Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുടക്കത്തിലെ കോവിഡ് പ്രതിരോധത്തിന് ശേഷം ഇന്ത്യയിൽ എല്ലാം പാളുന്നു; കോവിഡ് രോഗം അതിവേഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും; ഇന്നലെ ഒരു ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത് 4213 പേർക്ക്; രോഗ ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിടുന്നു; ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുമെന്ന് സൂചന; കോവിഡ് കുതിപ്പിൽ തിരിച്ചടി ആയത് ലോക്ഡൗൺ ഇളവുകളെന്ന് സൂചന; പി പി ഇ കിറ്റുകളുടെ അഭാവവും വരും നാളുകളിൽ രാജ്യത്തെ സാരമായി ബാധിച്ചേക്കും

തുടക്കത്തിലെ കോവിഡ് പ്രതിരോധത്തിന് ശേഷം ഇന്ത്യയിൽ എല്ലാം പാളുന്നു; കോവിഡ് രോഗം അതിവേഗം പടരുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും; ഇന്നലെ ഒരു ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത് 4213 പേർക്ക്; രോഗ ബാധിതരുടെ എണ്ണം എഴുപതിനായിരം പിന്നിടുന്നു; ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുമെന്ന് സൂചന; കോവിഡ് കുതിപ്പിൽ തിരിച്ചടി ആയത് ലോക്ഡൗൺ ഇളവുകളെന്ന് സൂചന; പി പി ഇ കിറ്റുകളുടെ അഭാവവും വരും നാളുകളിൽ രാജ്യത്തെ സാരമായി ബാധിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ തുടക്കത്തിലെ മികവിന് ശേഷം ഇന്ത്യ പിന്നോക്കം പോകുകയാണോ? ആ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്ന വിധത്തിലാണ് ഇന്ത്യയിലെ കാര്യങ്ങളുടെ പോക്ക്. ലോക്ക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾക്ക് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ അതിവേഗമാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം 4213 കേസാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായാണ് ഒറ്റദിവസം നാലായിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. ഇപ്പോൾ എഴുപതിനായിരം കടന്നിരിക്കയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. മരണ നിരക്കിലും രാജ്യം മുന്നിൽ നിൽക്കുമ്പോൾ യുകെയുടേതിന് സമാനമായ വിധത്തിലാണ് കോവിഡ് ഇന്ത്യയിലും പടരുന്നത്. ഇന്നലെ 97 പേർകൂടി മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2206 ആയി ഉയർന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ 53 പേരും ഗുജറാത്തിൽ 21 പേരും പശ്ചിമബംഗാളിൽ 14 പേരും തമിഴ്‌നാട്ടിൽ മൂന്നുപേരും രാജസ്ഥാൻ, കർണാടക, ഹരിയാണ, ബിഹാർ, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓരോരുത്തരും മരിച്ചു. 3.2 ശതമാനമാണ് മരണനിരക്ക്. ഇതുവരെ 20,917 പേർ സുഖംപ്രാപിച്ചു. രോഗമുക്തി നിരക്ക് 31.14 ശതമാനമായി ഉയർന്നു. അഞ്ചുദിവസത്തിനിടെ 17,761 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇത് നിലവിലുള്ള രോഗബാധിതരുടെ എണ്ണത്തിന്റെ 26.45 ശതമാനം വരും. നാലുസംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7000 കടന്നു. മഹാരാഷ്ട്രയിൽ 22,171 പേർക്കും ഗുജറാത്തിൽ 8194 പേർക്കും തമിഴ്‌നാട്ടിൽ 7204 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 7233 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.

കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു രാജ്യത്തു കോവിഡ് കുതിക്കുന്നു. ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോർട്ടെങ്കിലും ഇത് എഴുപതിനായിരവും പിന്നിട്ടു കുതിക്കുകയാണ്. ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളാണു രോഗികൾ വർധിക്കാൻ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കിൽ വർധിച്ചാൽ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് പകുതിയോടെ രാജ്യത്തു 2.74 കോടി കോവിഡ് ബാധിതരുണ്ടാകുമെന്നായിരുന്നു ഏപ്രിൽ 27ലെ നിതി ആയോഗ് റിപ്പോർട്ട്. അന്ന് 12 ദിവസമെന്ന നിരക്കിലായിരുന്നു രോഗികളുടെ എണ്ണം ഇരട്ടിച്ചിരുന്നത്. ഇത് ഇടയ്ക്കു മെച്ചപ്പെട്ടാലും ലോക്ഡൗൺ മാറുമ്പോൾ സ്ഥിതി രൂക്ഷമാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.

മുംബൈയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ സൂചനയെന്നു മഹാരാഷ്ട്ര രോഗ നിരീക്ഷണ-നിയന്ത്രണ ചുമതലയുള്ള ഡോ. പ്രദീപ് അവാതെയും വ്യക്തമാക്കി. . സംസ്ഥാനത്തെ മറ്റു ചില കേന്ദ്രങ്ങളിലും സമൂഹ വ്യാപനത്തിനു സമാനമായ അവസ്ഥയാണെന്നും പറയുന്നു. അതേസമയം, ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ കോവിഡ് രോഗികൾ 23,401 ആയി. ഇന്നലെ 36 പേർ മരിച്ചു; 1230 പേർക്ക് രോഗം. ആകെ മരണം 868. ഇതിൽ 14,355 രോഗികളും 528 മരണവും മുംബൈയിലാണ്. ധാരാവിചേരിയിൽ കോവിഡ് ബാധിതർ 916 ആയി.

മഹാരാഷ്ട്രയിൽ നിലവിൽ 25000 വ്യവസായ ശാലകൾ തുറന്നു; 6 ലക്ഷം പേർ ജോലിയിൽ സജീവമായി. അതിനിടെ, 1170 സ്വകാര്യ ഡോക്ടർമാർ മുംബൈയിൽ കോവിഡ് ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചു. 15 ദിവസം കോവിഡ് ജോലിക്കു സന്നദ്ധരല്ലാത്ത സ്വകാര്യമേഖലാ ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണിത്. ചട്ടങ്ങൾ ലംഘിച്ച് തെരുവിൽ നമസ്‌കാരപ്രാർത്ഥന നടത്തിയതിന് 100 പേർക്കെതിരെ കേസെടുത്തു. സുഹൃത്തുമൊത്ത് കാറിൽ കറങ്ങിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെയും കേസുണ്ട്. ഇന്നലെ 798 പേർക്കു രോഗം കണ്ടെത്തിയതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികൾ 8002 ആയി. ഒറ്റ ദിവസം ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നത് ആദ്യം. ഇന്നലെ 6 പേർ മരിച്ചതോടെ കോവിഡ് മരണം 53. ചെന്നൈയിൽ മാത്രം 4371 രോഗികളാണുള്ളത്.

പിപി ഇ കിറ്റുകളും കുറവ്

ഡൽഹിയിൽ അടക്കം കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോൾ പിപിഇ കിറ്റുകളുടെ അഭാവവും ഉയർന്നു വരികയാണ്. ഡൽഹി രോഹിണി അംബേദ്കർ ആശുപത്രിയിലെ നഴ്‌സുമാരുടെ ദുരനുഭവമാണിത്. വൃക്കരോഗിയായ സിത്താര എന്ന യുവതി ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഉൾപ്പെടെ കോവിഡ് പടർന്നത്. 18നാണു സിത്താര മരിച്ചത്. 20നു കോവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ടെത്തി. 21നു സീനിയർ ഡോക്ടർമാരെ ക്വാറന്റീനിൽ അയച്ചു. പക്ഷേ, നഴ്‌സുമാരോടു ജോലിയിൽ തുടരാനായിരുന്നു നിർദ്ദേശം. പ്രതിഷേധത്തെ തുടർന്ന് കലക്ടർ ഇടപെട്ടതോടെ 52 പേരെ ക്വാറന്റീനിൽ അയച്ചു. ഇതിൽ മലയാളിയായ മാൻസി ഉൾപ്പെടെ 11 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

ക്വാറന്റീനിലായ ഡോക്ടർമാർക്കു ഹോട്ടൽ സൗകര്യമൊരുക്കിയപ്പോൾ നഴ്‌സുമാരെ സുൽത്താൻപുരിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കാനായിരുന്നു തീരുമാനം. ഇതും പ്രതിഷേധത്തിനു കാരണമായി. വേർതിരിവു പാടില്ലെന്ന സംസ്ഥാന സർക്കാർ ഉത്തരവിനെത്തുടർന്ന് ഹോട്ടലിൽ സൗകര്യമൊരുക്കി. അപ്പോഴും ശുചീകരണത്തൊഴിലാളികളെ ക്വാറന്റീനിൽ ആക്കിയിരുന്നില്ല. 25 വരെ ജോലി തുടർന്ന തൊഴിലാളിക്കും പിന്നീടു രോഗം കണ്ടെത്തി.

കോവിഡ് സ്ഥിരീകരിച്ചിരുന്ന മാൻസിയുടെ രണ്ടും മൂന്നും ഫലം നെഗറ്റീവായതോടെ ഇന്നലെ വീട്ടിൽ മടങ്ങിയെത്തി. കൊല്ലം കുണ്ടറ സ്വദേശിനിയായ മാൻസി 2016 മുതൽ അംബേദ്കറിലാണു ജോലി ചെയ്യുന്നത്. മൂന്നര വയസ്സുള്ള മകളും ഒന്നര വയസ്സുള്ള മകനും മാതാപിതാക്കൾക്കൊപ്പം ഡൽഹിയിലെ വീട്ടിൽ. ഭർത്താവ് ടെജു ദുബായിലാണ്. 7 ദിവസം കൂടി വീട്ടിൽ ക്വാറന്റീനിൽ കഴിയണം. അംബേദ്കർ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുകയാണ്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതെയാണു പ്രതിഷേധങ്ങളെല്ലാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP