Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയോടെ പിഎസ് സി ബുള്ളറ്റിനിലെ ചോദ്യം; വിവാദ ചോദ്യമിട്ട മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പിഎസ്‌സി; എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി; സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തും

തബ്‌ലീഗ് സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയോടെ പിഎസ് സി ബുള്ളറ്റിനിലെ ചോദ്യം; വിവാദ ചോദ്യമിട്ട മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പിഎസ്‌സി; എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി; സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചേദിച്ചതിന് നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി. ഏപ്രിലിലെ പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ധീൻ സമ്മേളനം കൊവിഡ് പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും.

ഏപ്രിൽ 15ലെ ലക്കത്തിലെ വോളിയം 31 സമകാലികം പംക്തിയിലാണ് ചോദ്യം ഉൾപ്പെട്ടിരുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു 'രാജ്യത്തെ നിരവധി പൗരന്മാർക്ക് കോവിഡ് 19 ബാധയേൽക്കാൻ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത്? ഉത്തരം- നിസാമുദ്ദീൻ (ന്യൂഡൽഹി)'. ഈ ചോദ്യമാണ് വിവാദമായത്. ദേശീയ മാധ്യമങ്ങളും ആരോഗ്യപ്രവർത്തകരും അടക്കം തബ്ലീഗ് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി എന്ന് ആരോപിച്ചിരുന്നു. എന്നാൽ രോഗത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്തരുതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അഭിപ്രായപ്പെട്ടത്. ഈ വാക്കിന് നേർ വിപരീതമായി പ്രവർത്തിച്ചു കൊണ്ടു രംഗത്തുവന്നത് സർക്കാറിന് കീഴിലുള്ള പിഎസ് സി യുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ് സി ബുള്ളറ്റിനാണ്.

വർഗീയ പരാമർശമുള്ള ചോദ്യവുമായാണ് കേരളാ പിഎസ് സി ബുള്ളറ്റിൻ രംഗത്തെത്തിയത്. ഏപ്രിൽ 15ന് പുറത്തിറങ്ങിയ പതിപ്പിലാണ് രാജ്യത്തുകൊവിഡ് 19 പടർത്തിയത് തബ്ലീഗ് സമ്മേളനമാണെന്ന രീതിയിലുള്ള പരാമർശമുള്ളത്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ലക്ഷ്യത്തോടെ വർഗീയ വിളവെടുപ്പ് നടത്തരുതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം നിലനിൽക്കുമ്പോഴാണ് പി.എസ്.സിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വർഗീയ ചുവയോടെയുള്ള വിവരങ്ങൾ നൽകിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കെതിരെ നടക്കുന്ന വർഗീയ പ്രചരണം അനുവദിക്കില്ലെന്നും കൊവിഡ് 19 മതം നോക്കി ബാധിക്കുന്ന രോഗമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെ പൂർണമായും തള്ളിപ്പറയുന്ന രീതിയിലാണ് പി.എസ്.സിയുടെ ചോദ്യോത്തരം.

24 പേജുള്ള ബുള്ളറ്റിനിൽ അവസാനത്തെ പേജിലാണ് വിവാദ ചോദ്യം ഉൾപെടുത്തിയിട്ടുള്ളത്. രാജ്യത്തെ നിരവധി പൗരന്മാർക്ക് കൊവിഡ് 19 ബാധയേൽക്കുവാൻ കാരണമായ തബ്ലീഗ് മതസമ്മേളനം നടന്നത് എവിടെ എന്നാണ് ചോദ്യം. തൊട്ടടുത്ത വരിയിൽ നിസാമുദ്ദീൻ എന്നും ബ്രാക്കറ്റിൽ ന്യൂഡൽഹി എന്നും ഉത്തരമായും രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളാണ് പി.എസ്.സിയുടെ ബുള്ളറ്റിനെ ആശ്രയിക്കുന്നത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ഇത്രയും ആളുകളിലേക്ക് സർക്കാർ ചെലവിൽ വർഗീയ പരാമർശം ഉൾകൊള്ളുന്ന ചോദ്യോത്തരം നൽകിയത് ബോധപൂർവമായ നീക്കമാണെന്ന സംശയമാണ് ഉയരുന്നത്. ഇതിന് പിന്നിൽ ആരാണ് കണ്ടെത്തണമെന്ന വിമർശനവും ഉയരുന്നുണ്ട്.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തുടങ്ങിയ വർഗീയ പ്രചരണങ്ങൾ പി.എസ്.സിയും ഏറ്റെടുത്തതിന്റെ തെളിവായാണ് ബുള്ളറ്റിനിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചോദ്യം തയ്യാറാക്കിയവർ വർഗീയപരമായി ചിന്തിച്ചിട്ടുണ്ടാവില്ലെന്നും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ തെറ്റിധാരണ മൂലമാവും അത്തരത്തിൽ വിവരങ്ങൾ ഉൾകൊള്ളിച്ചതെന്നാണ് പി.എസ്.സി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം.

ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ പി.എസ്.സിക്ക് ഉത്തരവാദിത്വമില്ലെന്നും പുറമെ നിന്നുള്ള പ്രഗത്ഭരായ ആളുകളാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നതെന്നുമാണ് പി.എസ്.സി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രൂഫ് റീഡിംങ് നടക്കാറുണ്ട്. ഇക്കാര്യം പി.എസ്.സിയും സമ്മതിക്കുന്നുണ്ട്. ചോദ്യം തയ്യാറാക്കിയത് പുറമെ നിന്നുള്ളവരാണെങ്കിലും പ്രൂഫ് റീഡിങ് നടത്തുന്നത് പി.എസ്.സിയാണ്. വർഗീയ പരാമർശമുള്ള വിവരങ്ങൾ ഉൾകൊള്ളിച്ച് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചത് പി.എസ്.സിയുടെ അറിവോടെയാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തുകൊവിഡ് 19 വ്യാപിക്കാൻ കാരണം തബ്ലീഗുകാരാണെന്ന പ്രസ്താവനയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ കൊവിഡ് വാഹകരാണെന്നായിരുന്നു യോഗിയുടെ വർഗീയ പരാമർശം. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ നിന്ന് സംസ്ഥാനം മുഴുവൻ കൊവിഡ് വ്യാപിക്കുന്നത് തടയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ശരി വയ്ക്കുന്ന രീതിയിലാണ് പി.എസ്.സി ബുള്ളറ്റിനിലെ വിവരങ്ങൾ.

മുഖ്യമന്ത്രി തബ്ലീഗ്് ജമാഅത്തിനെ കുറ്റപ്പെടുത്തരുതെന്ന് ആവർത്തിക്കുമ്പോഴും പി.എസ്.സിയുടെ നേതൃത്വത്തിൽ വ്യക്തമായ വർഗീയ കാർഡ് ഇറക്കുകയും ചെയ്യുന്നത് സർക്കാറിന്റെ ഇരട്ടമുഖമാണ് തെളിയിക്കുന്നത്. അതേസമയം, പി.എസ്.സി ബുള്ളറ്റിനിൽ തബ്ലീഗ്് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ ഗൗരവമുള്ളതല്ലെന്ന് പി.എസ്.സി അധികൃതർ നൽകുന്ന വിശദീകരണം. രാജ്യത്ത് സംഭവിച്ച യാഥാർത്യം മാത്രമാണ് പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP