Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഏറ്റവും നല്ല സംരക്ഷണം നൽകണം; വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർ ക്വാറന്റൈൻ തെറ്റാക്കാതെ ശ്രദ്ധിക്കുക; മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും; ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്നവരാണ് കേരളീയർ എന്നു ബോധ്യം വന്നാൽ മിടുക്കൽ വിടേണ്ട കാലം മാറും; കൊറോണയുടെ മൂന്നാം വരവിനെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു

കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഏറ്റവും നല്ല സംരക്ഷണം നൽകണം; വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർ ക്വാറന്റൈൻ തെറ്റാക്കാതെ ശ്രദ്ധിക്കുക; മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും; ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്നവരാണ് കേരളീയർ എന്നു ബോധ്യം വന്നാൽ മിടുക്കൽ വിടേണ്ട കാലം മാറും; കൊറോണയുടെ മൂന്നാം വരവിനെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

2020 ജനുവരി 31 ന് തുടങ്ങിയ ഒന്നാം വരവിലും മാർച്ച് എട്ടിന് തുടങ്ങിയ രണ്ടാം വരവിലും കേരളം കൊറോണയെ പിടിച്ചുകെട്ടി എന്നത് ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമാണ്. പ്രവാസികളായ മലയാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ് ആരംഭിച്ചിരിക്കയാണ്. ഈ മൂന്നാമത്തെ വരവിന് ഒരു പ്രത്യേകതയുണ്ട്. ഇത്തരത്തിൽ ഒരു മൂന്നാം വരവ് ഉണ്ടാകുമെന്ന് അറിഞ്ഞെടുത്ത തീരുമാനത്തിൽ നിന്നാണ് ഈ തിരമാല തുടങ്ങുന്നത്.

കേരളത്തിലേക്ക് വരണം എന്നാഗ്രഹിക്കുന്നവരെ, അത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നോ ആണെങ്കിലും അതിനനുവദിക്കണമെന്നും അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യണമെന്നുമുള്ളത് ധാർമ്മികമായ ഒരു തീരുമാനമാണ്. അത് കൂടുതൽ കേസുകളുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ എടുക്കുന്‌പോഴാണ് ആ തീരുമാനത്തിന്റെ മിഴിവ് കൂടുന്നത്.

ഇപ്പോൾ കേരളത്തിൽ രോഗം പിടിച്ചു കെട്ടിയ നിലക്ക് പുറമെ നിന്നുള്ള വരവ് പാടെ ഒഴിവാക്കി അതിർത്തിയിലെല്ലാം മണ്ണിട്ട് വേണമെങ്കിൽ നമുക്ക് കേരളത്തെ സംരക്ഷിക്കാമായിരുന്നു. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരോട് കേന്ദ്ര സർക്കാരും ഇന്ത്യക്കകത്തുള്ളവരോട് സംസ്ഥാന സർക്കാരും അത്തരം ഒരു നയമല്ല സ്വീകരിച്ചിരിക്കുന്നത്. അതൊരു നല്ല കാര്യമാണ്, ഞാൻ പൂർണ്ണമായി പിന്തുണക്കുന്നതും.

ഈ മൂന്നാമത്തെ വരവിലും ഏറെ മരണങ്ങളില്ലാതെ കേരളം രക്ഷപ്പെടുമോ?

ഇതിന് എളുപ്പത്തിൽ പറയാവുന്ന ഒരുത്തരമില്ലെങ്കിലും ആശാവഹമായ ചിലതുണ്ട്.

1. എങ്ങനെയാണ് കൊറോണ പോലുള്ള ഒരു മഹാമാരിയെ കൈകാര്യം ചെയ്യേണ്ടതെന്ന് നമ്മുടെ ആരോഗ്യവകുപ്പിന് നല്ല ഗ്രാഹ്യമുണ്ട്. നിപ മുതൽ കിട്ടിയ അനുഭവ പാഠങ്ങളുമുണ്ട്.

2. കൊറോണക്കെതിരെയുള്ള യുദ്ധം നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ പരിധിക്കകത്ത് നിന്ന് നടത്താനുള്ള സാവകാശം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നൽകുക എന്നതാണ് പ്രധാനം. അതായത് ഗുരുതരമായ മൊത്തം കേസുകളുടെ എണ്ണം എപ്പോഴും നമുക്ക് ലഭ്യമായ ഐ സി യു, വെന്റിലേറ്റർ സംവിധാനങ്ങളുടെ പകുതിയിലും താഴെ നിർത്താൻ സാധിക്കണം. അതുപോലെതന്നെ അറിയാവുന്ന കേസുകളുടെ ആകെ എണ്ണം ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉണ്ടാക്കി ട്രേസ് ചെയ്ത് ഹൈറിസ്‌ക് ഗ്രൂപ്പിനെ നിരീക്ഷിച്ചു കൊണ്ടുപോകാൻ സാധിക്കണം.

3. ഈ കൊറോണ യുദ്ധം നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് സാധിക്കുന്നതിൽ ഏറ്റവും നല്ല സംരക്ഷണം നൽകണം. ആവശ്യത്തിന് വ്യക്തി സുരക്ഷാ ഉപകരണങ്ങളോ വിശ്രമമോ ഇല്ലാതെ അവർക്ക് യുദ്ധം ചെയ്യേണ്ടി വരരുത്. ആരോഗ്യ പ്രവർത്തകരെ വാടകവീട്ടിൽ നിന്നും ഇറക്കിവിടുന്ന സാഹചര്യങ്ങൾ ഒരിക്കലും ഉണ്ടാകരുത്. അവരുടെ ശ്രമവും ആത്മവിശ്വാസവും ഇല്ലെങ്കിൽ നമ്മുടെ പ്രതിരോധം വെറും ചീട്ടുകൊട്ടാരമാണ് എന്നത് മറക്കരുത്.

4. കൊറോണക്കാലത്തിന്റെ ആദ്യ ദിനങ്ങളിൽ ഏറെക്കുറെ സന്പൂർണ്ണമായ ലോക്ക് ഔട്ട് ഉണ്ടായിട്ടും ഭക്ഷണത്തിന് ക്ഷാമമുണ്ടായില്ല എന്നും പണമില്ലാത്തതിനാൽ ആളുകൾ പട്ടിണി കിടക്കേണ്ടി വന്നില്ല എന്നും ആളുകൾക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട് ഇനിയും അത്തരം കടുത്ത നടപടികൾ വേണ്ടി വന്നാൽ ആളുകളുടെ മാനസിക ആശങ്ക കഴിഞ്ഞ തവണത്തെ അത്രയും ഉണ്ടാകില്ല.

5. കേന്ദ്ര സർക്കാർ ട്രെയിൻ സർവീസുകൾ പരിമിതമായെങ്കിലും നാളെ തുടങ്ങുകയാണ്. സംസ്ഥാന സർക്കാരും പൊതുഗതാഗതം കുറച്ചൊക്കെ ഉടൻ തുടങ്ങുമെന്ന് കരുതാം. പൊതുഗതാഗതം എന്നത് ആളുകളുടെ യാത്രാ സംവിധാനം മാത്രമല്ല, മാനസികമായി ആത്മവിശ്വാസം നൽകുന്ന ഒന്നുകൂടിയാണ്. വേണമെങ്കിൽ ബാംഗ്ലൂരിൽ നിന്ന് എപ്പോൾ വേണമെങ്കിലും കേരളത്തിലെത്താം എന്നൊരു വിശ്വാസമുണ്ടായാൽ പിന്നെ ബാംഗ്ലൂരിൽ നിന്നു വരുന്നവരുടെ എണ്ണം കുറയും. ജനീവയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം രാവിലെ എഴുന്നേറ്റ് ഞാൻ ആദ്യം ശ്രദ്ധിച്ചത് ബസ് സർവീസ് ഉണ്ടോ എന്നതാണ്. അതുണ്ട് എന്ന് കണ്ടപ്പോൾ ഉണ്ടായ ആത്മവിശ്വാസം ചെറുതല്ല.

6. ഈ കാര്യങ്ങൾ അറിയുന്ന, പരിമിതികൾക്കിടയിലും മുന്നിൽ നിന്നു നയിക്കുന്ന നേതൃത്വം നമുക്കുണ്ട്. കേരളത്തിൽ ഈ വിഷയത്തിൽ എന്താണ് നടക്കുന്നതെന്ന് ഓരോ മലയാളിക്കും അറിയാം.

അതേസമയം കാര്യങ്ങൾ വഷളാകാനുള്ള സാഹചര്യങ്ങളുമുണ്ട്.

1. വിദേശത്ത് നിന്നും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും കേരളത്തിൽ എത്തുന്നത്. അഞ്ചു ലക്ഷത്തോളം പേർ അതിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. മറ്റിടങ്ങളിലെ സാന്പത്തികവും ആരോഗ്യവുമായ പ്രശ്‌നങ്ങളാൽ ഇനിയും ധാരാളം ആളുകൾ എത്താൻ ശ്രമിക്കും. ആഴ്ചയിൽ ശരാശരി ഒരു ലക്ഷം പേരെങ്കിലും എത്തുകയും അതിൽത്തന്നെ ആയിരത്തിലൊരാൾക്ക് എങ്കിലും വൈറസ് ബാധ ഉണ്ടാവുകയും ചെയ്താൽ കേസുകളുടെ എണ്ണം ആഴ്ചയിൽ നൂറു കടക്കും. ഇത്തരം കേസുകളിൽ അൻപത് ശതമാനത്തോളം രോഗലക്ഷണങ്ങൾ ഇല്ലാത്ത, എന്നാൽ വൈറസ് ബാധ ഉള്ള ആളുകൾ (മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിവുള്ളവരും) ആണെന്നാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പറയുന്നത്. പുറത്തു നിന്നും വരുന്നവർ കൃത്യമായി ക്വാറന്റൈൻ കണ്ടീഷൻ പാലിക്കണം എന്നൊക്കെയാണ് പറയുന്നതെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവർ എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. വൈറസ് ഉള്ള ആൾ ശരാശരി രണ്ടാൾക്ക് രോഗം പകർന്നു നൽകിയാൽത്തന്നെ രോഗികളുടെ എണ്ണം പതിനായിരം കടക്കാൻ അധികം സമയം വേണ്ട. റാന്നിയിലും കാസർഗോഡും ഒരാളിൽ നിന്നും എത്രയോ ആളുകളിലേക്കാണ് രോഗം പടർന്നത്. അപ്പോൾ വളരെ കുറച്ച് ആളുകളുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മതി കാര്യങ്ങൾ കൈവിട്ടു പോകാൻ.

2. ഇത് സംഭവിക്കാതിരിക്കാൻ ഓരോ വാർഡിലും സർക്കാർ തലത്തിൽ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, റെസിഡന്റ് അസോസിയേഷനുകൾ ഇവരെല്ലാം ചേർന്നുള്ള ഒരു ജാഗ്രതാ സംവിധാനം സർക്കാർ ഉണ്ടാക്കിയിട്ടുണ്ട് (നല്ലൊരു മാതൃകയാണ്). സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഓരോ കേസുകൾക്കും അംഗീകാരം കൊടുക്കുന്നതിന് മുൻപ് പാസിന് അപേക്ഷിക്കുന്നവരുടെ വീട് ആശാ വർക്കർമാർ സന്ദർശിച്ച് അവിടെ സെൽഫ് ക്വാറന്റൈനിനുള്ള സൗകര്യമുണ്ടോ എന്ന് ഉറപ്പു വരുത്തുന്നുണ്ട്, സൗകര്യമില്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന സെന്ററുകളിൽ ആണ് പോകേണ്ടത്. തിരിച്ചുവരുന്ന എല്ലാവരും സ്വാഭാവികമായും സ്വന്തം വീട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. വന്നു കഴിഞ്ഞാൽ അടച്ച് മുറിയിലിരിക്കുന്നത് എല്ലാവർക്കും ബുദ്ധിമുട്ട് ആണുതാനും. ഇത്തരത്തിൽ വീടുകളിൽ ക്വറിന്റൈനിൽ എത്തി അത് ലംഘിക്കുന്നവരെ ചുറ്റുമുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നല്ല അയൽബന്ധങ്ങൾ നിലനിർത്തുന്നതിന്റെ പേരിൽ ആളുകൾ ഈ ഉത്തരവാദിത്തം കാര്യമായി എടുക്കില്ല. ഇത്തരത്തിൽ വിളിച്ചു പറഞ്ഞ ഒരു പഞ്ചായത്തംഗത്തെ ക്വാറന്റൈനിൽ ഇരുന്നവരുടെ ബന്ധുക്കൾ മർദ്ദിച്ചതായും വായിച്ചു. ചുരുക്കത്തിൽ പറഞ്ഞുവരുന്നത് പുറത്തു നിന്നും ആളുകൾ വരുന്നതല്ല യഥാർത്ഥ പ്രശ്‌നം, വന്നു കഴിഞ്ഞാലുള്ള അവരുടെ ഉത്തരവാദിത്തപരമായ പെരുമാറ്റമാണ്.

ഇക്കാര്യത്തിൽ സമൂഹമാകെ ശ്രദ്ധയോടെ ഇരിക്കണം. നമ്മുടെ പഞ്ചായത്ത് അംഗങ്ങളും ആശാ വർക്കേഴ്‌സും അനുകരണീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്, അവരെ സഹായിക്കണം. ഇത് നമ്മുടെ അയൽക്കാരുമായുള്ള നല്ല ബന്ധം നിലനിർത്തുന്നതിന്റെ മാത്രം വിഷയമല്ല, നമ്മുടെ സമൂഹത്തിന്റെ മൊത്തം ഭാവിയുടെയും നിങ്ങളുടെ ആരോഗ്യത്തിന്റെയും പ്രശ്‌നമാണ്. ഉത്തരവാദിത്തം പുറത്തുനിന്ന് വരുന്നവരുടെയും വീട്ടുകാരുടെയും, അയൽക്കാരുടെയും ആണ്. സർക്കാരിന്റെ കണ്ണ് വെട്ടിക്കുക എന്നത് വലിയ അഭിമാനമായി കാണരുത്, അതിനെ പ്രോത്സാഹിപ്പിക്കുകയുമരുത്.

3. ഇന്ത്യയിലെ പല നഗരങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കയാണ്. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 24 ന് ഇന്ത്യയിൽ മൊത്തം കേസുകൾ ആയിരത്തിന് താഴെ ആയിരുന്നത് ഇപ്പോൾ അറുപതിനായിരത്തിന് മുകളിലായി. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ പുതിയ രോഗങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ചെന്നൈയിലും മുംബൈയിലും ഒന്നും അങ്ങനെയല്ല കാര്യങ്ങൾ. ഏറെ മലയാളികളുള്ള സ്ഥലങ്ങളാണ് ഇതെല്ലാം. അവിടെയൊക്കെ സമൂഹ വ്യാപനം ഉണ്ടാവുകയോ ഉണ്ടായി എന്ന് സന്ദേശങ്ങൾ വരികയോ ചെയ്താൽ ആളുകളുടെ ഒഴുക്ക് പിന്നെയും കൂടും.

4. ആദ്യ രണ്ടുമാസത്തെ ലോക്ക് ഡൗൺ നമ്മുടെ സമൂഹം ഏറെക്കുറെ നന്നായി കൈകാര്യം ചെയ്തു. കുട്ടികളുടെ അവധിക്കാലമായതിനാൽ അതും വലിയ പ്രശ്‌നമായില്ല. ഇനി ലോക്ക് ഡൗൺ നീട്ടിയാൽ പലർക്കും സാന്പത്തികമായി പിടിച്ചു നിൽക്കാൻ പറ്റിയെന്നു വരില്ല. പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷകൾ നടന്നില്ലെങ്കിൽ അത് ആളുകൾക്ക് ബുദ്ധിമുട്ടാകും. എൻട്രൻസ് പരീക്ഷകൾ, ഡിഗ്രി കോഴ്സുകളുടെ അവസാന പരീക്ഷ എന്നിവ ഏറെ പ്രധാനവും മാനസിക സംഘർഷം ഉണ്ടാക്കുന്നതുമാണ്. സർക്കാരിന് പോലും ഇനി ലോക്ക് ഡൗണിൽ അധികനാൾ സാന്പത്തികമായി അതിജീവിക്കാൻ പറ്റില്ല.

അപ്പോൾ മൂന്നാം കൊറോണ യുദ്ധം ജയിക്കാനുള്ള നമ്മുടെ സാധ്യത തൽക്കാലം 50/50 ആണ്. അതേസമയം ഈ കൊറോണയുദ്ധം മൂന്നു റൗണ്ടിൽ തീരുന്നതുമല്ല. അടുത്ത ഒരു വർഷമെങ്കിലും ചുരുങ്ങിയതുകൊറോണ നമ്മുടെ ചുറ്റും ഉണ്ടാകുമെന്നും അതിനോടൊത്ത് ജീവിക്കാൻ നാം പഠിക്കണമെന്നുമാണ് സൂചനകൾ. ആരോഗ്യപരമായും സാന്പത്തികമായും കുറച്ചു നഷ്ടങ്ങൾ ഉണ്ടാകും, നമ്മുടെ ജീവിത ശൈലികളിൽ മാറ്റം വരും, ശീലിച്ച ചിലത് മാറ്റേണ്ടി വരും, ചിലത് പുതിയതായി ശീലിക്കേണ്ടി വരും.

എന്നാൽ ഒന്നുണ്ട്, ഈ മൂന്നാമത്തെ കൊറോണയുദ്ധവും നാം വിജയകരമായി നേരിട്ടാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പോസിറ്റീവ് ആയി മാറ്റിമറിക്കും. അനവധി സാദ്ധ്യതകൾ അത് നമ്മുടെ മുന്നിൽ തുറക്കും. ലോകത്തെവിടെയുമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മലയാളികൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്നും ജോലിചെയ്യാൻ പറ്റുമെന്ന ഒരു കാലം വന്നാൽ, ഏതു പ്രതിസന്ധിയേയും നന്നായി നേരിടുന്ന ഒരു പ്രദേശമാണ് കേരളം എന്ന് ലോകമലയാളികൾക്ക് ബോധ്യം വന്നാൽ ഏറ്റവും മിടുക്കരായ മലയാളികൾ കേരളം വിട്ടുപോകേണ്ട കാലം അവസാനിക്കും. എന്നുമാത്രമല്ല അവരിൽ ഏറെപ്പേർ തിരിച്ചു വരികയും ചെയ്യും. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യാപാരവും കൂടുതൽ പൊടിപൊടിക്കും. നമ്മടെ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും രാഷ്ട്രീയത്തിലും അത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കും.

ഇക്കാര്യത്തിൽ സമൂഹത്തിന്റെ മൊത്തമായ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റം മാത്രമാണ് വേണ്ടത്. കുറച്ചൊക്കെ പഴയ രാഷ്ട്രീയം ഇടക്ക് തികട്ടിവരുമെങ്കിലും പൊതുവിൽ പൊതുസമൂഹവും സർക്കാരും ഒറ്റക്കെട്ടായിട്ടാണ് ഈ വെല്ലുവിളിയെ ഇതുവരെ നേരിട്ടത്. ഇനിയും അങ്ങനെ തന്നെ ആകുമെന്ന് പ്രതീക്ഷിക്കാം.

സുരക്ഷിതരായിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP