Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ കാരാട്ട് ഉറഞ്ഞു തുള്ളുന്നത്; പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായീകരിക്കാനും സിപിഎമ്മിനേ കഴിയൂ; കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്; സിപിഎം ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കൾ: റോയ് മാത്യു എഴുതുന്നു

രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ കാരാട്ട് ഉറഞ്ഞു തുള്ളുന്നത്; പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായീകരിക്കാനും സിപിഎമ്മിനേ കഴിയൂ; കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്; സിപിഎം ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കൾ: റോയ് മാത്യു എഴുതുന്നു

റോയ് മാത്യു

തിർ ശബ്ദങ്ങൾ ഉയർത്തുന്നവരെ നിശബ്ദരാക്കുന്ന ഏകാധിപത്യ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പീപ്പിൾസ് ഡെമോക്രസി. കോവിഡ് 19 ന്റെ മറവിൽ സകല ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി അടിച്ചമർത്തൽ നിലപാടുകളുമായി മോദി സർക്കാർ മുന്നേറുകയാണെന്ന് സിപിഎമ്മിന്റെ ഔദ്യോഗിക മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി വിലപിക്കുന്നു. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളേയും പൗരാവകാശ പ്രവർത്തകരേയും വിചാരണപോലും കൂടാതെ അമിത് ഷാ ജയിലിലടയ്ക്കുന്നുവെന്നാണ് പാർട്ടി പത്രത്തിന്റെ കണ്ടെത്തൽ. സിപിഎമ്മിന്റെ പതിവ് ഇരട്ടത്താപ്പിന്റെ വികൃത മനസ്സാണ് ഈ മുഖപ്രസംഗത്തിലൂടെ (Authoritarianism Reinforced - May 13) പുറത്ത് വന്നത്.

കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് പന്തീരാങ്കാവിൽ വെച്ച് രണ്ടു എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ യുഎപിഎ നിയമപ്രകാരം യാതൊരു അന്വേഷണവും കൂടാതെ ജയിലിലടച്ച കാര്യം മറച്ചുവെച്ചുകൊണ്ടാണ് ബിജെപിക്കെതിരെ പത്രാധിപർ പ്രകാശ് കാരാട്ട് ഉറഞ്ഞു തുള്ളുന്നത്. ലോക് ഡൗൺ കാലത്ത് ഡൽഹിയിൽ അമിത് ഷായുടെ പൊലീസും യുഎപിഎ ചുമത്തി തുറുങ്കിലടച്ചത് ന്യൂനപക്ഷ സമുദായംഗവും ഗർഭിണിയുമായ സഫൂറസാഗർ എന്ന 27 കാരിയെയാണ്. ഇവിടെ പിണറായി വിജയനും തുറങ്കിലടച്ചത് മുസ്ലീങ്ങളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയുമാണ്. അലന്റെ ഷോൾഡർ ബാഗിലും രണ്ടാമൻ താഹാ ഫസലിന്റെ കൈവശവും മാവോയിസ്റ്റ് അനുകൂല പ്രസ്താവനകളും നോട്ടീസുകളും പുസ്തകങ്ങളും കാണപ്പെട്ടുവെന്നാണ് പിണറായി വിജയൻ 2019 നവംബർ നാലിന് നിയമസഭയിൽ പറഞ്ഞത്. ലഘുലേഖ കണ്ടത് മഹാ അപരാധം തന്നെ !

ഒടുവിൽ ഈ കുട്ടികളെ എൻഐയക്ക് വിട്ടുകൊടുത്തതും പിണറായിയാണ്. അവർ ചായകുടിക്കാൻ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. ജയിലിടിഞ്ഞാലും പുറത്തു വരാത്ത വിധമുള്ള വകുപ്പുകൾ ആ കൊടും ഭീകരർക്കെതിരെ ചാർത്തി കൊടുത്തു. യു എ പി എ നിയമത്തിലെ സെക്ഷൻ 20, 38 , 39 എന്നീ വകുപ്പുകളാണിട്ടത്. മോദി സർക്കാർ യുഎപിഎ യ്ക്കു കൊണ്ടു വന്ന പുതിയ ഭേദഗതി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഈ കുട്ടികൾ നഗര മാവോയിസ്റ്റ് കളായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇതേ മുഖ്യമന്ത്രിയുടെ പൊലീസാണ് നിലമ്പൂർ കാട്ടിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത മണിവാസ കത്തെ പോയിന്റ് ബ്ലാങ്കിൽ വെടി വെച്ചു കൊന്നത്.

പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുന്നത് മഹത്തായ നീതി നടപ്പാക്കലായി ന്യായികരിക്കാനും സി പി എമ്മിനേ കഴിയൂ. മാവോയിസ്റ്റ് നേതാവ് മണി വാസകത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് സിപിഐ യുടെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്. ഈ കൊലകൾ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏർപ്പാടാണോ കാരാട്ട് സാർ? 'വ്യാജ ഏറ്റുമുട്ടൽ മാത്രമല്ല, അത് ന്യായീകരിക്കാൻ വ്യാജ തെളിവുമുണ്ടാക്കി. അങ്ങനെ വ്യാജത്തെളിവുണ്ടാക്കുന്ന സർക്കാരായി ഈ സർക്കാർ നിൽക്കുകയാണെന്നാണ് ' തിരുവഞ്ചൂർ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ട് സഭയിൽ പറഞ്ഞത്.

'എന്തിനാണ് ഇവരെ പവിത്രീകരിക്കാൻ പുറപ്പെട്ടത്? എന്തിനാണ് ഇവരെ പരിശുദ്ധാത്മാക്കളാക്കി മാറ്റുന്നതെ'ന്നാണ് പിണറായി നിയമസഭയിൽ തിരുവഞ്ചൂരിനോട് ചോദിച്ചത്. പിണറായി ചോദിച്ച ചോദ്യങ്ങളാണ് മോദിയും ഷായും ചോദിച്ചു കൊണ്ടേയിരിക്കുന്നത്. അമിത് ഷാ യുഎപിഎ ചുമത്തുമ്പോൾ ജനാധിപത്യ വിരുദ്ധവും പിണറായി യുഎപിഎ ചുമത്തുമ്പോൾ മഹനീയമെന്നും പറയാൻ ഇരട്ടത്താപ്പിന്റെ കളരി ഗുരുക്കന്മാരായ ഈ പാർട്ടിയുടെ നേതൃത്വത്തിന് മാത്രമേ കഴിയു.
അവർക്ക് മാത്രമേ അത്തരം സിദ്ധി വിശേഷമുള്ളു. യാതൊരു ഉളുപ്പുമുല്ലാതെ ഇങ്ങനെ ഒക്കെ തള്ളി മറിക്കാൻ സിപിഎമ്മിനല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ?. മാധ്യമങ്ങളുടെ വാമൂടിക്കെട്ടാൻ മോദിസർക്കാർ ശ്രമിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മാധ്യമപ്രവർത്തകരെ കള്ളക്കേസുകളിൽ കൂടുക്കാനും ശ്രമിക്കുന്നുവെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ ഇവിടെയും സ്ഥിതി അതല്ലേ കാരാട്ടു സാർ?

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനത്തിൽ ഭക്തന്മാരെക്കൊണ്ടുമാത്രം സുഖിപ്പീര് ചോദ്യങ്ങൾ ചോദിപ്പിക്കുകയും അപ്രിയമായ ചോദ്യങ്ങൾ ഉയർത്തുന്നവരെ ട്രോളിയും കൂക്കിവിളിച്ചും പരിഹസിച്ചും വിടുകയാണ് പതിവ്. വനിതാ മാധ്യമ പ്രവർത്തകരെ പാർട്ടി അനുയായികൾ സൈബറിടങ്ങളിൽ വിളിക്കുന്ന സുന്ദര പദങ്ങളൊക്കെ പറ്റുമെങ്കിൽ പീപ്പിൾസ് ഡെമോക്രസിയിൽ പ്രസിദ്ധീകരിക്കണം. അതൊക്കെ കരുതലും സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ജാഗ്രതയുമായി വിവക്ഷിക്കപ്പെടുന്നു. കാപട്യമിങ്ങനെ ഘോഷിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ.

ലോക് ഡൗണിനെതിരെ ശബ്ദമുയർത്തുന്നവരെ മോദി സർക്കാർ ജയിലിലടക്കുന്നുവെന്നാണ് കാരാട്ട് സാറിന്റെ പതം പറച്ചിൽ. ഇവിടെയും അതല്ലേ സംഭവിക്കുന്നത്. കേരളാ അതിർത്തിയിലെ പൗരാവകാശ ലംഘനത്തിനെതിരെ ശബ്ദമുയർത്തിയ ജനപ്രതിനിധികളെ മരണവ്യാപാരികളെന്നാണ് പ്രചരിപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ പല ന്യായമായ ആവശ്യങ്ങളോട് പ്രധാനമന്ത്രി മോദി ഫലപ്രദമായി പ്രതികരിച്ചില്ല എന്ന് പീപ്പീൾസ് ഡെമോക്രസി പറയുന്നുണ്ട്. കോവിഡ് കാലത്ത് പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നകാര്യം കാരാട്ട് മറച്ചുവെച്ചു കൊണ്ടാണ് ഉന്നതമായ ജനാധിപത്യമുല്യങ്ങളെക്കുറിച്ച് വായ്ത്താരി മുഴക്കുന്നത്. കിം യോങ് ഉന്നിനെ ആരാധിക്കുന്നവരാണ് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്തി വിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP