Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ്‌കുകളും ഗ്ലൗസുകളും ഇല്ലെങ്കിലെന്ത്, കഴിഞ്ഞവർഷം അണവായുധങ്ങൾക്കായി യുഎസ് ചെലവിട്ടത് 3540 കോടി ഡോളർ അഥവാ 2.66 ലക്ഷം കോടി രൂപ! ചൈനയുടെ മുടക്ക് 1050 കോടി ഡോളറും റഷ്യയടേത് 890 കോടി ഡോളറും; 'ആറ്റംബോംബല്ല അണുനാശിനിയാണ് ലോക രക്ഷകൻ' എന്ന കാമ്പയിൻ ലോകത്ത് ശക്തമാവുന്നു; ലോകം കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ കാമ്പയിനായി കോവിഡ് കാലം മാറുമ്പോൾ

മാസ്‌കുകളും ഗ്ലൗസുകളും ഇല്ലെങ്കിലെന്ത്, കഴിഞ്ഞവർഷം അണവായുധങ്ങൾക്കായി യുഎസ് ചെലവിട്ടത് 3540 കോടി ഡോളർ അഥവാ 2.66 ലക്ഷം കോടി രൂപ! ചൈനയുടെ മുടക്ക് 1050 കോടി ഡോളറും റഷ്യയടേത് 890 കോടി ഡോളറും; 'ആറ്റംബോംബല്ല അണുനാശിനിയാണ് ലോക രക്ഷകൻ' എന്ന കാമ്പയിൻ ലോകത്ത് ശക്തമാവുന്നു; ലോകം കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ കാമ്പയിനായി കോവിഡ് കാലം മാറുമ്പോൾ

എം മാധവദാസ്

ന്യൂയോർക്ക്:  'ഒരു തവണ കൊന്നവനെ വീണ്ടും 16തവണ കൊന്നിട്ട് എന്തുകാര്യമാണ്. ലോകത്തെ പതിനാറ് തവണ തീർക്കാനുള്ള ആയുധങ്ങൾ ഇവർ എന്തിനാണ് സംഭരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.'- ലോക പ്രശ്സത എഴുത്തുകാരനും സാമൂഹിക വിമർശകനുമായ നോം ചോസ്‌ക്കിയുടെ ഈ ചോദ്യം, ഈ കോവിഡ് കാലത്ത് ഏറ്റെടുത്തിരിക്കയാണ് ലോക യുവത. ഒന്നുരണ്ടുമല്ല, ഭൂമിയെ മുച്ചൂടം 16 തവണ മുടിക്കാനുള്ള ആയുധങ്ങളാണ് ലോകം ഇപ്പോൾ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 90 ശതമാനവും വെറും രണ്ടേ രണ്ടു രാജ്യങ്ങളുടെതാണ്. റഷ്യയും അമേരിക്കയും. മുഖാവരണവും കൈയുറയും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ജനം തെരുവിൽ പിടഞ്ഞ് മരിക്കുമ്പോഴും കോടികളുടെ ആണാവായുധങ്ങൾ സംഭരിക്കുന്ന അമേരിക്കൻ ഭരണകൂടത്തിനുനേരെയുള്ള കടുത്ത ആക്രമണമാവുകയാണ് ചോംസ്‌ക്കിയുടെ ചോദ്യം.

കോവിഡ് ഒരു പരിധിവരെ ആണവായുധങ്ങൾക്കും യുദ്ധത്തിനും എതിരായ കാമ്പയിൻ കൂടിയാവുകയാണ്. 'ആറ്റംബോബല്ല അണുനാശിനിയാണ് ലോക രക്ഷകൻ' എന്ന പേരിലുള്ള ഒരു കാമ്പയിന് സ്വീഡീൻ കേന്ദ്രീകരിച്ച യുദ്ധവിരുദ്ധ കൂട്ടായ്മയായ 'നൊ വാർ' എന്ന സംഘടന തുടക്കം കുറിച്ചിരിക്കയാണ്. ഗ്രീൻപീസ്, ഡോക്ടേർഴസ് ബിയോണ്ട് ബോർഡേഴ്സ, വേൾഡ് പീസ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ ശകതമായ പിന്തുണയും ഇവർക്കുണ്ട്. ലോകം ലോക്ഡൗണിൽ കിടക്കുമ്പോഴും യൂറോപ്പിലടക്കം നവമാധ്യമങ്ങളിലെ പ്രധാന ചർച്ചയും ഇതുതന്നെ. അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളിൽ യാതൊരു ശ്രദ്ധയും പുലർത്താതെ ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയിലടക്കം ഉയരുന്നത് വൻ പ്രതിഷേധങ്ങളാണ്. ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ സാധ്യതകളെ വലിയ രീതിയിൽ ബാധിക്കുന്ന രീതിയിലാണ് ഈ കാമ്പയിൻ മുന്നേറുന്നത്. മുമ്പ് ഓരോ യുദ്ധകാലത്ത് മാത്രമാണ് ലോകത്ത് യുദ്ധ വിരുദ്ധ റാലകൾ ഉണ്ടാവാറുള്ളത്. പക്ഷേ ഇത്തവണ ആരും പറയാതെ ലോകം അത് ഏറ്റെടുത്ത് കഴിഞ്ഞിരിക്കയാണ്. ഇനിയും ഭുമിയെ കൊല്ലാനുള്ള ആയുധങ്ങൾ വാങ്ങിക്കൂട്ടാതെ വൈറസിനും ബാക്ടീരിയക്കുമെതിരായ യുദ്ധത്തിൽ അണിചേരാനാണ് ഇവർ ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിക്കുന്നത്തത്.

അമേരിക്കയടേത് അവഗണനക്ക് കൊടുക്കേണ്ടിവന്ന വില

കോവിഡിൽ അമേരിക്കക്കാർ മരിച്ചു വീഴുന്നത് നിരന്തരമായ അവഗണയുടെ ഫലമാണോ?. ദ ഗാർഡിയൻ ഉയർത്തവിട്ട ഈ കാമ്പയിനെ ചൊല്ലി ലോകത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കയാണ്. കാരണം ഇപ്പോൾ സാമൂഹിക പ്രവർത്തനത്തിലേക്ക് മാറിയ ശതകോടീശ്വരൻ ബിൽ ഗേറ്റ്സ് ഉൾപ്പെടുയുള്ളവർ ഇനിയുള്ള കാലം സൂപ്പർ ബഗ്ഗുകളേതാണെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബിൽ ഗേറ്റ്സുമായി നടത്തിയ അഭിമുഖത്തിൽ ചോദിച്ചത് ഇങ്ങനെ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ താങ്കൾ ഏറ്റവുമധികം ഭയക്കുന്നത് എന്തിനെയാണ്? ബിൽഗേറ്റ്സിന്റെ മറുപടിക്ക് പ്രവചനാത്മക സ്വഭാവം ഉണ്ടായിരുന്നു. 1918-ൽ ഉണ്ടായ സ്പാനിഷ് ഫ്ളൂ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയത് 6.5 കോടി ജനങ്ങളെ. ഹൈപ്പർ ഗ്ലോബലൈസേഷന്റെ കാലത്ത് അത്തരം ഒരു വൈറസിനെയാണ് താൻ ഏറ്റവുമധികം ഭയക്കുന്നത് എന്നായിരുന്നു ബിൽഗേറ്റ്സിന്റെ മറുപടി. ആ ഭയം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.

വൈറസിനെതിരെ പോരാടാൻ ബിൽഗേറ്റ്സും സംഘവും സജീവമായി രംഗത്തുണ്ട്. യുഎസിൽ ഉൾപ്പെടെ ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ കൊറോണയുടെ തിരിച്ചു വരവിന് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അദ്ദേഹം. കൊറോണയുടെ രണ്ടാം വരവ് കൂടുതൽ ഭീകരമായിരിക്കും. ഇത് ബിസിനസുകളെ പൂർണമായി തുടച്ചു നീക്കും. പ്രതിസന്ധിക്ക് പരിഹാരം കാണാൻ വാക്സിൻ പരീക്ഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ പരീക്ഷണം വിജയമാകുമെന്നാണ് കരുതുന്നത് എന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.

ലോകത്തിലെ പല പ്രമുഖ സംഘടനകളും സൂപ്പർ ബഗ്ഗുകളെ കുറിച്ച് പല മുന്നറിയിപ്പും നൽകിയിട്ടും അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവയെ അവഗണിക്കയായിരുന്നു. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യത്തിൽ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മഹാമാരികൾ എന്നാൽ മൂന്നാലോക രാജ്യങ്ങളൊയാണ് ബാധിക്കുക എന്ന പഴഞ്ചൻ നിലപാടിലായിരുന്നു അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. ഉന്നതമായ പല സൂപ്പർ സെപെഷ്യാലിറ്റി ആശുപത്രികളും ആ രാജ്യത്ത് ഉണ്ടെങ്കിലും ഒരു മഹാമാരിയെ നേരിടാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മാസ്‌ക്കില്ല, ഗ്ലൗസില്ല, വെന്റിലേറ്റർ ഇല്ല. വൃദ്ധരെ മരിക്കാൻ വിടുന്ന ദയീനയ അവസ്ഥ. ഈ കാലഘട്ടത്തിൽ രാജ്യത്തിന്റെ മുൻഗണനാ ക്രമം സമൂലമായി അഴിച്ചു പണിയെണമെന്നും, ആണവായുധങ്ങൾക്ക് ചെലവിടുന്ന തുക പോകേണ്ടത് ന്യയോർക്ക് ടൈംസ് ലേഖകൻ ഹാരിസ് റോക്കർ ചൂമ്ടിക്കാട്ടുന്നു.

യുഎസിനെ പ്രതികൂട്ടിലാക്കി ഐസിഎഎൻ റിപ്പോർട്ട്

ഈ കോവിഡ് കാലത്തും ലോകത്തിലെ ആണവ ശക്തികൾ അവരുടെ ആറ്റോമിക്ക് ആയുധപ്പുരകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ഇതിൽ കോവിഡ് കാരണം കൂടതൽപേർ മരച്ച അമേരിക്ക തന്നെയാണ് മുന്നിൽ. യുഎസ് ഒരു പ്രധാനമായ ആയുധ നിയന്ത്രണ ഉടമ്പടിയിൽനിന്ന് പുറത്തുകടന്ന് തന്ത്രപരമായി ആയുധങ്ങൾ നിർമ്മിച്ച് വിന്യസിക്കയാണെന്ന് ആണവായുധങ്ങൾ നിർത്തലാക്കുായുള്ള രാജ്യന്താര പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്ന ഐസിഎഎൻ എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു.

ഐസിഎന്നിന്റെ പുതിയ പ്രബന്ധത്തിൽ ഒമ്പത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ 13000 ത്തിലധികം ആണവായുധങ്ങൾക്കായി 2019ൽ ചെലഴിച്ചത് 7290 കോടി ഡോളർ ആണെന്ന് വ്യക്തമാക്കുന്നു. അതാത് ഏകദേശം 5.49 ലക്ഷം കോടി രൂപ. ഇതിൽ അമേരിക്ക ചെലവിട്ടത് 3540 കോടി ഡോളർ ആണ്. അതാതത് ഏകദേശശ 2.66 ലക്ഷം കോടി രൂപ. ഇത് ഇത്തവണയും തുടരേണ്ടി വരും. കാരണം നിങ്ങൾ ആഗ്രഹിക്കുന്നതിന് അനുസരിച്ച് പൊടുന്നനെ നിർത്താൻ കഴിയുന്നതല്ല ആണവ ചെലവ്. ആണവമാലിന്യം, സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായി പണം മുടുപ്പിക്കുന്ന ഒരു വെള്ളാന തന്നെയാണിത്. അതിനാൽ ഈ ചെലവ് കോവിഡ് കാലത്ത് ലോകം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും കൊടുക്കേണ്ടി വരും.

എന്നാൽ ഈ രാജ്യങ്ങളൊന്നും കോവിഡ് 19 അടക്കമുള്ള മഹാമാരികളിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായുള്ള നടപടികൾ സ്വീകരിച്ചിട്ടിയ്യെന്ന് ഐസിഎഎൻ ചൂണ്ടിക്കാട്ടി. ആഗോള മഹാമാരിക്കിടയിൽ ആണവായുധങ്ങൾ ലോകത്തിന് സുരക്ഷ നൽകുന്നില്ലെന്ന് റിപ്പോർട്ടിന്റെ പ്രധാന രചയിതാവ് അലീഷ്യ സാണ്ടേഴ്സ പറഞ്ഞു. 2018നും 19നും ഇടയിൽ ലോകത്തിന്റെ 7100 കോടി ഡോളറിന്റെ ആണവച്ചെലവിൽ സിംഹഭാഗവും യുഎസ് സംഭാവന ചെയ്തു. 580 കോടി ഡോളർ അധിക ചെലവായി. സ്്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിയറ്റിയൂട്ടിന്റെ ഏറ്റവും പുതിയ കണക്കുൾ പ്രകാരം ഇത് ആഗോള സൈനിക ചെലവിന്റെ യുഎസ് വിഹിതത്തേക്കാൾ കൂടതലാണ്. ഇത് 2019ൽ 38 ശതമാനം ആയിരുന്നു.

ഐസിഎഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റഷ്യയുടെ കൈയിൽ അമേരിക്കയേക്കൾ കൂടതിൽ ആണവായുധങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പ്രതിശീർഷ ചെലവിൽ റഷ്യ പിന്നിലാണ്.ചൈന 1050 കോടി ഡോളറും യുടെ 890 കോടി ഡോളറും ആണവായധുങ്ങൾക്കായി ചെലവിട്ടു.

ആണവായുധ ശേഖരം ശക്തിപ്പെടുത്തതാനുള്ള അമേരിക്കയുടെ നീക്കങ്ങളിൽ പരിഭ്രാന്തരായാണ് ചൈനയും നിർമ്മാണം കൂട്ടിയത്. ആഗോള ആണവയുദ്ധത്തിന് കാരണമാകുന്ന യൂറോപ്പിലെ ഇടത്തരം ബാലിസ്റ്റിക്ക് മിസൈലുകളെകുറിച്ചുള്ള ഭയം 1987ലെ എൻഎഫ്എഫ് ആയുധ നിയന്ത്രണ ഉടമ്പടിയിലേക്ക് നയിച്ചു. അത്തതരം ആയുധങ്ങൾ ഭൂഖണ്ഡത്തിൽനിന്ന് നിന്ന് നിരോധിച്ചൂ. എന്നാൽ ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം കരാറിൽനിന്ന് പുറത്തുപോയി. റഷ്യ ഇത് ലംഘിക്കയാണെന്ന് അവർ ഔദ്യോഗികമായി അവകാശപ്പെട്ടു. പക്ഷേ തെളിവകൾ നിലകിയല്ല. ചൈനപോലുള്ള മറ്റ് ആണവശക്തികൾകക്ക് ബാധകമല്ലാത്തതിനാൽ ഈ കരാർ കാലഹഹരണപ്പെട്ടതായാണ് യുഎസ് വാദം. എന്തിന് അങ്ങേയറ്റം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉത്തര കൊറിയപോലും ആയുധങ്ങൾ വാരിക്കുട്ടുകയാണ്.

ലോകാന്ത്യ ഘടികാരത്തിൽ ഇനി രണ്ടു മിനിട്ട്

അമേരിക്കയുടെ ആദ്യ ആണവായുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ച ശാസ്ത്രജ്ഞർ സ്ഥാപിച്ച സംഘടനയാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ്. ഈ സംഘടന 1947-ൽ ഒരു പ്രതീകാത്മക ഘടികാരത്തിന് രൂപം നൽകി. ഡൂംസ്‌ഡേ ക്ലോക്ക് അഥവാ ലോകാന്ത്യദിന ഘടികാരം. അന്ന് ലോകാന്ത്യമെന്ന പാതിരാവിലേക്ക് ഏഴു മിനിറ്റായിരുന്നു ദൂരം. പിന്നീട് പലകാരണങ്ങളാൽ ആ ദൂരം കുറഞ്ഞു. 2018 ജനുവരി 26-ന് ലോകാന്ത്യത്തിലേക്കുള്ള സമയം അര മിനിറ്റുകൂടി കുറഞ്ഞു. ഇപ്പോഴത് രണ്ടു മിനിറ്റ്. ആണവയുദ്ധഭീഷണി നേരിടുന്നതിൽ ലോകനേതാക്കൾ പുലർത്തുന്ന അലംഭാവമാണ് ഘടികാരത്തിലെ സമയം പുനഃക്രമീകരിക്കാൻ കാരണമായി ശാസ്ത്രജ്ഞരുടെ സംഘം പറഞ്ഞത്.

ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഇതിനുമുമ്പ് അമേരിക്ക ആണവനയം പ്രഖ്യാപിച്ചപ്പോൾ കൈവശമുള്ള അണ്വായുധങ്ങളുടെ എണ്ണവും അവയോടുള്ള ആശ്രിതത്വവും കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ആ നയത്തിന്റെ കാതൽ. കര, വ്യോമ, നാവികസേനകളുടെ പക്കലുള്ള ആയുധങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.ഈ ലക്ഷ്യം ട്രംപിന്റെ നയത്തിലുമുണ്ട്.

ആക്രമണസജ്ജമാക്കിവെച്ചിരിക്കുന്ന അണ്വായുധങ്ങളുടെ എണ്ണം 1,550 ആയി പരിമിതപ്പെടുത്താൻ റഷ്യയുമായി ഒബാമ ഉടമ്പടിയുണ്ടാക്കിയിരുന്നു. ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി എന്നു പേരുള്ള ഈ ഉടമ്പടി നടപ്പാക്കൽ തിങ്കളാഴ്ച പൂർത്തിയാകേണ്ടതാണ്. തങ്ങൾ വാക്കു പാലിച്ചെന്നും റഷ്യ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതെല്ലാം പുറം പൂച്ച് മാത്രമാണ്.

കഴിഞ്ഞ വർഷമാണ്പുതിയ രണ്ടു മിസൈൽ യുസ് വികസിപ്പിച്ചത്. ഇവ കടലിൽ വിന്യസിക്കും. 20 കിലോടണ്ണിൽ താഴെയാവും പ്രഹരശേഷിയെന്നത് ഇവയെ മാരകായുധമല്ലാതാക്കുന്നില്ല. ഹിരോഷിമയിൽ അമേരിക്കയിട്ട അണുബോംബിന്റെ പ്രഹരശേഷി ഏകദേശം 15 കിലോടൺ ആയിരുന്നു.1992-നുശേഷം അണ്വായുധ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല അമേരിക്ക. അന്നത്തെ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു.ബുഷ് അണ്വായുധ പരീക്ഷണത്തിന് സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഏർപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഒരു പ്രസിഡന്റ് പരീക്ഷണത്തിന് സജ്ജരാകാൻ നിർദ്ദേശം നൽകുന്നത് ട്രംപ് വന്നതിന് ശേഷമാണ്.

ആറുമാസത്തിനകം അണ്വായുധപരീക്ഷണം നടത്താൻ തയ്യാറെടുക്കാനാണ് 2018 നവംബറിൽ ട്രംപ് ഊർജ വകുപ്പിനോട് നിർദ്ദേശിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി എന്നിവരെ ഒന്നുവിരട്ടാനാണ് ട്രംപ് ഇതു ചെയ്തതെന്നു കരുതുന്നവരുണ്ട്. എന്നാൽ, അണ്വായുധശേഖരം നവീകരിക്കാൻ 1.2 ലക്ഷം കോടി ഡോളറിന്റെ പദ്ധതി നിർദ്ദേശം വെച്ചത് വിരട്ടൽ മാത്രം ലക്ഷ്യമിട്ടല്ലെന്നു വേണം കരുതാൻ.

ഇതോടെ റഷ്യയും ചൈനയും ഉത്തര കൊറിയയും തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചു. ലോകത്തെ അണ്വായുധങ്ങളുടെ 90ശതമാനവും ഈ രണ്ടുരാജ്യങ്ങളുടെയും പക്കലാണ്. നിരായുധീകരണത്തെപ്പറ്റി പറയുമ്പോഴും അതിന് ഇരുരാജ്യങ്ങളും അത്ര സന്നദ്ധമല്ലെന്നതാണ് വാസ്തവം. ആയുധം കുന്നുകൂട്ടൽ മത്സരം ശീതയുദ്ധകാലത്തെക്കാൾ കുറഞ്ഞിട്ടുണ്ടെന്ന് മാത്രം.

ഇതിനിടയിലാണ് കോവിഡ് വന്നതെന്ന് ഓർക്കണം. രാജ്യങ്ങൾ സാമ്പത്തികമായും തകർന്നു. അമേരിക്കയിൽ മരണം ഒരു ലക്ഷം കടക്കുമെന്ന് ഉറപ്പാണെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ഘടത്തിൽ നിങ്ങളുടെ മുൻഗണന എവിടെയാണ്. ആയുധങ്ങളിൽ ആണോ അതോ സൂക്ഷ്മ ജീവികളെ നേരിടുന്നതിലാണോ. ഈ ചോദ്യമാണ് ലോകത്തിന്റെ വിവധ ഭാഗങ്ങളിൽനിന്ന് ശക്തമായി ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP