Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാറിലും ബിവറേജിലുമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ ഒരുങ്ങുന്നവർ ഈ അനുഭവം വായിക്കണം; ലോക്ഡൗൺ തീർന്നതോടെ മാസ്‌കുകൾ വലിച്ചെറിഞ്ഞ് മദ്യശാലകളിലും ഉല്ലാസ കേന്ദ്രങ്ങളിലുമായി തിമർത്ത അവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു നൂറ്റാണ്ട് മുമ്പത്തെ സ്പാനിഷ് ഫ്ളൂ കാലത്ത് സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചതെന്താണ്; വിപണി തുറക്കാൻ ധൃതികൂട്ടുന്ന ട്രംപിനെ അമേരിക്കൻ ശാസ്ത്രജ്ഞർ ഓർമ്മിപ്പിച്ച ഒരു പകർച്ചവ്യാധിക്കഥ ഇങ്ങനെ

ബാറിലും ബിവറേജിലുമായി സ്വാതന്ത്ര്യം ആഘോഷിക്കാൻ ഒരുങ്ങുന്നവർ ഈ അനുഭവം വായിക്കണം; ലോക്ഡൗൺ തീർന്നതോടെ മാസ്‌കുകൾ വലിച്ചെറിഞ്ഞ് മദ്യശാലകളിലും ഉല്ലാസ കേന്ദ്രങ്ങളിലുമായി തിമർത്ത അവർക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു നൂറ്റാണ്ട് മുമ്പത്തെ സ്പാനിഷ് ഫ്ളൂ കാലത്ത് സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചതെന്താണ്; വിപണി തുറക്കാൻ ധൃതികൂട്ടുന്ന ട്രംപിനെ അമേരിക്കൻ ശാസ്ത്രജ്ഞർ ഓർമ്മിപ്പിച്ച ഒരു പകർച്ചവ്യാധിക്കഥ ഇങ്ങനെ

എം മാധവദാസ്

മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചിറങ്ങി ജനം തെരുവിൽ മരിച്ചുവീഴുന്ന പകർച്ചവ്യാധി! ലോകം കണ്ട ഏറ്റവും മഹാമാരി ഏതാണെന്ന് ചോദിച്ചാൽ പ്ലേഗിനൊപ്പം പറയുന്ന ഒരുപേരാണ് സ്പാനിഷ് ഫൂവിന്റെതും. അമേരിക്കൻ പ്രസിഡന്റ് വൂഡ്റോ വിൽസൺ അടക്കം അഞ്ചുകോടിയോളം ജനങ്ങളാണ് ഈമാരകരോഗംമൂലം ഇല്ലാതായതെന്നാണ് അനൗദ്യോഗിക കണക്ക്. നമ്മുടെ ഗാന്ധിജി കഷ്ടിച്ചാണ് ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെടത്. ഇന്ന് സ്പാനിഷ് ഫ്ളൂ വെറും കൗതുകം മാത്രമാണെങ്കിലും ഒരു നൂറ്റാണ്ടുമുമ്പ് ഇവൻ കോവിഡിനേക്കാൾ ഭീകരനായിരുന്നു. സാനിട്ടൈസേഷനും സോഷ്യൽ ഡിസ്റ്റൻസിങ്ങും അടക്കം നാം ഇന്ന് സ്വീകരിക്കുന്ന അതേ നടപടികൾ മാത്രമായിരുന്നു മരുന്നില്ലാതിരുന്ന രോഗത്തിന്, ഇരുപതാനൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രതിവിധി ഉണ്ടായിരുന്നത്.

പക്ഷേ ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും നൂറ്റാണ്ട് മുമ്പത്തെ അബദ്ധങ്ങൾ ലോകം അതുപോലെ ആവർത്തിക്കയാണെന്നാണ് പ്രമുഖ ശാസ്ത്രകാരന്മാർ ഇപ്പോഴും പറയുന്നത്. അതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്, കോവിഡ് മരണം ഒരുലക്ഷത്തോളം എത്തിയിട്ടും ലോക്ഡൗൺ അവസാനിപ്പിച്ച് പുറത്തുകടക്കാനുള്ള അമേരിക്കൻ പ്രഡിൻഡ് ട്രംപിന്റെ ത്വരയാണ്. ് പകർച്ച വ്യാധികൾ സംബന്ധിച്ച് പ്രസിഡന്റിന്റെ ഉപദേശക സമിതിയിലെ സീനിയർ അംഗം ഡോ. ആന്റണി ഫൗസി ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ളൂകാലത്ത് ലോക്ഡൗൺ പിൻവലിച്ചത് ആഘോഷമാക്കി വൻ വിപത്ത് വരുത്തിവെച്ച സാൻഫ്രാൻസിസ്്ക്കോയുടെ അനുഭവം ആണ് ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ- ശാസ്ത്ര യുദ്ധമാണ് ഇപ്പോൾ അമേരിക്കയിൽ നടക്കുന്നത് എന്നാണ് ദ ഗാർഡിയർപോലുള്ള മാധ്യമങ്ങൾ എഴുതുന്നത്.

ഇന്ത്യയിലും നാളെ മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കയാണ്. രണ്ടുമാസത്തോളം നീണ്ട അടച്ചിടയലിനൊടുവിൽ ഇളവുകൾ കിട്ടുമ്പോൾ മാസ്‌ക്കും ഗ്ലൗസുമെല്ലാം വലിച്ചെറിച്ച് മദ്യശാലയിലും ബീച്ചിലും പാർക്കിലുമായി തിക്കിത്തരക്കരുത്. കോവിഡ് നമ്മുടെ കൂടെയുണ്ടെന്ന ഉത്തമ ബോധ്യത്തോടെ, എല്ലാ സുരക്ഷാസംവിധാനങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഇനിയുള്ള നമ്മുടെ ജീവിതം. ലോക്ഡൗൺ ഒരു തടവറയായി കണ്ട് ആഘോഷിച്ചാൽ നൂറ്റാണ്ടുമുമ്പുണ്ടായ സാൻഫ്രാൻസിസ്‌ക്കോയുടെ അനുഭവം തന്നെയായിരിക്കും നമ്മേമയും കാത്തിരിക്കുന്നത്.

സാൻഫ്രാൻസിസ്‌ക്കോയിൽ സംഭവിച്ചത്

1918 സെപ്റ്റംബറിലാണ് സാൻഫ്രാൻസിസ്‌കോയിൽ സ്പാനിഷ് ഫ്ളൂ പടർന്നു പിടിക്കുന്നത്. അസുഖം വ്യാപിക്കാൻ തുടങ്ങിയപ്പോൾ തന്നെ നഗരത്തിലെ ആരോഗ്യ സംവിധാനം ഉണർന്നു പ്രവർത്തിച്ചു. നഗരത്തിന്റെ ഹെൽത്ത് ഓഫീസർ ആയിരുന്ന ഡോ. വില്യം ഹാസ്ലർ, ഷിക്കാഗോയിൽ സന്ദർശനം കഴിഞ്ഞു മടങ്ങിവരും വഴി നഗരത്തിലേക്ക് അസുഖം കൊണ്ടുവന്നവർ എന്ന് കരുതപ്പെട്ടിരുന്ന തദ്ദേശവാസികളായ രോഗികളോട് അദ്ദേഹം ക്വാറന്റൈനിൽ കഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അവരിൽ നിന്ന് പലർക്കും അസുഖം പകർന്നിരുന്നു. അവരൊക്കെയും അതിനെ മറ്റുപലരിലേക്കും പടർത്തിക്കൊണ്ടിരുന്നു.

ഒക്ടോബർ പകുതി ആയപ്പോഴേക്കും, ഒരൊറ്റ ആഴ്ചയുടെ ഇടവേളയിൽ, കേസുകളുടെ എണ്ണം 169 ൽ നിന്ന് ഒറ്റയടിക്ക് 2000 കടന്നിരുന്നു. ആ മാസം അവസാനത്തോടെയാണ് സാൻഫ്രാൻസിസ്‌കോ മേയർ ജെയിംസ് റുഡോൾഫ് നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതും സാമൂഹിക സമ്പർക്കം വിലക്കിക്കൊണ്ട് ഉത്തരവിറക്കുന്നതും. ഡോ. ഹാസ്ലറുടെ നിർദ്ദേശപ്രകാരം നഗരത്തെ പൂർണ്ണമായും അടച്ചിടാൻ തന്നെ മേയർ തുടർന്ന് തീരുമാനമെടുക്കുന്നു.

'നഗരത്തിന്റെ സാമ്പത്തികനിലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം' എന്ന് അധികാരികളിൽ ചിലർ പോലും ഈ 'അടച്ചിടലി'നെ അന്ന് അതിനിശിതമായി വിമർശിച്ചു. ജനം അകാരണമായി പരിഭ്രാന്തരാകും എന്നായിരുന്നു അവരുടെ വാദം. എതിർപ്പുകളെ വോട്ടുചെയ്തു തോൽപ്പിച്ച് ഒക്ടോബർ 18 മുതൽ നഗരം സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക് നീങ്ങി. ജനങ്ങളുടെ ആനന്ദത്തിനും ആഘോഷത്തിനും വിനോദത്തിനുമുള്ള സകലമാർഗ്ഗങ്ങളും അടഞ്ഞു. എല്ലാവരും വീട്ടിൽത്തന്നെ ചടഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.

പുറത്തേക്കിറങ്ങുമ്പോൾ മുഖാവരണം അഥവാ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം എന്ന് ആരോഗ്യവകുപ്പ് അധികാരികൾ നിർബന്ധമായും പറഞ്ഞിട്ടുണ്ടായിരുന്നു. ആദ്യമൊക്കെ അത് ഒരു നിർദ്ദേശം മാത്രമായിരുന്നു എങ്കിൽ, അധികം താമസിയാതെ മേയറുടെ ഉത്തരവിന്മേൽ അതൊരു ആജ്ഞയായി മാറി. സാൻഫ്രാൻസിസ്‌കോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരുത്തരവ് ജനങ്ങൾക്ക് കിട്ടുന്നത്. പക്ഷേ, ഒരു കാര്യത്തിൽ അവർക്കന്ന് ആശ്വസിക്കാമായിരുന്നു. അമേരിക്കയിൽ ഏറ്റവും കൂടുതൽ മാസ്‌ക് സ്റ്റോക്കുണ്ടായിരുന്ന നഗരമായിരുന്നു സാൻഫ്രാൻസിസ്‌കോ. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചിട്ടില്ലായിരുന്നു അപ്പോഴും. മാസ്‌ക് ധരിക്കുക എന്നത് ആ യുദ്ധകാലത്ത് 'ദേശസ്നേഹ'ത്തിന്റെ കൂടി സൂചകമായി കണക്കാക്കപ്പെട്ടു.

'മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന പുരുഷനോ, സ്ത്രീയോ, കുട്ടിയോ ആരുമാട്ടെ, അവർ ഈ നാട് മുടിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവരാണ് എന്ന് കണക്കാക്കേണ്ടി വരും' എന്നായിരുന്നു അന്ന് അമേരിക്കൻ റെഡ്ക്രോസ് വാഹനങ്ങളിൽ നിന്ന് അനൗൺസ് ചെയ്യപ്പെട്ടത്.

അതൊന്നും നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിഷയമല്ലായിരുന്നു. ഒക്ടോബറിൽ ഒരു ദിവസം മാത്രം ഏതാണ്ട് 110 പേരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് അറസ്റ്റു ചെയ്ത് അഞ്ചു ഡോളർ വീതം പിഴയീടാക്കി പൊലീസ്. വല്ലാതെ പ്രശ്നമുണ്ടാക്കിയ ചിലരെ അന്ന് ജയിലിലുമടച്ചു. അങ്ങനെ കൊണ്ടുചെന്നടയ്ക്കുന്നവരെക്കൊണ്ട് ജയിലുകൾ നിറഞ്ഞുകവിഞ്ഞു അന്ന്. അവർക്കെതിരെയുള്ള കേസുകൾ പിന്നീട് പിന്വലിക്കപ്പെട്ടു എങ്കിലും. ഒക്ടോബർ അവസാനമായപ്പോഴേക്കും, കേസുകളുടെ എണ്ണം 20,000 കടന്നു, മരണസംഖ്യ ആയിരവും.

നവംബർ ആദ്യവാരത്തിൽ കേസുകളുടെ എന്നതിൽ കുറവുകണ്ടുതുടങ്ങി. രണ്ടു മാസത്തോളമായി നഗരത്തെ അക്രമിച്ചുകൊണ്ടിരുന്ന ആ മഹാരോഗം പിന്മടങ്ങുന്നതായി പലർക്കും തോന്നി. അങ്ങനെ ഏകദേശം അസുഖം വിട്ടകന്നു എന്ന് തോന്നിയ ഒരു ദിവസം, നവംബർ 21 -ന് സാൻഫ്രാൻസിസ്‌കോ നഗരം വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ മേയർ തീരുമാനിച്ചു. ആ തീരുമാനം ഒരു വലിയ ദുരന്തമായിരുന്നു. അതിന്റെ പരിണിതഫലങ്ങൾ അവിടത്തെ ജനങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും അപ്പുറമായിരുന്നു.

ലോക്ഡൗൺ തീർന്നപ്പോൾ കുടിച്ച് മറിഞ്ഞ് ജനം

അന്ന് ആഘോഷമാക്കാൻ തന്നെയായിരുന്നു അമേരിക്കയിലെ കുലീനമായ സാൻഫ്രാൻസിസ്‌ക്കോ നഗരവാസികൾ തീരുമാനിച്ചത്. കാരണം അവർ ലോക്ഡൗണിനെ അത്രയേറെ വെറുത്തിരുന്നു. ആന്റിലോക്ഡൗൺ ലീഗ് എന്ന സംഘടനക്ക് വലിയ പിന്തുണയാണ് നാട്ടുകാരിൽനിന്നും ലഭിച്ചത്.

1918, നവംബർ 21, ഉച്ചക്ക് 12 മണി നേരത്താണ് സ്പാനിഷ ഫ്ളൂവിനെ തുടർന്നുണ്ടായ ലോക്ഡൗൺ അവസാനിച്ചത്. മണി പന്ത്രണ്ടടിച്ചതും, മാസ്‌കുകൾ പറിച്ചെറിഞ്ഞ് ജനം വീണ്ടും തെരുവുകളിലേക്കിറങ്ങി. ഒരു മാസമായി വീടുകളിൽ അടച്ചിരുന്നു മടുത്തിരുന്ന ആളുകൾ പുറത്തിറങ്ങാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി. അന്നോളം കേട്ടുകേൾവി പോലുമില്ലാതിരുന്ന 'സ്പാനിഷ് ഫ്ളൂ' എന്നൊരു മഹാമാരിയുടെ പേരും പറഞ്ഞുകൊണ്ട് സിറ്റി മേയർ പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. നഗരത്തിലെ ഒരു വ്യാപാരസ്ഥാപനവും തുറന്നു പ്രവർത്തിക്കരുത്. അനാവശ്യമായി ഒരാളും വീടുവിട്ടിറങ്ങരുത്. പരസ്പര സ്പർശനങ്ങൾ ഒഴിവാക്കണം. അത്യാവശ്യത്തിനു പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം, തുടങ്ങിയ നിബന്ധനകളെ ഒരു ശല്യമായാണ് ജനം കണ്ടത്.

'പുറത്തിറങ്ങിക്കോളൂ, പക്ഷേ മാസ്‌കുകൾ ധരിച്ചു പുറത്തിറങ്ങുന്നതാവും നല്ലത്...' എന്നൊരു മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിരുന്നെങ്കിലും അത് ആഘോഷത്തിന്റെ മൂഡിലിരുന്ന ജനം ചെവിക്കൊണ്ടില്ല. അന്ന് തിയേറ്ററുകളിലും, റെസ്റ്റോറന്റുകളിലേക്കും, മറ്റു പൊതു ഇടങ്ങളിലേക്കുമെല്ലാം വന്നെത്തിയത് നാലിരട്ടി ജനങ്ങളായിരുന്നു. അതെ, ഒരു മാസമായി വീട്ടിലിരുന്നതിന്റെ ചൊരുക്ക് മാറ്റാൻ അവർക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു. ബോധം മറയുവോളം കുടിക്കണമായിരുന്നു. രാവെളുക്കുവോളം ആഘോഷിച്ചു തിമിർക്കണമായിരുന്നു. അതിനായി സാൻഫ്രാൻസിസ്‌കോയിലെ തെരുവുകളിലേക്ക് കൈകോർത്തുപിടിച്ചു കൊണ്ടിറങ്ങിപ്പോയ യുവതീയുവാക്കളും വയോധികരും കുഞ്ഞുങ്ങളും ഒന്നും ഒരു കാര്യം അപ്പോൾ അറിഞ്ഞിരുന്നില്ല - ശരിക്കുള്ള പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു..!

അമിത ആത്മവിശ്വാസം വിനയായി

അങ്ങനെ അവരെല്ലാവരും കൂടി മാസ്‌കുകൾ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി തിമിർത്ത ആ ആഘോഷരാവിന് കൃത്യം മൂന്നാഴ്ചയ്ക്കപ്പുറം സ്പാനിഷ് ഫ്ലൂ അതിന്റെ തിരിച്ചുവരവ് നടത്തുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. 1919 -ലെ പുതുവർഷത്തെ സാൻഫ്രാൻസിസ്‌കോ നഗരം വരവേറ്റത് പുതിയ 600 സ്പാനിഷ് ഫ്ളൂ സ്ഥിരീകരണങ്ങളോടെയായിരുന്നു. അതോടെ നഗരത്തെ വീണ്ടും ലോക്ക് ഡൗണിലാക്കാൻ അധികാരികൾ തീരുമാനിച്ചു. അതിനെതിരെ അവിടത്തെ ജനം വളരെ അക്രമാസക്തമായി പ്രതികരിച്ചു. അങ്ങനെ പ്രതിഷേധിക്കാൻ വേണ്ടി 'ആന്റി മാസ്‌ക് ലീഗ്' എന്നൊരു സംഘടനപോലും ഉടലെടുത്തു. ഫെബ്രുവരിയിൽ ലോക്ക് ഡൗൺ പിൻവലിക്കും വരെ അവർ പ്രതിഷേധങ്ങൾ തുടർന്നു.

എന്നാൽ, നവാരോയും ലോസ് എയ്ഞ്ചലസും പോലുള്ള സമീപസ്ഥനഗരങ്ങളിൽ സാൻഫ്രാൻസിസ്‌കോയ്ക്കും ഒരാഴ്ച മുന്നേ തന്നെ ലോക്ക് ഡൗൺ നടപ്പിലാക്കപ്പെട്ടു. ആഴ്ചകൾക്ക് ശേഷമാണ് അവരതിനെ പിൻവലിച്ചതും. രോഗം ഒന്നടങ്ങിയപ്പോൾ ജനം ആവശ്യത്തിലധികം ആശ്വസിച്ചു. എന്തിന് അവർ ആരോഗ്യവകുപ്പ് അധികൃതരുടെ 'അമിതശുഷ്‌കാന്തി'യെ പരിഹസിക്കുക വരെ ചെയ്തു. 'അമേരിക്കയിൽ മൊത്തം കർവ് 'ഫ്ലാറ്റെൻ' ആയിട്ടും നമ്മുടെ മേയറും മെഡിക്കൽ ഓഫീസറും മാത്രം അതൊന്നും അറിഞ്ഞ മട്ടില്ല' എന്ന് വ്യാപാരികൾ കുത്തിപ്പറഞ്ഞു. ' എന്തൊക്കെയായിരുന്നു. ലോക്ക് ഡൗൺ. മുഖം മറയ്ക്കാതെ പുറത്തിറങ്ങരുത്. ആരെയും തൊടരുത്. പിടിക്കരുത്. എന്നിട്ടിവിടെ ഇപ്പോൾ എന്തുണ്ടായി..? ഇത് വെറും സാധാരണ ഒരു പനി. അതിന്റെ പേരിൽ നാടുമുഴുവൻ അടച്ചിട്ട്, നാട്ടുകാരുടെ അന്നം മുട്ടിച്ചുകൊണ്ട്, ഈ അഭ്യാസം കാണിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ' എന്ന് പൊതുജനവും ചോദിച്ചു.

പക്ഷേ, 'നിങ്ങൾ ഓവർ റിയാക്റ്റ് ചെയ്യുകയാണോ എന്ന് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്നുണ്ടെങ്കിൽ, ചിലപ്പോൾ നിങ്ങൾ ചെയ്യുന്നത് വളരെ ശരിയായിരിക്കും'എന്ന് വിഖ്യാത അമേരിക്കൻ പകർച്ചവ്യാധി വിദഗ്ദ്ധനായ അന്റോണിയോ ഫോച്ചി കഴിഞ്ഞ മാർച്ചിൽ പറഞ്ഞത് വളരെ കൃത്യമാണ്. സാൻഫ്രാൻസിസ്‌കോ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും, രോഗം പൂർണമായും പിന്മടങ്ങും മുമ്പ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയ നടപടിക്കും അവിടത്തെ ജനത കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 45,000 കേസുകൾ. അസുഖം വന്നു പുതുതായി മരിച്ചത് 3,000 പേർ. അമേരിക്കയിൽ ഏറ്റവും കൂടുതൽ പേരെ അസുഖം ബാധിച്ച നഗരങ്ങളിൽ ഒന്ന് സാൻഫ്രാൻസിസ്‌കോ തന്നെയായിരുന്നു.

അന്നത്തെ ആ അലംഭാവത്തിനും അതിന്റെ സ്വാഭാവികപരിണതിക്കും ഇന്ന് ഒരു നൂറ്റാണ്ട് പ്രായമുണ്ട്. ഈ കൊറോണക്കാലത്ത്, മുന്നനുഭവങ്ങളുടെ നിലാവെളിച്ചം തലയ്ക്കുള്ളിൽ ഉള്ളതുകൊണ്ടാകും, ഏറ്റവും ആദ്യം 'സ്റ്റേ അറ്റ് ഹോം' ഉത്തരവ് പുറപ്പെടുവിച്ച അമേരിക്കൻ നഗരങ്ങളുടെ കൂട്ടത്തിൽ സാൻഫ്രാൻസിസ്‌കോയും ഉണ്ടായിരുന്നു. കാലേകൂട്ടി ഏർപ്പെടുത്തിയ മുന്കരുതലുകളാണ് ഈ നഗരത്തെ ന്യൂയോർക്കിൽ വഴിയേ സഞ്ചരിക്കുന്നതിൽ നിന്ന് രക്ഷിച്ചെടുത്തത്.തന്നെ നയിക്കാൻ നഗരം ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ലൂവിനെ നേരിട്ടപ്പോൾ വന്ന പാളിച്ചകളുടെ ചരിത്രപാഠങ്ങൾ ഉണ്ടെന്നും അന്നത്തെ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാണ്, കൃത്യമായ സമ്പർക്ക വിലക്കുകളും, മാസ്‌ക് നിര്ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവും, സ്റ്റേ അറ്റ് ഹോം ഓർഡറും ഒക്കെ നേരത്തെ തന്നെ പുറപ്പെടുവിച്ചത് എന്നും ഇന്നത്തെ സാൻഫ്രാൻസിസ്‌കോ മേയർ ലണ്ടൻ ബ്രീഡ് പറഞ്ഞു.

'സാൻഫ്രാസിസ്‌കോ നഗരം ഒരു പക്ഷേ ഈ വേളയിൽ കർവിനെ 'ഫ്ലാറ്റെൻ' ചെയ്തു എന്നൊക്കെ തോന്നാം. പക്ഷേ, ഇല്ല, നിയന്ത്രണങ്ങൾ നീക്കാൻ ഇനിയും സമയമായിട്ടില്ല . അങ്ങനെ ചെയ്തുകൂടെന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്...' അവർ കൂട്ടിച്ചേർത്തു.പക്ഷേ പ്രാദേശിക ഗവൺണർമാർ ലോക്ഡൗണിനെ അനുകൂലിക്കുമ്പോഴും ട്രംപ് തന്റെ ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.

യുഎസിൽ നടക്കുന്നത് രാഷ്ട്രീയ- ശാസ്ത്രയുദ്ധം

കോവിഡിനെ നേരിടുന്ന കാര്യത്തിൽ യുഎസിൽ നടക്കുന്നത് രാഷ്ട്രീയ- ശാസ്ത്രയുദ്ധമാണെന്നാണ് ലോക മാധ്യമങ്ങൾ എഴുതുന്നത്. ശാസ്ത്രലോകം ഒരു വശത്ത് ഭരണകൂടം മറുവശത്ത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചെയ്തികൾക്കെതിരേ വൈറ്റ് ഹൗസിൽ നിന്നു തന്നെ വിമർശനമുയരുന്നത് യുഎസിനു പുറത്തും ആശങ്കയുണ്ടാക്കുന്നു. കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ, ലോക് ഡോൺ പിൻവലിക്കാൻ പ്രസിഡന്റ് ട്രംപ് കാണിക്കുന്ന രാഷ്ട്രീയ തിടുക്കമാണു ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ രാജ്യം നിയന്ത്രണങ്ങളുടെ പൂട്ട് തുറക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പകർച്ച വ്യാധികൾ സംബന്ധിച്ച് പ്രസിഡന്റിന്റെ ഉപദേശക സമിതിയിലെ സീനിയർ അംഗം ഡോ. ആന്റണി ഫൗസി തുറന്നടിച്ചു.

സ്‌കൂളുകൾ തുറക്കാൻ കാണിക്കുന്ന തിടുക്കം യുഎസിനു വലിയ വില നൽകേണ്ടി വന്നേക്കാവുന്ന തലവേദന സൃഷ്ടിക്കുമെന്നും ഡോ. ഫൗസി താക്കീതു ചെയ്തു ട്രംപ് അടക്കം ആറ് പ്രസിഡന്റുമാരുടെ ഉപദേശക സമിതികളിൽ ഡോ. ആന്റണി ഫൗസി അംഗമായിരുന്നിട്ടുണ്ട്. എച്ച്ഐവി, എബോള, ആന്ദ്രാക്സ്, സിക തുടങ്ങിയ പകർച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളയാളാണ് ഡോ. ആന്റണി ഫൗസി. സ്പാനിഷ്ഫ്ളൂക്കാലത്തെ ചരിത്രം തുറന്നടിച്ചാണ് കഴിഞ്ഞ ദിവസം ഫൗസി ട്രംപിന് മറുപടി നൽകിയത്.

എന്നാൽ, ഫൗസിയെപ്പോലെ മുതിർന്ന ഒരു ശാസ്ത്രജ്ഞനിൽ നിന്നു താൻ കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകളാണു കേൾക്കേണ്ടി വരുന്നതെന്നു പ്രസിഡന്റ് ട്രംപ് തിരിച്ചടിച്ചു. ''അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. എനിക്കു സ്വീകാര്യമായ വാക്കുകളല്ല ഡോ. ഫൗസി പറയുന്നത്. പ്രത്യേകിച്ചും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ. നമ്മുടെ ചെറുപ്പക്കാരെ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ല.നമുക്ക് ഇതുപോലെ മുന്നോട്ടു പോകാനാവില്ല. നമ്മുടെ രാജ്യം അനിശ്തിമായി അടച്ചിടാനാവില്ല. സ്‌കൂളുകളും തുറന്നേ പറ്റൂ. കൊറോണയ്ക്കെതിരേ ഫലപ്രദമായ വാക്സിൻ ലഭിച്ചുകഴിഞ്ഞാൽ സൈന്യത്തെ വിനിയോഗിച്ചും വളരെ വേഗത്തിൽ ജനങ്ങളിലെത്തിക്കും.'' ഫോക്സ് ബിസിനസ് മാഗസിന് അനുവദിച്ച അഭിമുഖത്തിൽ പ്രസിഡന്റ് ട്രംപ് വിശദീകരിച്ചു.

പക്ഷേ യുഎസ് സ്റ്റേറ്റ് ഗവർൺമാർ ശാസ്ത്രത്തിന്റെ ഭാഗത്താണ് എന്നതാണ് ആശ്വാസം. അതുകൊണ്ടുതന്നെ അമേരിക്കയിൽ ഭാഗികമായ ലോകഡൗൺ നീളാനുമാണ് സാധ്യത. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇളവുകൾ വരുമ്പോഴും കർശമനമായ ജാഗ്രതവേണമെന്നും ഈ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP