Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധികാരത്തിൽ ഹുങ്കിൽ എന്തും ചെയ്യാമെന്ന ദേവികുളം എംഎൽഎയുടെ അഹങ്കാരത്തിന് തിരിച്ചടി; ലോക്ക് ഡൗൺ കാലത്ത് പാരിസ്ഥിതിക ദുർബ്ബല മേഖലയിലെ അനധികൃത വീടു നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി റവന്യൂ വകുപ്പ്; വീട് നിർമ്മാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു; മഴയത്തുള്ള ചോർച്ച അടയ്ക്കാനുള്ള ഷീറ്റിടലെന്ന എംഎൽഎയുടെ വിശദീകരണം തള്ളി

അധികാരത്തിൽ ഹുങ്കിൽ എന്തും ചെയ്യാമെന്ന ദേവികുളം എംഎൽഎയുടെ അഹങ്കാരത്തിന് തിരിച്ചടി; ലോക്ക് ഡൗൺ കാലത്ത് പാരിസ്ഥിതിക ദുർബ്ബല മേഖലയിലെ അനധികൃത വീടു നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി റവന്യൂ വകുപ്പ്; വീട് നിർമ്മാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു; മഴയത്തുള്ള ചോർച്ച അടയ്ക്കാനുള്ള ഷീറ്റിടലെന്ന എംഎൽഎയുടെ വിശദീകരണം തള്ളി

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്ന ദേവികുളം സബ് കലക്ടർ എസ് രാജേന്ദ്രന്റെ അഹങ്കാരത്തിന്റെ പത്തിക്കടച്ച് ദേവികുളം സബ് കലക്ടർ. എംഎൽഎ എസ് രാജേന്ദ്രന്റെ മൂന്നാറിലെ അനധികൃത വീട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകി. റവന്യൂ വകുപ്പാണ് സ്റ്റോപ്പ് മെമോ നൽകിയത്. വീട് നിർമ്മാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു. എംഎൽഎയുടെ മൂന്നാറിലെ അനധികൃത വീട് നിർമ്മാണത്തെ കുറിച്ചുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി

അനുമതിയില്ലാതെ എസ് രാജേന്ദ്രൻ എഎൽഎ വീടിന്റെ രണ്ടാംനില നിർമ്മിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. മൂന്നാർ ടൗണിന്റെ ഹൃദയഭാഗമായ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ വീട്. മൂന്നാറിൽ എന്ത് നിർമ്മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിർബന്ധമാണ് എന്ന ചട്ടം നിലനിൽക്കെയാണ് എംഎൽഎയുടെ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു.

ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമ്മിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.

നിർമ്മാണ പ്രവർത്തനത്തിന് പഞ്ചായത്തിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് എം എൽ എ അറിയിച്ചിട്ടുള്ളതെന്നും ഇത് സംമ്പന്ധിച്ച് രേഖകളുമായി തഹസീൽദാരെ കാണാൻ താൻ എം എൽ എ യോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സബ്ബ്കളക്ടർ പ്രേം കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ നിർമ്മാണ പ്രവർത്തനത്തിനും റവന്യൂവകുപ്പിന്റെയും പഞ്ചായത്തിന്റെയും എൻ ഒ സി വേണമെന്നതാണ് മൂന്നാറിൽ നിലവിലുള്ള ചട്ടം. മൂന്നാർ വില്ലേജ് ഓഫീസ് പരിധിയിൽപ്പെടുന്ന ഇക്കാനഗറിലാണ് എം എൽ എ യുടെ വീട് സ്ഥിതിചെയ്യുന്നത്. ഇവിടെ അടുത്തിടെ സ്ഥലം മാറിയെത്തിയ വില്ലേജ് ഓഫീസറാണ് ചാർജ്ജിലുള്ളത്. താൻ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലന്നാണ് വില്ലേജ് ഓഫീസർ സബ്ബ്കളക്ടറെ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് രേഖകൾ ഹാജരാക്കാനുള്ള നിർദ്ദേശം.

മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന വില്ലേജ് ഓഫീസർ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയിരുന്നോ എന്നതാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നതെന്ന് സബ്ബ്കളക്ടർ സൂചിപ്പിച്ചു. ഇത്തരത്തിൽ മുൻ വില്ലേജ് ഓഫീസർ അനുമതി നൽകിയെങ്കിൽ അത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മേലധികാരികൾക്ക് റദ്ദുചെയ്യാവുന്നതാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ എം എൽ എ ഇപ്പോൾ നടത്തിയിട്ടുള്ളത് അനധികൃത നിർമ്മാണ പ്രവർത്തനത്തിന്റെ ഗണത്തിൽപ്പെടുമെന്നും റവന്യൂവകുപ്പിന് നിയമനടപടികൾ സ്വീകരിക്കരിയിക്കേണ്ടി വരുമെന്നുമാണ് വിലയിരുത്തൽ. രേഖകൾ വ്യക്തമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് ഇക്കാര്യത്തിൽ ഉന്നതങ്ങളിൽ നിന്നും ബന്ധപ്പെട്ട അധികൃതർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയിലും മൗനാനുവാദത്തോടെയുമാണ് എൽ എൽ എ നിർമ്മാണ പ്രവർത്തനം നടത്തിയതെന്നാണ് മേഖലയിലെ കോൺഗ്രസ്സ് നേതൃത്വം ആരോപിക്കുന്നത്. ഇത്തരത്തിൽ ചെറിയ നിർമ്മാണപ്രവർത്തനം നടത്തിയവർക്കെതിരെ പോലും റവന്യൂവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഈ സ്ഥിതി നിലവിലുള്ളപ്പോഴാണ് പ്രധാന പാതയ്ക്കുസമീപം ആർക്കും കാണാവുന്നതരത്തിലുള്ള വീട്ടിൽ എം എൽ എ അധികൃത നിർമ്മാണം നടത്തിയതെന്നും കോൺഗ്രസ്സ് മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് ഡി കുമാർ ആരോപിച്ചു. ഇക്കാര്യത്തിൽ അധികൃതർ ആവശ്യമായ നിയമനടപടി സ്വീകരിച്ചില്ലങ്കിൽ പാർട്ടി ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും കുമാർ മുന്നറിയിപ്പ് നൽകി.

അതിനിടെ നിലവിൽ വീടിന്റെ ചോർച്ചയടയ്ക്കുന്നതിനായി ഷീറ്റ് സ്ഥാപിക്കുന്ന ജോലിയാണ് നടത്തുന്നതെന്നും ഇത് അനധികൃത നിർമ്മാണമല്ലെന്നുമാണ് എം എൽ എ എസ് രാജേന്ദ്രന്റെ പ്രതികരണം.കെട്ടിടത്തിന്റെ ചുറ്റളവിൽ ഒതുങ്ങുന്ന അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ധാരണയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴക്കാലമെത്തുന്നതിന് മുമ്പെ വീടിന്റെ ചോർച്ച അടയ്ക്കുന്നതിനാണ് ഇപ്പോൾ നിർമ്മാണപ്രവർത്തനം നടത്തുന്നത്-എംഎൽഎ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP