Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തം കുഞ്ഞിന്റെ മൃതദേഹ ചിത്രങ്ങൾ കാണിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് കൃത്രിമ കരച്ചിൽ; വസ്ത്രത്തിലെ ഉപ്പിന്റെ അംശം അതിശക്തമായ ഫോറൻസിക് തെളിവ്; കുട്ടിയെ കൊല്ലാൻ പ്രേരണയായത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയുള്ള കാമുകന്റെ ഭീഷണി; തയ്യിൽ ക്രൂരതയിൽ അമ്മയേയും കാമുകനേയും പഴുതുകളില്ലാതെ കുടുക്കി കുറ്റപത്രം; പിഞ്ചു കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന ശരണ്യയ്ക്ക് വധശിക്ഷ ഉറപ്പാക്കാൻ കരുതലോടെ പ്രോസിക്യൂഷൻ; മലയാളിയെ കരയിപ്പിച്ച കൊലക്കേസ് വിചാരണയിലേക്ക്

സ്വന്തം കുഞ്ഞിന്റെ മൃതദേഹ ചിത്രങ്ങൾ കാണിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് കൃത്രിമ കരച്ചിൽ; വസ്ത്രത്തിലെ ഉപ്പിന്റെ അംശം അതിശക്തമായ ഫോറൻസിക് തെളിവ്; കുട്ടിയെ കൊല്ലാൻ പ്രേരണയായത് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയുള്ള കാമുകന്റെ ഭീഷണി; തയ്യിൽ ക്രൂരതയിൽ അമ്മയേയും കാമുകനേയും പഴുതുകളില്ലാതെ കുടുക്കി കുറ്റപത്രം; പിഞ്ചു കുഞ്ഞിനെ കടലിൽ എറിഞ്ഞ് കൊന്ന ശരണ്യയ്ക്ക് വധശിക്ഷ ഉറപ്പാക്കാൻ കരുതലോടെ പ്രോസിക്യൂഷൻ; മലയാളിയെ കരയിപ്പിച്ച കൊലക്കേസ് വിചാരണയിലേക്ക്

ആർ പീയൂഷ്

കണ്ണൂർ: പിഞ്ചു കുഞ്ഞിനെ കടലൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനൊരുങ്ങി പൊലീസ്. മാതാവ് ശരണ്യക്കും കാമുകൻ നിധിനുമെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് പഴുതടച്ച കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് കണ്ണൂർ ഡി.വൈ.എസ്‌പി അറിയിച്ചത്. അതിവേഗ വിചാരണ ഉറപ്പാക്കി പ്രതികൾ ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പൊലീസ്.

ഫെബ്രുവരി പതിനേഴിനാണ് തയ്യിൽ കടപ്പുറത്തുകൊടുവള്ളി ഹൗസിൽ ശരണ്യ പ്രണവ്-ദമ്പതികളുടെ മകൻ വിയാ(ഒന്നര വയസ്സ്)ന്റെ മൃതദേഹം കണ്ടെത്തുന്നത്. കടലിനോട് ചേർന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിതാവ് പ്രണവാണ് കുട്ടിയെ കൊലപ്പെടുത്തയത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ പിന്നീട് അന്വേഷണത്തിൽ മാാവ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.

ശരണ്യയും പ്രണവും തമ്മിൽ നേരത്തെ മുതൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിൽ അകപ്പെട്ട ശരണ്യ കാമുകനൊപ്പം ജീവിക്കാൻ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയും എടുത്ത് പുലർച്ചെ മുന്നു മണിയോടെ കടപ്പുറത്തേക്ക് പോയ ശരണ്യ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തിൽ കടൽവെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതിൽ നിർണായകമായത്.

ശരണ്യയെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. കുഞ്ഞിനോട് സ്നേഹമില്ല ഉപദ്രവിക്കുമായിരുന്നു എന്നൊക്കെയാണ് കൂടുതലും പറഞ്ഞത്. കൊല ചെയ്തത് ഭർത്താവ് പ്രണവാണ് എന്ന് വരുത്തി തീർക്കാനുള്ളത് പോലെ തോന്നി. ഇതിനിടയിൽ ശരണ്യയുടെ മൊബൈലിലേക്ക് ഒരു നമ്പരിൽ നിന്നും നിരന്തരമായി കോൾ വരുന്നുണ്ടായിരുന്നു. ഏകദേശം പതിനേഴോളം മിസ്ഡ് കോളുകളാണ് വന്നത്. ഇതോടെ ഫോൺ അറ്റൻഡ് ചെയ്യാൻ ശരണ്യയോട് ആവശ്യപ്പെട്ടു. ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ട് സംസാരിക്കാൻ പറഞ്ഞു. കോൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ എതിർ വശത്തുള്ള ആൾ ആധികാരികതയോടെ നീ എവിടെയായിരുന്നു? എന്താ ഫോൺ എടുക്കാത്തത് എന്നൊക്കെ ചോദിക്കുകയായിരുന്നു. പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ വേഗം സംഭാഷണം അവസാനിപ്പിച്ചു.

പിന്നെയാണ് കഥയുടെ ഗതി മാറിയത്. ഫോണിൽ സംസാരിച്ചത് ആരാണ് എന്ന ചോദ്യത്തിൽ തനിക്കറിയില്ല എന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ശരണ്യയുടെ ഫോണിലെ വാട്ട്സാപ്പും ഫെയ്സ് ബുക്കും പരിശോധിച്ചു. ഫോണിൽ സംസാരിച്ച ആളുമായി നിരവധി തവണ മെസ്സേജ് അയച്ചതായി കണ്ടെത്തി. മെസ്സേജുകളിലെല്ലാം പ്രണയം തന്നെയായിരുന്നു വിഷയം. അങ്ങനെയാണ് കാമുകനെ പറ്റി ശരണ്യ വെളിപ്പെടുത്തുന്നത്. തന്നെ ഇഷ്ട്ടപ്പെടുന്നയാളാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും ശരണ്യ പറഞ്ഞതോടെ ചില സംശയങ്ങൾ ഉരുത്തുരിഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ വേഗം ശരണ്യയെ കാണിച്ചു. കാണുമ്പോഴുള്ള മുഖഭാവം എങ്ങനെയാവും എന്നറിയാനായിരുന്നു. കൃത്രിമമായി തോന്നുന്ന തരത്തിൽ ഒരു കരച്ചിലായിരുന്നു ഉണ്ടായത്.

അടുത്തതായി ഭർത്താവ് പ്രണവിനെ ചോദ്യം ചെയ്തു. രാത്രിയിൽ തന്റെയൊപ്പം കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ മൂന്ന് മണിയോടെ ശരണ്യ പാലു കൊടുക്കാനായി എടുത്തു കൊണ്ടു പോകുന്നത് മാത്രമേ കണ്ടുള്ളൂ എന്നും പിന്നെ രാവിലെ കുഞ്ഞിനെ കാന്നുന്നില്ല എന്നുള്ള ശരണ്യയുടെ ഒച്ചപ്പാടാണ് കേട്ടതെന്നും പ്രണവ് പറഞ്ഞു. ശരണ്യയെ കാണിച്ചത് പോലെ പ്രണവിനെയും കാണിച്ചു. എന്റെ മോനെവിടെ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു ചോദ്യമായിരുന്നു.

അങ്ങനെ ചോദ്യം ചെയ്യലിൽ നിന്നും ശരണ്യയാണ് കുറ്റക്കാരി എന്ന് ഏകദേശ ധാരണ ലഭിച്ചു. എങ്കിലും തെളിവുകളുടെ അഭാവം വീണ്ടും തടസമായി. അങ്ങനെയാണ് അന്ന് തന്നെ കോടതിയിൽ പ്രത്യേക കേസാണെന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതിനാൽ ഫോറൻസിക് പരിശോധന എത്രയും വേഗം നടത്തി റിപ്പോർട്ട് കിട്ടണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ കോടതി അനുമതി നൽകിയതോടെ അന്ന് രാത്രിയിൽ പ്രണവും ശരണ്യയും ഉപയോഗിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധന നടത്തിയത്. പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ മാത്രമാണ് ഉപ്പിന്റെ അംശം ഉണ്ടായിരുന്നത്. അപ്പോൾ കൊലപാതകി ശരണ്യ തന്നെയെന്ന് ഉറപ്പിച്ചു. ശരണ്യയുടെ മുന്നിൽ വച്ച് ഞാൻ എസ്‌ഐയെ ഫോണിൽ വിളിച്ച് പ്രണവ് കുറ്റക്കാരനല്ല എന്നും അയാളെ വിട്ടയക്കാനും പറഞ്ഞു. ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന എതിർപ്പ് കുറഞ്ഞു. ശരണ്യ കുറ്റം സമ്മതിച്ചു.

പുലർച്ചെ മൂന്ന് മണിക്ക് കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോൾ ഭർത്താവിന്റെ അടുത്ത് നിന്നും എടുത്തു കൊണ്ട് വന്നു. പാലു കൊടുത്ത് തോളിലിട്ട് ഉറക്കിയ ശേഷം മുറിയിലെ കസേരയിൽ ഇരുന്നു. ഏറെ നേരം ആലോചിച്ച ശേഷമാണ് കടൽക്കരയിൻ കൊണ്ടുപോയി കൊല നടത്തിയത് എന്ന് ശരണ്യ മൊഴി നൽകി. കാമുകനൊപ്പം ജീവിക്കാൻ കുട്ടി ഒരു തടസ്സമാകുമെന്നതുകൊണ്ടാണ് കൊലപ്പെടുത്തിയത്. മുൻപ് കൊല്ലാൻ തീരുമാനിച്ചെങ്കിലും താൻ പിടിക്കപ്പെടും എന്നുള്ളതുകൊണ്ട് അത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിന്റെ മേൽ കുറ്റം ചുമത്താനാണ് പ്രണവിനെ വിളിച്ചു വരുത്തിയത്. ഭർത്താവിനൊപ്പം കിടന്ന കുഞ്ഞ് മരിക്കുമ്പോൾ ഭർത്താവ് ചെയ്തതാവും എന്ന് കരുതിയാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്നും ശരണ്യ പറഞ്ഞു.

ഭർത്താവിനെ കുടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം നടത്തിയത്. ചോദ്യം ചെയ്ത പൊലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയിൽ ശരണ്യയുടെ ആദ്യത്തെ മൊഴി. പൊലീസ് ചോദ്യങ്ങൾ കടുപ്പിച്ചപ്പോൾ ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടിൽ വന്ന് തങ്ങണമെന്ന് നിർബന്ധം പിടിച്ച് ഭർത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നിൽ പറഞ്ഞ കഥ. ഭർത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.

തുടരന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിൽ നിരത്തുന്നുണ്ട്. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നെന്ന ഫോറൻസിക് പരിശോധന ഫലം, കുഞ്ഞിന്റെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടൽഭിത്തിക്കരികിൽ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടർച്ചായായുണ്ടായ കാമുകന്റെ ഫോൺ വിളികൾ. കൃത്യത്തിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകൻ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരിൽ ലക്ഷങ്ങൾ ലോണെടുക്കാൻ നിതിൻ ശ്രമിച്ചിരുന്നു. ഇതിനായി ഇയാൾ നൽകിയ തിരിച്ചറിയൽ കാർഡുൾപ്പെടെയുള്ള രേഖകൾ ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തി.

ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ഇത് ഭർത്താവിനെ കാണിക്കുമെന്ന് നിതിൻ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP