Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ 1000 കോടി; വെന്റിലേറ്ററുകൾ വാങ്ങാൻ 2000 കോടി; വാകിസിൻ നിർമ്മാണത്തിന് 100 കോടിയും; സൂക്ഷ്മ-ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകിയ ആദ്യ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കാതോർക്കുന്നത് കർഷക ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികൾ അറിയാൻ; പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റിൽ നിന്നും കൂടുതൽ പദ്ധതികളെത്തുമെന്നും സൂചന; കോവിഡിനെ നേരിടാനുള്ള സാമ്പത്തിക പാക്കേജിൽ സഹായം പ്രതീക്ഷിച്ച് സംസ്ഥാനങ്ങളും

അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ 1000 കോടി; വെന്റിലേറ്ററുകൾ വാങ്ങാൻ 2000 കോടി; വാകിസിൻ നിർമ്മാണത്തിന് 100 കോടിയും; സൂക്ഷ്മ-ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ഊന്നൽ നൽകിയ ആദ്യ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യം കാതോർക്കുന്നത് കർഷക ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികൾ അറിയാൻ; പിഎം കെയേഴ്സ് ഫണ്ട് ട്രസ്റ്റിൽ നിന്നും കൂടുതൽ പദ്ധതികളെത്തുമെന്നും സൂചന; കോവിഡിനെ നേരിടാനുള്ള സാമ്പത്തിക പാക്കേജിൽ സഹായം പ്രതീക്ഷിച്ച് സംസ്ഥാനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വയം പര്യാപ്തമായ ഇന്ത്യ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജിന്റെ ആദ്യ പ്രഖ്യാപനത്തിൽ സൂക്ഷ്മ-ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ.) ഊന്നൽ. തൊട്ടു പിന്നാലെ കോവിഡ്19 നെതിരായ പോരാട്ടത്തിനുവേണ്ടി പി.എം. കെയേഴ്സ് ഫണ്ട് ട്രസ്റ്റിൽ നിന്ന് 3100 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അനുവദിച്ച 3100 കോടിയിൽ ഏകദേശം 2000 കോടിയോളം രൂപ വെന്റിലേറ്ററുകൾ വാങ്ങുന്നതിനായി മാറ്റിവെയ്ക്കും. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് 100 കോടി രൂപയും നീക്കിവെക്കും. ഈ തുക 20 ലക്ഷം കോടിയുടെ പാക്കേജിൽ ഉൾപ്പെടുമെന്നാണഅ സൂചന.

ഇനിയും പ്രഖ്യാപനങ്ങൾ തുടരും. കാർഷിക മേഖലയ്ക്ക് എന്ത് നൽകുമെന്നതാണ് പ്രധാനം. കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് പണം നേരിട്ട് ലഭ്യമാക്കണമെന്ന ആവശ്യം സജീവമാണ്. ഇതിലുള്ള പ്രഖ്യാപനത്തിന് വേണ്ടിയാണ് രാജ്യം കാതോർക്കുന്നത്. പാവങ്ങളെ നേരിട്ട് സഹായിച്ചാൽ മാത്രമേ കോവിഡിനെ അവർക്ക് ചെറുക്കാനാവൂ എന്നാണ് വിലയിരുത്തൽ. വൻകിട വ്യവസായങ്ങൾക്ക് വേണ്ടി നടത്തുന്ന നികുതി ഇളവ് പ്രഖ്യാപനവും ഉണ്ടാകാനിടയുണ്ട്. ഇതെല്ലാം പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. അതിനിടെ പാക്കേജിനെതിരെ വിമർശനങ്ങളും സജീവമാണ്. തൊഴിൽ നിയമങ്ങൾ ഉടച്ചു വാർക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്. സംസ്ഥാന സർക്കാരുകളും കോവിഡിനെ നേരിടാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ട്. പാക്കേജിലൂടെ അത് ലഭിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

സൂക്ഷ്മ-ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പകൾ നൽകുന്നതിനു മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. സ്വയം ആശ്രിതം എന്നതാണ് ആത്മനിർഭർ എന്ന വാക്കിനർഥമെന്ന് വിശദമാക്കിക്കൊണ്ടാണ് ധനമന്ത്രി പ്രഖ്യാപനത്തിന് തുടക്കമിട്ടത്. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ, മറ്റു രാജ്യങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്ന ഇന്ത്യയെന്ന അർഥമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ മോദി സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികൾ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു. അതിന്റെ തുടർച്ചയാണ് ആത്മനിർഭർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിഥി തൊഴിലാളി ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രഖ്യാപനം.

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ചതാണ് പി.എം. കെയേഴ്സ് ഫണ്ട് ട്രസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങും അംഗങ്ങളാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം നിർമ്മിച്ച 50,000 വെന്റിലേറ്ററുകളാണ് വാങ്ങുന്നത്. 2000 കോടി ഇതിന് വേണ്ടി വിനിയോഗിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്കും വെന്റിലേറ്ററുകൾ വിതരണം ചെയ്യും. കുടിയേറ്റതൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി നിലവിലുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനാണ് ആയിരം കോടി അനുവദിച്ചിട്ടുള്ളത്.

അവർക്ക് താമസ സൗകര്യം ഏർപ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങൾ നടത്തുന്നതിനും ചികിത്സസഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായി സംസ്ഥാനങ്ങളിലേക്ക് ഈ തുക കൈമാറും. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണർമാർ മുഖേന ജില്ലാ കളക്ടർമാർ, മുനിസിപ്പൽ കമ്മീഷണർമാർ തുടങ്ങിയവർക്കാകും പണം കൈമാറുക. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാഥമിക സഹായമായിട്ടാണ് 100 കോടി അനുവദിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിന് മാർച്ച് 27 നാണ് പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റ്‌വേഷൻ (പിഎം കെയേർസ്) ഫണ്ട് എന്ന പേരിൽ പബ്ലിക് ചാരിറ്റബിൾ ഫണ്ട് രൂപീകരിച്ചത്.

കോവിഡ് 19നെതിരെയുള്ള യുദ്ധത്തിൽ സംഭാവന നൽകാൻ ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹായിക്കാനുള്ള സന്നദ്ധത കണക്കിലെടുത്താണ് ചാരിറ്റബിൾ ഫണ്ടിന് രൂപം നൽകിയതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ ഫണ്ടിലേക്കുള്ള സംഭാവനകൾക്ക് ആദായനികുതി ഇളവും ലഭ്യമാണ്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്‌സി) ഹൗസിങ് ഫിനാൻസ് കമ്പനികൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കും വായ്പ ലഭ്യതയ്ക്കായി 30,000 കോടി അനുവദിക്കുമെന്നതാണ് ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

കരാറുകളുടെ സമയപരിധി നീട്ടി റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും സർക്കാർ പണികളുടെ കരാറുകാർക്കും സഹായമുണ്ട്. കൂടുതൽ മേഖലകൾക്കുള്ള ആശ്വാസ നടപടികൾ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഈടില്ലാതെ വായ്പ 4 വർഷത്തേക്ക്. 25 കോടി വായ്പയും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾക്ക് നിലവിലെ വായ്പയുടെ 20% വരെ അനുവദിക്കും. ഒരു വർഷം തിരിച്ചടവു മൊറട്ടോറിയം; പലിശ നിരക്കിനു പരിധി. 45 ലക്ഷം യൂണിറ്റുകൾക്ക് പ്രയോജനം. പദ്ധതിക്കായി നീക്കിവയ്ക്കുന്നതു 3 ലക്ഷം കോടി രൂപ. ഒക്ടോബർ 31 വരെ സമയം.-ഇങ്ങനെ പോകുന്നു പ്രഖ്യാപനം.

എം.എസ്.എം.ഇ. യുടെ നിർവചനത്തിൽ മാറ്റം

മുൻപ് നിക്ഷേപം മാത്രം നോക്കിയാണ് ഒരു സംരംഭം ഏതു വിഭാഗത്തിൽപ്പെടുന്നുവെന്ന് കണക്കാക്കിയിരുന്നതെങ്കിൽ ഇനി അതോടൊപ്പം വിറ്റുവരവു കൂടി പരിഗണിക്കും. നിർമ്മാണ മേഖലയെന്നും സേവന മേഖലയെന്നുമുള്ള വേർതിരിവും ഇനിയുണ്ടാവില്ല. ഒരു കോടി രൂപ വരെ നിക്ഷേപവും അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ളതും ഇനി സൂക്ഷ്മ (മൈക്രോ) സംരംഭങ്ങളായിരിക്കും (മുൻപ് നിർമ്മാണ മേഖലയ്ക്ക് 25 ലക്ഷവും സേവനത്തിന് പത്തുലക്ഷവും). പത്തു കോടിയിൽ താഴെ നിക്ഷേപവും അമ്പതു കോടിയിൽ താഴെ വിറ്റുവരവുമാണെങ്കിൽ ഇനി ചെറുകിട സംരംഭമായും 20 കോടിയിൽ താഴെ നിക്ഷേപവും നൂറു കോടിയിൽ താഴെ വിറ്റുവരവുമാണെങ്കിൽ ഇടത്തരവുമായി കണക്കാക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യാപാരമേളകളും പ്രദർശനങ്ങളുമൊന്നും നടക്കാനിടയില്ല. അതിനാൽ എം.എസ്.എം.ഇ.കൾക്ക് വിപണി കണ്ടെത്താൻ ഇ-മാർക്കറ്റ് ലിങ്കേജ് നൽകും. മാത്രവുമല്ല, ചെറുകിട സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിയതിന്റെ വിലയായും മറ്റും സർക്കാർ നൽകാനുള്ള തുക 45 ദിവസത്തിനകം കൊടുത്തുതീർക്കും.

സർക്കാർ വിവിധ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ആഗോള ടെൻഡർ വിളിക്കുന്നതിനാൽ ആഭ്യന്തര ചെറുകിട സ്ഥാപനങ്ങൾക്ക് വിദേശ കമ്പനികളോടു മത്സരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇനി 200 കോടി രൂപ വരെയുള്ള ഇടപാടുകൾക്ക് ആഗോള ടെൻഡർ വിളിക്കില്ല. അതിനാൽ, രാജ്യത്തിനകത്തെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ടെൻഡർ ലഭിക്കും. ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യും. സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തെയും മെയ്ക്ക് ഇൻ ഇന്ത്യയെയും ശക്തിപ്പെടുത്താൻ ഇതുപകരിക്കും.

ശമ്പളക്കാരല്ലാത്ത നികുതിദായകരിൽനിന്ന് ടി.ഡി.എസ്സും (ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്), ടി.സി.എസ്സും (ടാക്സ് കലക്ഷൻ അറ്റ് സോഴ്സ്) പിടിക്കുന്നത് നിലവിലെ നിരക്കിൽനിന്ന് 25 ശതമാനം കുറച്ചു. ഇതുവഴി 50,000 കോടിയുടെ അധികപണം നികുതിദായകരുടെ കൈയിൽ നിൽക്കും. ഈ സാമ്പത്തികവർഷം തീരുംവരെയാണ് ഈ ആനുകൂല്യം. ആദായ നികുതി റിട്ടേണുകളും നൽകേണ്ട അവസാന തീയതി ജൂലായ് 31-ഉം ഒക്ടോബർ 31-ഉം ആയിരുന്നത് നവംബർ 30 വരെ നീട്ടി. നികുതി ഓഡിറ്റ് തീയതി സെപ്റ്റംബർ 30-ൽ നിന്ന് ഒക്ടോബർ 31 വരെയാക്കി.

ധനലഭ്യത കൂട്ടുമെന്ന് മോദി

ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ വ്യവസായ ലോകവും ചെറുകിട - ഇടത്തരം വ്യവസായ മേഖലയും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ പണലഭ്യത വർധിപ്പിക്കും. സംരംഭകര ശക്തരാക്കുകയും അവരുടെ മത്സരബുദ്ധി വർധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വിമർശവുമായി മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തു.

ആത്മ നിർഭർ ഭാരത് പാക്കേജിന്റെ ആദ്യഘട്ട പ്രഖ്യാപനം ധനമന്ത്രി നിർമല സീതാരാമൻ നടത്തിയതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തു വന്നു. പ്രഖ്യാപനത്തിലെ എം.എസ്.എം.ഇ. പാക്കേജ് ഒഴികെ ബാക്കിയെല്ലാത്തിലും ഞങ്ങൾ നിരാശരാണെന്ന് മുൻ ധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു. 20 ലക്ഷം കോടി പാക്കേജിലെ 3.6 ലക്ഷം കോടിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 16.4 ലക്ഷം കോടി എവിടെ?- ചിദംബരം ആരാഞ്ഞു.

സർക്കാർ കൂടുതൽ ചിലവഴിക്കുകയും കൂടുതൽ കടംവാങ്ങുകയും വേണം. കൂടുതൽ കടം വാങ്ങാൻ സംസ്ഥാനങ്ങളെ അനുവദിക്കുകയും വേണം. എന്നാൽ അങ്ങനെ ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. ഈ സർക്കാർ അവരുടെ തന്നെ അജ്ഞതയുടെയും ഭയത്തിന്റെയും തടവിലാണ്-ചിദംബരം പറഞ്ഞു. വീടുകളിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ പാവപ്പെട്ടവരായ, വിശന്നുവലഞ്ഞ കുടിയേറ്റക്കാർക്കു വേണ്ടിയുള്ളതൊന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP