Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹോട് സ്‌പോട്ടുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി തുടരും; കണ്ടൈന്മെന്റ് സോണുകളിൽ സമ്പൂർണ്ണ അടച്ചിടൽ; ജില്ല വിട്ടുള്ള യാത്രകൾക്കുള്ള നിയന്ത്രണം തുടരും; സംസ്ഥാന അതിർത്തികൾ അടഞ്ഞു തന്നെ കിടക്കും; റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ ഇനി പ്രഖ്യാപിക്കില്ല; സുരക്ഷിത മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാകും; രാത്രി 7 മണിക്ക് ശേഷമുള്ള യാത്രാ വിലക്ക് തുടരാനും സാധ്യത; ലോക്ഡൗണിൽ ഇനി നാലാം ഘട്ടം; ഇനി നടപ്പാക്കുക വികേന്ദ്രീകരണ അടച്ചിടൽ മാതൃക

ഹോട് സ്‌പോട്ടുകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി തുടരും; കണ്ടൈന്മെന്റ് സോണുകളിൽ സമ്പൂർണ്ണ അടച്ചിടൽ; ജില്ല വിട്ടുള്ള യാത്രകൾക്കുള്ള നിയന്ത്രണം തുടരും; സംസ്ഥാന അതിർത്തികൾ അടഞ്ഞു തന്നെ കിടക്കും; റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ ഇനി പ്രഖ്യാപിക്കില്ല; സുരക്ഷിത മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാകും; രാത്രി 7 മണിക്ക് ശേഷമുള്ള യാത്രാ വിലക്ക് തുടരാനും സാധ്യത; ലോക്ഡൗണിൽ ഇനി നാലാം ഘട്ടം; ഇനി നടപ്പാക്കുക വികേന്ദ്രീകരണ അടച്ചിടൽ മാതൃക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെയ്‌ 18ന് ശേഷവും ലോക് ഡൗൺ തുടരും. എന്നാൽ നിയന്ത്രണങ്ങളിൽ വലിയ ഇളവുണ്ടാകും. മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി തുടങ്ങിയ ഹോട് സ്‌പോട്ടുകളിൽ കർശന നിയന്ത്രണം ഉണ്ടാകും. രാത്രിയിൽ ആളുകൾ പുറത്തിറങ്ങുന്നതിലുള്ള നിയന്ത്രണം തുടരും. പൊതുഗതാഗതം തിരികെ എത്തുമെങ്കിലും സാമൂഹിക അകലം പാലിക്കാൻ നിർബന്ധിക്കും. യാത്രാക്കൂലിയുടെ വർദ്ധനവും വരും. ഇതിനൊപ്പം റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ ഉണ്ടാവുകയുമില്ല. രോഗ വ്യാപനമുള്ള കണ്ടെയ്ന്മെന്റ് സോൺ വിട്ട് സഞ്ചാരം അനുവദിക്കില്ല. അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് നിയന്ത്രണം കർശനമാക്കും. സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല.

രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിനും വിവാഹത്തിനും മരണാനന്തര ചടങ്ങിനുമെല്ലാം നിയന്ത്രണം ഉണ്ടാകും. പ്രവാസികൾ എത്തുന്നതിനാൽ ഇനിയും കോവിഡ് കേസുകൾ കേരളത്തിൽ ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് ലോക് ഡൗണിന്റെ നാലാം ഘട്ടം അനിവാര്യമാകുന്നത്. ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങാനേ പാടില്ല. പുറത്തിറങ്ങുന്നത് പൊലീസ് നിരീക്ഷിക്കും. പ്രവാസികളുടെ ക്വാറന്റീൻ കാര്യത്തിൽ സംസ്ഥാന നിലപാടിന് മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം കേരളവും പാലിക്കും. എന്നാൽ നാലാം ഘട്ട ലോക് ഡൗണിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനങ്ങളെടുക്കാൻ കൂടുതൽ അധികാരം നൽകും. കോവിഡിൽ ഇനി വികേന്ദ്രീകൃത ലോക് ഡൗൺ തീരുമാനങ്ങൾ വേണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

മുംബൈ, പൂണെ, ഔറംഗാബാദ്, സോളാപ്പുർ തുടങ്ങി ഹോട്ട്‌സ്‌പോട്ടുകളിലെ ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടി മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ നടപ്പാക്കും. ഈ മാതൃക എല്ലാം സ്ഥാനങ്ങൾക്കും നാലാം ഘട്ടത്തിൽ സ്വീകരിക്കാനാകും. മെയ്‌ 17ന് ലോക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കുന്ന പശ്ചാത്തലത്തിൽ നാലാം ഘട്ടം ലോക് ഡൗണിന്റെ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നു. ഇതിൽ നിരവധി ഇളവുകളുണ്ടാവും. എന്നാൽ, ഹോട്ട്‌സ്‌പോട്ടുകളിൽ ഇതു ബാധകമാവില്ല. ഹോട് സ്‌പോട്ടുകളിലെ കണ്ടൈന്മെന്റ് സോണുകളിൽ അതികർശനമാകും നിയന്ത്രണങ്ങൾ.

കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. ലോക്ഡൗണിൽ ഇളവുകൾ വരുമ്പോൾ വൈറസ് വ്യാപനം ഇനിയും വർധിക്കും നിലവിൽത്തന്നെ സമൂഹവ്യാപനം പലയിടത്തും ഉണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ടെന്നും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ.ശ്രീനാഥ് റെഡ്ഡിയെ പോലുള്ളവർ പറയുന്നു. മുംബൈയിലും ചെന്നൈയിലും അഹമ്മദാബാദിലും എല്ലാം സമൂഹ വ്യാപനത്തിന്റെ സൂചനകൾ ദൃശ്യമാണ്. യുപിയിലും മധ്യപ്രദേശിലും ജാഗ്രത അനിവാര്യതയാണ്. കോവിഡിൽ ഒരു ലക്ഷത്തിൽ അധികം പേർ ഇന്ത്യയിൽ രോഗികളാകുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

യാത്രാ, സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. വിദേശത്തുനിന്നു വന്നവർ, രോഗികളുടെ സമ്പർക്കം തുടങ്ങിയവയിൽ മാത്രം പരിശോധിച്ചു നിൽക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. നമ്മൾ ഈ വാക്ക് ഒഴിവാക്കിയാണ് ഇപ്പോൾ സംസാരിക്കുന്നതെന്നും എയിംസ് കാർഡിയോളജി വിഭാഗം മുൻ മേധാവിയും ഹർവാർഡ് സർവകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി കൂട്ടിച്ചേർത്തു. ഇത്തരം പ്രതികരണങ്ങളെ കേന്ദ്രം പ്രധാന്യത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ് ലോക് ഡൗണിന്റെ നാലാം ഘട്ടം അനിവാര്യമാകുന്നത്. സോണുകൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വികേന്ദ്രീകരണ തീരുമാനങ്ങളുടെ അനിവാര്യത കേന്ദ്രം തിരിച്ചറിയുന്നത്.

കോവിഡ് വലിയതോതിൽ ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ഇന്ത്യയും കരുതിയിരിക്കണം. മുൻകരുതൽ നടപടികളെടുക്കണം. കോവിഡ് ഇത്തരത്തിൽ ബാധിച്ച മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോൾ, ഇന്ത്യ, മലേഷ്യ പോലുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് മരണനിരക്കുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ താരതമ്യേന കുറവാണ്. ചെറുപ്പക്കാരുടെ എണ്ണം, ഗ്രാമത്തിൽ കൂടുതൽ ജനസംഖ്യ, താപനിലയും കാലാവസ്ഥാ സാഹചര്യങ്ങളും, എത്രയും നേരത്തേ പ്രഖ്യാപിച്ച ലോക്ഡൗൺ നടപടിക്രമങ്ങൾ തുടങ്ങിയവയാകാം ഇന്ത്യയിലെ മരണനിരക്കിനെ പിടിച്ചുനിർത്തുന്നതെന്നാണ് വിലയിരുത്തൽ.

ലോക്ഡൗണിൽ ഇളവുകൾ വരുമ്പോൾ ജനം കൂടുതലായി പുറത്തിറങ്ങും ഇതു വൈറസ് വ്യാപനം വർധിപ്പിക്കും.അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, കൈകഴുകൽ തുടങ്ങിയ മുൻകരുതലുകൾ നിർബന്ധമായും തുടർന്നേ പറ്റുകയുള്ളൂ. തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങൾ സങ്കീർണമാവുകയാണ്. വൈറസ് കുറേനാൾക്കൂടി ഇവിടെയുണ്ടാകുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളും തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ലോക് ഡൗൺ നാലാം ഘട്ടം പ്രഖ്യാപിക്കാനൊരുങ്ങുന്നതും.

ഞയറാഴ്ച ലോക്ഡൗൺ തുടരും

നാലാം ഘട്ടത്തിലും കേരളത്തിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ തുടരും. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമ്പർക്കം വഴി രോഗബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനായി ശാരീരിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കുന്നതിനായി മോട്ടോൾ സൈക്കിൾ ബ്രിഗേഡിനെ നിയമിക്കും.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 65 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ തിരുവനന്തപുരത്ത് 53 കേസുകളും കാസർകോട് 11 കേസുകളും കോഴിക്കോട് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. അതിർത്തികളിലെയും ചെക്‌പോസ്റ്റുകളിലെ പരിശോധന കർശനമാക്കുന്നതിന് അധികമായി പൊലീസുകാരെ നിയമിച്ചു.

സംസ്ഥാനത്ത് നാലു അന്തരാഷ്ട്ര വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 14 വിമാനങ്ങൾ എത്തി. കൊച്ചി തുറമുഖത്ത് മൂന്നു കപ്പലുകളും എത്തി. ഇവയിൽ എല്ലമായി 3732 പേരാണ് വിദേശത്തുനിന്നും എത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP