Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ മേഖലയിൽ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്; എ.കെ.ആന്റണിയുടെ സമകാലികൻ; എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളിൽ മുൻനിരയിലെത്തിയപ്പോഴും സംസ്ഥാന കോൺഗ്രസിന്റെ മുൻനിരയിലേക്ക് വരാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിത്വം: പി.ഗംഗാധരൻ നായരുടെ മരണത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണം ഏർപ്പെടുത്തി കോൺഗ്രസ്

മലബാർ മേഖലയിൽ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്; എ.കെ.ആന്റണിയുടെ സമകാലികൻ; എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളിൽ മുൻനിരയിലെത്തിയപ്പോഴും സംസ്ഥാന കോൺഗ്രസിന്റെ മുൻനിരയിലേക്ക് വരാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിത്വം: പി.ഗംഗാധരൻ നായരുടെ മരണത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണം ഏർപ്പെടുത്തി കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: രാഷ്ട്രീയ ജീവിതത്തിൽ ഉന്നതികൾ താണ്ടാമായിരുന്നിട്ടും ജനങ്ങൾക്ക് വേണ്ടി സ്ഥാനമാനങ്ങൾ വേണ്ടെന്ന് വെച്ച വ്യക്തിത്വമായിരുന്നു പി.ഗംഗാധരൻ നായർ (79). മലബാർ മേഖലയിൽ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്. ഉമ്മൻ ചാണ്ടിയും എ.കെ ആന്റണിയും പോലും അദ്ദേഹത്തിന്റെ വാക്കകൾക്കും നല്ല ഉപദേശങ്ങൾക്കും വേണ്ടി കാതോർത്തിരുന്നു. എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളിൽ മുൻനിരയിലെത്തിയപ്പോഴും സംസ്ഥാന കോൺഗ്രസിന്റെ മുൻനിരയിലേക്ക് വരാതെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു പി. ഗംഗാധരൻ നായർ.

വൃക്കസംബന്ധമായ രോഗവുമായി വീട്ടിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് അന്ത്യം. അവിഭക്ത കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി. ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫ്. കാസർകോട് ജില്ലാ കൺവീനറായിരുന്നു. പുല്ലൂർ- പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് (എ) വിഭാഗത്തിന്റെ മലബാറിലെ പ്രധാനികളിലൊരാളായിരുന്നു.

രാഷ്ട്രീയജീവിതത്തിൽ എ.കെ.ആന്റണിയുടെ സമകാലികനായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസിന്റെ അവിഭക്ത കണ്ണൂർ ജില്ലാ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിക്കുകയുംചെയ്തു.കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ എ ഗ്രൂപ്പിന്റെ സംസ്ഥാനനേതാക്കളിൽ മുൻനിരയിലെത്തി. സംസ്ഥാനരാഷ്ട്രീയത്തിൽത്തന്നെ പല തീരുമാനങ്ങളും എ ഗ്രൂപ്പ് കൈക്കൊണ്ടപ്പോൾ ഗംഗാധരൻ നായർ അതിലെല്ലാം പങ്കാളിയായി. കാസർകോട് ഡി.സി.സി. അധ്യക്ഷപദവി വന്നുചേർന്നപ്പോഴും അതിനുശേഷവും സംസ്ഥാന കോൺഗ്രസിന്റെ മുൻനിരനേതാവാകാൻ ഗംഗാധരൻ നായർ ഒരിക്കലും ശ്രമിച്ചില്ല. മുൻനിര രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും അകന്ന് നിന്ന് ജനങ്ങൾക്ക് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

യൂത്ത് കോൺഗ്രസിലായിരുന്നപ്പോഴും ഡി.സി.സി.യുടെ അമരത്തുണ്ടായിരുന്നപ്പോഴും ഏതു പാതിരാത്രിയിലാണെങ്കിലും പ്രവർത്തകരുടെ വിളി കേൾക്കാനും ഓടിയെത്താനും തയ്യാറായിരുന്നു. എ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഉമ്മൻ ചാണ്ടിയുടെ കൈയിലെത്തിയപ്പോഴും ഗംഗാധരൻ നായരുടെ സ്ഥാനത്തിന് പോറലേറ്റില്ല. മാത്രമല്ല, ഉമ്മൻ ചാണ്ടി വടക്കൻ കേരളത്തിലെ ഏറ്റവും വിശ്വസ്തനായി അടുപ്പിച്ചുനിർത്തുകയുംചെയ്തു. പ്രവർത്തകരെ ഒപ്പംനിർത്താനുള്ള അദ്ദേഹത്തിന്റെ നേതൃപാടവം സവിശേഷമാണ്.

രണ്ടുവർഷമായി കിടപ്പിലായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സംസ്ഥാന-ദേശീയ നേതാക്കൾ ജില്ലയിലെത്തിയാൽ ഗംഗാധരൻ നായരെ സന്ദർശിക്കാതെ മടങ്ങിയിരുന്നില്ല. എ.കെ.ആന്റണിയും വയലാർ രവിയും കെ.സി.വേണുഗോപാലും ഉമ്മൻ ചാണ്ടിയും തുടങ്ങി രണ്ടുവർഷത്തിനിടെ മിക്ക നേതാക്കളും ഗംഗാധരൻ നായരുടെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടതും ഈ സ്‌നേഹബന്ധത്തിന്റെ കെട്ടുറപ്പുതന്നെ.

മരണവിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ആന്റണിയും ഉമ്മൻ ചാണ്ടിയുമുൾപ്പെടെയുള്ള നേതാക്കളെല്ലാം വിളിച്ച് അനുശോചനമറിയിച്ചു. 40 വർഷം കെപിസിസി. എക്‌സിക്യുട്ടീവ് അംഗമായ, കാസർകോട് ജില്ലയിലെ ഏകനേതാവ് കൂടിയാണ് അദ്ദേഹം. 2006-ൽ ഉദുമ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

ഭാര്യ: ഇ.പി.മാലതി. മക്കൾ: ഷീജ (വെൽസ്ഫാർഗോ ബാങ്ക്, യു.എസ്.എ.), ധന്യ (ഡി.സി.സി. ജനറൽ സെക്രട്ടറി), രമ്യ. മരുമക്കൾ: സതീശൻ വണ്ണാട്ടിൽ (യു.എസ്.എ.), കെ.കെ.സുരേഷ്ബാബു (കർണാടക ബാങ്ക്), എസ്.എസ്.വിഷ്ണു (ബിസിനസ്, കോയമ്പത്തൂർ). സഹോദരങ്ങൾ: പി.ലക്ഷ്മിയമ്മ, പരേതരായ പി.നാരായണൻ നായർ, പി.നാരായണിയമ്മ, പി.ശാന്ത. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് പെരിയ തറവാട് ശാന്തികവാടത്തിൽ.

മൂന്നുദിവസത്തെ ദുഃഖാചരണം
കാസർകോട്: പി.ഗംഗാധരൻ നായരോടുള്ള ആദരസൂചകമായി വരുന്ന മൂന്നുദിവസത്തെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ പരിപാടികളും ഉപേക്ഷിച്ചതായി ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP