Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് ദിവസം കൊണ്ട് പറന്നെത്തിയത് 6037 വിദേശ ഇന്ത്യാക്കാർ; വന്ദേ ഭാരത് മിഷനിൽ പറന്നത് 31 വിമാനങ്ങൾ; ഇനി വിദേശ ഒഴിപ്പിക്കലിന്റെ രണ്ടാം ഘട്ടം; ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് 34 വിമാനങ്ങൾ പറന്നെത്തും; കണ്ണൂരിലും കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും പ്രവാസികൾക്ക് മടങ്ങിയെത്താം; കേരളത്തിലേക്ക് അനുവദിച്ചത് 18 സർവ്വീസുകൾ; വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇങ്ങനെ

അഞ്ച് ദിവസം കൊണ്ട് പറന്നെത്തിയത് 6037 വിദേശ ഇന്ത്യാക്കാർ; വന്ദേ ഭാരത് മിഷനിൽ പറന്നത് 31 വിമാനങ്ങൾ; ഇനി വിദേശ ഒഴിപ്പിക്കലിന്റെ രണ്ടാം ഘട്ടം; ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് 34 വിമാനങ്ങൾ പറന്നെത്തും; കണ്ണൂരിലും കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും പ്രവാസികൾക്ക് മടങ്ങിയെത്താം; കേരളത്തിലേക്ക് അനുവദിച്ചത് 18 സർവ്വീസുകൾ; വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിന്റെ കരട് രൂപം തയ്യാറായി. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് 34 വിമാനങ്ങൾ മെയ് 16നും 25നും ഇടയിൽ ഇന്ത്യയിൽ എത്തും. ഇതിൽ 18 വിമാനങ്ങൾ കേരളത്തിലേക്കാണ്. അഞ്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് വിമാനം എത്തും.

വന്ദേ ഭാരത് മിഷനു കീഴിൽ 2020 മെയ് 7 മുതൽ അഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തിയത് 6037 ഇന്ത്യക്കാരാണ്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 31 വിമാനങ്ങളിലാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോയത്. ഈ ദൗത്യത്തിനു കീഴിൽ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന പ്രവർത്തനം സിവിൽ വ്യോമയാന മന്ത്രാലയം വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് ഏകോപിപ്പിക്കുന്നത്. ഇത് വലിയ വിജയമാകുന്ന സാഹചര്യത്തിലാണ് അടുത്ത ഘട്ടം പ്രഖ്യാപിക്കുന്നുണ്ട്.

എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 12 രാജ്യങ്ങളിലേക്ക് ആകെ 64 വിമാനങ്ങൾ (42 എയർ ഇന്ത്യയും 24 എയർ ഇന്ത്യ എക്സ്പ്രസും) സർവീസ് നടത്തുന്നുണ്ട്. അമേരിക്ക, യുകെ, ബംഗ്ലാദേശ്, സിംഗപ്പൂർ, സൗദി അറേബ്യ, കുവൈറ്റ്, ഫിലിപ്പീൻസ്, യുഎഇ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 14,800 ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടവും വരുന്നത്. ഇതോടെ ഒഴിപ്പിക്കൽ തുടരുമെന്ന് വ്യക്തമാവുകയാണ്. ഈ ഘട്ടത്തിലും കേരളത്തിന് പ്രധാന്യം കിട്ടുന്നു.

രണ്ടാം ഘട്ടത്തിൽ യു.എ.ഇ.യിൽ നിന്ന് 11 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിൽ ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടു വീതം വിമാനങ്ങൾ എത്തും. കണ്ണൂർ, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് മറ്റ് വിമാനങ്ങൾ എത്തുന്നത്. കോവിഡ് ഭീതി കണക്കിലെടുത്തുള്ള മുൻകരുതലുകൾ എല്ലാം വിമാനകമ്പനികൾ എടുക്കും. വൈകാതെ തന്നെ വിദേശ വിമാന കമ്പനികളേയും സർവ്വീസിന് അനുവദിക്കും.

രണ്ടാം ഘട്ട വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്ന് മൂന്നു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദിൽനിന്ന് കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ദമാമിൽനിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ബെഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും സൗദിയിൽനിന്ന് വിമാനങ്ങൾ എത്തും.

ബഹറിനിൽനിന്ന് രണ്ട് വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയിൽ എത്തുക. ഇതിൽ ഒന്ന് മനാമയിൽനിന്ന് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മനാമയിൽനിന്ന് ഹൈദരാബാദിലേക്കും എത്തും. കുവൈത്തിൽനിന്ന് രണ്ടു വിമാനങ്ങൾ കേരളത്തിൽ എത്തും. കണ്ണൂരിലേക്ക് ആണ് ആദ്യ വിമാനം എത്തുക. രണ്ടാം വിമാനം തിരുവനന്തപുരത്തേക്കും. കുവൈത്തിൽനിന്ന് തിരുപ്പതിയിലേക്ക് ഒരു വിമാനവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഒമാനിൽനിന്ന് കേരളത്തിലേക്ക് എത്തുക നാലു വിമാനങ്ങളാണ്. മസ്‌കത്തിൽനിന്ന് തിരുവനന്തപുരം,കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ എത്തും. സലാലയിൽനിന്ന് കോഴിക്കോട്ടേക്കും വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഗയ,ഹൈദരാബാദ്, ബെംഗളുരു, ഡൽഹി എന്നിവിടങ്ങളിലേക്കും ഒമാനിൽനിന്ന് വിമാനം എത്തും.

ഖത്തറിൽനിന്ന് കേരളത്തിലേക്ക് രണ്ടാം ഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് എത്തുക. ഇതിലൊന്ന് ദോഹയിൽനിന്ന് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ആകും. രണ്ടാമത്തെ വിമാനം ദോഹയിൽനിന്ന് കൊച്ചിയിലേക്കും. ദോഹയിൽനിന്ന് ഹൈദരാബാദിലേക്കും, ബെംഗളൂരുവിലേക്കും ഓരോ വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാർ ആണ് ഇന്ത്യയിൽ എത്തുക. വന്ദേ ഭാരത് മിഷന്റെ ഇത് വരെയുള്ള പ്രവർത്തനം വിജയകരമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. കാര്യമായ പരാതികൾ ഒന്നും തന്നെ ഉയരാത്തത് മിഷൻ വിജയിക്കുന്നതിന്റെ തെളിവാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

അമേരിക്ക,ബ്രിട്ടൻ,യുക്രൈൻ,ഇന്തോനീഷ്യ,റഷ്യ,ഫിലിപ്പൈൻസ്,ഫ്രാൻസ് ,അയർലണ്ട്,തജികിസ്താൻ,അർമേനിയ,ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നും രണ്ടാംഘട്ടത്തിൽ കേരളത്തിലേക്ക് ഓരോ വിമാനങ്ങളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP