Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലപ്പുറത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37 പേർക്ക്; കോവിഡ് ബാധിതരായ പ്രവാസികൾ ഭൂരിഭാഗവും മലപ്പുറത്തുകാർ; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നുവന്ന മൂന്നുപേർക്കും ദുബായിൽ നിന്നെത്തിയ ഒരു പ്രവാസിക്കും; ഡൽഹിയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ മലപ്പുറത്ത് തിരിച്ചെത്തിയത് 35 പേർ; ഒരുതവണ മുക്തമായശേഷം മലപ്പുറത്ത് വീണ്ടും മഹാമാരി പിടിമുറുക്കുമ്പോൾ

മലപ്പുറത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37 പേർക്ക്; കോവിഡ് ബാധിതരായ പ്രവാസികൾ ഭൂരിഭാഗവും മലപ്പുറത്തുകാർ; ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നുവന്ന മൂന്നുപേർക്കും ദുബായിൽ നിന്നെത്തിയ ഒരു പ്രവാസിക്കും; ഡൽഹിയിൽ നിന്ന്  പ്രത്യേക തീവണ്ടിയിൽ മലപ്പുറത്ത് തിരിച്ചെത്തിയത് 35 പേർ; ഒരുതവണ മുക്തമായശേഷം മലപ്പുറത്ത് വീണ്ടും മഹാമാരി പിടിമുറുക്കുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 37പേർക്ക്. കോവിഡ് ബാധിതരായ പ്രവാസികൾ ഭൂരിഭാഗവും മലപ്പുറത്തുകാർ. ഇന്ന് മാത്രം മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത് ചെന്നൈയിൽ നിന്നുവന്ന മൂന്നുപേർക്കും ദുബായിൽ നിന്നെത്തിയ ഒരു പ്രവാസിക്കും. കോവിഡിൽ നിന്നും ഒരുതവണ മുക്തമായശേഷം മലപ്പുറത്തു വീണ്ടും മഹാമാരി പിടിമുറുക്കുകയാണ്. നിലവിൽ 15 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

മലപ്പുറം ജില്ലയിൽ നാലു പേർക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ചെന്നൈയിൽ നിന്ന് എത്തിയവരും ഒരാൾ ദുബായിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ജില്ലയിലെത്തിയ പ്രവാസിയുമാണെന്ന് ജില്ലാ കലക്ടർ ജാഫൽ മലിക് അറിയിച്ചു. ചെന്നൈയിൽ നിന്ന് വ്യത്യസ്ത സംഘങ്ങളായി എത്തിയ താനൂർ പരിയാപുരം സ്വദേശി 22 കാരൻ, താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരൻ, താനൂർ കളരിപ്പടി സ്വദേശി 48 കാരൻ, ദുബായിൽ നിന്നെത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ നാല് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ ചികിത്സയിലാണ്.

ചെന്നൈ വടപളനിയിൽ ചായക്കടയിലെ ജോലിക്കാരനാണ് വൈറസ്ബാധയുള്ള താനൂർ പരിയാപുരം സ്വദേശി. മെയ് 12 ന് വൈകീട്ട് ഏഴ് മണിക്ക് മറ്റ് നാലു പേർക്കൊപ്പം സർക്കാറിന്റെ അനുമതിയോടെ ട്രാവലറിൽ ചെന്നൈയിൽ നിന്ന് യാത്ര ആരംഭിച്ചു. മെയ് 13 ന് രാവിലെ 7.30 ന് വാളയാർ ചെക്പോസ്റ്റിലെത്തി. അവിടെ നിന്ന് അതേ വാഹനത്തിൽ യാത്ര തുടർന്ന് രാവിലെ 11.30 ന് വേങ്ങരയിലെ ഒലിവ് റെസ്റ്റോറന്റിലെത്തി ഭക്ഷണം വാങ്ങി. കൂടെയുണ്ടായിരുന്ന ഒരാളെ കൊടിഞ്ഞിയിലാക്കിയ ശേഷം ഉച്ചയ്ക്ക് 1.30 ന് പരിയാപുരത്തെ സ്വന്തം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. വീട്ടിലെത്തിയ ശേഷം ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് അന്നുതന്നെ രാത്രി ഒമ്പത് മണിക്ക് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. മെയ് 13 ന് രാത്രി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. വീട്ടിൽ ഇയാളുമായി സമ്പർക്കമുണ്ടായ പിതാവ്, മാതാവ്, സഹോദരൻ എന്നിവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

കാഞ്ചീപുരത്ത് ചായക്കട നടത്തുകയാണ് താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി 22 കാരൻ. മെയ് നാലിന് ചെന്നൈയിലെത്തി സർക്കാർ അനുമതിയോടെ മറ്റ് ഒമ്പത് പേർക്കൊപ്പം വാഹനത്തിൽ രാത്രി 10 മണിക്ക് യാത്ര ആരംഭിച്ചു. മെയ് അഞ്ചിന് രാവിലെ ഏഴ് മണിക്ക് വാളയാർ ചെക്ക്പോസ്റ്റിൽ എത്തി. അതിർത്തിയിൽ പരിശോധനകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് 12.30 ന് യാത്ര തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക് താനൂർ ഓലപ്പീടികയിലെ സ്വന്തം വീട്ടിലെത്തി സർക്കാർ നിർദ്ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. മെയ് ഒമ്പതിന് തൊണ്ടവേദന അനുഭവപ്പെട്ടു. രോഗലക്ഷണങ്ങൾ കൂടിയതോടെ മെയ് 12 ന് പ്രത്യേകം ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. അന്ന് തന്നെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

വൈറസ്ബാധ സ്ഥിരീകരിച്ച താനൂർ കളരിപ്പടി സ്വദേശി 48 കാരൻ ചെന്നൈ ട്രിപ്ലിക്കാനിൽ ബേക്കറി ഉത്പന്നങ്ങളുടെ വിതരണക്കാരനാണ്. മെയ് 12 ന് പുലർച്ചെ മൂന്ന് മണിക്ക് ചെന്നൈയിൽ നിന്ന് സർക്കാർ അനുമതിയോടെ മറ്റ് ഒമ്പത് പേർക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് വാളയാർ ചെക്പോസ്റ്റിൽ എത്തി. അതിർത്തിയിലെ പരിശോധനകൾക്കു ശേഷം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ മറ്റൊരു വാഹനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് യാത്ര തിരിച്ച് വൈകുന്നേരം ആറ് മണിക്ക് താനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തി പ്രത്യേക പരിശോധനയ്ക്ക് വിധേയനായി. വൈകുന്നേരം 6.30 ന് താനൂർ നഗരസഭ സജ്ജമാക്കിയ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മെയ് 13 ന് ശരീര വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം ആറ് മണിക്ക് പ്രത്യേകം ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. സാമ്പിൾ പരിശോധനയിൽ ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

പുലാമന്തോൾ കുരുവമ്പലം സ്വദേശി 42 കാരൻ ദുബായിലെ അജ്മാനിൽ ഹോട്ടലിലെ ഡ്രൈവറാണ്. മെയ് ഏഴിന് ദുബായിൽ നിന്ന് ഐ.എക്സ് - 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാത്രി 10.35 ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിൽ മെയ് എട്ടിന് പുലർച്ചെ നാല് മണിക്ക് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മെയ് 11 ന് തൊണ്ടവേദന അനുഭവപ്പെട്ടതോടെ കോവിഡ് കെയർ സെന്ററിൽ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. രോഗലക്ഷണങ്ങൾ കൂടുതൽ പ്രകടമായതോടെ മെയ് 12 ന് വൈകുന്നേരം 4.30 ന് പ്രത്യേകം ഏർപ്പെടുത്തിയ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.

ചെന്നൈയിൽ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും വേണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ഇപ്പോൾ രോഗം സ്ഥിരീകരിച്ച പ്രവാസി തിരിച്ചെത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം സർക്കാർ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇവർ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് ആവശ്യപ്പെട്ടു.

ഗർഭിണികളടക്കമുള്ളവർ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.ഡൽഹിയിൽ നിന്ന് സംസ്ഥാനത്തെത്തിയ പ്രത്യേക തീവണ്ടിയിൽ മലപ്പുറം ജില്ലയിൽ തിരിച്ചെത്തിയത് 35 യാത്രക്കാർ. ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. മലപ്പുറം സ്വദേശികൾ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലാണ് ഇറങ്ങിയത്. ആരോഗ്യ പരിശോധനകൾക്കു ശേഷം 27 പേരെ സ്വന്തം വീടുകളിലേയ്ക്ക് നിരീക്ഷണത്തിനും ആറ് പേരെ സർക്കാർ ഏർപ്പെടുത്തിയ വിവിധ കോവിഡ് കെയർ സെന്ററുകളിലേയ്ക്കും മാറ്റി. രണ്ട് പേർ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന കോവിഡ് കെയർ സെന്ററിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP