Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ അധോലോക നേതാവ് മുത്തപ്പ റായ് അന്തരിച്ചു; ദാവൂദ് ഇബ്രാഹിം മുതൽ രവി പൂജാരിയുമായി വരെ അടുത്ത ബന്ധമുണ്ടായിരുന്ന മുത്തപ്പ റായി മരിച്ചത് തലച്ചോറിലെ കാൻസറിനെ തുടർന്ന്: അന്തരിച്ചത് അധോലോക നേതാവിൽ നിന്നും മാനസാന്തരപ്പെട്ട് സാമൂഹികപ്രവർത്തകനായി മാറിയ വ്യക്തി

മുൻ അധോലോക നേതാവ് മുത്തപ്പ റായ് അന്തരിച്ചു; ദാവൂദ് ഇബ്രാഹിം മുതൽ രവി പൂജാരിയുമായി വരെ അടുത്ത ബന്ധമുണ്ടായിരുന്ന മുത്തപ്പ റായി മരിച്ചത് തലച്ചോറിലെ കാൻസറിനെ തുടർന്ന്: അന്തരിച്ചത് അധോലോക നേതാവിൽ നിന്നും മാനസാന്തരപ്പെട്ട് സാമൂഹികപ്രവർത്തകനായി മാറിയ വ്യക്തി

സ്വന്തം ലേഖകൻ

ബെംഗളൂരു: മുൻ അധോലോക നേതാവ് മുത്തപ്പ റായ് (68) അന്തരിച്ചു. തലച്ചോറിൽ അർബുദത്തെത്തുടർന്ന് കുറേനാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 1.43-ന് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഏപ്രിൽ 30-നാണ് മുത്തപ്പ റായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നഗരത്തിലെ അധോലോകത്ത് ദീർഘനാൾ വിരാജിച്ചശേഷം മാനസാന്തരപ്പെട്ട് സാമൂഹികപ്രവർത്തകനായി മാറിയ ആളാണ് എൻ. മുത്തപ്പ റായ്.

അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, രവി പൂജാരി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുത്തപ്പ റായ് പിന്നീട് മാനസാന്തരപ്പെട്ട് കുറ്റകൃത്യങ്ങളിൽനിന്നു വിട്ട് 'ജയകർണാടക' എന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയ്ക്ക് രൂപംനൽകി. വിജയ ബാങ്കിൽ ക്ലർക്കായിരുന്ന മുത്തപ്പ റായ് ബെംഗളൂരു കേന്ദ്രമായി ബിസിനസ് ആരംഭിച്ചതോടെയാണ് കുറ്റകൃത്യങ്ങൾസംബന്ധിച്ച ആരോപണങ്ങൾ ഉയർന്നുതുടങ്ങിയത്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഒട്ടേറെ കേസുകളിൽ മുത്തപ്പറായിക്കെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ദക്ഷിണ കന്നഡയിലെ പുത്തൂർ സ്വദേശിയായ ഇദ്ദേഹം രാമനഗര ബിഡദിയിലായിരുന്നു താമസം. കർണാടക അത്ലറ്റിക്സ് അസോസിയേഷൻ ചെയർമാൻപദവിയും വഹിച്ചിട്ടുണ്ട്. അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതിനെത്തുടർന്ന് ബിഡദിയിലെ വീട്ടിൽ മുത്തപ്പ റായിയിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. 1980-കളിൽ ബെംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന അധോലോക കുറ്റവാളി എംപി. ജയരാജ് 1989-ൽ കൊല്ലപ്പെട്ടതോടെയാണ് മുത്തപ്പ റായ് കൂടുതൽ കരുത്തനായത്.

ഇതിനിടയിൽ മുംബൈയിലെ ദാവൂദ് ഇബ്രാഹിമുമായും ബന്ധം സ്ഥാപിച്ചു. ഇതേത്തുടർന്ന് രാജ്യംവിട്ട് യു.എ.ഇ.യിലെത്തിയ മുത്തപ്പ റായിയെ 2002-ൽ ഇന്ത്യയിലേക്കു തിരികെ നാടുകടത്തി. സിബിഐ., ഇന്റലിജൻസ് ബ്യൂറോ, റോ, കർണാടക പൊലീസ് തുടങ്ങിയ അന്വേഷണ ഏജൻസികൾ റായിയെ ചോദ്യംചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു.

പിന്നീട് മാനസാന്തരപ്പെട്ട അദ്ദേഹം തുളു, കന്നഡ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. മുത്തപ്പയുടെ ജീവിതത്തെ ആസ്പദമാക്കി വിവേക് ഒബ്രോയിയെ നായകനാക്കി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ 'ദ ഗോഡ്ഫാദർ' എന്നപേരിൽ ചലച്ചിത്രം ആസൂത്രണംചെയ്‌തെങ്കിലും പൂർത്തീകരിക്കാനായില്ല. 2000-ത്തിൽ മുത്തപ്പറായിക്കുനേരെ കൊലപാതകശ്രമം നടന്നിരുന്നു. 2002-നു ശേഷം ഇദ്ദേഹത്തിനെതിരേ കേസുകളൊന്നും ഇല്ല. 2018-ൽ പഴയ തോക്കുകളും കത്തികളും ആയുധപൂജയ്ക്കു വെച്ചത് വാർത്തയായിരുന്നു. മൃതദേഹം രാമനഗരയിലെ ബിഡദിയിൽ സംസ്‌കരിച്ചു. ആദ്യഭാര്യ രേഖ റായ് മരിച്ചതിനെത്തുടർന്ന് അനുരാധയെ വിവാഹംചെയ്തു. രണ്ടു മക്കളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP