Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് തീവ്രബാധിത ഇടങ്ങളായ എട്ടു സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരണം എന്ന് ആവശ്യം ഉന്നയിച്ചതോടെ തീരുമാനം അതു തന്നയെന്ന് സൂചിപ്പിച്ചു പ്രധാനമന്ത്രി; കേന്ദ്രം ഏർപ്പെടുത്തിയ ലോക്ക് ഡൗണിനേക്കാൾ ഇനി മുൻതൂക്കം നൽകുക സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക്; സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും; ഇളവുകൾ ആവശ്യപ്പെടുമ്പോഴും ട്രെയിൻ സർവീസ് വേണ്ടെന്ന നിലപാടിൽ കേരളവും തമിഴ്‌നാടും അടക്കമുള്ളവർ; വിപണി ചലിപ്പിച്ചു കോവിഡ് പോരാട്ടം തുടരാൻ ഇന്ത്യ

കോവിഡ് തീവ്രബാധിത ഇടങ്ങളായ എട്ടു സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരണം എന്ന് ആവശ്യം ഉന്നയിച്ചതോടെ തീരുമാനം അതു തന്നയെന്ന് സൂചിപ്പിച്ചു പ്രധാനമന്ത്രി; കേന്ദ്രം ഏർപ്പെടുത്തിയ ലോക്ക് ഡൗണിനേക്കാൾ ഇനി മുൻതൂക്കം നൽകുക സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്ക്; സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും; ഇളവുകൾ ആവശ്യപ്പെടുമ്പോഴും ട്രെയിൻ സർവീസ് വേണ്ടെന്ന നിലപാടിൽ കേരളവും തമിഴ്‌നാടും അടക്കമുള്ളവർ; വിപണി ചലിപ്പിച്ചു കോവിഡ് പോരാട്ടം തുടരാൻ ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക രംഗം ചലിപ്പിച്ചു കൊണ്ടു ലോക്ക് ഡൗൺ തുടരാനുള്ള തീരുമാനത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്. ലോക്ക് ഡൗൺ നീട്ടുമെന്ന് തന്നെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ രത്‌നച്ചുരുക്കമായി വ്യക്തമായ കാര്യം. ലോക്ക് ഡൗൺ നിലനിർത്തിക്കൊണ്ട് തന്നെ ഇളവുകൾ നൽകുക എന്ന തീരുമാനത്തിലേക്കാണ് കേന്ദ്രം കടക്കുക എന്ന സൂചനയാണ് പ്രധാനമന്ത്രി മോദി നൽകിയത്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നു തന്നയാണ് ഡൽഹിയിൽ നിന്നുള്ള സൂചന. എട്ടു സംസ്ഥാനങ്ങളാണ് ഇന്നലെ ലോക്ക് ഡൗൺ നീട്ടണം എന്ന ആവശ്യം മുന്നോട്ടു വെച്ചത്. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് ധാരണ. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള യോഗം ആറ് മണിക്കൂറാണ് നീണ്ടു നിന്നു എന്നതും ശ്രദ്ധേയമായി.

വിവിധ സംസ്ഥാനങ്ങൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകൾ നിർണയിക്കാൻ അനുമതിയുണ്ടാകും. ഇത്തരത്തിൽ സോണുകളുടെ പട്ടിക തയ്യാറാക്കി 15-ാം തീയതിക്ക് മുമ്പ് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രാ, തമിഴ്‌നാട്, പഞ്ചാബ്, ബിഹാർ, അസം, തെലങ്കാന, പശ്ചിമ ബംഗാൾ,ഡൽഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്.

അതേസമയം മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളിൽ നിൽക്കുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണിൽ ഇളവുകളാകാമെങ്കിലും, ട്രെയിൻ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്ന നിലപാടുമായി രൂക്ഷവിമർശനമുയർത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങിയത്. യോഗത്തിന് സമയക്രമം നിശ്ചയിക്കണ്ട എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എല്ലാ മുഖ്യമന്ത്രിമാരുടെയും അഭിപ്രായങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും ലോക്ക്ഡൗൺ തുടരുന്നതിലെ തീരുമാനം കേന്ദ്രസർക്കാർ സ്വീകരിക്കുക. അതിനാൽ എല്ലാ മുഖ്യമന്ത്രിമാരും ഇന്ന് സംസാരിച്ചു.

സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങൾക്ക് കൈത്താങ്ങ്, വിപണിയിൽ ചലനമുണ്ടാക്കൽ എന്നിവയാകും സർക്കാരിന് മുന്നിലുള്ള വെല്ലുവിളികൾ. മൂന്നാം ലോക്ക്ഡൗണിന് ശേഷവും സാമ്പത്തികമേഖലയിൽ നിയന്ത്രണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെത്തന്നെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാർ നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടു.

ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചത്. വൈറസിനെ ട്രാക്ക് ചെയ്യാൻ ആരോഗ്യസേതു വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാരോടും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുടിയേറ്റത്തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് യോഗത്തിന്റെ തുടക്കത്തിൽ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊവിഡ് ഗ്രാമങ്ങളിലേക്ക് പടരാൻ അനുവദിക്കരുതെന്ന് പറഞ്ഞു. ലോക്ക്ഡൗണിൽ ചില മാറ്റങ്ങൾ വേണ്ടി വരുമെന്ന് സൂചന നൽകുന്നതിലൂടെ ഇളവുകളുണ്ടാകുമെന്ന സൂചന തന്നെയാണ് അദ്ദേഹം നൽകിയത്.

യോഗത്തിന്റെ ആദ്യഘട്ടത്തിൽ സംസാരിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കൊവിഡിനെച്ചൊല്ലി കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് മമത വിമർശിച്ചു. പല സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് മമതയുടെ ആരോപണം. ''കേന്ദ്രസർക്കാർ ഒരു തിരക്കഥ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഇത്തരം നാടകം കളിക്കാനുള്ള സമയമല്ല ഇത്. കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം കളിക്കരുത്. ഞങ്ങളുടെ അഭിപ്രായം ആരും ചോദിക്കുന്നത് പോലുമില്ല. ഫെഡറൽ സംവിധാനം അട്ടിമറിക്കരുത്'', എന്ന് മമത ആഞ്ഞടിച്ചു.

ലോക്ക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കേണ്ടതിനെക്കുറിച്ചും, അതിഥിത്തൊഴിലാളികൾക്കുള്ള സാമ്പത്തിക പാക്കേജിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് മമതയുടെ വിമർശനം. പരിശോധനാഫലം കൃത്യമായി പശ്ചിമബംഗാൾ പുറത്തുവിടുന്നില്ല എന്നും, ശ്രമിക് ട്രെയിനുകൾ കടത്തി വിടേണ്ടതില്ലെന്നുമുള്ള ബംഗാളിന്റെ നിലപാടിനെതിരെയും ഉള്ള കേന്ദ്ര ആരോപണം മുൻനിർത്തിയാണ് മമതാ ബാനർജിയുടെ രൂക്ഷവിമർശനം. പശ്ചിമബംഗാളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം വരുന്ന വിവരം തനിക്ക് അറിയാമായിരുന്നില്ലെന്നും, ഇത് നേരത്തേ അറിയിക്കേണ്ടതായിരുന്നുവെന്നും മമത പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ ആഞ്ഞടിച്ചിരുന്നു.

സംസ്ഥാനത്തെ 95% കേസുകളും ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് പറഞ്ഞ ആന്ധ്ര മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി, നാട്ടിലേക്ക് പോയ കുടിയേറ്റത്തൊഴിലാളികളെ തിരികെ വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വേണമെന്നായിരുന്നു ജഗന്മോഹൻ റെഡ്ഡിയുടെ ആവശ്യം. അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം വൈറസ് ബാധ തടയാൻ ഒരു ടീമായി പ്രവർത്തിക്കുന്നു എന്നാണ് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞത്.

തീവണ്ടി സർവീസുകൾ തമിഴ്‌നാട്ടിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, സംസ്ഥാനത്തിന് 2000 കോടി രൂപയുടെ സാമ്പത്തികപാക്കേജ് ആവശ്യപ്പെട്ടു. ദുരിതാശ്വാസപാക്കേജ് തുടങ്ങാൻ പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരികെ എത്തിയ കുടിയേറ്റത്തൊഴിലാളികളെ ക്വാറന്റൈൻ ചെയ്തതായി വ്യക്തമാക്കി.

രാജ്യത്ത് മരണനിരക്കും രോഗവ്യാപനവും കുത്തനെ കൂടുന്ന ഗുജറാത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കണ്ടെയ്ന്മെന്റ് സോണുകൾക്ക് പുറത്ത് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. അന്തർസംസ്ഥാന ചരക്ക് ഗതാഗതം തടസ്സമില്ലാതെ പോകണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും ലോക്ക്ഡൗൺ പിൻവലിക്കാമെന്ന് അഭിപ്രായപ്പെട്ടു.

വൈകിട്ട് 3ന് ആരംഭിച്ച വിഡിയോ കോൺഫറൻസ് രാത്രി ഒൻപതോടെയാണ് അവസാനിച്ചത്. കോവിഡിനുശേഷം പുതിയ ജീവിതശൈലി രൂപപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി നമ്മൾ തയ്യാറെടുക്കണം. സ്‌കൂൾ, കോളജ് അധ്യയനത്തിനു ബദൽ മാർഗങ്ങൾ തേടണം. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് ഉചിതമായ പരിഗണന നൽകും. എല്ലാവരുടെയും ആവേശം ഈ പോരാട്ടം വിജയിക്കാൻ നമ്മളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ നിർവഹിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സാമ്പത്തിക ഉത്തേജന പ്രവർത്തനങ്ങൾക്ക് വരും ദിവസങ്ങളിൽ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേതിൽ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും യോഗത്തിൽ സംസാരിക്കാൻ അവസരമുണ്ടായിരുന്നു. ട്രെയിൻ, വിമാന സർവീസുകൾ ഈ മാസം തുടങ്ങരുതെന്ന് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെട്ടു. മെട്രോ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ സർവീസിനെ തെലങ്കാന സർക്കാരും എതിർത്തു. പഞ്ചാബ്, ബിഹാർ മുഖ്യമന്ത്രിമാർ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടു. 17നു ശേഷം പൂർണമായി തുറക്കാവുന്ന മേഖലകൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങിയവ ചർച്ചയായി. കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചർച്ചയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP