Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാർ സമരം നടത്തിയത് വിനയായി; കോവിഡ് രോഗിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ യുഡിഎഫ് എംപിമാരോടും എംഎൽഎമാരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു പാലക്കാട് ഡിഎംഒ; ഷാഫി പറമ്പിലും രമ്യ ഹരിദാസും അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശം ലഭിച്ചത് സിപിഎം - കോൺഗ്രസ് തർക്കം നിലനിൽക്കുന്നതിനിടെ; അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള 50 പൊലീസുകാരും 60 ഓളം മാധ്യമപ്രവർത്തകരും അടക്കം 400 പേർ നിരീക്ഷണത്തിൽ

വാളയാർ സമരം നടത്തിയത് വിനയായി; കോവിഡ് രോഗിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ യുഡിഎഫ് എംപിമാരോടും എംഎൽഎമാരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു പാലക്കാട് ഡിഎംഒ; ഷാഫി പറമ്പിലും രമ്യ ഹരിദാസും അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന നിർദ്ദേശം ലഭിച്ചത് സിപിഎം - കോൺഗ്രസ് തർക്കം നിലനിൽക്കുന്നതിനിടെ; അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള 50 പൊലീസുകാരും 60 ഓളം മാധ്യമപ്രവർത്തകരും അടക്കം 400 പേർ നിരീക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് വാളയാർ ചെക്‌പോസ്റ്റിൽ സമരത്തിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് ക്വാറന്റീനിൽ പോകണമെന്ന് നിർദ്ദേശം. എംപിമാരായ ടി എൻ പ്രതാപൻ, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എംഎൽഎമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ എന്നിവരോട് ക്വാറന്റീനിൽ പോകാനാണ് പാലക്കാട് ഡിഎംഒ നിർദ്ദേശം നൽകിയത്. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മെഡിക്കൽ ബോർഡാണ് ഈ തീരുമാനം എടുത്തത്. വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ തർക്കം തുടരുന്നതിനിടെയാണു തീരുമാനം.

മെയ് 12 ന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശി ഈ മാസം ഒമ്പതാം തീയതിയാണ് വാളയാർ ചെക്ക്പോസ്റ്റിലെത്തിയത്. അന്നേദിവസം അവിടെ ഉണ്ടായിരുന്ന ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പൊലീസുകാർ ഉൾപ്പെടെ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശിച്ചിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും അഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലുള്ള 50 പൊലീസുകാരും 60 ഓളം പത്രദൃശ്യ മാധ്യമപ്രവർത്തകർ, ആരോഗ്യവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഉദ്യോഗസ്ഥർ, കൂടാതെ തമിഴ്‌നാട് ഭാഗത്തുണ്ടായിരുന്ന പൊലീസുകാർ, റവന്യൂ-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തുടങ്ങി 172 പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടാതെ കോവിഡ് രോഗി എത്തിയ സമയത്ത് അതുവഴി കടന്നുപോയവർ അടക്കം വാളയാറിലുണ്ടായിരുന്ന 400 ലേറെ ആളുകൾ നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. 14 ദിവസമാണ് നിരീക്ഷണ കാലാവധി. ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ സാമ്പിൾ പരിശോധനയ്ക്ക് അയക്കും.

ചെന്നൈയിൽ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാർ അതിർത്തിയിൽ കാത്തുനിൽക്കെ കുഴഞ്ഞു വീണ രോഗിയെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ട പൊലീസുകാരോട് ഹോം ക്വാറന്റയ്‌നിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി . വാളയാർ അതിർത്തിയിൽ രോഗബാധിതനെ പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരേയും ഐസോലേഷനിലേക്ക് മാറ്റി.

അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേർ , മേൽ പറഞ്ഞ ഹൈ റിസ്‌ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ ,പൊതു ജനങ്ങൾ എന്നിവർ ലോ റിസ്‌ക് പ്രൈമറി കോൺടാക്ടിൽ ഉൾപ്പെടും. ഇതിൽ ഉൾപ്പെടുന്ന മറ്റു ജില്ലയിൽ നിന്നുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് അയച്ചുകൊടുത്തു . ഇത്രയും പേർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.

അതേസമയം ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ലംഘിക്കരുതെന്ന് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു. കോവിഡ് ആർക്കും പിടിപെടാം. എംപിയും എംഎൽഎയുമായാൽ രോഗം വരാതിരിക്കില്ലെന്നും മന്ത്രി പരിഹസിച്ചു. വാളയാറിൽ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ സമരത്തെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണം. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പരിശോധരീതികൾ ആരും തെറ്റിക്കരുത്. ജനസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മദ്യഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് വിർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ ആളെ താൻ ഇടപെട്ട് പാസൊന്നുമില്ലാതെ വാളയാർ അതിർത്തി കടത്തിവിട്ടെന്ന് അനിൽ അക്കര എംഎൽഎ പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു. തൃശൂർ കലക്ടറേറ്റ്പടിക്കൽ കഴിഞ്ഞ ഞായറാഴ്ച രാവിലെ കുത്തിയിരുന്ന് പ്രതിഷേധിച്ച അനിൽ അക്കര കലക്ടർ എസ് ഷാനവാസിനോടാണ് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചത്.

ശനിയാഴ്ച രാവിലെ തൃശൂർ കലക്ടറേറ്റിനുമുന്നിൽ നടന്ന സമരത്തിൽ എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ പങ്കെടുത്തിരുന്നു. തുടർന്ന് ഇവർ വാളയാറിൽ എത്തി. പിന്നാലെ വി കെ ശ്രീകണ്ഠൻ എംപിയും എത്തി. ഇതിനിടയിലാണ് പാസില്ലാത്ത ആളെ കടത്തിവിട്ടതും, അക്കാര്യം എംഎഎൽഎ പിറ്റേന്ന് സമ്മതിച്ചതും. 'ഞങ്ങൾ കുറച്ചാളുകളെ ഇങ്ങോട്ട് കടത്തിവിട്ടു. അവരെ എവിടെയോ ഒരിടത്ത് ക്വാറന്റൈൻ ചെയ്തു. അവരെ വീണ്ടും വേറെ സ്ഥലത്തേക്ക് മാറ്റുകയാണ്. അപ്പോൾ ഞങ്ങൾ എംഎൽഎമാർ ഉൾപ്പെടെയുള്ള ആളുകൾ ആരോട് കമ്യൂണിക്കേറ്റ് ചെയ്യണം?'-അനിൽ അക്കര കലക്ടറോട് ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP