Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തകർന്നുതരിപ്പണമായ സമ്പദ് വ്യവസ്ഥയും കോവിഡിന്റെ താണ്ഡവവും...മോദിജിക്കും ബിജെപിക്കും പരിഹരിക്കാവുന്നതിൽ അപ്പുറം ഭീമൻ പ്രതിസന്ധിയിലാണ് രാജ്യം; വായ്ത്താരിയല്ലാതെ എന്താണ് ചെയ്യേണ്ടതെന്ന് മോദിക്ക് എത്തുപിടിയുമില്ലെന്ന് അദ്ദേഹത്തിന്റെ തീവ്ര അനുയായികൾക്കല്ലാതെ എല്ലാവർക്കും അറിയാം; പണ്ട് ചർച്ചിൽ ചെയ്തത് പോലെ ദേശീയ സർക്കാരുണ്ടാക്കിയാൽ രക്ഷപ്പെടാം; വിമർശനവും നിർദ്ദേശവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ലേഖനം

തകർന്നുതരിപ്പണമായ സമ്പദ് വ്യവസ്ഥയും കോവിഡിന്റെ താണ്ഡവവും...മോദിജിക്കും ബിജെപിക്കും പരിഹരിക്കാവുന്നതിൽ അപ്പുറം ഭീമൻ പ്രതിസന്ധിയിലാണ് രാജ്യം; വായ്ത്താരിയല്ലാതെ എന്താണ് ചെയ്യേണ്ടതെന്ന് മോദിക്ക് എത്തുപിടിയുമില്ലെന്ന് അദ്ദേഹത്തിന്റെ തീവ്ര അനുയായികൾക്കല്ലാതെ എല്ലാവർക്കും അറിയാം; പണ്ട് ചർച്ചിൽ ചെയ്തത് പോലെ ദേശീയ സർക്കാരുണ്ടാക്കിയാൽ രക്ഷപ്പെടാം; വിമർശനവും നിർദ്ദേശവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ ലേഖനം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു പുകഴ്‌ത്തിയാൽ അതുവാർത്തയാണ്. കാരണം മോദി സർക്കാരിന്റെ നയങ്ങളെ പൊളിച്ചെഴുതുന്നതിൽ ഒരുപിശുക്കും കാട്ടാറില്ല സുപ്രീം കോടതി മുൻ ജസ്റ്റിസ്. പൗരത്വ ഭേദഗതി ബില്ലിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ വിമർശനം പൊള്ളിക്കുന്നതായിരുന്നു. കശ്മീർ പോലെ അസമും കത്തുമ്പോൾ നീറോ ചക്രവർത്തിയെപ്പോലെ മോദിയും അമിത് ഷായും വീണ വായിച്ച് രസിക്കുകയാണെന്ന് കട്ജു കുറ്റപ്പെടുത്തി.

'കശ്മീർ പോലെ അസമും കത്തുകയാണ്. രാജ്യം കത്തുമ്പോൾ ഈ ആധുനിക നീറോകൾ വീണ വായിക്കുകയാണ്. ഹനുമാൻ ലങ്കയ്ക്ക് മാത്രമാണ് തീയിട്ടത്. ഈ ആധുനിക ഹനുമാന്മാർ ഇന്ത്യ മുഴുവൻ കത്തിക്കുകയാണ്' ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു ട്വിറ്ററിൽ കുറിച്ചു. കോവിഡ് കാലത്തെ രാജ്യത്തിന്റെ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരും ബിജെപിയും വിജയിക്കുന്നുണ്ടോ? സുപ്രധാനമായ ഈ ചോദ്യവും അതിനുള്ള ഉത്തരവുമാണ് 'നയാ ദൗറിൽ' എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് നൽകുന്നത്.ഇന്ത്യ നിലവിൽ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കൈകാര്യം ചെയ്യാവുന്നതിനേക്കാൾ വലുതാണ്. സമ്പദ് വ്യവസ്ഥ അതിവേഗം മുങ്ങുന്നു. കോവിഡ് മഹാമാരിയുടെ താണ്ഡവം അത് വഷളാക്കി, ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു എഴുതുന്നു.

രാജ്യം കടുത്ത പ്രതിസന്ധിയെ നേരിടുമ്പോൾ മോദിയുടെ തീവ്ര അനുയായികൾക്കല്ലാതെ എല്ലാവർക്കും അറിയാം, ചില പ്രസംഗങ്ങളും ഭോഷത്തരങ്ങളും അല്ലാതെ, എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് ഒരുപിടിയും ഇല്ലെന്ന്. നിർമ്മാണ മേഖലയുടെ തളർച്ചയും റെക്കോഡ് തൊഴിലില്ലായ്മയും ശരണം കെടുത്തുന്നതിന് പുറമേ കോവിഡും ലോക് ഡൗണും കൂടിയായതോടെ, സമ്പദ് വ്യവസ്ഥ കൂടുതൽ താഴോട്ടായി.

എന്റെ അഭിപ്രായത്തിൽ ഒരുദേശീയ സർക്കാർ രൂപീകരിക്കുന്ന കാര്യം പ്രധാനമന്ത്രി ഗൗരവമായി പരിഗണിക്കണം. ആ സർക്കാരിൽ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കന്മാരും, ശാസ്ത്രജ്ഞരും, സാങ്കേതിക-ഭരണരംഗത്തെ വിദഗ്ധരും ഉൾപ്പെടണം. നാസി ജർമനിയുടെ അധിനിവേശ ഭീഷണിയിൽ ആയിരിക്കെ, 1940 മെയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ഇത് മുമ്പ് ചെയ്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, 1940 മെയ് മുതൽ 1945 മെയ് വരെ ആ ദേശീയ സർക്കാർ പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ഉണ്ടായിരുന്നില്ല. അവരെല്ലാം സർക്കാരിൽ ചേർന്നിരുന്നു. ഭൂരിപക്ഷമുള്ള കൺസർവേറ്റി പാർട്ടി നേതാവായിരുന്ന ചർച്ചിലായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ക്ലമന്റ് അറ്റ്‌ലി ഉപപ്രധാനമന്ത്രിയും. ലേബർ പാർട്ടിയിൽ നിന്നുള്ള മറ്റുചിലരും സർക്കാരിൽ ചേർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള എല്ലാ ആരവോടും കൂടി പറയട്ടെ, രാജ്യം ഇന്നു അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ നേരിടുവാൻ അദ്ദേഹത്തിനും ബിജെപിക്കും മാത്രമായി കഴിയില്ല. സമ്പദ് വ്യവസ്ഥ തകരാറിലാണ്. മഹാമാരി അത് വഷളാക്കുകയും ചെയ്യുന്നു. 1940 മെയിൽ ഇംഗ്ലണ്ട് നേരിട്ടത് പോലെ വിദേശ അധിനിവേശ ഭീഷണി തീർച്ചയായും നമ്മളെ തുറിച്ചുനോക്കുന്നില്ല. എന്നാൽ, വ്യത്യസ്തമെങ്കിലും അതിനോളം പോന്ന അപകടമാണ് നമ്മളെ തേടി വന്നിരിക്കുന്ന ഭീഷണി. ഏതുസമയത്തും ഇന്ത്യയിൽ ഭക്ഷ്യകലാപം പൊട്ടിപ്പുറപ്പെടാം. 80-90 ശതമാനം വരുന്ന(40-50 കോടി ജനങ്ങൾ) ദിവസവേതനക്കാരും, കുടിയേറ്റ തൊഴിലാളികളും ജീവനോപാധി നഷ്ടപ്പെട്ട് കടുത്ത സംഘർഷത്തിലാണ്. ക്രമസമാധാനനില തകരാനുംം അരാജകത്വത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരുണത്തിൽ രാജ്യത്തിന്റെ മുഴുവൻ കൂട്ടായ പ്രയത്‌നമാണ് അനിവാര്യം.

ഈ ഗുരുതര സാഹചര്യത്തിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് അവസരത്തിന് ഒത്തുയർന്ന് ചർച്ചിൽ കാട്ടിയ മാതൃക പിന്തുടർന്ന് ദേശീയ സർക്കാരുണ്ടാക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്താൽ നമ്മൾ പ്രതിസന്ധിയിൽ നിന്ന് കരകയറും. ആ വഴി തിരഞ്ഞെടുത്താൽ ചർച്ചിലിനെ പോലെ മോദിജിയും ഒരു രാഷ്ട്ര തന്ത്രജ്ഞനായി വാഴ്‌ത്തപ്പെടും. 1940 മെയിൽ ചർച്ചിൽ ചെയ്തത് പോലെ ഒരുദേശീയ സർക്കാർ രൂപീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP