Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ

ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ

ആർ പീയൂഷ്

പാലക്കാട്: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രശാന്ത് മങ്ങാട്ടും സഹോദരൻ പ്രമോദ് മങ്ങാട്ടും നെന്മാറയിൽ 2019 ൽ ആരംഭിച്ച ശേഷമാണ് ബി.ആർ ഷെട്ടിയുടെ എൻ.എം.സി ഹെൽത്ത് കെയറിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കുന്നതെന്ന് റിപ്പോർട്ട്. സാമ്പത്തിക ക്രമക്കേടുകൾ നടത്തി തട്ടിയെടുത്ത പണം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു എന്നാണ് ആരോപണം. കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം പോലും അത്യാഡംബരപൂർവ്വമായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രി, മോഹൻലാൽ, ബി.ആർ ഷെട്ടി തുടങ്ങീ നിരവധിപേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

തന്ത്രപരമായാണ് നെന്മാറയിൽ ആശുപത്രി കിട്ടിപ്പൊക്കിയത്. സ്വപ്‌നം കാണാനുള്ള മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കാലാമിന്റെ വാക്കുകൾ മുൻനിർത്തിയാണ് ആശുപത്രിയുടെ പ്രവർത്തനമെന്നും വിശദീകരിച്ചിരിക്കുന്നത്. ഈ ആശുപത്രി കമ്പനിയിൽ പ്രശാന്തും പ്രമോദും നേരിട്ട് ഇടപെടുന്നില്ലെന്നാണ് രേഖകളിലൂടെ വ്യക്തമാകുന്നത്. ഷെട്ടി ഗ്രൂപ്പിന് എന്തെങ്കിലും പറ്റിയാലും തങ്ങളുടെ ആശുപത്രിക്ക് കോട്ടമുണ്ടാകാതിരിക്കാൻ ഇരുവരും തന്ത്രപരമായി കരുക്കൾ നീക്കിയെന്നാണ് ഉയരുന്ന ആരോപണം. പ്രശാന്തിന്റെ ഭാര്യ ജ്യോതി പാലാട്ടും പ്രമോദിന്റെ ഭാര്യ ശാന്തിയുമാണ് നെന്മാറയിലെ ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ.

ബി ആർ ഷെട്ടി ഗ്രൂപ്പുമായി ജ്യോതിക്കും ശാന്തിക്കും യാതൊരു പങ്കുമില്ല. ഭാവിയിൽ ബി ആർ ഷെട്ടി ഗ്രൂപ്പിന് എന്തെങ്കിലും സംഭവിച്ചാലും നെന്മാറയിലെ ആശുപത്രിക്ക് പ്രശ്‌നങ്ങളുണ്ടാകരുതെന്ന് പ്രശാന്തും പ്രമോദും നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇത് തന്നെയാണ് നെന്മാറ ആശുപത്രിയുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും നിറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാലക്കാട്ടെ ആരോഗ്യ പ്രശ്‌നങ്ങളിൽ സമഗ്രമായി ഇടപെടുന്ന ആശുപത്രിയായി ഇത് മാറുകയും ചെയ്തു. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലെ കരങ്ങൾ ജ്യോതിയുടേയും ശാന്തിയുടേയും ഭർത്താക്കന്മാരാണെന്ന് ഏവർക്കും അറിയാവുന്നതാണ്. ഷെട്ടി ഗ്രൂപ്പിന്റെ സ്വന്തം സ്ഥാപനം എന്ന നിലിയാലാണ് ആദ്യം ഈ ആശുപത്രിയെ ജനങ്ങൾ സമീപിച്ചത്.

ആശുപത്രി ഉദ്ഘാടനത്തിന് ബി.ആർ ഷെട്ടിയെ ക്ഷണിച്ചത് തന്നെ തങ്ങൾ കേരളത്തിലെ വമ്പന്മാരാണ് എന്ന് വരുത്തി തീർക്കാനായിരുന്നു. സംസ്ഥാനത്തെ പ്രമുഖരെല്ലാം തങ്ങളുടെ വിളിപ്പുറത്താണെന്ന് കാട്ടി കൊടുത്ത് ഷെട്ടിയുടെ മുന്നിൽ താരത്തിളക്കം വർദ്ധിപ്പിച്ചു. എന്നാൽ തന്റെ കമ്പനിയുടെ സമ്പത്ത് തട്ടിയെടുത്താണ് അവൈറ്റിസ് കെട്ടിയുയർത്തിയത് എന്ന് മാത്രം ഷെട്ടി അറിഞ്ഞില്ല. അറിഞ്ഞപ്പോൾ വല്ലാതെ വൈകിപ്പോയി. 2019 ഡിസംബറോടെയാണ് തന്റെ വിശ്വസ്തരായവർ ചതിച്ചു എന്ന് ഷെട്ടി മനസ്സിലാക്കുന്നത്. അതിനെ പറ്റി ഷെട്ടി പറയുന്നതിങ്ങനെ; ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരുകമ്മീഷനെ താൻ നിയോഗിച്ചിരുന്നു. തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്.

വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.

ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പ്രശാന്ത് പണം തിരിമറി നടത്തിയത് എന്നാണ് വിവരം. പ്രശാന്ത് മങ്ങാട്ട് സിഎഫ്ഒയും സിഇഒയും ആയിരുന്ന കാലത്തെ മാനേജ്മെന്റ് തീരുമാനങ്ങൾ ഇപ്പോൾ പരിശോധിച്ചു വരികയാണ്. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് പ്രശാന്തിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 335 ദശലക്ഷം മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പ്രശാന്ത് പൂഴ്‌ത്തി വച്ചുവെന്നാണ് ആരോപണം. എൻഎംസിയുടെ 2.7 ബില്യന്റെ ബാങ്ക് വായ്പകളും ഒളിപ്പിച്ചുവച്ചു. നിലവിലെ ബോർഡ് ഓഫ് ഡയറക്ടർമാർക്ക് ഈ വായ്പകളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. വായ്പകളെല്ലാം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും മറ്റുമാണ് ചെലവഴിച്ചിട്ടുള്ളത് എന്നാണ് വിവരം.

മുൻ എഫ്.ബി.ഐ ഡയറക്ടർ ലൂയി ഫ്രീഹ് നയിക്കുന്ന യു.എസ് കേന്ദ്രമാക്കിയ കൺസൾട്ടൻസിയാണ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ പ്രശാന്തിന്റെ സാമ്പത്തിക തിരിമറിയുടെ വിശവിവരങ്ങൾ ലഭ്യാമായിട്ടുണ്ട്. ഇത് കോടതിയെ അറിയിച്ചതിന് ശേഷം നിയമ നടപടികൾ സ്വീകിക്കും. നിലവിൽ ഇന്ത്യയിലായതിനാൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ഉടമ്പടി പ്രകാരം. ഇയാളെ അറസ്റ്റ് ചെയ്യാനും നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കാനുമാണ് നീക്കം. ഷെട്ടിയെ ചതിയിൽ വീഴ്‌ത്തിയ വാർത്തകൾ പുറത്ത് വന്നതിന് ശേഷം ആശുപത്രിയിലേക്ക് ഇവർ എത്തുന്നില്ല എന്ന് ജീവനക്കാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അതിനോടനുബന്ധിച്ച് കുറച്ച് ഫീഡർ ഹോസ്പിറ്റലുകൾ. ആ രീതിയിലാണ് അവൈറ്റിസിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാലക്കാട് ടൗണിലുണ്ടായിരുന്ന 40 ബെഡുകളുള്ള ബാലാജി ഹോസ്പിറ്റലിനെ ഏറ്റെടുത്ത് ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങിയ സ്പെഷ്യൽ കെയർ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ പ്രാഥമിക ചികിത്സകൾ നൽകുന്ന കുറച്ച് പെരിഫറൽ ക്ലിനിക്കുകളും ഗ്രൂപ്പിന് കീഴിലുണ്ട്. അവൈറ്റിസിന്റെ ഫാമിലി ഫിസിഷ്യൻസിന്റെയും വിസിറ്റിങ് കൺസൾട്ടന്റുമാരുടെയുമൊക്കെ സേവനം ഇവിടെയും ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ അവൈറ്റിസിലെ ഡോക്ടർമാർ ക്ലിനിക്കിലെത്തി ട്രീറ്റ്മെന്റുകൾ നടത്തുകയും ചെയ്യുന്നു. ഇതുകൂടാതെ വടക്കഞ്ചേരിയിലും കൊല്ലങ്കോടും ക്ലിനിക്കുണ്ട്. കൊടുവായൂരിൽ ഒരു ചെറിയ ഹോസ്പിറ്റലിനെ അവൈറ്റിസ് ഏറ്റെടുത്തിരുന്നു. 20 ബെഡുകളുള്ള സെന്ററായിരുന്നു ഇത്. ഇങ്ങനെ ഏറ്റെടുക്കലിലൂടെയാണ് അവൈറ്റിസിനെ വളർത്തിയത്.

ഹോസ്പിറ്റൽ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതെ കടന്നുവന്ന് സ്വയം പഠനത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും നെമ്മാറ പോലൊരു ഗ്രാമപ്രദേശത്ത് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങുന്നത് തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഉയർത്തിയിരുന്നു. രുവരുടേയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് അവൈറ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന തരത്തിലായിരുന്നു ചർച്ചകൾ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎംസി ഹെൽത്തിന്റെ സിഇഒ പ്രശാന്ത് മങ്ങാട്ടിന്റെ ഭാര്യയാണ് ജ്യോതിയെന്നും സഹോദരനും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒയുമായ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യയാണ് ശാന്തിയെന്നും ചർച്ചയാവാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചു.

പ്രശാന്ത് മങ്ങാട്ടിന്റേയും പ്രമോദ് മങ്ങാട്ടിന്റെയും സ്വപ്നമായിരുന്നു സ്വന്തം നാട്ടിലൊരു സംരംഭം. ഒരുപാട് ആലോചനകൾക്കു ശേഷമാണ് നാട്ടുകാർക്ക് ഏറ്റവും പ്രയോജനപ്രദമാകുന്ന സ്ഥാപനം എ ന്ന നിലയിൽ ഹോസ്പിറ്റൽ എന്ന ചിന്തയിലേക്കെത്തുന്നത്. യുഎഇയിലാണ് സ്ഥിര താമസമെന്നതിനാൽ ഇരുവർക്കും കേരളത്തിലൊരു ബിസിനസ് നടത്തിക്കൊണ്ടു പോവുക അസാധ്യമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ജീവിത പങ്കാളികളോട് ഈ ദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കുന്നത്. രണ്ടു പേരും ധൈര്യസമേതം മുന്നോട്ട് വന്ന് ഹോസ്പിറ്റൽ ഒരു യാഥാർത്ഥ്യമാക്കി മാറ്റി. അവൈറ്റിസിൽ ഐ.റ്റി, ഫിനാൻസ്, ഓപ്പറേഷൻസ് വിഭാഗങ്ങളാണ് ജ്യോതി കൈകാര്യം ചെയ്യുന്നത്. ബ്രാൻഡിങ്, മാർക്കറ്റിങ്, എച്ച്ആർ, കോർപ്പറേറ്റ് അഫയേഴ്സ് എന്നിവയാണ് ശാന്തിയുടെ ചുമതലകൾ-ഇങ്ങനെയൊക്കെയായിരുന്നു ചർച്ചകളിൽ ആശുപത്രിയെ നിറച്ചത്.

ഒരു ചെറിയ കുന്നിന്റെ മുകളിൽ 30 ഏക്കറോളം സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യു ന്നത്. അത്യാധുനിക പ്രീ- ഫാബ്രിക്കേറ്റഡ് രീതിയിലാണ് ആശുപത്രിയുടെ നിർമ്മാണം. കേരളത്തിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ആശുപത്രിയാണിതെന്നും അവകാശ വാദം ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP