Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗൺ മധുരമാക്കി ട്വന്റി20യുടെ മൂന്നര ഏക്കറിലെ കരിമ്പു കൃഷി വിളവെടുപ്പ്; തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കിയത് വനിതാ കർഷക കൂട്ടായ്മയുടെ അധ്വാനം

ലോക്ഡൗൺ മധുരമാക്കി ട്വന്റി20യുടെ മൂന്നര ഏക്കറിലെ കരിമ്പു കൃഷി വിളവെടുപ്പ്; തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കിയത് വനിതാ കർഷക കൂട്ടായ്മയുടെ അധ്വാനം

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗൺ കാലം മധുരം കൊയ്ത് കിഴക്കമ്പലത്തെ കരിമ്പു കൃഷി. പഞ്ചായത്തിലെ വനിതാ കൂട്ടായ്മ പത്തേക്കറോളം വരുന്ന തരിശു പാടത്ത് പരീക്ഷണാർത്ഥം തുടങ്ങിയ കരിമ്പു കൃഷിയാണ് ഇപ്പോൾ വിളവെടുക്കുന്നത്. ട്വന്റി20യുടെ നേതൃത്വത്തിൽ അമ്പുനാട് വാർഡിലെ മൂന്നര ഏക്കറിലെ കരിമ്പ് കൃഷിയുടെ വിളവെടുപ്പാണ് ആദ്യം ആരംഭിച്ചത്.

മാളിയേക്കമോളം വാർഡിലെ വിളവെടുപ്പു കൂടി പൂർത്തിയാകുന്നതോടെ ആറായിരത്തോളം കിലോ ശർക്കര ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ കരിമ്പ് ലഭിക്കും. ഈ ശർക്കര വിപണി വിലയുടെ പകുതി വിലയ്ക്ക് കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി ജനങ്ങൾക്കു ലഭ്യമാക്കാനാണു പദ്ധതി. താങ്ങു വില പോലും ലഭിക്കാതെ കർഷകർ ദുരിതമനുഭവിക്കുന്ന ഈ പ്രതിസന്ധി കാലത്തും ന്യായ വില നൽകിയാണ് ട്വന്റി20 ഈ കരിമ്പ് ഏറ്റെടുക്കുന്നത്.

കിഴക്കമ്പലത്തു തന്നെ ശർക്കര ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഭാഗമായി നിർമ്മാണ സാമഗ്രികൾ ഇവിടെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ലോക്ഡൗൺ കാരണം ഉപകരണങ്ങൾ ലഭിച്ചില്ല. പകരം പാലായിലെ ഉൽപ്പാദന കേന്ദ്രത്തിലാണ് ശർക്കര നിർമ്മാണം. ഇത് കിഴക്കമ്പലത്ത് എത്തിച്ച് പാക് ചെയ്ത് വിൽപ്പനയ്ക്കു വെക്കും.

ലോക്ഡൗൺ സമയത്തും കരിമ്പു കൃഷിയിൽ നൂറുമേനി വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് ട്വന്റി20. പരീക്ഷണം എന്ന നിലയ്ക്ക് ആരംഭിച്ച കരിമ്പ് കൃഷി വിജയമാതോടെ ഭാവിയിൽ കരിമ്പു കൃഷി കൂടുതൽ വ്യാപിപ്പിക്കുവാനാണ് ട്വന്റി20 ലക്ഷ്യമിടുന്നതെന്ന് ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബ് പറഞ്ഞു. ഹരിത കിഴക്കമ്പലം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ മാളിയേക്കമോളം, അമ്പുനാട് വാർഡുകളിലാണ് കൃഷിയിറക്കിയത്.

തരിശുപാടം കൃഷിക്ക് അനുയോജ്യമാക്കി മാറ്റിയെടുക്കുകയായിരുന്നു ഈ വനിതാ കർഷക കൂട്ടായ്മ. പൂർണമായും ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. മറ്റു വിളകൾ കൃഷി ചെയ്തിരുന്ന ഈ കാർഷിക കൂട്ടായ്മയ്ക്ക് പ്രളയ കാലത്ത് വിള നാശം അടക്കം വലിയ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നിരുന്നു. തുടർന്നാണ് കൂടുതൽ സുരക്ഷിതവും വിളവ് ഉറപ്പു നൽകുന്നതുമായ കരിമ്പു കൃഷിയിലേക്ക് പരീക്ഷണാർത്ഥം ഇവർ ഏറ്റെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP