Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണാ കാലത്തെ ഏറ്റവും വലിയ സർപ്രൈസുമായി ഖത്തർ എയർവേയ്‌സ്; ഒരു ലക്ഷം നഴ്‌സുമാർക്കും ഡോക്ടർമാർക്കും രണ്ടു തവണ ലോകത്തെവിടേക്കും സൗജന്യമായി പറക്കാം; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26 വരെ ബുക്ക് ചെയ്തു ഡിസംബർ 31 വരെ പറക്കാം

കൊറോണാ കാലത്തെ ഏറ്റവും വലിയ സർപ്രൈസുമായി ഖത്തർ എയർവേയ്‌സ്; ഒരു ലക്ഷം നഴ്‌സുമാർക്കും ഡോക്ടർമാർക്കും രണ്ടു തവണ ലോകത്തെവിടേക്കും സൗജന്യമായി പറക്കാം; തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26 വരെ ബുക്ക് ചെയ്തു ഡിസംബർ 31 വരെ പറക്കാം

മറുനാടൻ ഡെസ്‌ക്‌

ദോഹ: ലോകത്തെമ്പാടുമുള്ള മലയാളി നഴ്സുമാർക്ക് ഈ നഴ്സിങ് ദിനത്തിൽ സന്തോഷിക്കാനുള്ള സമ്മാനവുമായി ഖത്തർ എയർവേയ്സ്. നഴ്സുമാരും ഡോക്ടർമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായി പറക്കാനുള്ള അവസരമാണ് ഖത്തർ എയർവേയ്സ് ഒരുക്കുന്നത്. ഏതു രാജ്യത്ത് നിന്നും ഏതു രാജ്യത്തേക്കും പറക്കാം. ലോകം എമ്പാടും മലയാളി നഴ്സുമാർ ജോലി ചെയ്യുന്നതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടാവുന്നത് അവർക്ക് തന്നെയാണ്. ഈ കൊറോണ കാലത്ത് കേട്ട ഏറ്റവും വലിയ സന്തോഷ വാർത്തയിൽ ഏറ്റവും കൂടുതൽ ഗുണം അനുഭവിക്കുന്നത് മലയാളി നഴ്സുമാർ തന്നെയാവുമെന്ന് ഉറപ്പ്.

തങ്ങളുടെ ജീവൻ പണയം വച്ച് കൊറോണ രോഗികളെ ശുശ്രൂഷിച്ച് കോവിഡ് 19 പോരാട്ടത്തിൽ നിർണായകമായി നിലകൊള്ളുന്നവരാണ് നഴ്സുമാർ, ഡോക്ടർമാർ എന്നിവരെ പോലുള്ള ഫ്രണ്ട്ലൈൻ ഹെൽത്ത് കെയർ വർക്കർമാർ. അതിനാൽ തന്നെ അവർക്കുള്ള ആദരമെന്നോണമാണ് ഖത്തർ എയർവേയ്സ് ഈ പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പൂർണമായും സൗജന്യമായാണ് വിമാന ടിക്കറ്റുകൾ നൽകുക. ആഗോള തലത്തിലുള്ള മുൻനിര ആരോഗ്യ പ്രവർത്തകർക്കായി 1,00,000 വിമാന ടിക്കറ്റുകളാണ് സൗജന്യമായി നൽകുന്നത്. ആരോഗ്യ പ്രവർത്തകർക്ക് പലവിധ സഹായങ്ങളും ഓഫറുകളും നൽകി വിവിധ കമ്പനികൾ രംഗത്തുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഓഫറാണ് ഖത്തർ എയർവേയ്സിന്റെത്.

ഈ ഓഫറിനുള്ള രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രി ആരംഭിച്ചു കഴിഞ്ഞു. ഇന്ന് പുലർച്ചെ 12.01 മുതൽ ഈമാസം 18ന് ദോഹ സമയം രാത്രി 11.59 വരെയുള്ള സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം. ഓർക്കുക, ഒരുലക്ഷം ടിക്കറ്റുകൾ മാത്രമാണ് നൽകുക. അതിനാൽ തന്നെ, എത്രയും പെട്ടെന്ന് തീരുമാനമെടുത്ത് രജിസ്റ്റർ ചെയ്യുക. ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ലാബ് ടെക്‌നീഷ്യന്മാർ, ക്ലിനിക്കൽ റിസർച്ചർ, ഫാർമസിസ്റ്റ് എന്നിവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ലോകത്തിലെ ഏതു രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്കും സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാം. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക. അപേക്ഷാ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഓരോ രാജ്യങ്ങൾക്കും ദിവസേന നിശ്ചിത ടിക്കറ്റുകൾ അനുവദിക്കും.

അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ലിങ്കിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കുകയാണ് ആദ്യം വേണ്ടത്. അപേക്ഷ സമർപ്പിക്കുന്നവർക്ക് ഇതിനെ തുടർന്ന് അവർക്ക് ഒരു യുണിക് പ്രമോഷൻ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് യാത്രയ്ക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാൻ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. യാത്രാ ദിവസം വിമാനത്താവളത്തിൽ ചെക്ക് ഇൻ കൗണ്ടറിൽ പാസ്‌പോർട്ട് കൂടാതെ ആരോഗ്യ പ്രവർത്തകൻ ആണെന്ന് തെളിയിക്കുന്ന മെഡിക്കൽ ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവയുടെ ഒറിജിനൽ രേഖകൾ കാണിക്കണം. രേഖകളുടെ ഫോട്ടോ അല്ലെങ്കിൽ പ്രിന്റ് അംഗീകരിക്കില്ല. ആരോഗ്യപ്രവർത്തകൻ യാത്രയ്ക്ക് യോഗ്യനല്ലെങ്കിൽ അപേക്ഷകന്റെ സഹയാത്രികരായി ടിക്കറ്റ് എടുത്തിരിക്കുന്നവർക്കും യാത്ര അനുവദിക്കുന്നതല്ല.

ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർ 2020 നവംബർ 26ന് മുമ്പായി യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. മെയ്‌ 26 മുതൽ ഡിസംബർ 10 വരെയാണ് യാത്രാ കാലാവധി. ഒരാൾക്ക് ഇക്കോണമി ക്ലാസിൽ പരമാവധി രണ്ട് ടിക്കറ്റുകൾ എടുക്കാം. ആരോഗ്യപ്രവർത്തകനും അദ്ദേഹത്തിനൊപ്പം 12 വയസിന് മുകളിലുള്ള ഒരാൾക്ക് കൂടി ടിക്കറ്റ് അനുവദിക്കും. ഏത് രാജ്യത്തുള്ള ഹെൽത്ത് കെയർ പ്രഫഷണലുകൾക്കും ഇത്തരത്തിൽ രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. എന്നാൽ മൊത്തം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തുള്ളവർക്കും ദിവസവും ഇത്തരത്തിൽ ലഭിക്കുന്ന ടിക്കറ്റുകൾ ഒരു നിശ്ചിത എണ്ണമായി പരിമിതപ്പെടുത്തുമെന്നും കമ്പനി അറിയിക്കുന്നു.

ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കാമെന്ന് മാത്രമല്ല സൗജന്യമായി തന്നെ തീയതിയിൽ മാറ്റം വരുത്താനും കഴിയും. എന്നാൽ വിമാനത്താവള നികുതി നൽകേണ്ടി വരും. ഇത്തത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏത് ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും 35 ശതമാനം ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങാനും സാധിക്കും. ഈ ടിക്കറ്റുകൾ 2020 ഡിസംബർ 31 വരെ സാധുതയുള്ളവയാകും.

പുതിയ ഓഫറിനെ കുറിച്ച് വ്യക്തമാക്കി ഖത്തർ എയർവേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവായ അക്‌ബർ അൽ ബേക്കർ ആണ് വെബ്സൈറ്റിലൂടെ വ്യക്തമാക്കിയത്. കൊറോണക്കെതിരെ ലോകമെമ്പാടും ആത്മാർത്ഥമായും അക്ഷീണമായും പോരാടുന്ന ഹെൽത്ത് കെയർ വർക്കർമാർക്കുള്ള തങ്ങളുടെ ആദരവാണിതെന്ന് അദ്ദേഹം പറയുന്നു. ഇവരുടെ ആത്മാർത്ഥതയും ധൈര്യവും കാരണമാണ് ആയിരക്കണക്കിന് പേരുടെ ജീവൻ കൊറോണയിൽ നിന്നും രക്ഷപ്പെടുത്താനാവുന്നതെന്ന കാര്യവും അദ്ദേഹം എടുത്തു കാട്ടുന്നു. ഡോക്ടർമാർ, മെഡിക്കൽ പ്രാക്ടീഷണർമാർ, ലാബ് ടെക്നീഷ്യൻസ്, ക്ലിനിക്കൽ റിസർച്ചർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങിയ വിവിധ തസ്തികകളിലുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനാണ് ഖത്തർ എയർവേസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഖത്തർ എയർവേസ് സർവീസുള്ള എവിടേക്കും രണ്ട് സൗജന്യ എക്കണോമി ക്ലാസ് ട്രിപ്പുകളാണ് ലഭിക്കുന്നത്. ഇത്തത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏത് ഖത്തർ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും 35 ശതമാനം ഡിസ്‌കൗണ്ടിൽ സാധനങ്ങൾ വാങ്ങാനും സാധിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നവംബർ 26 വരെ ഇത്തരത്തിൽ തങ്ങളുടെ സൗജന്യ ട്രിപ്പിനായി ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകൾ 2020 ഡിസംബർ 31 വരെ സാധുതയുള്ളവയാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP