Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രെയിനിൽ നാട്ടിലേക്ക് വരുന്നവർക്കും പാസ് വേണം; ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ സൗകര്യം ഒരുക്കും; വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നം സംസ്ഥാന സർക്കാർ; എസി ട്രെയിനുകൾ സർവീസ് തുടങ്ങുന്നതിലും വിമർശനം; പ്രവാസികളുടെ നിരീക്ഷണ കാലാവധിയിൽ ഉടൻ തീരമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതിയും

ട്രെയിനിൽ നാട്ടിലേക്ക് വരുന്നവർക്കും പാസ് വേണം; ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ സൗകര്യം ഒരുക്കും; വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നം സംസ്ഥാന സർക്കാർ; എസി ട്രെയിനുകൾ സർവീസ് തുടങ്ങുന്നതിലും വിമർശനം; പ്രവാസികളുടെ നിരീക്ഷണ കാലാവധിയിൽ ഉടൻ തീരമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ നാട്ടിലേക്ക് വരുന്നവർക്കായി മാനദണ്ഡവുമായി കേരള സർക്കാർ. ട്രെയിൻ വഴി നാട്ടിലേക്ക് വരുന്നവർക്കും പാസ് വേണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.

ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്റൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.

റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവർ ഹോം ക്വാറന്റൈൻ സ്വീകരിക്കേണ്ടതുമാണ്. റെയിൽവെ സ്റ്റേഷനിൽനിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവെ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും. കോവിഡ്-19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പോകേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം മുഴുവൻ എസി കോച്ചുകളുമായി ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനെ വിമർശിച്ച് സംസ്ഥാന സാമൂഹ്യസുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ രംഗത്തെത്തി. ഒരാൾക്ക് രോഗം ഉണ്ടെങ്കിൽ ട്രെയിൻ അവസാന സ്റ്റേഷനിലെത്തുമ്പോഴേക്കും എത്രപേർക്കാവും രോഗം പകർന്ന് കിട്ടിയിട്ടുണ്ടാവുകയെന്ന് ഡോ. മുഹമ്മദ് അഷീൽ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിച്ചു. എന്തൊരു വമ്പൻ ആശയമാണിത് !. എനിക്ക് അത്ഭുതം തോന്നുന്നു. ഇന്ത്യൻ റെയിൽവേയ്ക്ക് ആരാണ് ഈ ഉപദേശം നൽകിയത്. ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ, സത്യസന്ധമായി പറഞ്ഞാൽ ആശങ്കയും വർധിക്കുകയാണ്. ഡോ. മുഹമ്മദ് അഷീൽ ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ നിരീക്ഷണ കാലയളവിൽ വ്യക്തത വരുത്താൻ കേന്ദ്രത്തോട് ഹൈക്കോടതി

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരീക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയില്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി. കേരളത്തിന്റെ ആവശ്യം വിദഗ്ധ സമിതി അംഗീകരിച്ചില്ലെങ്കിൽ 14 ദിവസത്തെ സർക്കാർ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ഓരോ സംസ്ഥാനങ്ങളും അവർക്ക് ആവശ്യമുള്ള രീതിയിൽ മാനദണ്ഡങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രതിരോധത്തിന്റെ താളം തെറ്റും എന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സാബു സ്റ്റീഫൻ എന്ന സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ഏഴു ദിവസം ആക്കുന്നതിൽ അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വീട്ടിൽ പോയാലും ഇവർ ക്വാറന്റീനിൽ തുടരുമെന്നും ഇവർ ക്വാറന്റീനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രവാസികളുടെ ക്വാറന്റീൻ പ്രോട്ടോക്കോൾ തയ്യാറാക്കിയതെന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു.

വിദേശ രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ പ്രവാസികൾക്കായി പ്രത്യേക വൈദ്യസംഘത്തെ അയക്കാൻ കഴിയൂ എന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ മറുപടി. എന്നാൽ വിവിധ രാജ്യങ്ങളിലെ എംബസികളിലേക്ക് ഡോക്ടർമാരുടെ സംഘത്തെ അയക്കണമെന്നും അവിടെവെച്ച് ചികിൽസ ഉറപ്പാക്കണമെന്നും ദുബായ് കെ എം സി സി ആവശ്യപ്പെട്ടു. പ്രവാസികൾക്കായി ഡൽഹിയിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നെന്നും വിദേശ രാജ്യങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP