Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃതമായി കയ്യേറിയ സ്ഥലത്തെ കടക്ക് കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും സംഘടിപ്പിച്ച് നൽകിയത് സിപിഎം നേതാവ്; റോ‍ഡ് വികസനത്തിന് തടസ്സമായ കട പൊളിച്ച് മാറ്റുന്നതിന് തടസ്സം നിന്നത് വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാനും; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കർശന നിലപാടെടുത്ത എംഎൽഎയെ അധിക്ഷേപിച്ചത് കൂടാത്ത പാർലമെന്ററി പാർട്ടി യോ​ഗത്തിന്റെ പേരിലും; കയ്യേറ്റക്കാരന് കുടപിടിക്കുന്ന നേതാവിനെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് സിപിഐയും; കല്ലടയിലെ കയ്യേറ്റ വിവാദം പുതിയ തലത്തിലേക്ക്

അനധികൃതമായി കയ്യേറിയ സ്ഥലത്തെ കടക്ക് കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും സംഘടിപ്പിച്ച് നൽകിയത് സിപിഎം നേതാവ്; റോ‍ഡ് വികസനത്തിന് തടസ്സമായ കട പൊളിച്ച് മാറ്റുന്നതിന് തടസ്സം നിന്നത് വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാനും; കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കർശന നിലപാടെടുത്ത എംഎൽഎയെ അധിക്ഷേപിച്ചത് കൂടാത്ത പാർലമെന്ററി പാർട്ടി യോ​ഗത്തിന്റെ പേരിലും; കയ്യേറ്റക്കാരന് കുടപിടിക്കുന്ന നേതാവിനെ സിപിഎം നിലയ്ക്ക് നിർത്തണമെന്ന് സിപിഐയും; കല്ലടയിലെ കയ്യേറ്റ വിവാദം പുതിയ തലത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഇടത് മുന്നണിയിലെ തർക്കം രൂക്ഷമാകുന്നു. സിപിഎം നേതാവ് ഇടത് മുന്നണി എംഎൽഎക്ക് എതിരെ നൽകിയ പത്രവാർത്ത അടിസ്ഥാന രഹിതവും പ്രതിഷേധാർഹവുമെന്ന് സിപിഐയും. ഇല്ലാത്ത തീരുമാനം ഇടത് മുന്നണിയുടെ പേരിൽ പ്രചരിപ്പിക്കുകയാണ് സിപിഎം നേതാവ് എന്ന് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീപ് കടത്താനം അഭിപ്രായപ്പെട്ടു. ഇടത്മുന്നണി എംഎൽഎക്കെതിരെ ഇടത് പക്ഷ ജനാധിപത്യ മുന്നണി പാർലമെന്ററി പാർട്ടിയുടെ പേരിൽ വന്ന വാർത്തയെ തുടർന്ന് സിപിഐ അടിയന്തിര യോ​ഗം ചേർന്ന് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

എൽഡിഎഫ് പാർലമെന്ററി സമിതി തീരുമാനം എന്നരീതിയിൽ കോവൂർ കുഞ്ഞുമോനെ പടിഞ്ഞാറേ കല്ലട പഞ്ചായത്തു സമിതി ബഹിഷ്‌ക്കരിക്കുന്നതായുള്ള ചില മാധ്യമ വാർത്തകൾ തികച്ചും തെറ്റും പ്രധിഷേധാർഹവുമാണെന്ന് യോ​ഗം വിലിരുത്തിയത്. പാർലമെന്ററി സമിതി ഈ അടുത്ത കാലത്തൊന്നും കൂടുകയുണ്ടായിട്ടില്ല പിന്നെഎങ്ങനെയാണ് അത്തരം പ്രസ്താവനകൾ സ്വയംഭൂ ആകുന്നതെന്നു ബന്ധപ്പെട്ട മെമ്പറുടെ പാർട്ടി അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്ന് സിപിഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സിപിഐ നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുധീർ ഉൾപ്പെടെ പങ്കെടുത്ത യോ​ഗമാണ് സിപിഎം നേതാവ് എൻ യശ്പാലിനെതിരെ പരസ്യ നിലപാടെടുത്തത്.

പടിഞ്ഞാറേകല്ലടയിലെ പ്രധാന റോഡായ കടപുഴ കാരാളിമുക്ക് റോഡ് എംഎൽഎയുടെ ശ്രമഫലമായി കിഫ്ബിയിലുൾപ്പെടുത്തി നിലവാരമുള്ളതാക്കി നിർമ്മിക്കുന്നതിന് തടസമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനു സർവകക്ഷി യോഗം തീരുമാനിക്കുകയും ചിലരാഷ്ട്രീയ കക്ഷികൾ കയ്യേറ്റക്കാർക് ഒത്താശ ചെയ്യുകയും ചെയ്യുകയാണുണ്ടായത് എന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയിലെ ​ഗ്രാമപഞ്ചായത്ത് അം​ഗത്തിന്റെ പങ്കും എടുത്തു പറയേണ്ടതാണ്. കാരണം ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് കയ്യേറ്റ കടക്കാരന് താൽക്കാലിക കെട്ടിടനമ്പർ ഒപ്പിച്ചു കൊടുത്തത് .ഇതിൻ പ്രകാരം കറന്റു ലഭിക്കുകയും ചെയ്തു. ഇതിന്റെ ബലത്തിലാണ് ഈ ആൾ കോടതിയിൽ പോകാൻ സാഹചര്യം ഉണ്ടായതും സ്റ്റേ വാങ്ങിയതും യുഡിഫ് ലെ മറ്റൊരു മെമ്പറും തന്റെ കട റോഡിൽ നിന്നും മാറ്റാതിരിക്കാൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. വസ്തുതകൾ ഇങ്ങനെയായിരിക്കെ നാടിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ശക്തികൾ ഏതായാലും അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു എന്നും സിപിഐ പ്രസ്താവനയിൽ പറയുന്നു. ചില തല്പര കക്ഷികൾക്ക് ഒത്താശ ചെയ്യുന്നതാരായാലും ബന്ധപ്പെട്ട കക്ഷിയുടെ നേതാക്കൾ നടപടിയെടുക്കും എന്നും കരുതുന്നു. എൽഡിഎഫും എംഎൽഎയും രണ്ടു തട്ടിലാണെന്നു വരുന്നത് ആർക്കുഗുണമായി വരും എന്നോർക്കണമെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം ഇടത് മുന്നണി പാർലെമന്ററി പാർട്ടിയുടെ പേരിൽ സിപിഎം നേതാവായ എൻ യശ്പാൽ കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ പത്രവാർത്ത നൽകിയതോടെയാണ് റോഡ് നിർമ്മാണവും അതുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും വീണ്ടും ചർച്ചകളിൽ നിറഞ്ഞത്. കിഫ്ബിയിൽ നിന്നുള്ള പണം ഉപയോ​ഗിച്ചാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ റോഡിന് ഇരുവശത്തുമുള്ള അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ആരംഭിച്ചത്. റോഡിന് ഇരിവശവും ഉണ്ടായിരുന്ന അനധികൃത നിർമ്മാണങ്ങളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും രക്തസാക്ഷി സ്മാരകങ്ങളും സ്തൂപങ്ങളും ഉൾപ്പെടെ നീക്കം ചെയ്തിരുന്നു. എന്നാൽ, കടപ്പാക്കുഴി ജം​ഗ്ഷനിലെ അനധികൃത കട ഒഴിപ്പിക്കുന്നതിൽ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പ്രമുഖ സിപിഎം നേതാവായ യശ്പാലും പഞ്ചായത്ത് അം​ഗവും അലംഭാവം കാട്ടുകയും കടയുടമക്ക് ഒത്താശ ചെയ്യുകയുമായിരുന്നു.

മറ്റെല്ലാ അനധികൃത നിർമ്മാണങ്ങളും തകർക്കുമ്പോഴും ഈ കട ഒഴിവാക്കി നിർത്തി. ഈ കടയോട് തൊട്ട്ചേർന്നുണ്ടായിരുന്ന വെയ്റ്റിം​ഗ് ഷെഡ് ഉൾപ്പെടെ പൊളിച്ച് മാറ്റിയപ്പോഴും കട ഒഴിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. കയ്യേറ്റക്കാരെ സഹായിക്കാൻ പഞ്ചായത്ത് ഒത്താശ ചെയ്യുന്നു എന്നാണ് എംഎൽഎ വിമർശനം ഉന്നയിച്ചത്. ഇതിനെതിരെ അന്ന് തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജെ ശുഭയും നിലവിലെ പഞ്ചായത്ത് അം​ഗമായ യശ്പാലും എംഎൽഎയെ പഞ്ചായത്തിലെ പരിപാടികളിൽ സഹകരിപ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്തു. എന്നാൽ ഇതിനെ മറ്റ് സിപിഎം അം​ഗങ്ങളും പാർട്ടി ലോക്കൽ കമ്മിറ്റിയും എതിർക്കുകയും പരസ്യമായി രം​ഗത്തെത്തുകയുമായിരുന്നു.

കഴിഞ്ഞ ദിവസം യശ്പാൽ എംഎൽഎക്കെതിരെ പരസ്യ പ്രസ്താവനയുമായി രം​ഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും ആളിക്കത്തിയത്. എംഎൽഎ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിമർശനം ഉന്നയിച്ചത് നിയമകാര്യങ്ങളിൽ അറിവില്ലാത്തതിനാലാണെന്ന് യശ്പാൽ പ്രസ്താവനയിൽ തുറന്നടിച്ചു. കോവൂർ കുഞ്ഞുമോൻ നടത്തുന്നത് പഞ്ചായത്തിനെതിരായ അപവാദ പ്രചരണം മാത്രമാണെന്നും യശ്പാൽ പറയുന്നു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എന്ന നിലയിലാണ് യശ്പാലിന്റെ പ്രസ്താവന പത്രങ്ങളിൽ വന്നത്.

ഇടത് മുന്നണിയിലെ കീഴ്‌വഴക്കം അനുസരിച്ച് പാർലമെന്ററി പാർട്ടി കൂടി എടുക്കുന്ന തീരുമാനങ്ങൾ മാത്രമേ ഇത്തരത്തിൽ പത്രങ്ങൾക്ക് വാർത്തയായി നൽകാവൂ. എന്നാൽ, പഞ്ചായത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗം കൂടിയിട്ടില്ലെന്ന് പഞ്ചായത്ത് അം​ഗങ്ങളും സിപിഎമ്മിന്റെയും സിപിഐയുടേയും നേതാക്കളും പറയുന്നു. സാധാരണ ​ഗതിയിൽ ഇരുപാർട്ടികളുടേയും ജനപ്രതിനിധികളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഉപരികമ്മിറ്റിയിൽ നിന്നുള്ള ചുമതലക്കാരും അടങ്ങുന്നതാണ് പാർലമെന്ററി പാർട്ടി. ഇത്രയധികം ഉത്തരവാദിത്തപ്പെട്ട ആളുകൾ ഉൾക്കൊള്ളുന്ന ഒരു ഘടകത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയത് സിപിഐയിലും സിപിഎമ്മിലും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കി.

​അനധികൃതമായുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഒഴിപ്പിച്ച് റോഡ് വികസനം സാധ്യമാക്കണം എന്ന നിലപാട് സിപിഐ ആണ് ആദ്യം കൈക്കൊണ്ടത്. ഇതിന്റെ ഭാ​ഗമായി റോഡിനോട് ചേർന്നുണ്ടായിരുന്ന പാർട്ടി കൊടിമരങ്ങളും സ്തുപങ്ങളും വെയ്റ്റിം​ഗ് ഷെഡും ഉൾപ്പെടെ പാർട്ടിക്കാർ തന്നെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സിപിഎമ്മിലെ ചില നേതാക്കളും കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം എന്ന നിലപാടെടുത്തു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത പ്രചരിച്ചത്. ഇതോടെ ഈ വാർത്ത നിഷേധിച്ച് സിപിഎം നേതൃത്വം രം​ഗത്തെത്തുകയായിരുന്നു.

പഞ്ചായത്ത് ഭരണസമിതി എംഎൽഎക്ക് വിലക്ക് ഏർപ്പെടുത്തി എന്ന നിലയിൽ‌ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി അനിൽ വ്യക്തമാക്കിയിരുന്നത്. ഒരു എംഎൽഎയെ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ പരിപാടിയിൽ നിന്നും വിലക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP