Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലേക്ക് വരാനുള്ള പാസിനായി അപേക്ഷിച്ചേണ്ടത് നോർക്കയുടെ ജാഗ്രത കേരളം വെബ്‌സൈറ്റ് വഴി; ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും യാത്ര തിരിക്കും മുമ്പ് ആവശ്യം; കേരളം പാസ് നൽകിയാൽ മാത്രം മറ്റ് സംസ്ഥാനങ്ങൽ യാത്രാ അനുമതി നൽകിയാൽ മതിയെന്ന് പുതിയ നിബന്ധനയുമായി ഡിജിപി; അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും പേർക്ക് യാത്ര ചെയ്യാം; എത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങളും പാലിക്കണം

കേരളത്തിലേക്ക് വരാനുള്ള പാസിനായി അപേക്ഷിച്ചേണ്ടത് നോർക്കയുടെ ജാഗ്രത കേരളം വെബ്‌സൈറ്റ് വഴി; ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും യാത്ര തിരിക്കും മുമ്പ് ആവശ്യം; കേരളം പാസ് നൽകിയാൽ മാത്രം മറ്റ് സംസ്ഥാനങ്ങൽ യാത്രാ അനുമതി നൽകിയാൽ മതിയെന്ന് പുതിയ നിബന്ധനയുമായി ഡിജിപി; അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും പേർക്ക് യാത്ര ചെയ്യാം; എത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങളും പാലിക്കണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി കേരള സർക്കാർ. കേരളത്തിന്റെ പാസ് ഉണ്ടങ്കിൽ മാത്രമേ മറ്റു സംസ്ഥാനങ്ങൾ പാസ് നൽകാവൂവെന്ന നിർദ്ദേശം സംസ്ഥാനം മുന്നോട്ടു വച്ചു. ഇതു കർശനമാക്കണമെന്ന് അഭ്യർത്ഥിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ സംസ്ഥാനത്തെയും ഡിജിപിമാർക്കും കമ്മിഷണർമാർക്കും കത്തയച്ചു.

മലയാളികൾ പാസിന് അപേക്ഷ നൽകുമ്പോൾ തന്നെ കേരള പാസ് ലഭിച്ചിട്ടുണ്ടായെന്ന് അന്വേഷിക്കണമെന്നും ഉണ്ടങ്കിൽ അതിന്റെ വിവരങ്ങൾ നൽകാൻ മറ്റു സംസ്ഥാനങ്ങളുടെ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തണമെന്നുമാണ് ഡിജിപിയുടെ നിർദ്ദേശം. ഇതോടെ രണ്ടു പാസ് ഉണ്ടങ്കിൽ മാത്രമേ യാത്ര സാധ്യമാകൂ. പാസില്ലാതെ എത്തുന്നവരെ തടയാനാണ് നടപടി. വാളയാർ അതിർത്തിയിൽ അടക്കം പാസില്ലാതെ എത്തി തിരിച്ചു പോകേണ്ട സാഹചര്യം ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പുതിയ നിബന്ധന വെക്കുന്നത്. അതേസമയം റെഡ് സോണിൽ നിന്നുവരുന്നവർക്ക് പാസ് അനുവദിക്കില്ല എന്നതാണ് പുതിയ തീരുമാനം.

പാസ് നൽകുന്നതിന് സർക്കാർ ഒരു മുൻഗണനാ ഗ്രൂപ്പ് നിർണയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ചെക്ക്പോസ്റ്റിലൂടെയുള്ള റോഡ് എൻട്രി പോയിന്റുകളിലൂടെയുള്ള യാത്രയ്ക്ക് മാത്രമാണ് പാസ് നൽകുന്നത്. അതിർത്തിയിൽ എത്തുന്ന വ്യക്തികളുടെ വിവരങ്ങൾ കൂടി സ്വീകരിക്കുന്നുണ്ട്. പാസുകളില്ലാത്ത ഈ വ്യക്തികൾ മുൻഗണനാ ഗ്രൂപ്പിലും ഉൾപ്പെടുന്നില്ല. അതനുസരിച്ച്, നിർദ്ദിഷ്ട ദിവസത്തെ പാസ് ഇല്ലാത്ത ഒരു വ്യക്തിയെയും ചെക്ക്പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശമുണ്ട്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരാൻ ആഗ്രഹിക്കുന്ന മലയാളികളെ അതിർത്തി കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്‌ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ യാത്രക്ക് മുൻപ് ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

മാർഗനിർദ്ദേശങ്ങൾ ഇവ

1. ചെക്ക് പോസ്റ്റുകൾ തുറക്കുകയും പാസുകൾ നൽകി തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ നിലവിലുള്ള നോർക്ക രജിസ്‌ട്രേഷൻ സൗകര്യം covid19jagratha.kerala.nic.in വഴി ആക്കിയിട്ടുണ്ട്. (covid19jagratha portal -- Public Services -- Domestic returnees pass -New registration Mobile number verification -- Add group-- Vehicle-No, Check post, time of arrival, etc Submit)

2. ഇതുവരെ നോർക്കയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ തങ്ങൾക്ക് ലഭിച്ച രജിസ്റ്റർ നമ്പർ ഉപയോഗിച്ച് covid19jagratha.kerala.nic.in വഴി യാത്രാനുമതിക്കുള്ള പാസിനായി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം.

3. ഇതിനായി covid19jagratha.kerala.nic.in എന്ന പോർട്ടലിൽ മൊബൈൽ നമ്പറും നോർക്കയുടെ രജിസ്റ്റർ നമ്പറും ഉപയോഗിച്ച് തങ്ങളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം ഒരേ വാഹനത്തിൽ കൂടെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ (കുടുംബമോ അല്ലാതെയോ) അതിനായി ഒരു ഗ്രൂപ്പ് തയാറാക്കേണ്ടതാണ്.

4. നോർക്ക രജിസ്റ്റർ നമ്പർ മറന്നുപോയവർക്ക് അത് തിരിച്ചെടുക്കാനുള്ള സൗകര്യം കോവിഡ് ജാഗ്രതാ പോർട്ടലിൽ ലഭ്യമാണ്.

5. വ്യത്യസ്ത ജില്ലകളിൽ എത്തേണ്ടവർ ഒരേ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ജില്ലാതലത്തിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി ഓരോ ഗ്രൂപ്പിലും ഓരോ വാഹന നമ്പർ നൽകേണ്ടതാണ്.

6. ഇത്തരത്തിൽ ഗ്രൂപ്പ് തയാറാക്കിയശേഷം സംസ്ഥാനത്തേക്ക് പ്രവേശിക്കേണ്ട ചെക്ക്‌പോസ്റ്റ്, അവിടെ എത്തുന്ന തിയതി, സമയം എന്നിവ രേഖപ്പെടുത്തി അനുമതിക്കായി സമർപ്പിക്കേണ്ടതാണ്.

7. പരിശോധനക്ക് ശേഷം ജില്ലാ കളക്ടർമാർ അനുമതി നൽകുമ്പോൾ മൊബൈൽ നമ്പർ വഴിയും ഇ-മെയിൽ വഴിയും യാത്രാനുമതിക്കുള്ള പാസ് ലഭിക്കുന്നതാണ്.

8. ഏതു സംസ്ഥാനത്ത് നിന്നാണോ യാത്ര തിരിക്കുന്നത് ആ സംസ്ഥാനത്ത് നിന്നുള്ള അനുമതിയും സ്‌ക്രീനിങ്ങും ആവശ്യമുണ്ടെങ്കിൽ ആയത് യാത്ര തിരിക്കുന്നതിന് മുൻപ് ഉറപ്പാക്കേണ്ടതാണ്.

9. കേരളത്തിൽ നിന്നുള്ള യാത്രാനുമതി ലഭിച്ച നിർദിഷ്ട തീയതിയിൽ യാത്ര ആരംഭിക്കാൻ സാധിക്കാത്തവർക്ക് അതിനടുത്ത ദിവസങ്ങളിൽ വരുന്നതിന് തടസമില്ല

10. ചെക്ക്‌പോസ്റ്റിലെത്തി ചേർന്നശേഷം യാത്രാപാസ് കാണിച്ച് ആവശ്യമായ വൈദ്യ പരിശോധനകൾക്ക് ശേഷം മാത്രമാണ് സംസ്ഥാനത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്.

11. ചെക്ക്‌പോസ്റ്റുകളിലെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനക്കായി പ്രസ്തുത യാത്രാ പെർമിറ്റ് കൈയിൽ കരുതേണ്ടതാണ് (മൊബൈൽ ഫോണിൽ സൂക്ഷിച്ചാലും മതിയാകും).

12. സാമൂഹിക അകലം പാലിക്കുന്നതിനായി അഞ്ചു സീറ്റുള്ള വാഹനത്തിൽ നാലും ഏഴു സീറ്റുള്ള വാഹനത്തിൽ അഞ്ചും വാനിൽ 10ഉം ബസിൽ 25ഉം ആളുകൾ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാ വേളയിൽ ശാരീരിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.

13. അതിർത്തി ചെക്ക് പോസ്റ്റുവരെ മാത്രം വാടക വാഹനത്തിൽ വരികയും അതിനുശേഷം മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികൾ തുടർ യാത്രക്കുള്ള വാഹനങ്ങൾ സ്വന്തം നിലയ്ക്ക് ക്രമീകരിക്കണം. യാത്രക്കാരെ കൂട്ടിക്കൊണ്ട് പോകുന്നതിനായി വരുന്ന വാഹനത്തിൽ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡ്രൈവറും യാത്രക്ക് ശേഷം ക്വറന്റീനിൽ പ്രവേശിക്കണം. യാത്രക്കാരെ കൂട്ടുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റിലേക്ക് പോകേണ്ട വാഹനത്തിന്റെ ഡ്രൈവർ കോവിഡ് ജാഗ്രതാ വെബ്‌സൈറ്റിലൂടെ അതത് കളക്ടർമാരിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതാണ്.

14. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ മെഡിക്കൽ പരിശോധന നടത്തുന്നതാണ്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് വീട്ടിലേക്ക് പോകാവുന്നതും ഹോം ക്വറന്റീനിൽ പ്രവേശിക്കേണ്ടതുമാണ്. രോഗലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ കോവിഡ് കെയർ സെന്റർ / ഹോസ്പിറ്റലിലേക്ക് അയക്കുന്നതുമാണ്.

15 മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയിട്ടുള്ള കുട്ടികൾ / ഭാര്യ / ഭർത്താവ്/ മാതാപിതാക്കൾ എന്നിവരെ കൂട്ടിക്കൊണ്ടുവരാൻ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് മാതൃജില്ലാ കളക്ടർ അവിടങ്ങളിൽ പോയി തിരിച്ച് വരാനുള്ള പാസ് നൽകേണ്ടതാണ്. പാസിൽ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. ഇത്തരം യാത്രകൾ നടത്തുന്നവർ ക്വറന്റീനിൽ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. ഏത് സംസ്ഥാനത്തിലേക്കാണോ പോകേണ്ടത് ആ സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ.

16. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങൾക്കുള്ള മടക്ക പാസ് കേരളത്തിലെ അതാത് ജില്ലാ കളക്ടർമാർ നൽകേണ്ടതാണ്.

17. കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ മൊബൈൽ ആപ്പ് അവരവരുടെ ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം.

18. യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സെക്രട്ടേറിയറ്റിലെ വാർ റൂമുമായോ (0471- 2781100/ 2781101) നിർദിഷ്ട അതിർത്തി ചെക്ക് പോസ്റ്റുമായോ ബന്ധപ്പെടേണ്ടതാണ്.

ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണം

ഇതരസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തുന്നവരിൽ റെഡ്‌സോണിൽ നിന്നുള്ളവരെ കോവിഡ് കെയർ സെന്ററുകളിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കും. കോവിഡ് കെയർ സെന്ററുകളിൽ എത്താത്ത റെഡ് സോണിൽ നിന്നുള്ളവരെ ഉടൻ തന്നെ കോവിഡ് കെയർ സെന്ററുകളിലേക്ക് ഐസലേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത്തലത്തിൽ കൂടുതൽ ക്രമീകരണങ്ങള് സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും ബോർഡർ കടന്നെത്തുന്നവരുടെ വിവരം പഞ്ചായത്ത്തലത്തിൽ തയാറാക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡറക്ടർ മുഖേന ജില്ലാ ഭരണകൂടത്തിനു കൈമാറണമെന്നാണ് നിർദ്ദേശം.

കോവിഡ് കെയർ സെന്ററുകളിൽ ആവശ്യമായ വോളണ്ടിയർമാരെ ക്രമീകരിക്കും. കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണം. ഹോം ഐസോലേഷനിലുള്ളവർ വീടുകളിൽ മറ്റുള്ളവരുമായി കൃത്യമായ അകലം പാലിച്ച് മുറിക്കകത്ത് തന്നെകഴിയണം. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും കോവിഡ് കെയർ സെന്ററിൽ കഴിയുന്നവർക്ക് ബന്ധപ്പെടുന്നതിനായും വാർഡ്, പഞ്ചായത്ത് തലത്തിൽ സമിതികൾ കൂടണം. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ നമ്പരും അവിടെ പ്രവർത്തിക്കുന്ന വോളണ്ടിയർമാരുടെ വിവരവും ജില്ലാഭരണകൂടത്തിനു കൈമാറണം. ഐസലേറ്റ് ചെയ്തവർക്ക് ജനകീയ ഹോട്ടലുകൾ അടിയന്തരമായി ആരംഭിച്ച് അവിടെ നിന്നും ഭക്ഷണം എത്തിച്ചുനൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

സെന്ററുകളിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും സന്ദർശനം അനുവദിക്കരുത്. അവിടെ പ്രവർത്തിക്കുന്ന ഓരോ പ്രവർത്തകരും ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണം. ആരോഗ്യ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സഹായം രാത്രികാലങ്ങളിൽ ഉണ്ടാകും.കോവിഡ് കെയർ സെന്ററുകളിൽ പ്രവർത്തിക്കുന്നവരും ശുചീകരണ തൊഴിലാളികളും മാലിന്യ നിർമ്മാർജനം ചെയ്യുന്നവരും ഉൾപ്പെടെയുള്ളവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. മാസ്‌ക്, ഹാന്റ് വാഷ്, സാനിറ്റൈസർ എന്നിവ ആവശ്യാനുസരണം എല്ലാ സെന്ററുകളിലും നിർബന്ധമാക്കണമെന്നും ഒപ്പം ഐസലേറ്റ് ചെയ്തവരും പ്രവർത്തിക്കുന്ന വോളണ്ടിയർമാരും ശാരീരിക അകലം പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്ന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്റർ. സഞ്ജയ് എം. കൗൾ അഡിഷണൽ കോ-ഓർഡിനേറ്ററും, മനോജ് എബ്രഹാം കേരളത്തിലെ പൊലീസ് പ്രതിനിധിയുമാണ്. തമിഴ്‌നാട് പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നി പ്രദേശങ്ങളുടെ ചുമതലയുള്ള രണ്ട് ഉദ്യോഗസഥരെ നിയമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP