Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു ഭക്ഷണപ്പൊതിക്ക് വേണ്ടി ഒന്നര കിലോമീറ്റർ ക്യൂ നിൽക്കുന്ന ഈ ചിത്രം വ്യക്തമാക്കുന്നത് വരാൻ പോകുന്ന ലോകത്തിന്റെ ​ഗതിയെപറ്റി; സമ്പന്നതയുടെ അടയാളമായ സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവർ പെരുകുമ്പോൾ ഓർക്കുക നമ്മുടെ ഭാവി എങ്ങനെയാകുമെന്ന്

ഒരു ഭക്ഷണപ്പൊതിക്ക് വേണ്ടി ഒന്നര കിലോമീറ്റർ ക്യൂ നിൽക്കുന്ന ഈ ചിത്രം വ്യക്തമാക്കുന്നത് വരാൻ പോകുന്ന ലോകത്തിന്റെ ​ഗതിയെപറ്റി; സമ്പന്നതയുടെ അടയാളമായ സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവർ പെരുകുമ്പോൾ ഓർക്കുക നമ്മുടെ ഭാവി എങ്ങനെയാകുമെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: കൊവിഡ് 19 ദരിദ്രനാരായണന്മാരെ മാത്രമല്ല, സമ്പന്നരെ പോലും പിടിച്ചുലച്ചിരിക്കുകയാണ്. സാധാരണ ​ഗതിയിൽ പകർച്ച വ്യാധികൾ പടർന്ന് പിടിക്കുക മൂന്നാംലോക രാജ്യങ്ങളിലായിരുന്നെങ്കിൽ കൊവിഡ് സംഹാര താണ്ഡവമാടിയത് സമ്പന്നതയുടെ കളിത്തൊട്ടിലായ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കൂടിയാണ്. ഇന്ന് കൊവിഡ് വ്യാപനത്തിന്റെ ഭീകരത എത്രയെന്ന് ലോകത്തോട് വിളിച്ച് പറയുകയാണ് സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നിന്നുള്ള കാഴ്‌ച്ച. ആയിരത്തിലധികം ആളുകൾ കിലോമീറ്ററുകളോളും ക്യൂ നിന്നാണ് ജനീവയിൽ കഴിഞ്ഞ ദിവസം സൗജന്യ ഭക്ഷണപ്പൊതി വാങ്ങി വിശപ്പടക്കിയത്.

പുലർച്ചെ അഞ്ച് മണിയോടെ തന്നെ ഭക്ഷണത്തിനായി ആളുകൾ ക്യൂവിൽ ഇടംപിടിച്ചിരുന്നു. നേരം വെളുത്തപ്പോഴേക്കും ക്യൂവിന്റെ നീളം ഒരു കിലോമീറ്റർ‌ ദൂരം പിന്നിട്ടിരുന്നു. സന്നദ്ധ പ്രവർത്തകർ 1500ലധികം ഭക്ഷണപ്പൊതികളാണ് ഇവിടെ മാത്രം ജനങ്ങൾക്ക് വിതരണം ചെയ്തത്. കൊറോണ വ്യാപനം അധ്വാനിക്കുന്ന ദരിദ്രർക്കും രേഖകളില്ലാത്ത കുടിയേറ്റക്കാർക്കും സമ്പന്നമായ സ്വിറ്റ്സർലൻഡിൽ പോലും ഉണ്ടാക്കുന്ന ഭീകരമായ പ്രത്യാഘാതത്തിന്റെ നേർ ചിത്രമായാണ് സർവരും ഇതിനെ ഉറ്റുനോക്കുന്നത്. ഒപ്പം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കാത്തിരിക്കുന്ന അതിഭയാനകമായ ഭക്ഷ്യക്ഷാമത്തിലേക്കും ഈ ദൃശ്യങ്ങൾ സൂചന നൽകുന്നു.

നിലവിൽ സ്വിറ്റ്സർലൻഡിൽ 30,305 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും 1,830 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നായ ജനീവയിൽ, ഇപ്പോഴും ആളുകൾ തൊഴിലില്ലാതെ ജീവിക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ​ഗ്രൂപ്പിലെ പാട്രിക് വൈലാന്റ് ചൂണ്ടിക്കാട്ടുന്നു. വീട്ടുജോലിക്കാർ, കാർഷിക മേഖലയിൽ പണിയെടുക്കുന്നവർ, നിർമ്മാണ സൈറ്റുകളിൽ തൊഴിൽ ചെയ്തിരുന്നവർ എന്നിവർക്കെല്ലാം കൊവിഡ് കാരണം തൊഴിൽ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 8.6 ദശലക്ഷം ജനസംഖ്യ വരുന്ന സ്വിറ്റ്സർലൻഡിൽ 660,000 ആളുകൾ ദരിദ്രരായിരുന്നുവെന്ന് 2018 ൽ ചാരിറ്റി കാരിറ്റാസ് പറയുന്നു, പ്രത്യേകിച്ചും അവിവാഹിതരായ മാതാപിതാക്കൾക്കും താഴ്ന്ന വിദ്യാഭ്യാസമുള്ളവർക്കും ജോലി നഷ്ടപ്പെട്ടതിന് ശേഷം ജോലി കണ്ടെത്താൻ കഴിയുന്നില്ല.1.1 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിന് ഇരയാകുന്നു, അതായത് അവർക്ക് ശരാശരി വരുമാനത്തിന്റെ 60% ൽ താഴെയാണ് എന്നും ചാരിറ്റി കാരിറ്റാസ് കണ്ടെത്തിയിരുന്നു.

കോവിഡിനെ തുടർന്ന് ആഗോളതലത്തിൽ ദാരിദ്ര്യം വർധിക്കുമെന്ന് യു എൻ വ്യക്തമാക്കിയിരുന്നു. 50 കോടി ജനങ്ങളെയാണ് മഹാമാരി പട്ടിണിയിലേക്ക് തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്കു വീഴുകയെന്നും യു എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു. ലണ്ടനിലെ കിങ്സ് കോളേജിലെയും ആസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയിലെയും വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പഠനം.

രോഗവ്യാപനം 40 കോടിയോളം ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ സാധ്യതയുള്ളതായും യുഎൻ റിപോർട്ട് പുറത്ത് വിട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധിയായ കോവിഡ് വ്യാപനത്തിന്റെ പരിണിത ഫലമായി ഇന്ത്യയിൽ അനൗപചാരിക മേഖലയിലെ (Informal Sector) 40 കോടിയോളം തൊഴിലാളികൾ കടുത്ത ദാരിദ്ര്യത്തിലേക്ക് പോവുന്നതിനുള്ള ഭീഷണി നിലനിൽക്കുന്നതായി യുഎൻ ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സഭയുടെ (ഐഎൽഒ) റിപോർട്ടിൽ പറയുന്നു. 134 കോടിയോളമാണ് ഇന്ത്യയിലെ ആകെ ജനസംഖ്യ. ഇതിൽ മൂന്നിലൊന്നോളം ആളുകളെ കടുത്ത ദാരിദ്ര്യം ബാധിക്കുമെന്നാണ് യുഎന്നിന്റെ റിപോർട്ട് വ്യക്തമാക്കിയിരുന്നത്. ഇതിനെ എല്ലാം ശരിവെക്കുന്ന കാഴ്‌ച്ചകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP