Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ

ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ

സ്വന്തം ലേഖകൻ

സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതിയും അകന്നു തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ബ്രിട്ടൻ മുൻ ചാൻസലർ ലോർഡ് ലാമന്റും ഈ അഭിപ്രായക്കാരനാണ്. ബ്രിട്ടന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാണ് എന്നാണ് കണക്കുകൾ അടിവരയിട്ടു പറയുന്നതും. മുൻപെങ്ങും കാണാത്ത തരത്തിലുള്ള സാമ്പത്തിക തകർച്ചയാണ് ലോക്ക്ഡൗൺ ബ്രിട്ടന് നൽകിയിരിക്കുന്നത്. കാര്യങ്ങൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, 2021 അവസാനത്തോടെ മാത്രമേ ബ്രിട്ടൻ പൂർവ്വ സ്ഥിതിയിൽ എത്താനാകു എന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ.

ഈ വർഷത്തെ ആദ്യ പാദത്തിൽ ജി ഡി പിയിൽ വന്ന കുറവ് 2 ശതമാനമായിരുന്നു. അതിൽ മാർച്ച് മാസത്തിൽ മാത്രം ജി ഡി പി താഴ്ന്നത് 5.8 ശതമാനവും. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പ്രതിമാസ കുറവാണിത്. എന്നാൽ ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് മാർച്ച് മാസത്തിൽ ഒരാഴ്‌ച്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയാണ്.

സാമ്പത്തിക സ്ഥിതി ഉയർന്ന് തുടങ്ങുന്നതിന് മുൻപായി ഈ രണ്ടാം പാദത്തിൽ ജി ഡി പി നിരക്കിൽ 25% കുറവുണ്ടാകുമെന്നാണ് എൻ ഐ ഇ എസ് ആർ പറയുന്നത്. അതായത്, വർഷത്തിൽ 14% കുറവുണ്ടാകും. 1709 ലെ യൂറോപ്പിലെ വൻ മഞ്ഞുവീഴ്‌ച്ചക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ബ്രിട്ടൻ അഭിമുഖീകരിക്കുക എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

മൊത്തം തൊഴിലിൽ 10% ത്തിൽ ഏറെ നൽകുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം, വ്യോമഗതാഗതം, പൊതുഗതാഗതം എന്നിവ സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം അതിന്റെ പൂർണ്ണ ക്ഷമതയിൽ പ്രവർത്തിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതി കൈവരിക്കുക അസാദ്ധ്യമെന്നു തന്നെയാണ് മുൻ ചാൻസലർ അഭിപ്രായപ്പെടുന്നത്. ഇന്നലെ എഫ് ടി എസ് ഇ 1.5 ശതമാനം താഴ്ന്ന് 5,904.5 ലാണ് ക്ലോസ് ചെയ്തത്.

കൂടുതൽ ഭീതിദമായ ചിത്രം പുറത്തുവന്നത് നികുതി വർദ്ധിപ്പിക്കുവാനുള്ള സാദ്ധ്യത നിഷേധിക്കുന്നില്ലെന്നും, പൊതുകാര്യങ്ങൾക്കുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടിവരുമെന്നും ചാൻസലർ ഋഷി സുനാക് പറയുന്ന ട്രഷറി രേഖകൾ ചോർന്നതോടെയാണ്. ഭരണകൂടം എല്ലാ സാദ്ധ്യതകളും ആലോചിക്കുന്നു എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പൊതു സമ്പദ്ഘടനയിൽ 300 ബില്ല്യൺ പൗണ്ടിന്റെ ആഘാതം സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് സർക്കാർ തിനിഞ്ഞത് എന്നാണ് കരുതപ്പെടുന്നത്.

എന്നാൽ ഇത് വെറും സാമ്പത്തിക മാന്ദ്യമല്ലെന്നും മഹാമാന്ദ്യം തന്നെയാണെന്നുമാണ് ഐ എഫ് എസ് ഡയറക്ടർ പോൾ ജോൺസൺ പറയുന്നത്. തകർച്ചയുടെ നിരക്ക് അത്രമാത്രം വലുതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത്രനാളും ഉണ്ടായതുപോലുള്ള സാമ്പത്തിക മാന്ദ്യമല്ല ഇത്. തികച്ചും വ്യത്യസ്തമായ ഒരു കാരണത്താൽ, അതിനോട് സർക്കാർ പ്രതികരിച്ച തികച്ചും വ്യത്യസ്തമായ ഒരു രീതിയാൽ ഉണ്ടായ സാമ്പത്തികമാന്ദ്യമാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് തന്നെ ഇത് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്ത് ഇതിൽ നിന്നും രക്ഷനേടണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

വിവിധ പഠനങ്ങൾ പറയുന്നത് ഈ പാദത്തിൽ ജി ഡി പിയിൽ ഉണ്ടാകാൻ പോകുന്ന കുറവ് 25-30% ആയിരിക്കുമെന്നാണ്. ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും പറയുന്നത് ഈ വർഷത്തെ മൊത്തം ജി ഡി പിയിൽ ഉണ്ടാകുന്ന കുറവ് 7% ആയിരിക്കുമെന്നാണ്. അതായത്, അടുത്ത വർഷം അന്ത്യത്തോടെ അല്ലാതെ ഇതിൽ നിന്നും കരകയറുക അസാദ്ധ്യമായിരിക്കും എന്നർത്ഥം. എന്നാൽ ഇതു തന്നെ സാദ്ധ്യമാകണമെങ്കിൽ, ലോക്ക്ഡൗൺ നീക്കം ചെയ്യുകയും അതേ സമയം പൊതുജന സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

കെട്ടിട നിർമ്മാണം, ഉല്പാദന മേഖല എന്നിങ്ങനെയുള്ള അപ്സ്ട്രീം മേഖലകൾ തുറന്ന് പ്രവർത്തിക്കുന്നത് സാമ്പത്തികഘടനക്ക് തീർച്ചയായും ഉത്തേജനം പകരും എന്നാൽ ഒരു വാക്സിൻ കണ്ടുപിടിക്കാതിരിക്കുന്നത്, അപകട സാദ്ധ്യത വളർത്തുകയും കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ദർ പറയുന്നത്.

വരുമാന നികുതി, മൂല്യവർദ്ധിത നികുതി, നാഷണൽ ഇൻഷുറൻസ് എന്നിവയിൽ വർദ്ധനവ് വരുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അതിനെല്ലാം മുതിരേണ്ടി വന്നേക്കാം. അതേ സമയം, വ്യവസായ സ്ഥാപനങ്ങൾ ആഗസ്റ്റിനു ശേഷവും സർക്കാർ ഉത്തരവ് പ്രകാരം അടഞ്ഞുകിടക്കുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകുവാനുള്ള ബാദ്ധ്യത വ്യവസായ സ്ഥാപനങ്ങൾക്ക് കൈവന്നേക്കാം എന്നും കണക്കാക്കപ്പെടുന്നു. സാമ്പത്തിക ബാദ്ധ്യത പെരുകുന്നതനുസരിച്ച് വേതനം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കാം.

ഏറ്റവും മോശമായ സാഹചര്യത്തിൽ ബജറ്റ് കമ്മി 516 ബില്ല്യൺ പൗണ്ടായി വർദ്ധിച്ചേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വാർഷിക നികുതികളിൽ 90 ബില്ല്യൺ ഡോളറിന്റെ വർദ്ധനയോ അല്ലെങ്കിൽ പൊതു ചെലവുകളിൽ കുറവോ ആവശ്യപ്പെടുന്നു. അതേസമയം, രാജ്യം എത്രയും പെട്ടെന്ന് ഈ അവസ്ഥ തരണം ചെയ്യുന്നു എന്ന ഏറ്റവും ശുഭോദകമായ അവസരത്തിൽ പോലും 209 ബില്ല്യൺ പൗണ്ടിന്റെ കമ്മി ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, എത് സാഹചര്യത്തിലായാലും നികുതി വർദ്ധനവും പൊതു ചെലവു കുറയ്ക്കലും അനിവാര്യമാണെന്നർത്ഥം.

ഇതിനിടയിൽ , ചെറുകിട വ്യവസായങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് അവയിൽ മൂന്നിൽ ഒരെണ്ണം വീതം ഇനി പ്രവർത്തിക്കില്ല എന്നാണ്. ഇത് സർക്കാരിന് കൂടുതൽ ബാദ്ധ്യത വരുത്തിവയ്ക്കും. 5000 ത്തിൽ അധികം ബ്രിട്ടീഷ് കമ്പനികൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പറയുന്നത് പത്തിൽ ഏഴ് പേരും ജോബ് റിട്ടെൻഷൻ പദ്ധതി ഉപയോഗപ്പെടുത്തുന്നു എന്നാണ്. മൂന്നിൽ ഒന്ന് വ്യവസായ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ ഇനിയും കുറവ് വരുത്തുമെന്നും കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP