Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡിൽ ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ കാത്ത് സെമിയും ഫൈനലുമുണ്ട്; പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു; മോദി അത് സമ്മതിക്കാത്തതു കൊണ്ട് കേരളം രക്ഷപെട്ടു; ഇപ്പോൾ മുന്നിലുള്ളത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ; കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനം ആയതിനാൽ നല്ല ഇമേജ് ലഭിച്ചു; ലോകമേധാവിത്തത്തിലേക്ക് നടന്നു കയറാൻ ഇന്ത്യയ്ക്ക് അവസരം ആയേക്കാം; മറുനാടനോട് മനസ് തുറന്നു ടി.പി.ശ്രീനിവാസൻ

കോവിഡിൽ ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ കാത്ത് സെമിയും ഫൈനലുമുണ്ട്; പ്രവാസികളെ തിരികെ എത്തിക്കണം എന്ന ആവശ്യം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു; മോദി അത് സമ്മതിക്കാത്തതു കൊണ്ട് കേരളം രക്ഷപെട്ടു; ഇപ്പോൾ മുന്നിലുള്ളത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന അവസ്ഥ; കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനം ആയതിനാൽ നല്ല ഇമേജ് ലഭിച്ചു; ലോകമേധാവിത്തത്തിലേക്ക് നടന്നു കയറാൻ ഇന്ത്യയ്ക്ക് അവസരം ആയേക്കാം; മറുനാടനോട് മനസ് തുറന്നു ടി.പി.ശ്രീനിവാസൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സമീപനം ശരിയായില്ലെന്നാണ് കേരളം നിരന്തരം ആരോപിച്ചത്. പ്രത്യേക വിമാനങ്ങളും കപ്പലുകളും അയച്ച് വിദേശ ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണ്. വിദേശ രാജ്യങ്ങളിൽ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ പ്രശ്‌നം കേരള ഹൈക്കോടതിയിൽ എത്തിയപ്പോൾ ശക്തമായ സമീപനവുമായി കേന്ദ്രം രംഗത്തെത്തി. ലോകമാകെ കൊറോണ പടരുമ്പോൾ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികൾ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാൻ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. ഈ നിലപാടിനെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നിരന്തരം എതിർത്തിരുന്നു. എന്നാൽ ഈ നിലപാടിന് നേർ വിപരീതമായ സമീപനം സ്വീകരിക്കുകയാണ് പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ.

കൊറോണ വ്യാപനം തടയുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നയമാണ് കേരളത്തെ രക്ഷിച്ചതെന്നും ടി.പി.ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു. കൊറോണ വ്യാപനം കേരളത്തിൽ തടയുന്ന കാര്യത്തിൽ കേരളത്തിനെ സഹായിച്ചത് കേന്ദ്രം സ്വീകരിച്ച ശക്തമായ നടപടികളാണ്. പ്രവാസികളെ ധൃതിപിടിച്ച് തിരിച്ചെത്തിക്കേണ്ട എന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. കേന്ദ്രത്തിന്റെ ഈ നിലപാടാണ് കേരളത്തെ സഹായിച്ചത്. കേന്ദ്രത്തോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെതുമെല്ലാം നിലപാട് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ശശി തരൂർ വരെ പറഞ്ഞത് പ്രവാസികളെ ഉടനടി കേരളത്തിൽ തിരികെ എത്തിക്കണം എന്നായിരുന്നു. ഇതെല്ലാം വെറും പൊളിറ്റിക്കൽ സ്റ്റണ്ടായിരുന്നു. പക്ഷെ മോദി അത് സമ്മതിച്ചില്ല. ഈ ആവശ്യം മോദി പ്രതിരോധിച്ചു. അതുകൊണ്ടാണ് കേരളം രക്ഷപ്പെട്ടു നിൽക്കുന്നത്.

ശശി തരൂർ പറഞ്ഞപോലെ ആറു ലക്ഷം പേർ കേരളത്തിൽ എത്തിയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ. ഫ്‌ളൈറ്റിനു പണം വാങ്ങിച്ചതും അതുകൊണ്ടാണ്. 1990-ലേ കുവൈറ്റ് കുടിയൊഴിപ്പിക്കൽ ദൗത്യത്തിൽ ഞാൻ പങ്കാളിയായിരുന്നു. അന്ന് ഒരാളോടും പണം വാങ്ങിച്ചില്ല. ഒരു ലക്ഷത്തിഎഴുപതിനായിരം പേരെ 488 ഫ്‌ളൈറ്റുകളിലായാണ് എല്ലാവരെയും തിരികെ ഇന്ത്യയിൽ എത്തിച്ചത്. പക്ഷെ അന്ന് കൊറോണപോലുള്ള രോഗങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരെയും ഇന്ത്യയിൽ എത്തിക്കുക എന്നൊരു ദൗത്യം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രവാസികൾ കൂട്ടത്തോടെ വന്നിരുന്നെങ്കിൽ കേരളം മുങ്ങിയേനെ. മോദിയോട് ഈ കാര്യത്തിൽ കേരളം കടപ്പെട്ടിരിക്കുന്നു. പൊളിറ്റിക്കൽ റീസൺസ് ഉള്ളതിനാലാണ് കേരളം പ്രവാസികളെ തിരിച്ചെത്തിക്കണമെന്നു ആവശ്യപ്പെട്ടത്. മോദിക്ക് ഈ കാര്യം അറിയാമായിരുന്നു. ഇന്ത്യയിലെ സ്ഥിതി മോശമാകും എന്നതിനാലാണ് പ്രവാസികളെ തിരികെ എത്തിക്കുന്നതിന് തിടുക്കം കൂട്ടാതിരുന്നത്.

പ്രവാസികളെ തിരികെ എത്തിക്കുന്നതിൽ എംബസി ഫണ്ടുകൾ ഉപയോഗിക്കാമായിരുന്നു. എല്ലാ എംബസികളിലും കോടിക്കണക്കിന് രൂപയുടെ ഫണ്ടുണ്ട്. അത് പ്രവാസികൾ നൽകിയ പണം തന്നെയാണ്. എന്തെങ്കിലും ആവശ്യത്തിനു രാജ്യത്തിനു തിരികെ എത്തിക്കണമെങ്കിൽ അവരിൽ നിന്ന് തന്നെ ഈടാക്കുന്ന പണമാണിത്. ആ ഫണ്ട് ഉപയോഗിക്കേണ്ടതില്ല എന്ന തീരുമാനത്തിനു പിന്നിൽ കൊറോണ വ്യാപനം തടയുക എന്നത് തന്നെയായിരുന്നു. പണം നൽകാൻ കഴിയുന്നവർ പണം നൽകി എത്തട്ടെ. ബാക്കിയുള്ളവരുടെ കാര്യം പിന്നീട് ആലോചിക്കാം എന്ന തീരുമാനമാണ് വന്നത്. ഇപ്പോഴും പ്രവാസികൾ തിരികെ എത്താൻ തിരക്ക് കൂട്ടാതിരിക്കുകയാണ് നല്ലത്. കേന്ദ്ര സർക്കാർ നിലപാടാണ് രാജ്യത്തെ തുണച്ചത്. എല്ലാ ഫ്‌ളൈറ്റുകൾ വഴിയും പ്രവാസികൾ എത്തിയാൽ സ്ഥിതി നിയന്ത്രണാതീതമാകും.

കേരളമൊക്കെ കൊറോണ കാര്യത്തിൽ സേഫ് ആണെന്ന ചിന്തയിലാണ്. പക്ഷെ ഇപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്നതാണ് കേരളത്തിന്റെ അവസ്ഥ. കേരളം ക്വാർട്ടർ ഫൈനൽ പോലും ജയിച്ചിട്ടില്ല. ഇനി സെമിഫൈനലും ഫൈനലും കാത്തിരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും കൊറോണ കാര്യത്തിൽ കേരളത്തെ പുകഴ്‌ത്തി പറയുന്നുണ്ട്. നമ്മൾ ചെയ്തത് എല്ലാം ഭദ്രവുമാണ്. സംശയലേശമന്യേ പറയാവുന്ന കാര്യമാണിത്. ഇരുപത് രാജ്യങ്ങളിലെ മുപ്പത്തിയേഴ് പത്രങ്ങൾ ശ്രദ്ധിച്ചപ്പോൾ എല്ലാത്തിനും കേരളത്തെ പുകഴ്‌ത്തി എഴുതിയിട്ടുണ്ട്. ഇതുപോലെ ഒരു സംസ്ഥാനമില്ല എന്ന് വരെ എഴുതിയിട്ടുണ്ട്. പക്ഷെ ഒരു പൊട്ടിത്തെറി വന്നാൽ ഇവരൊക്കെ തന്നെ സെക്കൻഡുകൾക്കൊണ്ട് തള്ളിപ്പറയും. ഇത് നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്.

ഉത്തേജക പാക്കേജ് സാധാരണക്കാരന് ഗുണം ലഭിക്കുന്ന പാക്കേജ്. ദീർഘകാല ഗുണത്തിന്റെ അടിസ്ഥാനത്തിലുള്ള പാക്കേജാണിത്. കൊറോണയുമായി ബന്ധപ്പെട്ടു ഉയർന്ന പ്രശ്‌നങ്ങളുടെ പേരിൽ വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റുന്നുണ്ടെങ്കിൽ അത് അവരുടെ അസസ്‌മെന്റ് അനുസരിച്ചാകും. കൂടുതൽ ഗുണം അവർക്ക് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ അവർ തീർച്ചയായും വരും. ഇന്ത്യ അവർക്ക് നൽകുന്ന സൗകര്യങ്ങൾ കണക്കുകൂട്ടിയാകും ഇവരുടെ വരവ്. ദീർഘകാല അടിസ്ഥാനത്തിൽ അവർക്ക് ഗുണമുണ്ടെങ്കിലേ താവളം ഇന്ത്യയിലേക്ക് മാറ്റുകയുള്ളൂ. ആസിയാൻ രാജ്യങ്ങൾ മുഴുവൻ ചൈനയുമായി വ്യാപാരം നടത്തുന്നവരാണ്. വൻകിട കമ്പനികൾ ചൈനയിൽ നിന്ന് താവളം മാറ്റാൻ തീരുമാനിച്ചാൽ ഇന്ത്യ മാത്രമല്ല മറ്റു ആസിയാൻ രാഷ്ട്രങ്ങളും അവരുടെ വരവ് സ്വന്തം രാജ്യത്തേക്ക് ആക്കി മാറ്റാൻ ശ്രമിക്കും. ചൈനയിൽ നിന്നും ആരെങ്കിലും താവളം മാറ്റാൻ ശ്രമിച്ചാൽ ചൈന അത് തടയും. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകാൻ ചൈന ശ്രമിക്കും.

ചൈനയുടെ മണ്ണിൽ നിന്നും കമ്പനികൾ വിട്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അവർ അത് തടയും. എന്താണ് പ്രശ്‌നങ്ങൾ എന്ന് മനസിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കും. ചൈന നിലവിൽ കമ്പനികൾക്ക് ഒരു പാട് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കൊറോണ വൈറസ് ചൈന സൃഷ്ടിച്ചതാണെങ്കിൽ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അവരുടെ ഇമേജിന് ഇടിവ് സംഭവിക്കും. കൊറോണ വൈറസ് ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതല്ല എന്ന് സ്ഥാപിക്കാൻ നിരന്തര ശ്രമങ്ങൾ ചൈന നടത്തുന്നുണ്ട്. ചൈന സൃഷ്ടിച്ചതാണോ വുഹാനിൽ നിന്നും വന്നതാണോ കൊറോണ വൈറസ് എന്ന കാര്യത്തിൽ ഒരു തീർച്ചയുമില്ല. വുഹാന്റെ പുറത്ത് ഈ വൈറസ് പോയില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് മാസ്‌ക് പോലും വയ്ക്കാതെയാണ് വുഹാൻ സന്ദർശനം നടത്തിയത്. ചൈന സൃഷ്ടിച്ച വൈറസ് ആണെങ്കിൽ ഇതിന്റെ മരുന്നും ചൈനയുടെ കയ്യിൽ കാണും. വൈറസ് സൃഷ്ടിക്കുന്നവർ ചെയ്യുന്ന നടപടികളാണ് ഇത്. പിന്നീട് തങ്ങൾ വൈറസിന് മരുന്ന് കണ്ടുപിടിച്ചു എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ചൈന അങ്ങനെ മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് രണ്ട് മാസം കൂടി കഴിഞ്ഞാൽ അവർ അത് പ്രഖ്യാപിക്കും.

ലോക മേധാവിത്തത്തിനാണ് ചൈന ശ്രമിക്കുന്നത്. ഷീ ജിൻപിങ് അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെ ചൈനയ്ക്ക് ലോക മേധാവിത്തം വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നത്. ലോകമേധാവിത്തം ചൈനയുടെ സ്വപ്നമാണ്. അത് കയ്യടക്കാനാണ് വർഷങ്ങളായുള്ള ചൈനയുടെ ശ്രമം. അതിനുള്ള സ്ട്രാറ്റജിയായി ചൈന പുറത്തുവിട്ടതാണോ കൊറോണ വൈറസ് എന്ന് സംശയിക്കുന്നവരുണ്ട്. പക്ഷെ അതിനുള്ള തെളിവുകൾ ലോകത്തിനു മുന്നിലില്ല. പക്ഷെ ചൈന കൊറോണ കാലത്ത് ഹീറോ ആകാനാണ് ശ്രമിക്കുന്നത്. എല്ലാവരെയും സഹായിക്കാനാണ് ഇവരുടെ ശ്രമം. ഒരു തരത്തിൽ ചൈന കുറ്റക്കാരാണ്. അവർ കൊറോണ വ്യാപനം പുറത്ത് പറഞ്ഞില്ല. ഇതാണ് ലോകരാജ്യങ്ങൾ ചൈനയെ കുറ്റപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

കൊറോണ കാലത്ത് രാഷ്ട്രീയപരമായി ഇന്ത്യ എടുത്ത നിലപാട് ബുദ്ധിപരവും ഫേവറബിളുമാണ്. ഇന്ത്യ കൊറോണ കാര്യത്തിൽ ഒരു രാജ്യത്തെയും കുറ്റം പറഞ്ഞില്ല. അമേരിക്കയേയോ ചൈനയെയോ റഷ്യയെയോ ആരെയും കുറ്റം പറഞ്ഞില്ല. പക്ഷെ ഇന്ത്യയ്ക്ക് മാസ്‌ക്ക് ഉണ്ടോ, വെന്റിലെറ്റർ ഉണ്ടോ, മരുന്നുകൾ ഉണ്ടോ അതെല്ലാം ലോകമാസകലം എത്തിച്ചു. 150 ഓളം രാജ്യങ്ങളിൽ ഇന്ത്യ ഇത് എത്തിച്ചു. കൊറോണ കാലത്ത് സാർക്കിനെ ഇന്ത്യ പുനരുജ്ജീവിപ്പിച്ചു. ഓൺലൈൻ മൂവ്‌മെന്റിൽ മോദി ഒരിക്കലും പോയില്ല. പക്ഷെ അത് മാറി. ആദ്യമായാണ് മോദി ഈ രീതിയിൽ മീറ്റിങ് വിളിച്ചു കൂട്ടുന്നത്. കൊറോണ കാര്യത്തിൽ ഇന്ത്യ എടുത്തത് പോസിറ്റീവ് സമീപനമാണ്. മൾട്ടിലാറ്ററലിസം അവസാനിക്കാൻ പോകുന്നു, യുഎൻ തകരാൻ പോകുന്നു എന്ന സമീപനം ഇന്ത്യ എടുത്തില്ല. അതിനെയൊക്കെ ശക്തമാക്കാനാണ് ശ്രമിച്ചത്. ഇന്ത്യയ്ക്ക് കൊറോണ കാലത്ത് നല്ല ഇമേജ് ലഭിച്ചു. കൊറോണയ്ക്ക് മെഡിസിനോ വാക്‌സിനോ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ വലിയ ലീഡർഷിപ്പ് ഇന്ത്യയ്ക്ക് ലഭിക്കും.

ഇപ്പോൾ തന്നെ ഗ്ലോബൽ ഗ്രൂപ്പിങ് വേണം എന്നൊക്കെയുള്ള ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട് ലോക നേതാക്കളെ സംഘടിപ്പിക്കണം. മോദിയാകണം അതിന്റെ നേതാവ് എന്നിങ്ങനെ ഡൽഹിയിൽ നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ചൈനയും പാക്കിസ്ഥാനുമുണ്ട്. ഗ്ലോബൽ ലീഡർഷിപ്പ് വേണമെങ്കിൽ നമുക്ക് ശത്രുക്കൾ ഉണ്ടാകാൻ പാടില്ല. ഇന്ത്യ ഗ്ലോബൽ ലീഡർഷിപ്പിലേക്ക് വരുന്നത് ചൈനയും പാക്കിസ്ഥാനും എതിർക്കും. പക്ഷെ ഇന്ത്യയ്ക്ക് ബൈലാറ്ററൽ റിലേഷൻ ഷിപ്പ് വെച്ചുകൊണ്ട് കുറച്ച് വർഷം കഴിയുമ്പൊഴേക്കും ഇന്ത്യയ്ക്ക് അതിനുള്ള അരങ്ങ് ഒരുങ്ങിവരും. ചൈനയും യുഎസ്എയും യൂറോപ്യൻ യൂണിയനും മൂന്നു തകർന്നിരിക്കുകയാണ്. ഇന്ത്യ, ജപ്പാൻ, സൗത്തുകൊറിയ എന്നീ രാജ്യങ്ങളാണ് പിന്നെയുള്ളത്. ജപ്പാനും സൗത്തുകൊറിയയെക്കാളും ആധിപത്യം ഇന്ത്യയ്ക്കുണ്ട്. അതുകൊണ്ട് ഈ രീതിയിൽ ചിന്തിക്കാവുന്നതാണ്-ശ്രീനിവാസൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP