Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലാഖ എന്ന വിളിപ്പേര് മാത്രമാണ് ആകെ സമ്പാദ്യം; സിസ്റ്ററെ എന്ന് വിളിച്ചുള്ള ഒരു ചേർത്ത് പിടിക്കലാണ് ജീവിതത്തിൽ ഏറ്റവും സന്തോഷം; രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്താൻ അവസാനത്തെ ബസ് പിടിക്കാനായുള്ള ഉമ്മയുടെ ഒരോട്ട പാച്ചിലുണ്ട്; ഒരിക്കൽ ആശുപത്രിയിൽ കിടന്നപ്പോഴാണ് നഴ്‌സായ ഉമ്മയുടെ വില അറിഞ്ഞത്; നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ മകൾ രസ്‌ന

മാലാഖ എന്ന വിളിപ്പേര് മാത്രമാണ് ആകെ സമ്പാദ്യം; സിസ്റ്ററെ എന്ന് വിളിച്ചുള്ള ഒരു ചേർത്ത് പിടിക്കലാണ് ജീവിതത്തിൽ ഏറ്റവും സന്തോഷം; രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്താൻ അവസാനത്തെ ബസ് പിടിക്കാനായുള്ള ഉമ്മയുടെ ഒരോട്ട പാച്ചിലുണ്ട്; ഒരിക്കൽ ആശുപത്രിയിൽ കിടന്നപ്പോഴാണ് നഴ്‌സായ ഉമ്മയുടെ വില അറിഞ്ഞത്; നഴ്‌സസ് ദിനത്തിൽ അഭിമാനത്തോടെ മകൾ രസ്‌ന

ജംഷാദ് മലപ്പുറം

മലപ്പുറം: മാലാഖ എന്ന പേര് മാത്രമാണ് സമൂഹത്തിനു മുന്നിൽ നഴ്സുമാരിൽ പലർക്കും ഇന്നുള്ള സമ്പാദ്യം. പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാർ മിക്കവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ്. ദിവസവും രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിച്ചേരാനാവുന്ന അവസാനത്തെ ബസ് പിടിക്കാനായുള്ള ഉമ്മയുടെ ഒരോട്ട പാച്ചിലുണ്ട്. ഒരു നഴ്സിന്റെ മകളായി ജനിച്ചതിൽ ഞാൻ എന്നും ഏറെ അഭിമാനിക്കുന്നു. ലോക നഴ്സസ് ദിനത്തിൽ നഴ്സായ മാതാവിന്റേയും സഹപ്രവർത്തകരുടേയും ജീവിത യാഥാർഥ്യം വിവരിക്കുകയാണ് മലപ്പുറം തുവ്വൂർ സ്വദേശി രസ്ന. ഇന്നും നഴ്സായി ജോലി ചെയ്യുന്ന ഉമ്മ ജീവിതത്തിൽ ഇന്നു വരെ ഒരു വില കൂടിയ വസ്ത്രം ധരിക്കുന്നതോ അണിഞ്ഞൊരുങ്ങി നടക്കുന്നതോ ഞാൻ കണ്ടിട്ടില്ല..പത്തു പന്ത്രണ്ടു വർഷത്തിന് മുകളിൽ ജോലി ചെയ്തിട്ടും സമ്പാദ്യങ്ങൾ ഒന്നും തന്നെയില്ല എന്നു തുടങ്ങുന്ന രസ്നയുടെ വാക്കുകൾ മിക്ക നഴ്സുമാരുടേയും ജീവിത യാഥാർഥ്യം തന്നെയാണ്.

രസ്നയുടെ വാക്കുകൾ ഇങ്ങനെയാണ്...ഇന്ന് ഇന്റർനാഷണൽ നഴ്സസ് ഡേയ്..

ഈ കോവിഡ് കാലത്തും സ്വന്തം കുടുബത്തെപോലും കാണാനാവാതെ പി പി ഇ കിറ്റിനുള്ളിൽ വിയർത്തൊലിച്ചു നമ്മുടെ നാടിനായി ജോലി ചെയ്യുന്ന എല്ലാ മാലാഖമാർക്കും നഴ്സസ് ദിനാശംസകൾ.. ഒരു നഴ്സിന്റെ മകളായി ജനിച്ചതിൽ ഞാൻ എന്നും ഏറെ അഭിമാനിച്ചിട്ടേയുള്ളു..ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഒരിടവേളക്ക് ശേഷം ഉമ്മ വീണ്ടും ജോലിക്ക് പോയി തുടങ്ങുന്നത്..അന്നു മുതൽ ഇന്നു വരെ ഉണ്ട ചോറൊക്കെയും മരുന്നു മണക്കുന്ന ആ വെള്ള വസ്ത്രത്തിൽ ഉമ്മയൊഴുക്കിയ വിയർപ്പു കണത്തിന്റെ പരിണിത ഫലമായിരുന്നു..നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ജോലിക്ക് കയറിയത് ഒരു പ്രൈവറ്റ് ക്ളീനിക്കിലായിരുന്നു..ചിക്കുൻ ഗുനിയ നാട്ടിൽ പടർന്നു പിടിച്ചിരുന്ന സമയം.

രാവിലെ ഏഴു മണിക്ക് പോയാൽ രാത്രി എട്ടോ ഒമ്പതോ മണിയാവും വീട്ടിൽ തിരിച്ചെത്താൻ..ചില ദിവസങ്ങളിൽ വരാറുമില്ലായിരുന്നു..ചെറിയ ആശുപത്രി ആയിരുന്നതിനാൽ രാവെന്നോ പകലെന്നോ ഭേദമില്ലാതെയായിരുന്നു ജോലി...യു പി സ്‌കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ ഉമ്മ അടുത്തില്ലാത്ത ദിന രാത്രങ്ങൾ അങ്ങനെ ജീവിതത്തിൽ ശീലമായി തുടങ്ങി..ക്ലിനിക്കിലെ ജോലി വിട്ട ശേഷം പിന്നീടങ്ങോട്ട് ഇന്നു വരെ ഒരു സ്വകാര്യാശുപത്രിയിലാണ് ജോലി ചെയ്തു വരുന്നത്..എല്ലാ ദിവസവും രാവിലെ വീട്ടു ജോലിക്ക് ശേഷം ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിച്ചേരാനാവുന്ന അവസാനത്തെ ബസ് പിടിക്കാനായുള്ള ഒരോട്ട പാച്ചിലുണ്ട്..വൈകുന്നേരങ്ങളിൽ ഏഴു മണിയെങ്കിലും ആവാതെ തിരിച്ചു വീട്ടിൽ എത്താമെന്ന് വിചാരിക്കുകയെ വേണ്ട..ഉപ്പ വിദേശത്തായതിനാൽ തന്നെ വീട്ടു സാധനങ്ങൾ എന്തെങ്കിലും വാങ്ങേണ്ട ദിവസം ആണെങ്കിൽ പിന്നെയും ഇരുളു പരന്നിട്ടേ തിരിച്ചെത്തൂ.. വീട്ടിൽ വന്നു കുളിയും അലക്കലും ഭക്ഷണം കഴിക്കലും എല്ലാം കഴിയുമ്പോഴേക്കും ഉറങ്ങാൻ രാത്രി പതിനൊന്നു പന്ത്രണ്ടു മണിയെങ്കിലും മിനിമം ആവും.. ഈ ശീലത്തിൽ നിന്നുമാണ് രാത്രി വൈകിയുള്ള ഉറക്കം എനിക്കും ശീലമായത്..

ഇങ്ങനെയൊക്കെ ആണെങ്കിലും ആശുപത്രിയിൽ എന്താണ് ഇത്ര ജോലി എന്നതിനെ കുറിച്ച് അത്ര വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഒന്നും എനിക്കില്ലായിരുന്നു..രണ്ടു വർഷങ്ങൾക്ക് മുമ്പ് ടൈഫോയ്ഡ് വന്നു ഉമ്മ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ ദിവസങ്ങളോളം കിടക്കേണ്ടി വന്നപ്പോഴാണ് ഒരു നഴ്സിന്റെ ജോലികൾ എന്തൊക്കെയാണെന്ന് ഞാൻ നേരിൽ കണ്ടറിഞ്ഞത്.. മറ്റു ബന്ധുക്കളെയൊന്നും ബുദ്ധിമുട്ടിപ്പിക്കേണ്ടെന്നു വിചാരിച്ചു മറ്റാരെയും അസുഖ വിവരം അറിയിക്കാതിരുന്നതിനാലും ആശുപത്രിയിൽ സ്റ്റാഫിന്റെ എണ്ണം കുറവായിരുന്നതിനാലും ഞാൻ അഡ്‌മിറ്റായ ദിവസങ്ങളിൽ ഡ്യൂട്ടി കൂടി എടുക്കേണ്ട അവസ്ഥയായിരുന്നു ഉമ്മക്ക്.. വിട്ടു മാറാത്ത പനിയും വിറയലും ഛർദിയും ക്ഷീണവും കൊണ്ട് അവശയായ എന്റെ ശരീരത്തിൽ മരുന്ന് കുത്തിയിറക്കിയപ്പോൾ ഒരിക്കൽ പോലും ഉമ്മയുടെ കൈ വിറച്ചിരുന്നില്ല.. ഡ്യൂട്ടിക്കിടെ ഇടയ്ക്കിടെ ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് എന്നെയെത്തി നോക്കി പോവുന്ന ഉമ്മയുടെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്.. അടുത്ത നിമിഷം ആയിരിക്കും ഏതെങ്കിലും രോഗികളുടെ ബൈസ്റ്റാന്ഡേഴ്സ് വന്നു വിളിക്കുന്നത്. അപ്പോൾ ഉടൻ എന്റെ മുറിയുടെ വാതിൽ അടച്ചു ഉമ്മ അങ്ങോട്ടേക്കോടും.

ഡോക്ടർസിന്റെ കൂടെ റൗണ്ട്സിന് പോവണം, കേസ് ഷീറ്റ് തയ്യാറാക്കണം, ഓപ്പറേഷൻ ഉള്ള രോഗികളെ അതിനു സജ്ജമാക്കണം, പുതിയ ഐ പി വന്നാൽ അതിന്റെ കാര്യങ്ങൾ നോക്കണം.ഡിസ്ചാർജ് ഷീറ്റ് എഴുതണം, രോഗികൾക്ക് കൃത്യ സമയത്ത് മരുന്ന് കൊടുക്കണം..അതിനിടെയിൽ ഓരോ മുറിയിൽ നിന്നും വരുന്ന വ്യത്യസ്ത ആവശ്യങ്ങൾ മടുപ്പേതുമില്ലാതെ ചെയ്തു കൊടുക്കണം..സിസ്റ്ററെ അച്ഛന് ടോയ്‌ലെറ്റിൽ പോവണം ഗ്ളൂക്കോസ് അഴിക്കാമോ, അമ്മ ഛർദിക്കുന്നു, മോൾക്ക് ആവി പിടിക്കണം, കുഞ്ഞു പാല് കുടിക്കുന്നില്ല, പനി കൂടുന്നു, ഗ്ളൂക്കോസ് തീർന്നു ഇങ്ങനെ പോവുന്നു ആവശ്യങ്ങളുടെ നീണ്ട നിര..ഇതെല്ലാം ഒരേ സമയത്ത് ആണ് ചെയ്തു തീർക്കേണ്ടത് എന്നതാണ് മറ്റൊരു വസ്തുത.. ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് ഓടിയോടി മടുക്കുമെങ്കിലും പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ ഉമ്മ രോഗികളുമായി ഇടപഴകുന്നത് ഞാൻ കണ്ടിട്ടില്ല.. എല്ലാത്തിനും പുറമേ എന്തെങ്കിലും കാരണം കൊണ്ട് ഏതെങ്കിലും രോഗിയുടെ മുറിയിലെത്താൻ ഇത്തിരി വൈകിപ്പോയാൽ ക്ഷമ ഒട്ടുമേയില്ലാത്ത ചില ബൈ സ്റ്റാൻഡേർഡ് കയർത്തു സംസാരിക്കുന്നതിനും ഞാൻ സാക്ഷിയായിട്ടുണ്ട്.. ഉമ്മയുടെ ഡ്യൂട്ടി തിരക്കുകൾക്കിടയിൽ എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ സമയം കിട്ടാതെ ഗ്ളൂക്കോസ് തീർന്നിട്ടും എടുത്തു മാറ്റാത്തതു കൊണ്ട് രക്തം തിരികെ ട്യൂബിലൂടെ കയറിയിട്ടു പോലുമുണ്ട്..മൂന്നോ നാലോ മണിക്കാണ് ഉമ്മ ഭക്ഷണം കഴിച്ചിരുന്നത്. അതും ഭക്ഷണം കഴിച്ചു പകുതിയാകുമ്പോഴേക്കും ആരെങ്കിലും വന്നു വിളിച്ചാൽ കൈ കഴുകി ഉടനെ അങ്ങോട്ട് പോവുകയായി..വാങ്ങുന്ന സാലറിയെക്കാൾ എത്രയോ മടങ്ങു അധ്വാനം എറിയതാണ് ഒരു നഴ്സിന്റെ ജോലി.. പ്രത്യേകിച്ചും പ്രൈവറ്റ് ആശുപത്രികളിലെ..

മിക്ക ആശുപത്രികളിലും ഇപ്പോഴും ടു ഷിഫ്റ്റ് തന്നെയാണ്..ഒരു സെഷനിൽ ഒരു നഴ്‌സോ കൂടി പോയാൽ രണ്ടു പേരോ മാത്രമേ കാണൂ.
മനുഷ്യന്റെ ജീവൻ വെച്ചുള്ള കളിയാണ്. ഒന്നു പിഴച്ചാൽ തീർന്നു..എല്ലാത്തിനുമുപരി എന്തെങ്കിലും ഒന്ന് സമയത്തിന് ആയില്ലെങ്കിൽ ഡോക്ടർസിന്റെ ഭാഗത്തു നിന്നുള്ള തെറി വിളികൾ വേറെ..പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാർ മിക്കവരും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടപാച്ചിലിലാണ്..മാലാഖ എന്ന പേര് മാത്രമാണ് സമൂഹത്തിനു മുന്നിൽ പലർക്കുമുള്ള സമ്പാദ്യം.

ഇന്നും ഉമ്മ ജോലി ചെയ്യുന്നു. അവർ ജീവിതത്തിൽ ഇന്നു വരെ ഒരു വില കൂടിയ വസ്ത്രം ധരിക്കുന്നതോ അണിഞ്ഞൊരുങ്ങി നടക്കുന്നതോ ഞാൻ കണ്ടിട്ടില്ല..പത്തു പന്ത്രണ്ടു വർഷത്തിന് മുകളിൽ ജോലി ചെയ്തിട്ടും സമ്പാദ്യങ്ങൾ ഒന്നും തന്നെയില്ല. ഇടക്ക് ഞാൻ ചോദിക്കാറുണ്ട് ഉമ്മ എന്തുകൊണ്ടാണ് ജീവിതത്തിന്റെ മനോഹാരിത കാണാതെ പോവുന്നത് എന്ന്.. നീ കാണുന്ന ലോകമല്ല ഞാൻ കാണുന്നത്. പത്തു പന്ത്രണ്ട് വർഷമായി ഞാൻ കാണുന്നത് ജീവിതത്തിന്റെ മറ്റൊരു മുഖമാണ്.. ഒരിറ്റു ശ്വാസം കിഴിക്കാനാവാതെ എന്റെ കണ്ണിലേക്കു നിസ്സഹായതയോടെ നോക്കി നിൽക്കുന്ന മുഖങ്ങളെ ഞാൻ കാണാറുണ്ട്..ആശ്വാസത്തിന്റ ഒരു ചെറു കണികയെങ്കിലും പ്രതീക്ഷിച്ചുള്ള നോട്ടമാണത്..ആ നോട്ടങ്ങൾക്കു മുന്നിൽ നമ്മളൊന്നും ഒന്നുമല്ലാതായി പോവും..ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു മരണത്തിനും ജീവിതതിനുമിടയിൽ കുരുങ്ങി പോവുന്ന ജീവിതങ്ങൾ ഉണ്ട്..ഒരു പുഞ്ചിരി കൊണ്ടെങ്കിലും അവരെ ആശ്വസിപ്പിക്കാനാവുന്നുണ്ടെങ്കിൽ അതാണ്, അവരുടെ കണ്ണിൽ കാണുന്ന തിളക്കമാണ്, സിസ്റ്ററെ എന്ന് വിളിച്ചുള്ള ഒരു ചേർത്ത് പിടിക്കലാണ് ഈ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷം നൽകാറുള്ളത്. അതിനപ്പുറം മറ്റൊന്നുമില്ലഎന്ന് പറഞ്ഞു ഉമ്മ മുഖം തിരിക്കും

ഈ ലോക്ക് ഡൗൺ കാലത്തും ഉമ്മ വീട്ടിലിരുന്നിട്ടില്ല,, നോമ്പ് കാലമായതോടെ നോമ്പ് തുറക്കാനുള്ള സാധനങ്ങൾ എല്ലാം കെട്ടിപ്പെറുക്കിയാണ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്നത്. പിറ്റേന്ന് ഉറക്കച്ചടവോടെ ക്ഷീണിച് കയറി വരുമ്പോൾ കൊണ്ടുപോയ ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ട് ചിലതെല്ലാം കേടായി പോയി, ഇത് പോലും ഇല്ലാത്ത എത്ര മനുഷ്യർ ഉണ്ടാവും എന്ന് പറഞ്ഞു ആവലാതി പെടാറുണ്ട്. പകൽ ഡ്യൂട്ടി ആണിപ്പോൾ.. ജോലി കഴിഞ്ഞു വന്നു കുളിക്കുമ്പോൾ ആവും മിക്കവാറുംദിവസങ്ങളിൽ ബാങ്ക് കൊടുക്കുക.. കുളിമുറിയിലേക്ക് കൊണ്ട് കൊടുക്കുന്ന ഈത്തപ്പഴം കൊണ്ടാണ് നോമ്പ് തുറ.. കുളിക്കാതെ അകത്തു കയറാനാവില്ലലോ.. എല്ലാത്തിനും പുറമേ ഈയിടെയായി ഉമ്മ നടന്നു തീർത്ത വര്ഷങ്ങളുടെ പഴക്കം കാലുകൾ നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. കുഴമ്പും ഓയിന്റ്മെന്റും മറ്റും തേച്ചു വേദന ശമിപ്പിക്കുന്നത് ഞാൻ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു..ഒരു നഴ്സിന്റെ മകളായി രണ്ടു ദശകത്തിലപ്പുറം ജീവിക്കാനായതിൽ അഭിമാനിക്കുന്നുവെന്ന് ഞാൻ പറയാതെ പറയുന്നു.

കൊറോണ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലലോ..എത്രയോ ലയർ ഉള്ള പി പി ഇ കിറ്റിനുള്ളിൽ കയറിയാൽ പിന്നെ മണിക്കൂറുകളോളം വെള്ളം കുടിക്കാതെ വാഷ് റൂമിൽ പോലും പോവാനാവാതെയുള്ള ഡ്യൂട്ടിയാണ്..കുഞ്ഞു മക്കളെ പോലും കാണാനാവാതെ, കുടുംബത്തിലെ ഉത്തര വാദിത്തങ്ങളിൽ നിന്നെല്ലാം തല്ക്കാലം ഒഴിഞ്ഞു മാറി തന്റെ നാടിനു വേണ്ടി ജോലി ചെയ്യുന്ന നഴ്സുമാരെ, അവർ ചെയ്തു കൊണ്ടിരിക്കുന്ന ഈ സഹനത്തെ ഈ കോവിഡ് കാലം കഴിഞ്ഞാലും നമ്മൾ കാണാതെ പോവരുത്. ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ കുത്തി നിറച്ചതുകൊണ്ട് മാത്രം കാര്യമില്ല.. എന്തെങ്കിലും അസുഖങ്ങൾ കൊണ്ട് ആശുപത്രിയിൽ പോവേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഒന്നോ രണ്ടോ മിനുട്ട് നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വൈകി പോയാൽ അസഹിഷ്ണുതയോടെ പെരുമാറാതിരിക്കുക..അവരും മനുഷ്യനാണെന്ന ബോധ്യത്തോടെ, ബോധത്തോടെ പെരുമാറുക.. എല്ലാ മാലാഖാമാർക്കും ഒരിക്കൽ കൂടി നഴ്സസ് ദിനാശംസകൾ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP