Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കർഷകന് അധികാരം ലഭിക്കും; ഒരു പന്നിയെ കൊന്നാൽ കർഷകന് ലഭിക്കുക 1000 രൂപയും; നിലവിലെ ഉത്തരവിലുള്ള പോരായ്മകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി കെ രാജു; മലയോര മേഖലക്ക് ആശ്വാസമായി മന്ത്രിയുടെ പ്രഖ്യാപനം

അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ കർഷകന് അധികാരം ലഭിക്കും; ഒരു പന്നിയെ കൊന്നാൽ കർഷകന് ലഭിക്കുക 1000 രൂപയും; നിലവിലെ ഉത്തരവിലുള്ള പോരായ്മകൾ പരിഹരിച്ച് ഉടൻ പുതിയ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി കെ രാജു; മലയോര മേഖലക്ക് ആശ്വാസമായി മന്ത്രിയുടെ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: കൃഷി നശിപ്പിക്കുകയും ജനങ്ങളെ അക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. നിലവിലുള്ള ഉത്തരവിലെ പോരായ്മകൾ പരിഹരിച്ചാണിത്. പുതിയ ഉത്തരവുപ്രകാരം, കൃഷിക്കാർക്കുതന്നെ പന്നിയെ കൊല്ലാൻ അനുവാദം ലഭിക്കും. ഇങ്ങനെ ഒരു പന്നിയെ കൊന്നാൽ കൃഷിക്കാരന് 1,000 രൂപ നല്കും. പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതുവരെ, നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ഡി.എഫ്.ഒ.മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ആ ഉത്തരവു പ്രകാരം ഒരു കാലത്തും കാട്ടുപന്നികളെ വെടിവെക്കാൻ കഴിയില്ലെന്ന് പിന്നീടാണ് വ്യക്തമായത്. രാത്രിയിൽ കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നി, ഗർഭിണിയാണോ, മുലയൂട്ടുന്നതാണോ, സ്ഥിരമായി ശല്യക്കാരനാണോ തുടങ്ങിയ നിബന്ധനകളാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള തടസം.

ഇത്തരം അശാസ്ത്രീയമായ ഉത്തരവും നിബന്ധനകളും കാരണം മലയോര മേഖലകളിൽ വനപാലകരും കർഷകരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. വനം-വന്യജീവി സംരക്ഷണത്തിനായി കോടികൾ ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും വനവും നാടും തമ്മിൽ വേർതിരിക്കുന്നതിനോ, കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനോ സർക്കാർ തലത്തിൽ നടപടികളില്ല.

നിലവിലെ ഉത്തരവുകൾ അനുസരിച്ച് വെടിവെച്ച്‌ കൊല്ലാമെങ്കിലും കാട്ടുപന്നികളെ കൊല്ലുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളും പാലിക്കേണ്ടതായുണ്ട്. കാട്ടിൽ വച്ചോ കാട്ടിലേക്കു മടങ്ങുന്നതോ ആയ മൃഗങ്ങളെ വെടി വയ്ക്കാൻ പാടില്ല. മൃഗങ്ങളെ കൊല്ലാൻ മതിയായ പരിശീലനം ലഭിച്ച വനംവകുപ്പ്, പൊലീസ്, യൂണിഫോം സർവീസിലുള്ളവരെ ഡിഎഫ്‌ഒ നിയമിക്കണം. ഇത് ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിക്കണം. ലൈസൻസ് ഉള്ള തോക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. റേഞ്ച് ഓഫിസറുടെ നേരിട്ടുള്ള നേതൃത്വത്തിൽ വാച്ചർമാർ, വി എസ്‌എസ്(വനസംരക്ഷണ സമിതി) ഉദ്യോഗസ്ഥർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ വെടിവയ്ക്കാൻ പരിശീലനം നേടിയവരെ ഉപയോഗിക്കാം.

വെടിവയ്ക്കുന്ന സമയത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കണം. കൃത്യ നിർവഹണം നടക്കുമ്പോൾ ജനപ്രതിനിധികൾ ഉണ്ടായിരിക്കണം. വെടിയേറ്റവയുടെ ജഡം കണ്ടെത്തി മഹസർ തയാറാക്കി, പോസ്റ്റ് മോർട്ടം ചെയ്ത് റിപ്പോർട്ട് തയാറാക്കണം. കമ്മിറ്റിയംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ മണ്ണെണ്ണ ഉപയോഗിച്ച്‌ കത്തിച്ച്‌ 5 അടി ആഴമുള്ള കുഴിയിൽ മറവ് ചെയ്യണം. പന്നിയെ കൊന്നാൽ ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സംഭവം വിശകലനം ചെയ്യണം. പന്നി അവിടെ എത്താനുള്ള സാഹചര്യം, ഇനിയും ഇവിടെ പന്നി വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം.

പന്നികളെ വെർമിൻ (ഉപദ്രവകാരിയായ ജീവി) ആയി പ്രഖ്യാപിച്ച്‌ നടപടി സ്വീകരിക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ഇതു നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം ജാഗ്രത സമിതികൾ രൂപീകരിക്കുക എന്നുള്ളതാണ്. തുടർന്ന് അടുത്ത നടപടി ക്രമങ്ങളിലേക്കു പോകും. ഇത്തരം നൂലാമാലകൾ കർഷകന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്ന പരാതി വ്യാപകമായതോടെയാണ് പുതിയ ഉത്തരവിറക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP