Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയെ പിടിച്ചു കെട്ടാൻ സാധിച്ചാൽ ലോകത്തിന്റെ പ്രശ്‌നങ്ങൾ ഒതുങ്ങുമെന്ന് കരുതുന്നവർ അറിയുക; നിങ്ങൾ ജീവിക്കുന്നത് മൂഢ സ്വർഗ്ഗത്തിലാണ്; കോറോണയുടെ ഭീതിയിൽ നാം മറന്നുപോയ വേറെയും ഭീഷണികളുണ്ട്; കൊറോണാനന്തര കാലത്ത് ലോകം ഉടൻ പരിഹരിക്കേണ്ട അഞ്ച് ഗുരുതര പ്രശ്നങ്ങൾ ഇവയാണ്

കൊറോണയെ പിടിച്ചു കെട്ടാൻ സാധിച്ചാൽ ലോകത്തിന്റെ പ്രശ്‌നങ്ങൾ ഒതുങ്ങുമെന്ന് കരുതുന്നവർ അറിയുക; നിങ്ങൾ ജീവിക്കുന്നത് മൂഢ സ്വർഗ്ഗത്തിലാണ്; കോറോണയുടെ ഭീതിയിൽ നാം മറന്നുപോയ വേറെയും ഭീഷണികളുണ്ട്; കൊറോണാനന്തര കാലത്ത് ലോകം ഉടൻ പരിഹരിക്കേണ്ട അഞ്ച് ഗുരുതര പ്രശ്നങ്ങൾ ഇവയാണ്

മറുനാടൻ ഡെസ്‌ക്‌

കൊറോണ എന്ന അതിമാരക വൈറസ് ലോകത്തിൽ വിതച്ച നാശം ചില്ലറയൊന്നുമല്ല. ഒട്ടുമിക്ക രാജ്യങ്ങളിലേയും എല്ലാ മേഖലകളും ഈ കുഞ്ഞൻ വൈറസിന്റെ പ്രഹരശേഷിയിൽ തളർന്ന് പോയിരിക്കുകയാണ്. സാമ്പത്തിക രംഗം മുതൽ സാമൂഹിക-സാംസ്‌കാരിക മണ്ഡലം വരെ ഈ വൈറസിന്റെ ആക്രമണത്തിന് വിധേയമായിരിക്കുന്നു. ഈ സാഹചര്യത്തിൽ ശാസ്ത്രലോകം മുഴുവൻ ഈ വൈറസിനെ തളയ്ക്കുവാനുള്ള പ്രതിവിധികൾ കണ്ടെത്താനുള്ള തിരക്കിലാണ്. ഇതിന്റെ പ്രഹരശേഷി കുറയ്ക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളും. എന്നാൽ ഈ വൈറസിനെ തളക്കാൻ കഴിഞ്ഞാൽ മനുഷ്യവംശത്തിനുള്ള ഭീഷണി ഒഴിഞ്ഞുപോകുമെന്ന് കരുതേണ്ട. അതിനോടൊപ്പമോ, ഒരുപക്ഷെ അതിനേക്കാൾ മാരകമോ പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതുമായ മറ്റ് വിഷയങ്ങൾ ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൊറോണയുടെ ഭീതിയിൽ നാം അത് ഓർക്കുന്നില്ല എന്നുമാത്രം. ബിബിസിപോലുള്ള ലോക മാധ്യമങ്ങൾ ഈ പ്രശ്നങ്ങളെ അക്കമിട്ട് നിരത്തി ഇപ്പോഴേ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

ആണവനിരോധന കരാർ

ന്യു സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി അഥവാ ന്യു സ്റ്റാർട്ട് എന്ന ഉടമ്പടിയാണ് ദീർഘദൂര ആണവായുധങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നത്. അമേരിക്കയും റഷ്യയും തമ്മിലുള്ള ഈ കരാറാണ് ലോക സമാധാനം നിലനിൽക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്ത് ഒപ്പുവച്ച ഉടമ്പടികളിൽ ഇന്നും നിലനിൽക്കുന്ന ഒരേയൊരു ഉടമ്പടിയും ഇതാണ്.

വരുന്ന വർഷം ഫെബ്രുവരിയോടെ ഈ കരാറിന്റെ കാലാവധി തീരുകയാണ്. ഇത് പുതുക്കണമെങ്കിൽ, അതിനെ കുറിച്ച് ചർച്ചകൾ നടത്തുവാൻ ഇനി ഏറെ സമയമില്ലെന്നർത്ഥം. ഈ കരാർ നിലവിലില്ലാത്ത ഒരു സാഹചര്യം ഉണ്ടായാൽ അത് ആണവായുധങ്ങളുടെ ഉപയോഗത്തിൽ ഉള്ള നിയന്ത്രണവും സുതാര്യതയും ഇല്ലാതെയാക്കിയേക്കാം എന്നാണ് ലോകം ഭയപ്പെടുന്നത്. ഈ കരാർ ഒപ്പു വയ്ക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ മികവും വേഗതയുമുള്ള ആണവായുധങ്ങൾ ഇന്നുണ്ട് എന്നുള്ളത് ഈ ഭയത്തിന് ആക്കം വർദ്ധിപ്പിക്കുന്നു.

റഷ്യ ഈ കരാർ തുടരുവാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ചൈനയെ കൂടി ഇതിന്റെ കീഴിൽ കൊണ്ടുവരാത്തിടത്തോളം കാലം ഇത് തുടരുവാൻ അമേരിക്ക താത്പര്യം കാണിക്കുന്നില്ല. എന്നാൽ ചൈനയ്ക്കാകട്ടെ ഈ കരാറിൽ പങ്കാളിയാകാൻ താത്പര്യവുമില്ല.ഇതാണ് ഈ കരാറിന്റെ ഭാവി ആശങ്കയിലാഴ്‌ത്തുന്നതും ലോകത്തെ ആണവയുദ്ധത്തിന്റെ ഭീതിയിൽ നിർത്തുന്നതും.

ലോകത്തെ അണ്വായുധങ്ങളുടെ 93 ശതമാനവും അമേരിക്കയും റഷ്യമുമെന്ന രണ്ടുരാജ്യങ്ങളുടെയും പക്കലാണ്. നിരായുധീകരണത്തെപ്പറ്റി പറയുമ്പോഴും അതിന് ഇരുരാജ്യങ്ങളും അത്ര സന്നദ്ധമല്ലെന്നതാണ് വാസ്തവം. ആയുധം കുന്നുകൂട്ടൽ മത്സരം ശീതയുദ്ധകാലത്തെക്കാൾ കുറഞ്ഞു. പക്ഷേ, ആയുധങ്ങൾ കുറച്ചുകൊണ്ടുവരുന്ന പ്രക്രിയ വളരെ സാവധാനത്തിലായി.

മുമ്പ് ബരാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് അമേരിക്ക ആണവനയം പ്രഖ്യാപിച്ചിരുന്നു. കൈവശമുള്ള അണ്വായുധങ്ങളുടെ എണ്ണവും അവയോടുള്ള ആശ്രിതത്വവും കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു ആ നയത്തിന്റെ കാതൽ. കര, വ്യോമ, നാവികസേനകളുടെ പക്കലുള്ള ആയുധങ്ങൾ നവീകരിക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു.ഈ ലക്ഷ്യം ട്രംപിന്റെ 2018ലെ ആണവ നയത്തിലുമുണ്ട്. ക്രമണസജ്ജമാക്കിവെച്ചിരിക്കുന്ന അണ്വായുധങ്ങളുടെ എണ്ണം 1,550 ആയി പരിമിതപ്പെടുത്താൻ റഷ്യയുമായി ഒബാമ ഉടമ്പടിയുണ്ടാക്കിയിരുന്നു. ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി എന്നു പേരുള്ള ഈ ഉടമ്പടി നടപ്പാക്കൽ തങ്ങൾ വാക്കു പാലിച്ചെന്നും റഷ്യ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന്റെയല്ലാം മാതൃകരാർ ആണ് ഇനിയും പതുക്കപ്പെടാൻ ഉള്ളത്.

ലോകത്ത് വളരുന്ന ആയുധ മൽസരം കുറക്കാൻ ഈ കരാറിന്റെ പുതുക്കൽ അനിവാര്യമാണ്. ലോകാന്ത്യദിന ഘടികാര സൂചികകളിൽ എല്ലാം ആണവ ഭീഷണി പ്രകടമാണ്. അമേരിക്കയുടെ ആദ്യ അണ്വായുധങ്ങൾ വികസിപ്പിക്കാൻ സഹായിച്ച ശാസ്ത്രജ്ഞർ സ്ഥാപിച്ച സംഘടനയാണ് ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ്. ഈ സംഘടന 1947-ൽ ഒരു പ്രതീകാത്മക ഘടികാരത്തിന് രൂപം നൽകി. ഡൂംസ്‌ഡേ ക്ലോക്ക് അഥവാ ലോകാന്ത്യദിന ഘടികാരം.അന്ന് ലോകാന്ത്യമെന്ന പാതിരാവിലേക്ക് ഏഴു മിനിറ്റായിരുന്നു ദൂരം. പിന്നീട് പലകാരണങ്ങളാൽ ആ ദൂരം കുറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 26-ന് ലോകാന്ത്യത്തിലേക്കുള്ള സമയം അര മിനിറ്റുകൂടി കുറഞ്ഞു. ഇപ്പോഴത് രണ്ടു മിനിറ്റ്. ആണവയുദ്ധഭീഷണി നേരിടുന്നതിൽ ലോകനേതാക്കൾ പുലർത്തുന്ന അലംഭാവമാണ് ഘടികാരത്തിലെ സമയം പുനഃക്രമീകരിക്കാൻ കാരണമായി ശാസ്ത്രജ്ഞരുടെ സംഘം പറഞ്ഞത്.

ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായേക്കാം

ഇറാന്റെ ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്ന കരാറിൽ നിന്നും അമേരിക്ക പിൻവാങ്ങിയതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുവാനുള്ള സമയമായി എന്നാണ് ലോക നിരീക്ഷകർ കരുതുന്നത്. നിലവിൽ ടെഹ്‌റാന് ആധുനിക ആയുധങ്ങൾ വിൽക്കുന്നതിന് ഐക്യരാഷ്ട്ര സഭ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആണവ കരാറിനെ അനുകൂലിക്കുന്ന ഈ വിലക്ക് പക്ഷെ ഈ വരുന്ന ഒക്ടോബർ 18 ന് അവസാനിക്കാനിരിക്കുകയാണ്. ഈ വിലക്ക് പുനഃസ്ഥാപിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ അമേരിക്കയ്ക്ക് വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാൻ പ്രസിഡണ്ട് ഹസ്സൻ റൗഹാനി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ഈ വിലക്ക് നീട്ടുവാനുള്ള തീരുമാനത്തെ റഷ്യ പിന്തുണക്കുവാനുള്ള സാധ്യത തീരെ കുറവാണ്. അങ്ങനെയെങ്കിൽ, ആണവകരാറിന്റെ അടിസ്ഥാനത്തിൽ നീക്കം ചെയ്ത കടുത്ത വ്യവസ്ഥകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സാമ്പത്തിക ഉപരോധത്തിന് അമേരിക്ക ശ്രമിച്ചേക്കും. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളേയും അമേരിക്ക നിർബന്ധിക്കും. ഇത് ഇറാനുമായുള്ള സംഘർഷ സാധ്യത വർദ്ധിപ്പിക്കും. ആണവായുധങ്ങൾ ഉള്ള രാജ്യമാണ് ഇറാൻ എന്നതോർക്കുമ്പോഴാണ് ലോകം ഭീതിയിലാകുന്നത്. ഇനി ഒരു മൂന്നാംലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ അത് അമേരിക്കയും ഇറാനുമായി ബന്ധപ്പെട്ടായിരുക്കുമെന്ന് നേരത്തെ തന്നെ പ്രവചനങ്ങൾ ഉണ്ട്.

1953ൽ ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസദ്ദിഖിനെ പുറത്താക്കിയതോടെയാണ് ഇറാനും അമേരിക്കയുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇറാന്റെ എണ്ണ മേഖലയെ ദേശസാൽക്കരിക്കാൻ പദ്ധതിയിട്ടത് ഇഷ്ടപ്പെടാതെയാണ് ബ്രിട്ടനും അമേരിക്കയും കൂടെ ചേർന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കിയത്. തുടർന്നങ്ങോട്ട് ഇണങ്ങിയും പിണങ്ങിയും പരസ്പരം പോരാടിച്ചും ഇരു രാജ്യങ്ങളും കാലം കഴിച്ചു. ഇത് ഒരു മാറ്റം വന്നത് സാക്ഷാൽ ഒബാമ പ്രസിഡന്റ് ആയപ്പോൾ ആണ്.

ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ ഇറാന്റെ ആണവപദ്ധതി നിർത്തണം എന്നുമാണ് ഒബാമ ആശ്യപ്പെട്ടത്. 2015ൽ ജോയിന്റ് കോംപ്രഹൻസീവ് പ്ലാൻ ഓഫ് ആക്ഷൻ ( ജെസിപിഒഎ) എന്ന ഒരു കരാറിലേക്ക് ഐക്യരാഷ്ട്രസഭയിലെ അഞ്ച് പ്രധാന രാജ്യങ്ങളും--യുഎസ്എ, ചൈന. ഫ്രാൻസ്, റഷ്യ, യുകെ, പിന്നെ ജർമനിയും എത്തി. കരാർ പ്രകാരം യുറേനിയം സംഭരിച്ച് വെക്കുന്നത് ഗണ്യമായി കുറക്കാമെന്ന് ഇറാൻ സമ്മതിച്ചു. ആണവപദ്ധതിക്ക് കരാർ പ്രകാരം നിയന്ത്രണം കൊണ്ടുവന്നാൽ ഇറാന് മേലുള്ള യൂറോപ്യൻ യൂണിയനിന്റെയും ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെയും വാണിജ്യ ഉപരോധങ്ങൾ പിൻവലിക്കുമെന്നായിരുന്നു കരാറിൽ പറഞ്ഞത്.

ഏകദേശം 3000 ദിവസങ്ങൾ ഇറാനിൽ പരിശോധിച്ച ഐഎഇഎ ഉദ്യാഗസ്ഥരുടെ സർവൈലൻസ് പ്രകാരം ഇറാൻ കരാർ പ്രകാരമാണ് വർത്തിക്കുന്നത് എന്ന് ഡയറക്ടർ യുകിയാ അമാനോ ജനുവരി 2016ന് റിപ്പോർട്ട് നൽകി. എന്നാൽ ഇറാൻ ഐഎഇഎയിൽ നിന്ന് പലതും മറച്ച് വെച്ചിട്ടുണ്ടെന്ന് അമേരിക്കയും ഇസ്രയേലും ആരോപിച്ചു. മെയ് 2018ൽ അമേരിക്ക ജെസിപിഒഎയിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. 2018 നവംബറോട് കൂടി ഇറാന് മേലുള്ള യു എസ് ഉപരോധം തിരിച്ച് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും (ഇന്ത്യയടക്കം) മറ്റ് വാണിജ്യാവശ്യങ്ങൾക്ക് ഇറാനുമായി ബന്ധം നിലനിർത്തുന്ന രാജ്യങ്ങളും ഉപരോധം നേരിടേണ്ടി വരുമെന്ന് അമേരിക്ക താക്കീത് നൽകിയിട്ടുണ്ട്. എണ്ണ കയറ്റുമതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന രാജ്യമാണ് ഇറാൻ. പല രാജ്യങ്ങളും ഇവിടെ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ചില രാജ്യങ്ങൾക്ക് ഇളവ് നൽകിയെങ്കിലും 2019 മെയ് രണ്ടോട് കൂടി ഇതവസാനിച്ചിരിക്കയാണ്. ഈ പ്രശ്നങ്ങളിലെല്ലാം തീരുമാനം ഉണ്ടാകേണ്ടത് വരുന്ന മാസങ്ങളിലാണ്.

വെസ്റ്റ് ബാങ്ക് ഇസ്രയേലിന്റെ ഭാഗമാകുമോ?

ഇസ്രയേലിൽ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹു കൂടുതൽ കടുത്ത ദേശീയവാദിയായി മാറുകയാണ്. ഇപ്പോൾ ഇസ്രയേൽ കൈയടക്കി വച്ചിരിക്കുന്ന വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങൾ ഇസ്രയേലിനോട് കൂട്ടിച്ചേർത്ത് ഇസ്രയേലിന്റെ ഭാഗമാക്കുവാനാണ് ഇപ്പോൾ അദ്ദേഹം ശ്രമിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ''രണ്ടു രാജ്യങ്ങൾ'' എന്ന പരിഹാരമാർഗ്ഗം ഇതോടെ ഇല്ലാതെയാകും. ഇസ്രയേലിനും ഫലസ്തീനും ഇടയിൽ സമാധാനമുണ്ടാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല.

നേത്യന്യാഹുവിന്റെ ഈ പദ്ധതിക്കെതിരെ ഫലസ്തീൻ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ചില യൂറോപ്പ്യൻ രാഷ്ട്രങ്ങളും ഇതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ട്രംപിന്റെ നിലപാടായിരിക്കും ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുക. സത്യത്തിൽ, സിറിയൻ ഗോലാൻ കുന്നുകൾ ഉൾപ്പെടുന്ന പ്രദേശം ഇസ്രയേലിനോട് ചേർക്കുവാനും യു എസ് എമ്പസി ജറുസലേമിലേക്ക് മാറ്റുവാനും ഉള്ള ട്രംപിന്റെ തീരുമാനമാണ് നെതന്യാഹുവിന് വെസ്റ്റ് ബാങ്കിന്റെ കാര്യത്തിലും ധൈര്യം പകർന്നത് എന്നാണ് വിലയിരുത്തുന്നത്. ഒരു ഫലസ്തീനിയൻ സ്റ്റേറ്റിന് ഇസ്രയേൽ തയ്യാറാണെങ്കിൽ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കുന്നതിൽ സഹകരിക്കും എന്നാണ് അമേരിക്കയുടെ നിലപാട്. തെരഞ്ഞെടുപ്പിൽ ഏറെ വോട്ടുകൾ നേടിക്കൊടുത്ത വാഗ്ദാനമായിരുന്നു വെസ്റ്റ് ബാങ്കിന്റെ കൂട്ടിച്ചേർക്കൽ അതിനാൽ തന്നെ നേതന്യാഹു ഇതിൽ നിന്നും പുറകോട്ട് പോകാൻ ഇടയില്ല.

1967 ജൂണിൽ വെസ്റ്റ് ബാങ്കും കിഴക്കൻ ജെറുസലേമും ആറുദിവസ യുദ്ധത്തിലൂടെ ഇസ്രയേൽ പിടിച്ചടക്കുകയായിരുന്നു. കിഴക്കൻ ജെറുസലേമും പഴയ ഇസ്രയേലി-ജോർദാനിയൻ അതിർത്തിപ്രദേശവും ഒഴികെയുള്ള പ്രദേശങ്ങൾ ഇസ്രയേൽ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കുകയുണ്ടായില്ല. പക്ഷേ ഈ പ്രദേശങ്ങൾ ഇസ്രയേലിന്റെ സൈനിക അധിനിവേശത്തിൽ തുടരുകയാണ്. ഇസ്രയേൽ ഈ പ്രദേശത്തെ ജുഡിയ ആൻഡ് സമേറിയ പ്രദേശം എന്നാണ് വിളിക്കുന്നത്. റബാതിൽ 1974-ൽ നടന്ന അറബ് ഉച്ചകോടി ഫലസ്തീൻ വിമോചന സംഘടനയെ (പി.എൽ.ഒ.) 'ഫലസ്തീൻ ജനതയുടെ ഒരേയൊരു പ്രതിനിധി'' ആയി അംഗീകരിച്ചുവെങ്കിലും 1988 വരെ ജോർദ്ദാൻ ഈ പ്രദേശത്തിന്മേൽ തങ്ങൾക്കുള്ള അവകാശവാദം ഉപേക്ഷിച്ചിരുന്നില്ല. അതിനുശേഷം ജോർദ്ദാൻ വെസ്റ്റ് ബാങ്കുമായി തങ്ങൾക്കുണ്ടായിരുന്ന ഭരണപരവും നിയമപരവുമായ എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ ജനങ്ങൾക്കുണ്ടായിരുന്ന ജോർദ്ദാനിയൻ പൗരത്വം എടുത്തുകളയുകയും ചെയ്തു.

1993ലെ ഓസ്ലോ ഉടമ്പടിക്കു ശേഷം ഫലസ്തീനിയൻ അഥോറിറ്റി വെസ്റ്റ് ബാങ്കിന്റെ തുടർച്ചയില്ലാത്ത 11% ഭൂമി നിയന്ത്രിക്കുന്നുണ്ട് (ഏരിയ എ എന്നാണ് ഇത് അറിയപ്പെടുന്നത്). പക്ഷേ ഈ പ്രദേശത്തേയ്ക്ക് ഇസ്രയേൽ ഇടയ്ക്കിടെ കടന്നുകയറാറുണ്ട്. ഏകദേശം 28% വരുന്ന ഏരിയ ബി. ഇസ്രയേലിന്റെ സൈനിക നിയന്ത്രണത്തിലും ഫലസ്തീന്റെ സിവിൽ നിയന്ത്രണത്തിലുമാണ്. ഏകദേശം 61% വരുന്ന ഏരിയ സി പൂർണ്ണമായും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്.

ബ്രെക്‌സിറ്റ്; ഇനിയും പൂർത്തിയാകാത്ത ചർച്ചകൾ

സമയം അതിവേഗം പോയ്‌ക്കൊണ്ടിരിക്കുന്നു. ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ നിന്നും വിടചൊല്ലേണ്ട ഡിസംബർ 31 അടുത്ത് വരികയാണ്. ഭാവികാര്യങ്ങളെ കുറിച്ച് താത്ക്കാലികമായ ചില ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏറെ ബാക്കിയുണ്ട് തീരുമാനങ്ങളിലെത്താൻ. എന്നിരുന്നാലും യൂണിയൻ വിട്ടുപോകുന്നതിന് കൂടുതൽ സമയം ചോദിക്കാൻ ബോറിസ് സർക്കാർ തയ്യാറാകാൻ വഴിയില്ല.

എന്നാൽ, കൊറണയുടെ വ്യാപനം എല്ലാം മാറ്റിമറിച്ചു. വർഷങ്ങൾ എടുത്താൽ മാത്രം ഒരുപക്ഷെ പുനർനിർമ്മിക്കാൻ ആവുംവിധം തകര്ന്നുപോയൊരു സമ്പദ്ഘടനയാണ് ഇപ്പോൾ ബ്രിട്ടനുള്ളത്. പഴയ ചർച്ചകൾ വീണ്ടും നടത്തുവാൻ ഇപ്പോഴും താത്പര്യമില്ലെങ്കിലും, സമയം വളരെ കുറവേയുള്ളു എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നു. യൂറോപ്യൻ യൂണിയന് കോവിഡ് 19 പ്രതിസന്ധിയിൽ ഏറെ തിളങ്ങുന്ന പ്രകടനമൊന്നും കാഴ്‌ച്ചവയ്ക്കാനായില്ല എന്ന ആരോപണം ഉയരുമ്പോൾ തന്നെ, ബ്രിട്ടന്റെ നേട്ടങ്ങളും പാടിപ്പുകഴ്‌ത്താൻ തക്കവണ്ണമുള്ളതല്ലെന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോക്ക് ഇരുഭാഗത്തിനും നഷ്ടം മാത്രമേ നൽകുകയുള്ളു എന്നാണ് ഇന്നത്തെ സാഹചര്യത്തിൽ വിലയിരുത്തുന്നത്. അമേരിക്ക എത്രമാത്രം പിന്തുണയ്ക്കും, ചൈനയുടെ നിലപാട് എന്തായിരിക്കും എന്നതിനെയൊക്കെ ആശ്രയിച്ചായിരിക്കും ഇരുകൂട്ടരുടേയും ഭാവി.

കാലാവസ്ഥാ വ്യതിയാനം

ലോകത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാൻ മനുഷ്യർക്ക് എത്രമാത്രം സാധിക്കുമെന്നതിന്റെ ഒരു പരീക്ഷണം കൂടിയാണ് ഈ കൊറോണക്കാലം. ഇതിന്റെ ഫലസിദ്ധിയെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനുള്ള ശ്രമങ്ങൾ ഏകോപ്പിക്കുവാൻ ഉദ്ദേശിച്ച് ഈ നവംബറിൽ ഗ്ലാസ്‌ഗോയിൽ നടത്താൻ ഉദ്ദേശിച്ച യു എൻ കോപ് 26 ഉച്ചകോടി അടുത്തവർഷം അവസാനത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

ഹരിതഗൃഹ പ്രഭാവത്തിന്റെ ഭാഗമായി അടുത്ത 50 വർഷത്തിനുള്ളിൽ ലോകത്തിന്റെ മൂന്നിലൊന്ന് കടലെടുക്കുമെന്നാണ് പ്രവചനം. ന്യയോർക്ക് മുതൽ ടോക്കിയോ വരെയുള്ള പ്രമുഖ നഗരങ്ങൾ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിലാണ്. അടുത്ത ഇരുപതുവർഷത്തിനുള്ളിൽ മുങ്ങുന്ന രാജ്യങ്ങളാണ് മാലിപോലുള്ള രാജ്യങ്ങൾ. കാലാവസ്ഥാ അഭയാർഥികളായി കോടിക്കണക്കിന് മനുഷ്യർ ഉണ്ടാകുന്ന സാഹചര്യം എങ്ങനെ പരിഹരിക്കുമെന്നൊക്കെയുള്ള ചർച്ചകളാണ് ഇപ്പോൾ വഴിമുട്ടി നിൽക്കുന്നത്. ആഗോളതാപനമായിരുന്നു മുമ്പത്തെ കാലാവസ്ഥാ ഉച്ചകോടികളിലൊയൊക്കെ പ്രധാന അജണ്ടയെങ്കിൽ ഇത്തവണ അത് കാലവസ്ഥയും രോഗാണുവ്യാപനം ആക്കണമെന്ന ആവശ്യവും പലയിടത്തുനിന്നും ഉയരുന്നുണ്ട്. ഹരിതഗൃഹ വാതകങ്ങളെക്കാൾ പ്രധാനമാണ് എന്തിനനെയും അതിജീവിക്കുന്ന സുക്ഷ്മ ജീവികൾ.

എന്നാൽ ഇപ്പോൾ ഉയരുന്ന പ്രധാന കോദ്യം ഈ ദുരന്തകാലത്തെ അനുഭവം ലോകമനസ്സാക്ഷിയെ ഇക്കാര്യത്തിൽ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. പ്രകൃതി നാശവും ഈ കൊറോണാ വ്യാപനത്തിന് ഒരു കാരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തത്തെ ചെറുക്കുന്നതിന്റെ പ്രാധാന്യം എത്രത്തോളം ലോകം മനസ്സിലാക്കിയിട്ടുണ്ട് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ലോകത്തിന്റെ, കൊറോണാനന്തര കാലത്തിലെ പുതിയ ക്രമം ഇതിന് എത്രമാത്രം സഹായകരമാകും എന്നതും പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP