Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്; സ്റ്റേഷൻ അണുവിമുക്തമാക്കുന്ന പ്രക്രിയ പൂർത്തിയാക്കി; പൊലീസുകാർക്ക് കോവിഡ് ബാധിച്ചത് കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്ന്; റൂട്ട് മാപ്പ് തയ്യാറാക്കാൻ സഹകരിക്കുന്നില്ലെന്ന് എസ്‌പി; വാർത്താ സമ്മേളനജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല; ജില്ലയിലെ കോവിഡ് വ്യാപനത്തിന് ജില്ലാ ഭരണകൂടത്തെ പഴിച്ച് എൽഡിഎഫ് ജില്ലാ കൺവീനറും; വയനാട്ടിൽ കർശന നിയന്ത്രണം

മൂന്ന് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്; സ്റ്റേഷൻ അണുവിമുക്തമാക്കുന്ന പ്രക്രിയ പൂർത്തിയാക്കി; പൊലീസുകാർക്ക് കോവിഡ് ബാധിച്ചത് കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്ന്; റൂട്ട് മാപ്പ് തയ്യാറാക്കാൻ സഹകരിക്കുന്നില്ലെന്ന് എസ്‌പി; വാർത്താ സമ്മേളനജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല; ജില്ലയിലെ കോവിഡ് വ്യാപനത്തിന് ജില്ലാ ഭരണകൂടത്തെ പഴിച്ച് എൽഡിഎഫ് ജില്ലാ കൺവീനറും; വയനാട്ടിൽ കർശന നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: മൂന്നു പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി പൊലീസ് സ്റ്റേഷന്റെ ചുമതല താൽകാലികമായി വെള്ളമുണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകി. മാനന്തവാടി സബ് ഡിവിഷൻ ചുമതല വയനാട് അഡിഷണൽ എസ്‌പിക്കു നൽകിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷനിലെ വയർലെസ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ സമീപത്തെ എസ്.എം.എസ് ഡിവൈ.എസ്‌പി ഓഫീസിൽ നിന്ന് പ്രവർത്തിപ്പിക്കും. മാനന്തവാടി സ്റ്റേഷൻ അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യപ്രവർത്തകരുടെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഇതിനകം പൂർത്തിയാക്കി.

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഇരുപത്തിനാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതിൽ പതിനെട്ടുപേരുടെ ഫലം അറിവായതിൽ മൂന്നുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ സ്രവം നൽകിയ എല്ലാ പൊലീസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ സമീപത്തെ ലോഡ്ജുകളിലും റിസോർട്ടുകളിലും നിരീക്ഷണത്തിൽ ആണ്.

മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്റ്റേഷൻ പരിധിയിലെ ഹോട്സ്പോട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ നേരിട്ട് സന്ദർശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. സ്റ്റേഷനിലെ അത്യാവശ്യ കാര്യങ്ങൾ ഏകോപിപ്പിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യ പ്രവർത്തകനെയും നിയോഗിച്ചിട്ടുണ്ട്.

അതേസമയം വയനാട്ടിൽ പൊലീസുകാർക്ക് കോവിഡ് 19 ബാധിച്ചത് കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്നാണെന്ന വിവരവും പുറത്തുവന്നു. ഇയാൾ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ ഇയാൾ സഹകരിക്കുന്നില്ലെന്ന് വയനാട് എസ്‌പി പറഞ്ഞു. പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചോടെ വയനാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബത്തേരി സിഐയും രണ്ട് എസ്ഐമാരും ഉൾപ്പെടെ 20 പേരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച പൊലീസുകാരിൽ ഒരാൾ കഴിഞ്ഞദിവസം സ്റ്റേഷനിൽ എത്തിയിരുന്നു.

അതിനിടെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികൾ താൽകാലികമായി അടച്ചു. ജനപ്രതിനിധികളുടെ അവലോകന യോഗങ്ങൾ ഉൾപ്പെടെ വയനാട്ടിൽ തൽക്കാലം നടത്തേണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശം നൽകി. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ഡി.എം.ഒ എന്നിവർ മാത്രം അവലോകന യോഗത്തിൽ പങ്കെടുക്കും.

കോവിഡ് പരിശോധനക്ക് ഹാജരായ ഇവർ സ്വയം സന്നദ്ധരായി ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു. മാനന്തവാടിയിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത് പൊലീസിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ജില്ലയിലെ പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടിയിൽ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോടതികൾ അടക്കാൻ തീരുമാനിച്ചത്. മാനന്തവാടി സ്‌റ്റേഷനിലെ രണ്ടു പൊലീസുകാരുടെ ഭാര്യമാർ ബത്തേരി, മാനന്തവാടി കോടതികളിൽ ജീവനക്കാരാണെന്നത് കണക്കിലെടുത്താണിത്.

അതേസമയം ജില്ലയിൽ കോവിഡ് 19 വ്യാപനമുണ്ടായതിൽ ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തി വയനാട് എൽ.ഡി.എഫ് കൺവീനർ കെ.വി.മോഹനൻ രംഗത്തുവന്നു. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കോവിഡ് 19 വ്യാപനത്തിന് കാരണമായതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്നും മോഹനൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

മോഹനന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിൽ പൊതുവിൽ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുന്നില്ല എന്നത് ആശ്വാസമുണ്ട്. കാസർഗോഡും, കണ്ണൂരും, പത്തനംതിട്ടയും ഇടുക്കിയും സമൂഹ വ്യാപനത്തിൽ നിന്ന് കരകയറിയിട്ടുണ്ട്. എന്നാൽ നമ്മുടെ വയനാട് ജില്ലയിൽ കോവിഡ് -19 രോഗത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമാണ്. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല.

ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയതുകൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നത്. ഇവിടെ ഒരാളിൽ നിന്നാണ് കൂടുതൽ ആളുകൾക്ക് രോഗം വ്യാപിച്ചത്. ഇപ്പോഴാകാട്ടെ രണ്ട് പൊലീസുകാർ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനർ പോകാതെ അയാളുടെ മകൻ എങ്ങനെ ലോറിയിൽ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവർ മൗനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണ്. സർക്കാരിന്റെ നിർദ്ദേശങ്ങളിൽ നേരിയ അശ്രദ്ധ ഉണ്ടായാൽ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും വയനാട്ടുകാർ മുഖവിലയ്ക്കെടുക്കുന്നതേയില്ല. അതുകൊണ്ടാണ് ക്ലീനർക്ക് പകരം മകൻ പോയതും , മകന്റെ സ്നേഹിതന്റെ(ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്ന അൾ) റൂട്ട് മാപ്പ് കൃത്യമായി ലഭിക്കാത്തതും. ചില മയക്കുമരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും അതിന്റെ കണ്ണിയാണ് ഈ റൂട്ട് മാപ്പ് കൃത്യമായി നൽകാത്ത രോഗി എന്നും നാട്ടിൽ പാട്ടാണ്. ഇതൊന്നും ശ്രദ്ധിക്കാൻ ജില്ലാ ഭരണകൂടത്തിന് നേരമില്ല.

മാനന്തവാടി ജില്ലാ ആശുപത്രി ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. അവിടെയുള്ള രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകേണ്ട ഉത്തരവാദിത്വം ജില്ലാപഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് ബഹു.ജില്ലാ കളക്ടറും എല്ലാം ചേർന്ന് ഭക്ഷണം കൊടുക്കുന്നതിന് പകരം ഗവ.ഉത്തരവും നിർദ്ദേശങ്ങളും ലംഘിച്ച്കൊണ്ട് ചില സന്നദ്ധ സംഘടനകൾക്ക് ഭക്ഷണം നൽകാൻ സൗകര്യം ഒരുക്കികൊടുത്തതിൽ എന്താണ് താത്പര്യം.

സർക്കാരുകൾ നിർദ്ദേശങ്ങളും അതുവഴി ഉത്തരുവുകളും നൽകുമ്പോൾ അതൊന്നും പാലിക്കാൻ കൂട്ടാക്കാതെ ജാഡകളിച്ചു നടന്നാൽ ഭരണമാവില്ല. അതിന്റെ ദുര്യോഗമാണ് വയനാട്ടിൽ അരങ്ങേറുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയിച്ചാലും പരാതിപ്പെട്ടാലും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുകയുമില്ല എന്ന ബോധ്യം നമുക്കുണ്ട്. നമുക്കൊരു ജില്ല പാഞ്ചായത്തും അതിന്റെ കീഴിൽ HMC യും ആശുപത്രിയിലുണ്ട്. അതിൽ വിവിധ പാർട്ടി നേതാക്കളും ഉണ്ട്. എന്നിരുന്നാലും ഇത്തരം ജാഗ്രതക്കുറവുകൾ പരിഹരിക്കാൻ അവരൊക്കെ എടപെടും എന്നാണ് നമ്മുടെ പ്രതീക്ഷ. ഇല്ലെങ്കിൽ നമ്മളൊക്കെ കേരളത്തിൽ കൊറോണ രോഗത്തിന്റെ വ്യാപനം ആഗ്രഹിക്കുന്ന ഒരു ദുഷ്ട ശത്രുക്കൾ നമ്മുടെ നാട്ടിലുണ്ട്. അവർ പാസില്ലാതെ അന്യ സംസ്ഥാനത്ത് നിന്ന് ആൾക്കാരെ കൊണ്ടുവരാനും നിയമ വിധേയമായ പരിശോധനകളും ക്വാറന്റൈൻ പ്രവർത്തനങ്ങൾ നടത്താതെയും സമൂഹ അകലം പാലിക്കാതെയും ഇവിടെ രോഗ വ്യാപനം നടത്തി അതിൽ ആത്മസുഖം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ ഇത്തരക്കാർ പെടുമോ എന്ന സംശയം നാട്ടിലുദിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP