Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്കൊരു പൊടി പുരുഷന് താഴെ സ്ത്രീ നിൽക്കുന്നതാണ് ഇഷ്ടം..അതാണ് സേഫെന്ന് സരയു; സെയ്‌ഫെന്ന് മാത്രമല്ല..അതാണ് അതിന്റെ രീതി..ഫെമിനിസ്റ്റാവാൻ പാടില്ലെന്നും ആനി; നല്ല വീട്ടമ്മ കുക്കിങ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളോയെന്ന ചോദ്യവുമായി നവ്യ നായർ ; ആനീസ് കിച്ചനിലെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആനിക്കെതിരെ കേസടുക്കണമെന്ന് ഒരുകൂട്ടർ; താരത്തെ താറടിക്കാനെന്ന് മറുകൂട്ടരും

'എനിക്കൊരു പൊടി പുരുഷന് താഴെ സ്ത്രീ നിൽക്കുന്നതാണ് ഇഷ്ടം..അതാണ് സേഫെന്ന് സരയു; സെയ്‌ഫെന്ന് മാത്രമല്ല..അതാണ് അതിന്റെ രീതി..ഫെമിനിസ്റ്റാവാൻ പാടില്ലെന്നും ആനി; നല്ല വീട്ടമ്മ കുക്കിങ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളോയെന്ന ചോദ്യവുമായി നവ്യ നായർ ; ആനീസ് കിച്ചനിലെ പഴയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആനിക്കെതിരെ കേസടുക്കണമെന്ന് ഒരുകൂട്ടർ; താരത്തെ താറടിക്കാനെന്ന് മറുകൂട്ടരും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പഴയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സൂപ്പർ നായികയാണ് താനെന്ന തലക്കനമൊന്നും ആനിക്കില്ല. ഷാജി കൈലാസുമായുളേള പ്രണയ വിവാഹത്തിന് ശേഷം കംപ്ലീറ്റ് ഫാമിലി ഗേളായി മാറി. ആനിയെന്നോ ചിത്രയെന്നൊ കേൾക്കാനല്ല മറിച്ച് മിസ്സിസ് ഷാജി കൈലാസ് എന്ന് കേൾക്കാനായിരുന്നു ആഗ്രഹിച്ചത്. 1993 നും 1996 നും ഇടയിൽ 16 ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് വിവാഹത്തോടെ സിനിമാ ലോകത്തോട് വിട പറഞ്ഞു. 2015 ൽ അമൃത ടിവിയിൽ ആനീസ് കിച്ചൻ എന്ന കുക്കറി ഷോ തുടങ്ങി. സിനിമയിലെയോ ടിവിയിലോ രാഷ്ട്രീയത്തിലെയോ ഒക്കെയുള്ള സെലിബ്രിറ്റികളുടെ അഭിമുഖം ഷോയുടെ ഭാഗമാണ്. കോട്ടയം ശൈലിയിലുള്ള ആനിയുടെ സംസാരത്തിനും ആരാധകർ ഏറെ. ഇതൊക്കെ സിനിമാ-ടെലിവിഷൻ പ്രേമികൾക്ക് അറിയാവുന്ന കാര്യം തന്നെ. എന്നാൽ, ആനിയുടെ ചില പഴയ കുക്കറി ഷോ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുകയാണ്. നടിമാരായ സരയുവും, നവ്യ നായരും ആനീസ് കിച്ചനിൽ എത്തിയ സമയത്തെ രണ്ടു വീഡിയോകളാണ് വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോകളിലെ ആനിയുടെ ചില പരാമർശങ്ങൾ വിവാദവുമായി.

ഫെമിനിസ്റ്റാവാൻ പാടില്ല. എന്തിനാണ് ഫെമിനിസം? ഇക്വാലിറ്റി വരട്ടെ..അത്രേയുള്ളു. എന്ന് ആനിയും സരയുവും തമ്മിൽ വീട്ടിലെ പാചകവുമായി ബന്ധപ്പെട്ട സംഭാഷണമാണ് സ്ത്രീപക്ഷവാദികളെ ചൊടിപ്പിച്ചത്. അതിങ്ങനെയാണ്.

സരയു:എനിക്കൊരു പൊടി പുരുഷന് താഴെ സ്ത്രീ നിൽക്കുന്നതാണ് എനിക്ക് ഇഷ്ടം..അതാണ് സേഫ്

ആനി: സെയ്‌ഫെന്ന് മാത്രമല്ല..അതാണ് അതിന്റെ രീതി

അതാണ് അതിന്റെ റേഷ്യോ

എനിക്കും അങ്ങനെ തന്നെയായിരുന്നു ഇഷ്ടം

അങ്ങനെ നിൽക്കുന്നിടത്ത് പലപ്പോഴും പ്രശ്‌നങ്ങൾ കുറവാണ്.

സ്ത്രീ എന്തോ വലിയ സംഭവമാണെന്ന് കാണിച്ചുകൂട്ടാൻ വേണ്ടി വിഷമിക്കുന്ന പോലെയാണ്

ഫെമിനിസ്റ്റാവാൻ പാടില്ല

എന്തിനാണ് ഫെമിനിസം? ഇക്വാലിറ്റി വരട്ടെ..അത്രേയുള്ളു.

ഇക്വാലിറ്റി എന്നുപറഞ്ഞാൽ ഞാൻ പറയാം..നമ്മളേക്കാളും എന്തായാലും ഹസ്ബൻഡ് ഒരുവയസെങ്കിലും മൂത്തതായിരിക്കും. അവര് കണ്ട ലോകമല്ലല്ലോ നമ്മൾ കാണുന്നത്. എക്‌സ്പീരിയൻസ്ഡ് പേഴ്‌സൺ എന്നുപറഞ്ഞ് നമ്മൾ അവരെ അനുസരിച്ചുവെന്ന് വച്ച് തെറ്റൊന്നുമില്ല

അതേ

അനുസരിക്കുന്നത് എന്തിനാ എന്ന് ചിന്തിച്ചാൽ തീർന്നു അല്ലേ അവിടെ

അതാ ഞാൻ പറഞ്ഞത്

മിക്കവർക്കും ഇപ്പോൾ എനിക്കുതോന്നുന്നു..ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

അമിതമായി സ്വാതന്ത്ര്യത്തിന് വേണ്ടിയും അമിതമായി എന്തൊക്കെയോ കാര്യങ്ങൾക്ക് വേണ്ടിയും എല്ലാവരും പോകുന്ന പോലെ തോന്നുന്നു.

മറ്റൊരു വീഡിയോ നവ്യ നായർ ആനീസ് കിച്ചണിൽ എത്തിയപ്പോൾ ഉള്ളതാണ്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പാചകം പഠിക്കുകയും അത് ചെയ്യുകയും വേണമെന്ന അഭിപ്രായക്കാരിയാണ് നവ്യ നായർ. കുക്കിങ് ഇഷ്ടമുള്ള ഒരു നല്ല വീട്ടമ്മയാണെങ്കിൽ എന്ന ആനിയുടെ ഡയലോഗിൽ നവ്യ ചെറിയ ഉടക്കിടുന്നു.'അതാണ് എനിക്ക് മനസ്സിലാകാത്തത് നല്ല വീട്ടമ്മ കുക്കിങ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളു'? എന്ന് ചോദിക്കുന്നു. ആനിയെ കുലസ്ത്രീയായും നവ്യയെ പുരോഗമനവാദിയായും നെറ്റിസൺസ് വിധിയെഴുതുന്നു. വീഡിയോയിലെ സംഭാഷണം ഇങ്ങനെ:

ഞാൻ പറയുന്നത് ഒരിക്കലും ഭക്ഷണം കുക്ക് ചെയ്യേണ്ട..സ്ത്രീകള്..അങ്ങനെയല്ല..ഇപ്പോ എന്റെ മോനോടും ഞാൻ പറയും..അവനും പഠിക്കണം കുക്കിങ്. സ്ത്രീക്ക് വേണ്ടി മാത്രം ചെയ്യുന്ന ജോലിയായി വിചാരിക്കരുത്.

നവ്യയുടെ ആ പോയിന്റ് കറകറ്റാണ്. അതാണ് നവ്യ വരുത്താൻ ശ്രമിച്ചേ..ഒരു സ്ത്രീ മാത്രമേ ഒരുവീട്ടിലേ എല്ലാ ജോലിയും ചെയ്യണം എന്നുള്ളത് മാറ്റണം എന്നാണ് നവ്യ പറഞ്ഞത്

അങ്ങനെ മാറ്റാനല്ല..സീ ചേച്ചിക്ക് കുക്കിങ് ഭയങ്കര ഇഷ്ടമാണ്. ലെറ്റ് ഹേർ ഡു ഇറ്റ്. ഒരു പെൺകുട്ടി പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം വേണം. ഉണ്ടാക്കിയേ പറ്റുള്ളുവെങ്കിൽ ഉണ്ടാക്കണം. അങ്ങനെയല്ല ഞാൻ പറഞ്ഞത്. അതിനൊരു ആണും പെണ്ണും എന്നൊന്നും ആവശ്യമില്ലല്ലോ..അതാണ്

ഓക..അവനവന്റെ ടേസ്റ്റിന് അനുസരിച്ച് വിട്ടുകൊടുക്കുക.

പിന്നെ നമ്മുടെ ഒരു സിസ്റ്റം..എന്റെ അമ്മയൊക്കെ കഷ്ടപ്പെടുന്ന ഞാൻ കണ്ടിട്ടുണ്ട്,. ഈ ക്വോറം തികയ്ക്കാൻ വേണ്ടി..അത്..ഇത്..

അതെന്താന്ന് അറിയ്വോ..കുട്ടിക്ക് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് തോന്നുന്ന മനസ്സിന്റെ ഇതാ..എനിക്കും ചില സമയത്ത് അങ്ങന തോന്നാറുണ്ട്.

ഗസ്റ്റ് വരുമ്പോൾ എനിക്കും തോന്നും..കുറെയൊക്കെ ഉണ്ടാക്കണം. പക്ഷേ ഡെയ്‌ലി ഇത് ഉണ്ടാക്കുമ്പോഴേ..

അത് കുക്കിങ് ഇഷ്ടമില്ലാഞ്ഞിട്ടാ..പക്ഷേ കുക്കിങ് ഇഷ്ടമുള്ള ഒരു നല്ല വീട്ടമ്മയാണെങ്കിൽ.

അതാണ് എനിക്ക് മനസ്സിലാകാത്തത് നല്ല വീട്ടമ്മ കുക്കിങ് ഇഷ്ടപ്പെട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളു?

(ആനിക്ക് അൽപം മൗനം...)

അങ്ങനയൊന്നുമില്ലെങ്കിലും...ഇതൊരു പാർട്ട് ഓഫ് ലൈഫായി കാണുന്ന വ്യക്തിയാണ് ഞാൻ.

കുക്കിങ്..ഇറ്റ്‌സ് ജസ്റ്റ് എ മാറ്റർ ഓഫ് ലൈക്ക് ഓർ ഡിസ്ലൈക്ക്

ആനിയുടെ ഷോയിൽ വരുന്ന വനിതാ സെലിബ്രിറ്റികളോടെല്ലാം പാചകം അറിയാമോ എന്ന ചോദ്യം ആദ്യമേ വരും. കാരണം ഇതൊരു കുക്കറി ഷോയാണല്ലോ. തിരുവനന്തപുരത്തെ മുൻ കളക്ടർ വാസുകിയും ഭർത്താവും ഷോയിൽ എത്തിയപ്പോൾ പാചകം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു,അതിൽ ആനി അത്ഭുതം പ്രകടിപ്പിച്ചതിനെയും സ്ത്രീപക്ഷവാദികൾ വിമർശിക്കുന്നു.

എഴുത്തുകാരി യമയുടെ വിമർശന കുറിപ്പ് ഇങ്ങനെ:

അമൃത ചാനലിലെ ആനിയുടെ പാചകഷോയുടെ ഒരു വീഡിയോ കറങ്ങിനടക്കുന്നുണ്ട്. ഈയിടയ്ക്കൊന്നും ഇത്രയ്ക്കും പ്രതിലോമകരമായ ഒരു വീഡിയോ കണ്ടിട്ടില്ല എന്നുവേണം പറയാൻ. ഇത് മിഡിൽ ക്ലാസിന്റെ അടഞ്ഞ തുറസ്സിലിരുന്നു തിന്നു വിസർജ്ജിക്കുന്ന പെണ്ണുങ്ങളെയും മിഡിൽ ക്ലാസിന്റെ പരസ്യവാചകവൃത്തിയിലേക്കു കൂടുമാറാൻ മോളിലേക്കു നോക്കിയിരിക്കുന്ന പെണ്ണുങ്ങളെയും സുഖിപ്പിക്കുമായിരിക്കും. പിന്നെ അവരുടെ ആണുങ്ങളെയും. ഭരണഘടനാപരമായി ഒരു പൗരന് ലഭിക്കേണ്ട തുല്യതയുടെ അവകാശത്തെയാണ് ആനിയെപ്പോലുള്ള ഒരു അന്തക്കേട് ഇരുന്ന് 'അതൊക്കെ ആഗ്രഹിക്കുന്നത് മോശമല്ലേ' എന്ന ചുവയിൽ പറയുന്നത്. അവരുടെ വാദത്തിലെ പ്രശ്‌നം വെറും സ്ത്രീപുരുഷ സമത്വത്തിന്റേതല്ല . വെറുതെ പ്രശ്‌നങ്ങൾ ഒന്നുമുണ്ടാകാതെ അധികാര കേന്ദ്രങ്ങൾക്കു വിധേയപ്പെടേണ്ടതിന്റെ ഒരു സൂചന കൂടിയാണ് അവരുടെ വാക്കുകളിലുള്ളത്. ഇന്നാട്ടിൽ റോഡിൽക്കിടന്നു അടികൊള്ളുന്ന വിദ്യാർത്ഥികളും ദളിതരും മുസ്ലീങ്ങളുമൊക്കെ സമത്വത്തിന്റെ അതിമോഹം വച്ചുപുലർത്തുന്നവരുടെ കൂട്ടത്തിൽപ്പെടും.

വെള്ളരിക്കാപ്പട്ടണമല്ല ഈ നാടെങ്കിൽ ആ സ്ത്രീയ്ക്കെതിരെയും ആ ചാനലിനെതിരെയും കേസെടുക്കേണ്ടതാണ്. ആനിയുടെ അജ്ഞത നിറഞ്ഞ ധാർഷ്ട്യവും വിവരക്കേടും തമാശയായി കാണാൻ എനിക്ക് കഴിയുന്നില്ല എന്നത് എന്റെ പരിമിതിയാവാം. അവർ അവരുടെ വീട്ടിലിരുന്നു പറയുന്നതിന് എനിക്കൊരെതിർപ്പും ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ.മരിച്ചുപോയതും ജീവിച്ചിരിക്കുന്നതുമായ ഒട്ടനവധി മനുഷ്യർ സഹിച്ച ത്യാഗങ്ങളുടെ നേട്ടമാണ് നമ്മുടെ പൊതുവിടങ്ങൾ. അതങ്ങനെ കുട്ടിച്ചോറാക്കാൻ ആർക്കും വിട്ടുകൊടുക്കരുത്.

വീണ  ജെ.എസിന്റെ കുറിപ്പിൽ നിന്ന് പ്രസക്തമായ ഭാഗം

ഇന്ന് വൈകിട്ട് മൂന്ന് എപ്പിസോഡ് കണ്ടു. രണ്ടെണ്ണം ടോവിനോ ?? ((ടോവിനോടെ first എപ്പിസോഡ് കണ്ടപ്പോ i was thinking. Annie should be hero again. She is that beautiful as she was years back in films. 1993-1996 വരെ വെറും മൂന്ന് വർഷങ്ങൾ കൊണ്ട് പതിനാറുചിത്രങ്ങളിൽ അഭിനയിച്ച ആനി വിവാഹത്തിന് ശേഷമാണ് അഭിനയിക്കാതെ ആയത്. Her choice but I am sad.))

ടോവിനോ കുക്കിങ് അറിയാമെന്നു പറഞ്ഞിട്ടും അതിന്റെ ഡീറ്റെയിൽസ് ഒന്നും ടോവിനോനോട് ചോദിച്ചില്ല. മറിച്ചു ഭാര്യ ലിഡിയ കുക്കിങ് അത്ര ചെയ്യാറില്ല എന്ന് പറഞ്ഞപ്പോൾ അത്ര പിടിച്ചില്ല ആനിക്ക്.

 അതേസമയം, ആനിയെ താറടിക്കാൻ മനഃപൂർവമുള്ള ശ്രമമാണ് ഇതെന്ന് എഴുത്തുകാരിയായ അഞ്ജു പാർവതി പ്രഭീഷ് ഫേസ്‌ബുക്കിൽ കുറിച്ചു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു അടുക്കളവിപ്ലവം നടക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഈ അടുക്കളവിപ്ലവത്തിലെ മുന്നണിപ്പോരാളികളിൽ മുക്കാൽപങ്കും ഒരേ തരം തത്വസംഹിതയിൽ അടിയുറച്ചുവിശ്വസിച്ചുപ്പോരുന്നവരും തങ്ങളുടെ ആദർശങ്ങൾ സമൂഹത്തിൽ വിതച്ച് ഇവിടെ സമൂലമായ മാറ്റം കൊണ്ടുവരാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരുമാണ്.അടുക്കളവിപ്ലവത്തിനു നാന്ദികുറിച്ചിരിക്കുന്നത് ആനിയെന്ന വീട്ടമ്മയെ ഫെമിനസത്തിന്റെ ബാലപാഠങ്ങളിൽ തുടങ്ങി മാനറിസങ്ങളുടെയും ആതിഥൃമര്യാദയുടെയും ചട്ടം പഠിപ്പിച്ച് മൊത്തത്തിലങ്ങോട്ട് ഉടച്ചുവാർത്ത് ഇന്നിന്റെ പുരോഗമനവാദത്തിന്റെയും നവോത്ഥാനത്തിന്റെയും നേർരൂപമായി മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയവുമായാണ്.

ആനിയെന്ന കലാകാരിയെ മലയാളികൾ അറിയുന്നത് ആനീസ് കിച്ചൺ എന്ന അമ്യതാചാനലിലെ പാചകപരിപാടിയുടെ അവതാരകയെന്ന നിലയിൽ മാത്രമാണോ? അല്ല തൊണ്ണൂറുകളിലെ ഒരു പിടി മികച്ച ചിത്രങ്ങളുടെ നായികയായും അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്തിയ നല്ലൊരു അഭിനേത്രിയുമായിട്ടാണ്. പിന്നീട് ഷാജി കൈലാസെന്ന ഇടിവെട്ട് സംവിധായകന്റെ ജീവിതത്തിലേയ്ക്ക് ഒരു റൊമാന്റിക് സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ത്രില്ലുമായി കടന്നുചെന്ന കൗമാരക്കാരിയായ ആനി ജോബിയെന്ന നായികയായിട്ടാണ്. വർഷങ്ങളോളം മുടങ്ങാതെ വന്നിരുന്ന വനിതയുടെയും ഗൃഹലക്ഷ്മിയുടെയും മറ്റും സെലിബ്രിറ്റികളുടെ ഓണക്കാല-ക്രിസ്തുമസ് വിശേഷങ്ങളിലെ കുടുംബസഹിതമുള്ള ചിത്രവിശേഷങ്ങളിലൂടെയും ചാനലുകളിലെ താരവിശേഷങ്ങളിലൂടെയും ചിത്രാഷാജിയെന്ന മൂന്നു ആൺകുട്ടികളുടെ അമ്മയായിട്ടാണ്. അതും കഴിഞ്ഞ് വർഷങ്ങൾക്കുശേഷം തന്റെ മക്കളൊക്കെ ഒന്ന് വലുതായശേഷം 2015മുതൽ അമ്യതാ ടിവിയിലെ ആനീസ് കിച്ചൺ എന്ന പാചകപരിപാടിയുടെ അവതാരകയായിട്ടാണ്.

എന്നു മുതലാണ് ആനിയുടെ സ്വഭാവരീതിയെ വിമർശനാത്മകമായി സോഷ്യൽ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതിൽ തുടങ്ങി എന്തുകൊണ്ട് ആനിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്. 2015 മുതൽ സമൂഹത്തിന്റെ നാനാതുറയിലെ സെലിബ്രിട്ടികളെ അതിഥികളായി വിളിച്ചുവരുത്തി അവർക്ക് താൻ പാചകം ചെയ്ത ഭക്ഷണമൂട്ടി നല്ലൊരു ആതിഥേയയുടെ എല്ലാവിധ പെരുമാറ്റരീതികളോടും കൂടി ആനി അവതരിപ്പിച്ചു വന്നിരുന്ന പരിപാടിക്ക് 2019 അവസാനം തുടങ്ങി ഈയടുത്ത കാലത്താണ് ഏറ്റവും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത് എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ വസ്തുത. ആനിയുടെ അതിഥികളായി വന്നവർക്കാർക്കും ആനിയുടെ പെരുമാറ്റരീതിയിൽ പാട്രിയാർക്കിയുടെ കടന്നുക്കയറ്റം ഫീൽ ചെയ്തതായും അവരുടെ അന്തസിനെ ഹനിച്ചതായും പരാതിയില്ല താനും. പിന്നെ ആർക്കാണ് ആനിയെ പാട്രിയാർക്കൽ വ്യവസ്ഥിതിയുടെ വക്താവായി ചിത്രീകരിക്കാൻ ഇത്രമേൽ തിടുക്കമെന്നു നോക്കിയാൽ അതിന്റെ ഉത്തരം ചില സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റുകളിലെത്തി നില്ക്കും.അവർക്കു മാത്രമാണ് ആനിയും ആനിയെപ്പോലുള്ള വീട്ടമ്മമാരും ഇന്നത്തെ സമൂഹത്തിനു ചേരാത്തവരായി തോന്നുന്നത്.

ഈയടുത്തകാലത്തായി കണ്ടു വരുന്നൊരു പ്രവണതയുണ്ട്. ബോഡി ആർട്ട് എന്ന പേരിൽ തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലർത്തും ബ്ലോഗുന്നതും തന്നിഷ്ടം പോലെ പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും നടുറോഡിൽ പരസ്യമായി ഉമ്മ വെയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതും സ്വയംഭോഗം ചെയ്യുന്നത് പോസ്റ്റിട്ട് സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യം മാറ്റുന്നതുമൊക്കെയാണ് പുരോഗമനവാദത്തിലൂന്നിയ സ്ത്രീവാദമെന്ന് പൊതുസമൂഹത്തിനു ധാരണയൂട്ടി ഉറപ്പിക്കൽ. ഇതിനു പിന്തുണയ്ക്കുന്നവർ യഥാർത്ഥ സ്ത്രീപക്ഷവാദികളും അല്ലാത്തവരൊക്കെ കുലസ്ത്രീയെന്ന വട്ടപ്പേരിനുള്ളിലാക്കിയ സംസ്‌കാരശൂന്യരെന്നും ധ്വനിപ്പിക്കുന്ന തരത്തിലൊരു ചിത്രീകരണം സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നുണ്ട്. ഒരുവൾ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന വട്ടപേരാണ് കുലസ്ത്രീ. നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും മാത്രം അവരെ പുരോഗമനവാദികൾ രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു.

ആനി ചെയ്ത മാരകകുറ്റങ്ങൾ വിവാഹശേഷം ഷാജി കൈലാസെന്ന പുരുഷമേധാവിയോട് മാട്രിയാർക്കൽ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല. പാട്രിലീനിയൽ വ്യവസ്ഥിതിക്ക് പിന്തുണ നല്കി മൂന്ന് ആൺപിള്ളാരെ പെറ്റു. അതുമാത്രമോ തുല്യനീതി വേണമെന്ന് പ്രസംഗിക്കാൻ നില്ക്കാതെ വീടും കുടുംബവും നോക്കി. ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പാചകപരിപാടി ചെയ്തു.
ഈ കുലസ്ത്രീകൾ എന്നു കളിയാക്കി വിളിക്കുന്ന ആനിയുടെ ജനുസിൽപ്പെട്ട സ്ത്രീകൾ ഇവിടെ സമൂഹത്തിൽ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കി,കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു. അവർ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവർ ജീവിച്ചുപ്പോരുന്ന സോഷ്യൽകണ്ടീഷനിൽ അവർ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനു നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ അവർക്ക് കിട്ടുന്നതിലുമാണ്.
ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും പുരുഷൻ സ്ത്രീയേക്കാൾ താഴെയാണേന്നോ അല്ലെങ്കിൽ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം.

കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം.ആ പെണ്ണത്തം ആനിയിൽ കാണുമ്പോൾ പിതൃമേധാവിത്തത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നു തോന്നുന്നത് നിങ്ങളിലെ മണ്ടത്തരം.. യഥാർത്ഥ സ്ത്രീശാക്തീകരണമെന്തെന്ന് ജീവിതത്തിൽ കാണിച്ചുജയിച്ചവളാണ് ആനി. എട്ടാം ക്ലാസ്സിൽ വച്ച് അമ്മയെ നഷ്ടപ്പെട്ടുവെങ്കിലും പതറാതെ കലാമേഖലയിലെത്തി വെന്നിക്കൊടിപാറിച്ച്,പിന്നീട് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് നല്ലൊരു വീട്ടമ്മയായി കുടുംബം നോക്കിയവൾ. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി, ഒപ്പം ഷാജി കൈലാസെന്ന ഭർത്താവിന്റെ അകാലത്തിൽ മരിച്ച സഹോദരിയുടെ മകളെയും ഒപ്പം കൂട്ടി വളർത്തി അമ്മയായവൾ. മക്കൾ വളർന്നശേഷം സ്വന്തം പാചകനൈപുണ്യം തിരുവനന്തപുരത്തുകാർക്ക് കൂടി പങ്കുവയ്ക്കാൻ ഒരു ഭക്ഷണശാല ഒറ്റയ്ക്ക് നോക്കി നടത്തുന്നവൾ. ഒപ്പം കലയും പാചകവും സമന്വയിപ്പിച്ച് ഒരു ഷോയുടെ ഭാഗമായി സ്വയം സമ്പാദിക്കുന്നവൾ! ഇതൊക്കെയാണ് ആക്ടിവിസ്റ്റുകളുടെ കണ്ണിലെ കരടായ ആനി!കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധം ഭരിക്കുന്ന ആക്ടിവിസ്റ്റുകൾ അറിയുന്നില്ല മാടമ്പള്ളിയിലെ ആ മനോരോഗി അവർക്കുള്ളിലാണെന്ന യാഥാർത്ഥൃം!

ആനിയ്‌ക്കൊപ്പം! യഥാർത്ഥ സ്ത്രീയ്ക്കും വീട്ടമ്മയ്ക്കുമൊപ്പം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP