Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസ് മോഡലിൽ വേണുവിനെ മൂലയ്ക്കിരുത്താൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ചീഫ് സെക്രട്ടറി; റി ബീൽഡ് കേരളയിലെ അപ്രതീക്ഷിത അഴിച്ചു പണിയിലൂടെ ടോം ജോസ് ലക്ഷ്യമിടുന്നത് കേരള നവ നിർമ്മാണത്തിന്റെ താക്കോൽ സ്ഥാനം സ്വന്തമാക്കൽ; ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറിക്കും കെഎം എബ്രഹാമിനെ പോലെ പുതിയ ലാവണം കിട്ടുമെന്ന് ഉറപ്പ്; സർവ്വേ ഡയറക്ടറുടെ സ്ഥലം മാറ്റത്തിൽ ഉടക്കിയ വേണുവിന് പണി കിട്ടിയതിന് പിന്നിലെ കഥ

ജേക്കബ് തോമസ് മോഡലിൽ വേണുവിനെ മൂലയ്ക്കിരുത്താൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ചീഫ് സെക്രട്ടറി; റി ബീൽഡ് കേരളയിലെ അപ്രതീക്ഷിത അഴിച്ചു പണിയിലൂടെ ടോം ജോസ് ലക്ഷ്യമിടുന്നത് കേരള നവ നിർമ്മാണത്തിന്റെ താക്കോൽ സ്ഥാനം സ്വന്തമാക്കൽ; ഈ മാസം വിരമിക്കുന്ന ചീഫ് സെക്രട്ടറിക്കും കെഎം എബ്രഹാമിനെ പോലെ പുതിയ ലാവണം കിട്ടുമെന്ന് ഉറപ്പ്; സർവ്വേ ഡയറക്ടറുടെ സ്ഥലം മാറ്റത്തിൽ ഉടക്കിയ വേണുവിന് പണി കിട്ടിയതിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസുമായി തെറ്റിയാൽ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഇത് തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരനായ ജേക്കബ് ജോമസിനും സംഭവിച്ചത്. ടോംജോസ് അടക്കമുള്ള ഐഎഎസ് ലോബിക്കെതിരെ അന്വേഷണങ്ങൾ വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായി ജേക്കബ് തോമസ് മാറിയത്. നിരവധി കേസുകളും ജേക്കബ് തോമസിനെതിരെ എടുത്തു. തീർത്തും മൂലയ്ക്കാക്കി. ഇതേ ഗതി ഡോ വേണുവിന് വരുമോ എന്നതാണ് ഇനി അറിയേണ്ടത്.

പ്രളയാനന്തര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സ്ഥാനത്തുനിന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ മാറ്റിയത് ചീഫ് സെക്രട്ടറിയുടെ അനിഷ്ടം കാരണമാണ്. ടോം ജോസിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ അധികച്ചുമതല നൽകി. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട ആസൂത്രണ, സാമ്പത്തികകാര്യ ചുമതലകളും അദ്ദേഹത്തിനുണ്ടാകും. റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിനൊപ്പം റീബിൽഡ് കേരളയുടെ അംഗമായി ഡോ. വേണു തുടരും.

നിയമനം സംബന്ധിച്ച് ചീഫ് സെക്രട്ടറി തയ്യാറാക്കിയ നോട്ട് മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. അടുത്ത മന്ത്രിസഭായോഗം ഇതിന് അംഗീകാരം നൽകും. റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പൂർണ ശ്രദ്ധ നൽകാനാവുന്നില്ലെന്നതാണ് വേണുവിന്റെ മാറ്റത്തിനു പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം നേരത്തേ, തന്റെ വകുപ്പിനു കീഴിലെ സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുമായി വേണു ഇടഞ്ഞുനിൽക്കുകയായിരുന്നു. മാറ്റം ചട്ടലംഘനമാണെന്നും തന്നോട് ആലോചിക്കാതെയാണെന്നും കാണിച്ച് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതോടെ വേണു അവധിയിലേക്ക് പോയി. കോവിഡ് ദുരന്തം എത്തിയപ്പോൾ സർവ്വീസിൽ തിരികെ എത്തി. ഇതോടെയാണ് സ്ഥലം മാറ്റം.

ഇതോടെ റീബിൽഡ് കേരള ചീഫ് സെക്രട്ടറി ടോംജോസിന്റെ പൂർണ നിയന്ത്രണത്തിലാകും. 31-നു വിരമിക്കുന്ന ടോംജോസ് റീബിൽഡ് കേരളയുടെ തലപ്പത്തു വന്നേക്കുമെന്നും അഭ്യൂഹമുണ്ട്. 2018-ലെ മഹാപ്രളയത്തിനുശേഷമാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി റീബിൽഡ് കേരള രൂപവത്കരിച്ചത്. എന്നാൽ കാര്യമായ പണിയൊന്നും നടന്നിട്ടില്ല. ടോം ജോസിന് മുമ്പ് വിരമിച്ച ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് കിഫ്ബിയുടെ തലപ്പത്ത്. കെഎം എബ്രാഹാമിന് നൽകുന്ന സേവന വേതന വ്യവസ്ഥകളോടെ റീബിൽഡ് കേരളയുടെ തലപ്പത്ത് ടോം ജോസ് എത്തുമെന്നാണ് സൂചന. ഇതും ധൂർത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും.

സർവേ ഡയറക്ടർ വി.ആർ. പ്രേംകുമാറിന്റെ സ്ഥലംമാറ്റം പുനഃപരിശോധിക്കുമെന്ന് വേണു സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പിന്റെ ആധുനികവത്കരണമടക്കമുള്ള വിഷയങ്ങളിൽ പ്രേംകുമാർ മികച്ചപ്രകടനം കാഴ്ചവെച്ച് മുന്നോട്ടുപോകുകയാണെന്നും ഇതിനിടെയുള്ള സ്ഥലംമാറ്റം അനുചിതമാണെന്നുമാണ് ഡോ. വേണുവിന്റെ വാദം. മന്ത്രിസഭാതീരുമാനത്തെ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നതിലും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിക്കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിലും ചില മന്ത്രിമാർക്ക് അതൃപ്തിയുണ്ടായിരുന്നു. ഡോ. വേണുവിനോട് വിശദീകരണം തേടണമെന്നും ആവശ്യം ഉയർന്നു. എന്നാൽ വിവാദം ഭയന്ന് അതു ചെയ്തില്ല. പകരം ജേക്കബ് തോമസ് മോഡലിൽ വേണുവിനെ പതിയെ തഴയാനാണ് തീരുമാനം. വേണുവിന് പൊതുസമൂഹത്തിൽ നല്ല പേരുണ്ട്. അതുകൊണ്ട് തന്നെ വേണുവിനെതിരെ നടപടി എടുക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും ഉയർന്ന സാഹചര്യത്തിൽ കരുതലോടെയാകും പിണറായിയുടെ ഇടപെടൽ.

പലപ്പോഴും മന്ത്രിമാരെ പോലും അറിയിക്കാതെയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി തീരുമാനിക്കുന്നതെന്നു പരാതിയുണ്ട്. മന്ത്രിമാർ നിശ്ചയിക്കുന്നവരെ ഒഴിവാക്കി, ചീഫ് സെക്രട്ടറി നേരിട്ടാണു പലരെയും മാറ്റുന്നത്. കൊല്ലം കലക്ടറായി നിയമിക്കാൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ വയനാട് കലക്ടറായി ചീഫ് സെക്രട്ടറി നിയോഗിച്ചിരുന്നു. ചന്ദ്രശേഖരൻ ഇടഞ്ഞപ്പോൾ മാറ്റിനിയമിച്ചു. മുൻകാലങ്ങളിൽ മന്ത്രിമാർ നിർദ്ദേശിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് അവരുടെ വകുപ്പുകളിൽ നിയമിച്ചിരുന്നത്. ഇപ്പോൾ ചീഫ് സെക്രട്ടറിയാണ് ആ അധികാരം പ്രയോഗിക്കുന്നതെന്നു മന്ത്രിമാർക്കു പരാതിയുണ്ട്. ഇതിനിടെയാണ് വി.ആർ.പ്രേംകുമാറിനെ മാറ്റിയത്.

തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ ഒരു കാരണവുമില്ലാതെ മാറ്റിയ നടപടി ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു ചൂണ്ടിക്കാട്ടി ഡോ.വേണു, ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്കും കത്തു നൽകിയിരുന്നു. ഈ കത്ത് ചോർന്നതോടെയാണ് വിവാദം ആളിക്കത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP