Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഇതുവരെ വിതരണം ചെയ്തത് 10 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ

കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഇതുവരെ വിതരണം ചെയ്തത് 10 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ

സ്വന്തം ലേഖകൻ

ദമ്മാം: കൊറോണ രോഗബാധയുടെ ദുരിതകാലത്തെ നേരിടാനായി, ഒരു മാസങ്ങൾക്ക് മുൻപ് നോർക്കയുടെ നിർദ്ദേശപ്രകാരം, സൗദി അറേബ്യയിൽ മലയാളി സംഘടനകളുടെ കൂട്ടായ്മയിൽ ആരംഭിച്ച നോർക്ക ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം സജീവമായി മുന്നേറുന്നു. കർഫ്യൂ കാരണം സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസികൾക്ക്, കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ, 10 ടണ്ണോളം ഭക്ഷ്യധാന്യങ്ങളാണ് നോർക്ക ഹെൽപ്പ്ഡെസ്‌ക്കിൽ നിന്നും വിതരണം ചെയ്തത്.

കിഴക്കൻ പ്രവിശ്യയിലെ മുഖ്യധാരാ പ്രവാസിസംഘടനകളായ , ഒ ഐ സി സി, , കെഎംസിസി, നവോദയ, നവയുഗം ഐ എം സി സി, പ്രവാസി സാംസ്‌കാരിക വേദി , ഐ എസ് എഫ്, മറ്റു പ്രാദേശിക കൂട്ടായ്മകൾ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ മലയാളിസംഘടനകളും, ലോകകേരളസഭ അംഗങ്ങളും ഒത്തുചേർന്നാണ് നോർക്ക ഹെൽപ്പ് ഡെസ്‌ക്കിനു കീഴിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഹെൽപ്പ് ഡെസ്‌ക്കിലേയ്ക്ക് എത്തുന്ന സഹായാഭ്യർത്ഥനകളെ ബാക്ക് ഓഫീസ് പരിശോധിച്ച്, നിരവധി വോളന്റീർമാർ അടങ്ങുന്ന വിതരണശ്രംഖലയിലൂടെ ആവശ്യമായ ഭക്ഷ്യസാധനങ്ങളും മരുന്നും ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. സ്‌പോൺസർമാരെ കണ്ടെത്തുന്നതും, കിറ്റുകൾ തയ്യാറാക്കുന്നതും അടക്കം എല്ലാ ജോലിയും പ്രവാസിസംഘടനാ നേതാക്കൾ അടങ്ങിയ കോർ കമ്മിറ്റിയാണ് ചെയ്യുന്നത്.

ആയിരത്തോളം ആളുകൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തതിനു പുറമെ, നൂറ്റമ്പതോളം രോഗികളായ പ്രവാസികൾക്ക് മരുന്നുകളും നോർക്ക ഹെൽപ്പ് ഡെസ്‌ക്ക് വിതരണം ചെയ്തു കഴിഞ്ഞു.

ആവശ്യക്കാർക്ക് നോർക്കയുടെ സഹായത്തോടെ നാട്ടിൽ നിന്നും കൊറിയർ വഴി മരുന്നുകൾ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനവും നടന്നു വരുന്നു. അതിനു പുറമെ, മാനസ്സികസമ്മർദ്ദം അനുഭവിക്കുന്നവർക്കായി വിദഗ്ദപരിശീലനം നേടിയ കൗൺസിലർമാർ ഫോണിലൂടെ നൽകുന്ന ടെലികൗൺസലിങ്, പ്രവാസികളുടെ രോഗവിവരങ്ങൾക്കും സംശയങ്ങൾക്കും വിദഗ്ധ ഡോക്ടർമാർ മറുപടി നൽകുന്ന ടെലികൺസൾട്ടിങ് തുടങ്ങിയ സേവനങ്ങളും നോർക്ക ഹെൽപ്പ്ഡിസ്‌കിന്റെ കീഴിൽ നടക്കുന്നുണ്ട്.

ഇന്ത്യൻ എംബസ്സിയുടെ ഓഫിസോ, പ്രവർത്തനങ്ങളോ ഇല്ലാത്ത കിഴക്കൻ പ്രവിശ്യയിൽ, ദമ്മാം, കോബാർ, ജുബൈൽ, അൽഹസ്സ, കഫ് ജി മുതലായ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന പ്രവാസിമലയാളികൾക്ക് അത്താണിയാവുകയാണ് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങൾ.

കൊറോണയുടെ ദുരിതകാലം കഴിയുന്നത് വരെ നോർക്ക ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങൾ തുടരും. എല്ലാ പ്രവാസികളും നോർക്ക ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങളുമായി തുടർന്നും സഹകരിക്കണമെന്ന് ജനറൽ കൺവീനറും, ലോകകേരളസഭംഗവും ആയ ആൽബിൻ ജോസഫ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP