Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലർച്ചെ ടാപ്പിങ്ങിനായി റബ്ബർ തോട്ടത്തിലെത്തിയ മോഹനൻ കണ്ടത് നരഭോജി കടുവയെ; ജീവനും കയ്യിൽപിടിച്ച് ഓടിയ 60കാരൻ രക്ഷപെട്ടത് തലനാരിഴക്കും; തണ്ണിത്തോട്ടിൽ മനുഷ്യ ജീവൻ എടുത്ത കടുവ കൂടുതൽ ഇടങ്ങളിൽ മനുഷ്യന് ഭീഷണിയാകുന്നു

പുലർച്ചെ ടാപ്പിങ്ങിനായി റബ്ബർ തോട്ടത്തിലെത്തിയ മോഹനൻ കണ്ടത് നരഭോജി കടുവയെ; ജീവനും കയ്യിൽപിടിച്ച് ഓടിയ 60കാരൻ രക്ഷപെട്ടത് തലനാരിഴക്കും; തണ്ണിത്തോട്ടിൽ മനുഷ്യ ജീവൻ എടുത്ത കടുവ കൂടുതൽ ഇടങ്ങളിൽ മനുഷ്യന് ഭീഷണിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: മനുഷ്യജീവന് ഭീഷണിയായി നരഭോജി കടുവ. തണ്ണിത്തോട്ടിൽ മനുഷ്യ ജീവൻ എടുത്ത കടുവ വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം ടാപ്പിം​ഗ് തൊഴിലാളിയായ മോഹനൻ കടുവയുടെ വായിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്കാണ്. മാടമൺ ചമ്പോൺ അതുമ്പനാംകുഴി കിഴക്കേപറമ്പിൽ മോഹനനാ(60)ണ് കടുവയുടെ അക്രമത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി മണിയാറിലെത്തി പശുക്കിടാവിനെ കൊന്ന ശേഷം കാടു കയറിയ കടുവ ഇന്നലെ വടശേരിക്കര ബൗണ്ടറിക്കും ചമ്പോണിനും ഇടയിൽ റബർ തോട്ടത്തിലെത്തുകയായിരുന്നു. ഞായറാഴ്ച പശുവിനെ കൊന്ന മണിയാർ പൂതക്കല്ലിൽ രാജന്റെ വീട്ടിൽ നിന്നും നാലു കിലോമീറ്ററോളം അകലെയാണ് ഇന്നലെ കടുവയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നും ചമ്പോൺ തോട്ടത്തിൽ ടാപ്പിങ്ങുകാരനെ ആക്രമിക്കാൻ ഓടിച്ചത് തണ്ണിത്തോട്ടിലെ നരഭോജി കടുവയാണെന്ന് വനപാലകർ ഉറപ്പാക്കിയിട്ടുണ്ട്.

ചമ്പോൺ ചേന്നാട്ട് തോമസ് ഫിലിപ്പിന്റെ തോട്ടത്തിലെ റബർ ടാപ്പു ചെയ്യാനായി ഇന്നലെ പുലർച്ചെ അഞ്ചരയ്ക്ക് പോകുമ്പോഴാണ് മോഹനൻ കടുവയുടെ മുമ്പിൽ അകപ്പെട്ടത്. തോട്ടത്തിൽ കടുവ കിടക്കുന്നതുകണ്ട് രക്ഷപ്പെടാൻ ഓടിയ മോഹനന്റെ പിന്നാലെ കടുവ കുതിച്ചു. നൂറു മീറ്ററോളം അകലെയുള്ള വീടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അടച്ചതിനാൽ ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ഈ വീട്ടിലെ യുവാവും കടുവയെ നേരിൽക്കണ്ടു. വീട്ടുകാർ ബഹളം വച്ചതോടെ കടുവ ഓടി മറഞ്ഞു. മോഹനന്റെ പിന്നാലെയെത്തിയ കടുവയുടെ കാൽപ്പാടുകൾ അദ്ദേഹം രക്ഷപ്പെടാൻ കയറിയ വീട്ടുമുറ്റത്തു വരെ പതിഞ്ഞതായി വടശേരിക്കര റെയ്ഞ്ച് ഓഫീസർ ബി. വേണുകുമാർ പറഞ്ഞു.

മണിയാർ വനമേഖലയിൽ നിന്നും ചമ്പോൺ പ്രദേശത്തെ ജനവാസമേഖലയിലേക്ക് അക്രമാസക്തനായ കടുവ കടന്നതോടെ ജനം ഭീതിയിലാണ്. ഇതോടെ വനപാലകരും അതീവ ജാഗ്രതയിലായി. ഇന്നലെ കടുവയെ കണ്ട സ്ഥലത്തും സമീപ മേഖലകളിലുമെല്ലാം വനപാലക സംഘം അരിച്ചു പെറുക്കിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ, കോന്നി വെെറ്റനറി സർജൻ ശ്യാംകുമാർ, എ.സി.എഫ്.ഹരികൃഷ്ണൻ, റെയ്ഞ്ച് ഓഫീസർ ബി. വേണുകുമാർ, മറ്റു വനപാലകർ എന്നിവരുടെ നേതൃത്വത്തിൽ റബർ തോട്ടങ്ങളിലും ജനവാസ മേഖലയോടു ചേർന്ന വനപ്രദേശത്തും കുറ്റിക്കാടുകളിലും തെരച്ചിൽ നടത്തി.

കാടു മൂടിയ പ്രദേശങ്ങളിൽ ഇവർ വെടിവച്ച് ശബ്ദമുണ്ടാക്കി. പത്തനാപുരത്തു നിന്നും വനംവകുപ്പ് എത്തിച്ച ഡ്രോൺ ഉപയോഗിച്ച് മേഖലയിലെല്ലാം പലവട്ടം നിരീക്ഷണവും നടത്തി. കടുവയെ കുടുക്കാൻ മണിയാറിൽ തിങ്കളാഴ്ച സ്ഥാപിച്ച രണ്ടു കൂടുകൾക്കു പുറമേ ഇന്നലെ തണ്ണിത്തോട്ടിൽ നിന്നെത്തിച്ച ഒരു കൂട് ബൗണ്ടറി യൂക്കാലി പ്ലാന്റേഷനിലും സ്ഥാപിച്ചു. കടുവയിറങ്ങിയ പ്രദേശങ്ങളിൽ ഇന്നലെ ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ്, െവെസ്പ്രസിഡന്റ് റിങ്കു ചെറിയാൻ തുടങ്ങിയവർ എത്തി. ഇവർ എ.എ.സി.എഫ്. ഹരികൃഷ്ണനുമായി ചർച്ച നടത്തി.

വടശേരിക്കര: കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് മണിയാർ, കോന്നി താലൂക്കിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർ പി.ബി. നൂഹ് ഉത്തരവായി. നാലിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുകയോ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് 15ന് അർധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും. 15ന് മുമ്പായി വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതൽ ഈ ഉത്തരവ് റദ്ദാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP