Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടും കളിയിലെ താരമായിട്ടും അടുത്ത മത്സരത്തിൽ തഴഞ്ഞു; പലവട്ടം ധോണിയോട് ചോദിക്കണമെന്നുണ്ടായിരുന്നിട്ടും കഴിഞ്ഞില്ല; സീനിയേഴ്സിനെ ചോദ്യം ചെയ്യുക എന്ന ശീലമില്ലെന്നും മനോജ് തിവാരി

ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടും കളിയിലെ താരമായിട്ടും അടുത്ത മത്സരത്തിൽ തഴഞ്ഞു; പലവട്ടം ധോണിയോട് ചോദിക്കണമെന്നുണ്ടായിരുന്നിട്ടും കഴിഞ്ഞില്ല; സീനിയേഴ്സിനെ ചോദ്യം ചെയ്യുക എന്ന ശീലമില്ലെന്നും മനോജ് തിവാരി

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: അന്തിമ ഇലവനിൽ നിന്ന് തന്നെ കാര്യമില്ലാതെ എന്തിന് ഒഴിവാക്കി എന്ന് അന്ന് ക്യാപ്റ്റനായിരുന്ന ധോണിയോട് ചോദിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഇന്ത്യൻ ടീമിലും ഐപിഎല്ലിലും കളിക്കുമ്പോൾ കാരണമില്ലാതെ അന്തിമ ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് ധോണിയോട് പലവട്ടം ചോദിക്കാനൊരുങ്ങിയിട്ടുണ്ട്. എന്നാൽ പിന്നീട് അതിൽ നിന്നും പിന്മാറുകയായിരുന്നു എന്നും മനോജ് തിവാരി പറയുന്നു. ശ്രേയസ് അയ്യരും പൃഥ്വി ഷായും ആണ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരങ്ങളെന്നും മനോജ് തിവാരി പറ‌ഞ്ഞു.

ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടും കളിയിലെ താരമായിട്ടും അടുത്ത മത്സരത്തിൽ തന്നെ അന്തിമ ഇലവനിൽ നിന്ന് തഴഞ്ഞുവെന്നും പിന്നീട് 14 മത്സരങ്ങളിൽ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്നും തിവാരി പറഞ്ഞു. ഇതേപ്പറ്റി അന്ന് ക്യാപ്റ്റനായിരുന്ന ധോണിയോട് പലവട്ടം ചോദിക്കാനൊരുങ്ങിയതാണ്. പക്ഷെ പിന്നീട് മടിച്ചു. അവസരം കിട്ടിയില്ല എന്നോ ധൈര്യമില്ലായിരുന്നു എന്നോ എന്തുവേണമെങ്കിലും കരുതാം. സീനിയേഴ്സിനെ ചോദ്യം ചെയ്യുക എന്ന ശീലമില്ല. അതുകൊണ്ടുതന്നെ പലവട്ടം ചോദിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിൻവാങ്ങി. ആ ചോദ്യമാകട്ടെ ഇതുവരെ ചോദിക്കാനുമായിട്ടില്ല.

എന്നെ ഒഴിവാക്കിയതിന് പിന്നിൽ ക്യാപ്റ്റനും കോച്ചിനും ടീം മാനേജ്മെന്റിനും മറ്റ് പല പദ്ധതികളുമുണ്ടായിരുന്നിരിക്കാം. അതെന്തായാലും അതിനെ ‌ഞാൻ ബഹുമാനിക്കുന്നു. ഐപിഎല്ലിൽ റൈസിങ് പൂണെ സൂപ്പർ ജയന്റ്സിനുവേണ്ടി കളിക്കുമ്പോഴും ഇത്തരത്തിൽ ടീമിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അന്നും എന്തിനാണ് ഒഴിവാക്കയതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.എന്നാൽ മത്സരസാഹചര്യങ്ങളും ഐപിഎല്ലിലെ കടുത്ത പോരാട്ടവും കണക്കിലെടുത്ത് ചോദിച്ചില്ല. ഭാവിയിൽ എപ്പോഴെങ്കിലും ഇക്കാര്യം ധോണിയോട് ചോദിക്കാമെന്നാണ് ഇനി പ്രതീക്ഷ-മനോജ് തിവാരി പറഞ്ഞു.

കഴിവുണ്ടായിട്ടും ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാതെ പോയ കളിക്കാരനാണ് ബംഗാളുകാരനായ മനോജ് തിവാരി. ഇന്ത്യക്കായി 12 ഏകദിനങ്ങളും 3 ടി-20കളും മാത്രമാണ് തിവാരി കളിച്ചത്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റൈസിങ് പൂണെ സൂപ്പർ ജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള തിവാരിയെ കഴിഞ്ഞ രണ്ട് ഐപിഎൽ ലേലത്തിലും ഫ്രാഞ്ചൈസികൾ തഴഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം തിവാരി സെലക്ടർമാർക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിലുള്ള നിരാശ പങ്കുവച്ച അദ്ദേഹം ഇനിയുമെങ്ങനെ മെച്ചപ്പെടുത്തണമെന്ന് പറഞ്ഞാൽ അങ്ങനെ ശ്രമിക്കാമെന്നും അറിയിച്ചിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മനോജ് തിവാരി. അത് എളുപ്പമാവില്ലെന്നും എങ്കിലും റൈഫിൾ ഷൂട്ടിംഗിനു വേണ്ടി സമയം മാറ്റി വെക്കാൻ ശ്രമിക്കുമെന്നും തിവാരി പറഞ്ഞിരുന്നു.

“100 മീറ്റർ റൈഫിൽ ഷൂട്ടിംഗിൽ ഞാൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരുപക്ഷേ, നിങ്ങൾ കണ്ടേക്കാം. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാൽ വ്യക്തി എന്ന നിലയിൽ എനിക്ക്‌ വേറേയും ഒരുപാട്‌ ഉത്തരവാദിത്തങ്ങളുണ്ട്‌. അത് എളുപ്പമല്ല. എങ്കിലും, ഈ തിരക്കിനിടയിൽ എങ്ങനെ ഇതിനായി സമയം കണ്ടെത്താനാവുമെന്ന്‌ ഞാൻ ആലോചിക്കുന്നുണ്ട്.”- തിവാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP