Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിച്ചെപ്പ് ഗ്രൂപ്പിൽ പ്രീപ്രൈമറി കുട്ടികൾക്കുള്ള പഠന സമയത്തിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശം; പകൽ സമയത്ത് ഓൺലൈൻ ക്ലാസ് കൊടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ സഹ അദ്ധ്യാപികയുടെ പരിഹാസവും കടന്നാക്രമണവും; അവർ എന്നെ എന്തൊക്കെയോ പറഞ്ഞുവെന്ന് മകളോട് പറഞ്ഞ് ഓർമ്മയില്ലാ കയത്തിലേക്ക് പോയി ലാലി ടീച്ചർ; അവയവ ദാനത്തിലൂടെ മലയാളിയുടെ കണ്ണ് നയിച്ച ഈ കുടുംബത്തിന് നാഥയെ നഷ്ടമാക്കിയത് വാട്‌സാപ്പിലെ തർക്കം; പൗണ്ട് കടവ് സ്‌കൂളിലെ ടീച്ചറുടെ മരണത്തിന് പിന്നിലും അദ്ധ്യാപക തർക്കം

കളിച്ചെപ്പ് ഗ്രൂപ്പിൽ പ്രീപ്രൈമറി കുട്ടികൾക്കുള്ള പഠന സമയത്തിൽ മാറ്റം വരുത്തണമെന്ന നിർദ്ദേശം; പകൽ സമയത്ത് ഓൺലൈൻ ക്ലാസ് കൊടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോൾ സഹ അദ്ധ്യാപികയുടെ പരിഹാസവും കടന്നാക്രമണവും; അവർ എന്നെ എന്തൊക്കെയോ പറഞ്ഞുവെന്ന് മകളോട് പറഞ്ഞ് ഓർമ്മയില്ലാ കയത്തിലേക്ക് പോയി ലാലി ടീച്ചർ; അവയവ ദാനത്തിലൂടെ മലയാളിയുടെ കണ്ണ് നയിച്ച ഈ കുടുംബത്തിന് നാഥയെ നഷ്ടമാക്കിയത് വാട്‌സാപ്പിലെ തർക്കം; പൗണ്ട് കടവ് സ്‌കൂളിലെ ടീച്ചറുടെ മരണത്തിന് പിന്നിലും അദ്ധ്യാപക തർക്കം

ആർ പീയൂഷ്

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്ന് അവയവദാനം നടത്തിയ ലാലി ഗോപകുമാറിന്റെ മരണത്തിന് പിന്നിൽ അദ്ധ്യാപക വാട്ട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായ തർക്കമെന്ന് ആരോപണം. തർക്കം ഉണ്ടായതിനെ തുടർന്ന് നിമിഷങ്ങൾക്കകം തന്നെ മകളുടെ മുന്നിൽ ലാലി കുഴഞ്ഞു വീഴുകയായിരുന്നു.

പൗണ്ട്കടവ് ഗവ എച്ച്ഡബ്ല്യു എൽപിഎസ് സ്‌കൂളിലെ പ്രീപ്രൈമറി അദ്ധ്യാപികയാണ് ലാലി ഗോപകുമാർ. പ്രീപ്രൈമറി സ്‌ക്കൂൾ കുട്ടികൾക്ക് ഓൺലൈൻ ട്രെയിനിങ് കൊടുക്കുന്നതിനായി അദ്ധ്യാപകർക്ക് വേണ്ടി ആരംഭിച്ച 'കളിച്ചെപ്പ്' എന്ന വാട്ടസാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഈ ഗ്രൂപ്പിൽ നടന്ന ഒരു തർക്കമാണ് ലാലി ടീച്ചറെ മാനസിക സമ്മർദ്ദത്തിലാക്കുകയും പിന്നീട് മസ്തിഷ്‌ക മരണം സംഭവിക്കാനും ഇടയാക്കിയതെന്ന് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളായ അദ്ധ്യാപികമാർ പറയുന്നു.

ലാലി ടീച്ചർ കുഴഞ്ഞു വീഴുന്നതിന് തൊട്ടു മുൻപ് കളിച്ചെപ്പ് ഗ്രൂപ്പിൽ പ്രീപ്രൈമറി കുട്ടികൾക്കുള്ള ട്രെയിനിങ് സമയത്തിൽ മാറ്റം വരുത്തണമെന്ന് നിർദ്ദേശം വന്നു. എന്നാൽ പകൽ സമയത്ത് ഇത് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഒരു അഭിപ്രായം ഉയർന്നിരുന്നു. ലാലി ടീച്ചറും ഇതേ അഭിപ്രായത്തിൽ മുന്നോട്ട് വരികയും പകൽ സമയത്ത് ട്രെയിനിങ് കൊടുക്കാൻ ബുദ്ധിമുട്ടാണെന്നും ഭർത്താവിനോടും കുട്ടികളോടും ഒപ്പം ചിലവഴിക്കാനും വീട്ടു ജോലികൾ ചെയ്യാനും ഉപയോഗിക്കുന്ന സമയമാണെന്നും പറഞ്ഞു. എന്നാൽ ഗ്രൂപ്പിലുള്ള ഒരു ടീച്ചർ ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇവരുടെ വിമർശനത്തെ തുടർന്ന് ഉടൻ ലാലി ടീച്ചർ കുഴഞ്ഞു വീഴുകയായിരുന്നു. കുഴഞ്ഞു വീഴും മുൻപ് മകളോട് അവർ എന്നെ എന്തൊക്കെയോ പറഞ്ഞു എന്ന് പറഞ്ഞിരുന്നതായി മകൾ വെളിപ്പെടുത്തിയെന്ന് അദ്ധ്യാപികമാർ മറുനാടനോട് പറഞ്ഞു.

ലാലി ടീച്ചർ കുഴഞ്ഞു വീണു ആശുപത്രിയിലാണ് എന്ന് ഗ്രൂപ്പിൽ ആരോ സന്ദേശം ഇട്ടതിന് പുറകെ വിമർശിച്ച അദ്ധ്യാപിക രണ്ട് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു എന്നും പറയുന്നു. ഈ അദ്ധ്യാപിക ഇടത് സംഘടനയിലെ അംഗമാണെന്നും പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു. അവസാനം വാട്ട്സാപ്പ് ഗ്രൂപ്പിൽ ലാലി ടീച്ചർ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നതിങ്ങനെയാണ്. വെറുതെ ഇരുന്ന് ശമ്പളം വാങ്ങി വരികയല്ല. എല്ലാ ദിവസവും നല്ല പോലെ അധ്വാനിച്ച് കുട്ടികൾക്ക് എന്താണ് ചെയ്യാൻ പറ്റുക, അത് ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാണ് ഞാൻ സ്‌ക്കൂളിൽ നിന്നും വീട്ടിലെത്തിയത് അന്ന് മുതൽ കുട്ടികൾക്ക് വേണ്ടുന്ന വർക്കുകൾ കൊടുക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്.

പത്ത് മണിതൊട്ട് നാലുമണിവരെ സ്‌ക്കൂളിൽ ചെലവഴിക്കേണ്ടുന്ന സമയമാണെന്ന് ടീച്ചർ പറയുന്നുണ്ട്. എല്ലാ അദ്ധ്യാപകരും അത് ജൂൺ തൊട്ട് മാർച്ച് വരെ ചിവവഴിക്കുന്നുണ്ട് . ഇത് ഏപ്രിൽ മാസമാണ്, അടുത്ത ജൂണിലേക്കുള്ള കാര്യങ്ങൾ തയ്യാറാക്കുന്ന സമയമാണ്. പക്ഷേ ഇപ്പോൾ ലോക്ക് ഡൗൺ സമയമായതിനാൽ കുട്ടികളെല്ലാം വീട്ടിലുള്ള സമയമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ അവർക്ക് ആഹാരം പാകം ചെയ്തുകൊടുക്കണം, മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കണം. അപ്പോൾ ഒരു കുടുംബിനി എന്ന നിലയിൽ ഏത് നേരവും ഫോണും കയ്യിലെടുത്ത് ഇരിക്കാൻ കഴിയുമോ? അത് മറ്റുള്ളവർ ഉൾക്കൊള്ളണ്ടേ. ട്രെയിനിങ്ങിന് പോകുമ്പോൾ അവിടെ നമ്മൾ മാത്രമേ ഉള്ളൂ, കുടുംബം ഇല്ല. അതിനാൽ ഏകാഗ്രതയോടെ അവിടെ ഇരിക്കാൻ കഴിയും. അതിന് ഉങ്ങനെ വിമർശിക്കണ്ട കാര്യമില്ല. എല്ലാവരുടെയും അഭിപ്രായം ഞാൻ പറഞ്ഞതേയുള്ളൂ എന്ന് അവസാനിക്കുന്നു.

ഇതിന് ശേഷമാണ് ടീച്ചർ കുഴഞ്ഞു വീഴുന്നത്. ഉടൻ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ടീച്ചറുടെ മരണത്തിന് പിന്നാലെയാണ് വാട്ടസാപ്പ് ഗ്രൂപ്പിൽ ഇത്തരത്തിൽ അധിക്ഷേപം നേരിട്ട വിവരം അദ്ധ്യാപകർ തുറന്ന് പറയുന്നത്. മുൻപും തിരുവനന്തപുരത്ത് ഒരു എൽ.പി സ്‌ക്കൂൾ എച്ച്.എം ശാസിച്ചതിനെ തുടർന്ന് ജയകുമാരി എന്ന പ്രീപ്രൈമറി അദ്ധ്യാപികയും കുഴഞ്ഞു വീണു മരിച്ചിരുന്നു. ലാലി ടീച്ചറെ മാനസിക സമ്മർദ്ദത്തിലാക്കാൻ കാരണക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എപ്രീപ്രൈമറി സെൽ രംഗത്ത് വന്നിട്ടുണ്ട്.

ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ലാലി ഗോപകുമാർ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരായതോടെയാണ് ലാലി ടീച്ചറും ചർച്ചകളിൽ എത്തിയത് ഹൃദയം, 2 വൃക്കകൾ, 2 കണ്ണുകൾ എന്നവയാണ് മറ്റുള്ളവർക്കായി നൽകിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ ഗവ കണ്ണാശുപത്രിക്കുമാണ് നൽകിയത്. ഈ ദുഃഖത്തിന്റെ ഘട്ടത്തിൽ നല്ലൊരു തീരുമാനമെടുത്ത കുടുംബാംഗങ്ങളുടെ നല്ല മനസിന് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചിരുന്നു.

തീവ്രദുഃഖത്തിലും അവയവദാനത്തിന് തയാറായ ലാലി ഗോപകുമാറിന്റെ ബന്ധുക്കളെ മന്ത്രി കെകെ ശൈലജ ഫോണിൽ വിളിച്ച് ആദരവറിയിച്ചു. അനേകം കുട്ടികൾക്ക് അറിവ് പകർന്ന ടീച്ചറായ ലാലി ഗോപകുമാർ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണ് മന്ത്രി പറഞ്ഞു. പൗണ്ട്കടവ് ഗവ എച്ച്ഡബ്ല്യു എൽപിഎസ് സ്‌കൂളിലെ അദ്ധ്യാപികയാണ് ലാലി ഗോപകുമാർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ലാലിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. മെയ് എട്ടാം തിയതി രണ്ട് അപ്നിയ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങൾ മുന്നോട്ട് വരികയായിരുന്നു.

'അമ്മയ്ക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞങ്ങൾ കുറേ വിഷമിച്ചിരുന്നു. അമ്മ എപ്പോഴും എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ. ഞങ്ങളെപ്പോലെ കരയുന്നവരും കാണുമല്ലോ. അവർക്കൊരു സഹായമായാണ് അവയവദാനത്തിന് തയാറായത്' എന്നാണ് മകൾ ദേവിക ഗോപകുമാർ പറഞ്ഞു. ലാലി ഗോപകുമാറിന്റെ ഭർത്താവ് ഗോപകുമാർ ബിസിനസ് നടത്തുന്നു. മൂന്ന് മക്കളിൽ ഗോപിക ഗോപകുമാർ ഗൾഫിൽ നഴ്‌സാണ്. ദേവിക ഗോപകുമാർ ബിഎച്ച്എംഎസ് വിദ്യർത്ഥിയും മകൻ ഗോപീഷ് ബിടെക് വിദ്യാർത്ഥിയുമാണ്.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ലോക് ഡൗണായതിനാൽ മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും ഇടപെടലുകളെ തുടർന്നാണ് അവയവദാന വിന്യാസം നടന്നത്. ഹൃദയം എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര കൂടിയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP