Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസിൽ നിന്ന് ഷാർപ് ഷൂട്ടർമാരെ കടം വാങ്ങി വനംവകുപ്പ് നടത്തുന്നത് വെറും നാടകം; നരഭോജി കടുവയെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ഉത്തരവില്ല; കാത്തിരിക്കുന്നത് മറ്റൊരു മരണത്തിനായി: വടശേരിക്കരയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

പൊലീസിൽ നിന്ന് ഷാർപ് ഷൂട്ടർമാരെ കടം വാങ്ങി വനംവകുപ്പ് നടത്തുന്നത് വെറും നാടകം; നരഭോജി കടുവയെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ഉത്തരവില്ല; കാത്തിരിക്കുന്നത് മറ്റൊരു മരണത്തിനായി: വടശേരിക്കരയിൽ വീണ്ടും കടുവയുടെ സാന്നിധ്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തണ്ണിത്തോട്ടിലും മണിയാറിലും വടശേരിക്കരയിലുമായി കറങ്ങി നടക്കുന്ന നരഭോജി കടുവയെ ഇപ്പം പിടിക്കുമെന്ന് പറഞ്ഞ് വനംവകുപ്പ് കാടിളക്കുന്നത് വെറുതേ. കടുവയെ വെടിവച്ചു കൊല്ലാനോ മയക്കുവെടി വയ്ക്കാനോ ഇതു വരെ ഉത്തരവ് വന്നിട്ടില്ല. ആ നിലയ്ക്ക് വനംവകുപ്പ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് വെറും നാടകം മാത്രമാണ്. കടുവയെ ഇപ്പോൾ വെടിവയ്ക്കേണ്ട കാര്യമില്ലെന്നും അത്തരമൊരു സാഹചര്യം വന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വാങ്ങാമെന്നുമാണ് വനംവകുപ്പ് കരുതുന്നത്. പൊലീസിൽ നിന്ന് കടം വാങ്ങിയ നാല് ഷാർപ്പ് ഷൂട്ടർമാർ രണ്ടു ദിവസമായി വനപാലക സംഘത്തോടൊപ്പം അലഞ്ഞു മടുക്കുകയാണ്.

തങ്ങളെ എന്തിനാണ് കൊണ്ടു വന്നിരിക്കുന്നത് എന്ന് അവർക്കും അറിയില്ല. വനംവകുപ്പിൽ നിന്ന് കൃത്യമായ നിർദ്ദേശമൊന്നും കിട്ടിയിട്ടുമില്ല. ശല്യക്കാരായ മൃഗങ്ങളെ വെടിവച്ചു കൊല്ലണമെങ്കിലും മയക്കുവെടി വച്ച് പിടിക്കണമെങ്കിലും വനംവകുപ്പിന് കൃത്യമായ ഉത്തരവും നിർദ്ദേശവും വേണം. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഡിഎഫ്ഓയ്ക്ക് നൽകേണ്ടത്. അത്തരമൊരു ഉത്തരവ് ഇതുവരെ കോന്നി, റാന്നി ഡിഎഫ്ഓമാർക്ക് ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കടുവയെ കണ്ടെത്താനുള്ള പട്രോളിങ് മാത്രമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കടുവ ജനജീവിതം ദുസഹമാക്കുന്നതു വരെ കാത്തിരിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. അതായത് കൂടുതൽ അത്യാഹിതങ്ങൾ സംഭവിക്കേണ്ടി വരും.

എന്നാൽ, സ്വജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടുവയെ കൊല്ലാമെന്നൊരു വകുപ്പുള്ളതായി പറയുന്നു. അത് ആസൂത്രിതമായി കടുവയെ വെടിവയ്ക്കാൻ നടക്കുന്നവർക്ക് ബാധകമാകില്ലെന്നും അറിയാം. വനംവകുപ്പിനെ സഹായിക്കുക മാത്രമാണ് പൊലീസിലെ ഷാർപ്പ് ഷൂട്ടർമാരുടെ ജോലി. ആ വകുപ്പിൽ നിന്ന് ഉത്തരവ് വന്നെങ്കിൽ മാത്രമേ അവർക്കും തോക്ക് പുറത്തെടുക്കാൻ കഴിയൂ. നിലവിൽ നടക്കുന്നത് വെറുമൊരു പ്രഹസനം മാത്രമാണ്. ജനങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുള്ള തന്ത്രമാണ് വനംവകുപ്പ് പയറ്റുന്നതും. ശല്യക്കാരനായ കടുവയെ ഉൾവനത്തിൽ കയറ്റി വിടാനുള്ള നീക്കമാണ് വനംവകുപ്പ് യഥാർഥത്തിൽ നടത്തുന്നത്.

കഴിഞ്ഞ ഏഴിനാണ് പ്ലാന്റേഷൻ കോർപ്പറേഷന്റെ തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റിൽ വച്ച് നരഭോജിക്കടുവ ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ടാപ്പിങ് തൊഴിലാളി വിനീഷ് മാത്യുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവ മറ്റു സ്ഥലങ്ങളിലേക്ക് പോയി. മണിയാർ പൊലീസ് ക്യാമ്പിന് സമീപം ഒരു വീട്ടിലെ പശുവിനെ കൊന്നു. മറ്റൊരിടത്ത് പശുവിനെ ആക്രമിച്ചു. പിറ്റേന്ന് വടശേരിക്കര ചമ്പോണിൽ ടാപ്പിങിന് പോയ വയോധികനെ ഓടിച്ചു. പേഴുംപാറയിൽ ഒരു വീട്ടമ്മയും കടുവയെ കണ്ടു. ഇവർ ഭയന്ന് കുടുംബവുമായി താമസവും മാറ്റി. ഇത്രയൊക്കെ ആയപ്പോഴാണ് കടുവയെ പിടികൂടാൻ കൂടും കെണിയുമൊക്കെയായി വനംവകുപ്പ് പാഞ്ഞെത്തിയത്. രാജു ഏബ്രഹാം, കെയു ജനീഷ്‌കുമാർ എന്നീ എംഎൽഎമാർ സമ്മർദം ചെലുത്തിയതിന്റെ ഫലമായിട്ടാണ് വനംവകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് നാടകം നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP