Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടോയുടെ പേര് 'സഖാവ്'; കുമ്പനാട്ടെ മദ്യപാനികളുടെ യഥാർത്ഥ കൂട്ടുകാരനെ പൊക്കി പൊലീസ്; പിടികൂടിയത് ഓർഡർ അനുസരിച്ച് ചാരായം എത്തിച്ചു നൽകുന്ന സംഘത്തെ; തട്ടുകട നടത്തുന്ന മുഖ്യപ്രതി കീമാച്ചൻ രക്ഷപ്പെട്ടത് പൊലീസിനെ വെട്ടിച്ചും; അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വാറ്റ് ചാരായം നിർമ്മാണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഓട്ടോയുടെ പേര് 'സഖാവ്'; കുമ്പനാട്ടെ മദ്യപാനികളുടെ യഥാർത്ഥ കൂട്ടുകാരനെ പൊക്കി പൊലീസ്; പിടികൂടിയത് ഓർഡർ അനുസരിച്ച് ചാരായം എത്തിച്ചു നൽകുന്ന സംഘത്തെ; തട്ടുകട നടത്തുന്ന മുഖ്യപ്രതി കീമാച്ചൻ രക്ഷപ്പെട്ടത് പൊലീസിനെ വെട്ടിച്ചും; അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വാറ്റ് ചാരായം നിർമ്മാണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ

എസ് രാജീവ്‌

തിരുവല്ല : അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് വാറ്റ് ചാരായം നിർമ്മാണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് വാറ്റുചാരായം എത്തിച്ചു നൽകിയിരുന്നത് പ്രതികളിലൊരാളുടെ തന്നെ ഉടമസ്ഥതയിലുള്ള സഖാവ് എന്ന് പേരുള്ള ഓട്ടോറിക്ഷയിലായിരുന്നു .

കുമ്പനാട് സബ് ട്രഷറിക്ക് സമീപമുള്ള വീട് കുത്തി തുറന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യാജ വാറ്റ് നിർമ്മാണം നടത്തി വന്നിരുന്ന സംഘമാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഷിബു എന്ന് വിളിക്കുന്ന കപ്പമാമൂട്ടിൽ റോജൻ. കെ. സാമുവേൽ (33), കണിയാ മുറ്റത്ത് വീട്ടിൽ റോബി എന്ന രാജൻ ( 40 ) എന്നിവരാണ് അറസ്റ്റിലായത്.

വാറ്റ് ചാരായ നിർമ്മാണത്തിലെ മുഖ്യ സൂത്രധാരനും കുമ്പനാട് പടിഞ്ഞാറെ കവലയിൽ തട്ടുകട നടത്തുന്ന കീമാച്ചൻ എന്ന സുനിലാണ് പൊലീസിനെ വെട്ടിച്ച് കടന്നത്. സുനിലിന്റെ സഹോദരനും കുമ്പനാട് ഓട്ടോ സ്റ്റാൻഡിലോടുന്ന സഖാവ് എന്ന് പേരുള്ള ഓട്ടോ റിക്ഷയുടെ ഡ്രൈവറുമായ ഷിബു എന്നു വിളിക്കുന്ന റോജന്റെ ഓട്ടോയിലാണ് മദ്യം വിതരണം ചെയ്തിരുന്നത്.

കോയിപ്രം എസ് ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കെട്ടിടത്തിനുള്ളിൽ നിന്നും പൊലീസ് കണ്ടെത്തി. ലിറ്ററിന് 2000 രൂപ നിരക്കിലാണ് ഇവർ ചാരായം വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു, കഴിഞ്ഞ ഏതാനും ആഴ്ചകളായി സുനിലിന്റെ നേതൃത്വത്തിൽ ഇവിടെ വാറ്റ് ചാരായ നിർമ്മാണം നടത്തി വരികയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ വാടക വീടാണ് സംഘം വാറ്റുചാരായ നിർമ്മാണത്തിനായി കുത്തിത്തുറന്നത്.

വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയിരുന്ന തമഴ്‌നാട് സ്വദേശി ലോക്ക് ഡൗണിന് മുമ്പായി വീട് പൂട്ടി കുടുംബസമേതം തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. ഈ തക്കം നോക്കി പ്രതികൾ ചേർന്ന് വീടിന്റെ പിന്നിലെ വാതിൽ കുത്തി തുറന്ന് വാറ്റ് ചാരായ നിർമ്മാണം ആരംഭിക്കുകയായിരുന്നു.

ആറന്മുള എംഎൽഎ വീണാ ജോർജിന്റെയും സിപിഎം കുമ്പനാട് ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വീടുകൾ തോറും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റ് വിതരണത്തിൽ അറസ്റ്റിലായവരും സജീവമായി പങ്കെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തതായും പൊലീസിനെ വെട്ടിച്ച് കടന്ന മുഖ്യ പതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും കോയിപ്രം സി ഐ പറഞ്ഞു. സി പി എമ്മിലെ ഒരു വിഭാഗമാണ് വാറ്റ് നിർമ്മാണത്തെ കുറിച്ചുള്ള വിവരം
പൊലീസിന് ചോർത്തി നൽകിയെതെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP