിയന്മാരുമൊക്കെയാണ് സാധാരണ ഇതിൽ അതിഥികളാകാറുള്ളത്. ഈ ഷോയുടെ ഭാഗമായി വർഷത്തിൽ ഒരിക്കൽ മാത്രം കൊച്ചു കലാകാരന്മാർക്കായി 'അൺഎക്സ്പെക്റ്റഡ് സ്റ്റാർ' എന്ന പ്രത്യേക ഷോ ഉണ്ടാകാറുണ്ട്. ഈ ഷോയിലേക്കാണ് സൗപർണികയ്ക്ക് അവസരം ലഭിച്ചത്. ഉയർന്നുവരുന്ന താരങ്ങൾക്കായാണ് ഈ പ്രത്യേക ഷോ സംഘടിപ്പിക്കുന്നത്.

ഈ ബിഗ് ഷോയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്ന വിവരം വളരെ രഹസ്യമാക്കി വയ്ക്കുകയും അവസരം ലഭിക്കുന്നവരെ മൈക്കൽ മക്കന്റൈയർ തന്നെ നേരിട്ട് അറിയിക്കുകയും ആണ് ചെയ്യുന്നത്. സൗപർണികയുടെ കാര്യത്തിലും ഇതു തെറ്റിയില്ല. സൗപർണിക താമസിക്കുന്ന ലണ്ടനിലെ ബറി സെന്റ് എഡ്മണ്ട്സ് എന്ന സ്ഥലത്തെത്തി മൈക്കൽ മക്കന്റൈയർ തന്നെ നേരിട്ട് അറിയിച്ചു. ഇങ്ങനെ 'അൺഎക്സ്പെക്റ്റഡ് സ്റ്റാറി' ന്റെ ഭാഗമായി ലണ്ടൻ പലെഡിയത്തിൽ രണ്ടായിരത്തിൽപ്പരം കാണികളുടെ മുന്നിലാണ് സൗപർണിക പാടിയത്.

ലോകപ്രശസ്ത മ്യൂസിക്കൽ തിയറ്റർ ഗാനമായ 'ഐ ഡ്രീംഡ് എ ഡ്രീം...'എന്ന പാട്ടാണ് സൗപർണിക ആലപിച്ചത്. ഈ ഗാനമാലപിച്ചു തീർന്നതോടെ പലെഡിയത്തിൽ ഒത്തുചേർന്ന എല്ലാവരും ഒന്നടങ്കം എഴുന്നേറ്റ് കയ്യടികളോടെയാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ചത്. എല്ലാം വളരെ അപ്രതീക്ഷിതമാണെന്നും തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സാക്ഷാത്കരിച്ചതെന്നും ഈ മിടുക്കി പറയുന്നു. മാത്രമല്ല, ഷോയുടെ ചരിത്രത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഒൻപതു വയസ്സുള്ള സൗപർണിക.

ആറു വയസുള്ളപ്പോൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വന്ദേമാതരം പാടുന്ന സൗപർണികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2016ലെ സ്വതന്ത്ര്യദിനാഘോഷത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് സുന്ദരമായി വന്ദേമാതരം ഗാനാലാപനവുമായി സൗപർണിക എത്തിയത്. അതിനേക്കാൾ രസം സൗപർണികയ്ക്കു പിന്തുണ നൽകാൻ ഗിറ്റാറിലും സാക്സഫോണിലും വാദ്യ സംഗീതം പൊഴിച്ച് ബ്രിട്ടീഷുകാരനും ആർട്ടിസ്റ്റ് കൂടിയായ ഡോ. ജോർഡൻ അൽഫോൻസോയാണ് കൂടെ ചേർന്നത്. മനോഹരമായി ഈ ഗാനാലാപനം സംയോജനം ചെയ്തിരിക്കുന്നത് ബി ബി സി പരിപാടികൾ പോലും തയ്യാറാക്കുന്ന പ്രശസ്ത റെക്കോർഡിങ് സ്റ്റുഡിയോ മിറാഷിൽ ആണെന്നതും ശ്രദ്ധേയമായിരുന്നു.

യുട്യൂബിൽ ഇട്ട വന്ദേമാതരം ഇതിനകം മൂന്നു ലക്ഷത്തോളം പേരിലേക്കാണ് എത്തിയിരിക്കുന്നത്. ഇതിനു മുമ്പ് നിരവധി ഇംഗ്ലീഷ് ഗാനങ്ങൾ ആലപിച്ചും സൗപർണിക കഴിവു തെളിയിച്ചിട്ടുണ്ട്. മിഡിൽസ്ബറോ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ബിനു നായരുടെയും നർത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപർണിക. കർണാട്ടിക് സംഗീതത്തിൽ ഏറെ വർഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപർണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ ബിനു കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. അമ്മയാകട്ടെ നൃത്തത്തെ കലോപാസന ആയി കണ്ടു ജീവിക്കുന്നയാളും. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ സൗപർണിക പാട്ടിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. കുഞ്ഞിന്റെ പാട്ടിനോടുള്ള ഇഷ്ടം ശ്രദ്ധിച്ചാണ് ചെറിയ തോതിൽ ശിക്ഷണം നൽകാൻ തയ്യാറായതെന്നും അച്ഛൻ ബിനു പറയുന്നു. പ്രശസ്ത സംഗീത ഉപാസകൻ ഡോ. റോബിൻ ഹാരിസന്റെ കീഴിലാണ് സൗപർണികയുടെ സംഗീത പഠനം. അച്ഛന്റെ കൂടെ ഇന്ത്യൻ സംഗീതവും.

യുകെയിൽ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക കഴിവു തെളിയിച്ചു കഴിഞ്ഞു. ബിബിസി പ്രോഗ്രാമിലെ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികൾക്കിടയിൽ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപർണികയ്ക്കായി നിരവധി അവസരങ്ങൾക്കു വഴിതുറന്നിട്ടുണ്ട്. സൗപർണിക നായർ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്സ്‌ക്രൈബേഴ്സുമാണ് ഈ ചാനലിനുള്ളത്. ബറിയിലെ സീബർട് വുഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP