Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും; മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ മോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം; ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ ധാരണയെന്ന് സൂചനകൾ; റെഡ്സോണിൽ മാത്രമായി ലോക്ക്ഡൗൺ തുടരണമെന്ന ആവശ്യവും ശക്തം; കേന്ദ്രസർക്കാർ നീക്കം സാമ്പത്തിക രംഗം നിശ്ചലമാക്കാതെ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും; മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ മോദിയുടെ വാക്കുകൾക്ക് കാതോർത്ത് രാജ്യം; ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകാൻ ധാരണയെന്ന് സൂചനകൾ; റെഡ്സോണിൽ മാത്രമായി ലോക്ക്ഡൗൺ തുടരണമെന്ന ആവശ്യവും ശക്തം; കേന്ദ്രസർക്കാർ നീക്കം സാമ്പത്തിക രംഗം നിശ്ചലമാക്കാതെ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മുന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി എന്തു പറയും എന്നറിയാൻ കാതോർത്തിരിക്കയാണ് രാജ്യം. ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂർ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോൺഫറൻസിലാണ് ആറ് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ആന്ധ പോലെ ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗണ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗൺ നീട്ടണമോ അതോ റെഡ്സോണിൽ മാത്രമായി ലോക്ക്ഡൗൺ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിൻ, വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നൽകിയിരുന്നു. അതിനാൽ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ നാലാം ഘട്ടത്തിൽ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാൻ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ഡൗൺ മെയ് 17ന് തീരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളിൽ മെയ് 17ന് ശേഷം ഇളവുകൾ വരുത്തുമെന്നാണ് സൂചന. കോവിഡ് 19ന് മരുന്നുകളോ വാക്‌സിനോ കണ്ടുപിടിക്കുന്നതുവരെ സാമൂഹിക അകലം പാലിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. ലോകമഹാ യുദ്ധാനന്തരമെന്നതുപോലെ കോവിഡിന് മുൻപ്, കോവിഡിന് ശേഷം എന്നിങ്ങനെ ലോകം മാറി. രോഗവ്യാപനം കുറക്കുക, അതേസമയം ക്രമേണ പൊതുജനങ്ങളുടെ പ്രവർത്തനം വർധിപ്പിച്ചുകൊണ്ടുവരിക എന്നിങ്ങനെ രണ്ട് വെല്ലുവിളികളാണ് നമുക്ക് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗത്തിൽ ലോക് ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങൾ പോലും ഹോട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.

മെയ് 15ന് മുൻപ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ഗുരുതരമായി രോഗബാധ റിപ്പോർട്ട് ചെയ്ത ഇടങ്ങളല്ലെങ്കിൽ അവിടെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ റെഡ്, കണ്ടെയ്ന്മെന്റ് സോണുകളിൽ രാത്രി കർഫ്യൂവും പൊതുഗതാഗത നിരോധനവും ഉൾപ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകൾ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

''ആദ്യഘട്ട ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ രണ്ടാം ഘട്ടത്തിൽ വേണ്ടതില്ലായിരുന്നു, ഇനി മൂന്നാം ഘട്ടത്തിൽ നൽകിയതിനേക്കാൾ ഇളവുകൾ കൂടുതലായി നാലാംഘട്ടത്തിൽ നൽകാവുന്നതാണ്'', പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകുമെന്നാണ് വിവരം. ആറ് സംസ്ഥാനങ്ങളാണ് യോഗത്തിൽ ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ടത്.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP