Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാറിലും മുത്തങ്ങയിലും കാട്ടിൽ മലയാളി പെടാപാടുപെട്ടിട്ടും കരളലിയാതെ കേരളാ സർക്കാർ; പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുൾ ഇല്ലാതാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയോടെ കേരളത്തിലേക്ക് എത്താൻ ആഗ്രഹിച്ചവരുടെ പ്രതീക്ഷകളെ; അതിർത്തികളിലുള്ളത് അസാധാരണ പ്രതിസന്ധി; അടിയന്തര സിറ്റിംഗിലൂടെ ഹൈക്കോടതിയും ഇടപെടലിന്; പ്രതീക്ഷയോടെ അതിർത്തിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ

വാളയാറിലും മുത്തങ്ങയിലും കാട്ടിൽ മലയാളി പെടാപാടുപെട്ടിട്ടും കരളലിയാതെ കേരളാ സർക്കാർ; പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുൾ ഇല്ലാതാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയോടെ കേരളത്തിലേക്ക് എത്താൻ ആഗ്രഹിച്ചവരുടെ പ്രതീക്ഷകളെ; അതിർത്തികളിലുള്ളത് അസാധാരണ പ്രതിസന്ധി; അടിയന്തര സിറ്റിംഗിലൂടെ ഹൈക്കോടതിയും ഇടപെടലിന്; പ്രതീക്ഷയോടെ അതിർത്തിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിൽ പ്രതീക്ഷ അർപ്പിച്ച് ഇതരസംസ്ഥാനത്ത് കുടുങ്ങിയ മലയാളികൾ. കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടക്കുന്നത്. വാളയാർ, തലപ്പാടി അടക്കമുള്ള ചെക്പോസ്റ്റുകളിൽ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഡിവിഷൻ ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ഷാജി പി. ചാലി, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ശനിയാഴ്ച സംസ്ഥാന അതിർത്തികളിൽ പാസില്ലാതെ നിരവധി പേർ എത്തിയിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇവരെ സംസ്ഥാനത്തേക്ക് കടത്തിവിട്ടത്. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകൾ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങൾ എന്നിവ നിർണായകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. പാസില്ലാതെ വരുന്നവരെ ഒരുരീതിയിലും കടത്തിവിടില്ല. പാസില്ലാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ഉത്തരവാദിത്വം സർക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മലയാളികളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലേ എന്ന ചോദ്യം സജീവമാണ്. ഈ സാഹചരത്തിലാണ് കോടതിയുടെ ഇടപെടൽ. അതിർത്തിയിൽ ഇവരുടെ വിവരങ്ങളും മറ്റും പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി നിർദ്ദേശിക്കുമെന്നാണ് കുടുങ്ങിയവരുടെ പ്രതീക്ഷ.

അതിർത്തിയിൽ എത്തിയവർക്ക് ഇനി മടങ്ങി പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോടതി ഈ വിഷയം പരിഗണിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരാൻ ഏർപ്പെടുത്തിയ ക്രമീകരണം തകർന്നാൽ, ഇതുവരെ സംസ്ഥാനം കൈക്കൊണ്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പാളും. അതിർത്തി ചെക്‌പോസ്റ്റുകളിൽ ഇങ്ങോട്ടു കടക്കാനാവാതെ വിഷമിക്കുന്നുമുണ്ട്. താത്കാലികമായി അത്തരം ചില പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും അത് തുടരാനാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മുൻഗണനാപട്ടികയിൽപ്പെട്ടവരും സ്വന്തം വാഹനത്തിൽ വരാൻപറ്റുന്നവരുമാണ് ആദ്യം വരുന്നത്. വിദൂരസ്ഥലങ്ങളിൽ അകപ്പെട്ടുകിടക്കുന്നവരെ തീവണ്ടിമാർഗം കൊണ്ടുവരാനുള്ള പരിശ്രമം തുടരുകയാണ്. ആദ്യ തീവണ്ടി ഡൽഹിയിൽനിന്നു പുറപ്പെടാനാകുമെന്നു പ്രതീക്ഷിക്കുന്നു. തീയതി ഉടൻ അറിയാം. വിദ്യാർത്ഥികൾക്കാണ് ഇതിൽ മുൻഗണന ലഭിക്കുക. മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്നു പ്രത്യേക തീവണ്ടി ആലോചിച്ചിട്ടുണ്ട്. ഇതിന് കെ.എസ്.ആർ.ടി.സി. അയക്കുന്നതും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിർത്തിയിലെ അഞ്ച് ചെക്‌പോസ്റ്റിലൂടെയും സാധ്യമാകുന്ന ആളുകൾക്കാണ് പാസ് അനുവദിക്കുന്നത്. വാഹനം കിട്ടാനുള്ള ബുദ്ധിമുട്ട് മുതലായ കാരണങ്ങളാൽ വൈകിയവരാണെങ്കിൽ തീയതിയിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം വകവെക്കാതെ ഇളവനുവദിക്കും. തിരക്ക് നിയന്ത്രിക്കാൻ അഞ്ച് ചെക്‌പോസ്റ്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 21,812 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. 54,262 പേർക്കാണ് ഇതുവരെ പാസ് നൽകിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന നഗരങ്ങളിൽ ഹെൽപ് ഡെക്സ്

മലയാളികൾക്കായി പ്രധാന നഗരങ്ങളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കേരള ഹൗസ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ നോർക്ക ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാകും ഹെൽപ് ഡെസ്‌കുകൾ. കോൾ സെന്ററുകൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലുള്ള കേരളീയരെ ടൂറിസ്റ്റ് വാഹനങ്ങളിൽ നാട്ടിലെത്തിക്കാൻ പലരും മുന്നോട്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള 493 വാഹനങ്ങൾ വിനോദസഞ്ചാര വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തിയിൽ സർവ്വത്ര ആശയക്കുഴപ്പം

പാസ് ലഭിക്കാത്തവർ, നോർക്ക വെബ്‌സൈറ്റിൽ അപേക്ഷിച്ചെങ്കിലും അനുമതി സന്ദേശം ലഭിക്കാത്തവർ, പാസ് നിർത്തുന്നതായി കേട്ട് വേഗം നാട്ടിലേക്കു തിരിച്ചവർ തുടങ്ങിയവരെല്ലാം അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി. പാലക്കാട് വാളയാറിൽ 600 ലേറെ പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള അതിർത്തിയിൽ കുടുങ്ങിയത്. 6 ഗർഭിണികളടക്കം നൂറുകണക്കിനു സ്ത്രീകളും കുട്ടികളും പെട്ടിരിക്കുകയാണ്. ഇവരെ തമിഴ്‌നാട് സർക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. റോഡിൽ ഇരുന്നവർക്ക് ഉപയോഗിക്കാൻ ശുചിമുറി പോലും ഇല്ലായിരുന്നു. പ്രായമേറിയ പലരും പൊള്ളുന്ന ചൂടിൽ റോഡിൽ തളർന്നു വീണു.

പാസില്ലാതെ അതിർത്തിയിലെത്തിയവരെ കടത്തിവിടില്ലെന്ന കർശന തീരുമാനമെത്തിയതോടെ പലരും ആശങ്കയിലായി. സന്നദ്ധ പ്രവർത്തകർ നൽകിയ പഴവും വെള്ളവും ഭക്ഷണവും കഴിച്ചാണു മിക്കവരും വിശപ്പടക്കിയത്. ഇരുട്ടിത്തുടങ്ങിയതോടെ പലരും അതിർത്തിയിലെ കടത്തിണ്ണകളിലും ഒഴിഞ്ഞു കിടന്ന തമിഴ്‌നാട് ചെക്‌പോസ്റ്റ് കെട്ടിടത്തിലും അഭയം തേടി. ഇതിനിടെ, സുരക്ഷ മുൻനിർത്തി രാത്രി എല്ലാവരെയും നെഹ്‌റു കോളജിലേക്കു മാറ്റി.

മുത്തങ്ങയിലും കാട്ടിൽ കുടുങ്ങി മലയാളികൾ

വയനാട് മുത്തങ്ങ അതിർത്തിക്കടുത്ത് വനത്തിനുള്ളിൽ സ്ത്രീകളും കുട്ടികളും പ്രായമേറിയവരും ഉൾപ്പെടെ അൻപതോളം മലയാളികൾ രാത്രി കുടുങ്ങി. കർണാടക പാസ് മാത്രമുള്ളവരും റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തവരും കർണാടക ചെക്‌പോസ്റ്റായ മൂലഹൊള്ള വരെ എത്തി കുടുങ്ങുകയായിരുന്നു. ഇവരെ നാട്ടിലേക്കു കൊണ്ടുപോകാനെത്തിയ ബന്ധുക്കളും കാടിനുള്ളിൽ പെട്ടു. ബന്ദിപ്പൂർ വനത്തിനുള്ളിലാണ് മൂലഹൊള്ള ചെക്‌പോസ്റ്റ്.

നോർക്ക വെബ്‌സൈറ്റിൽ നിന്ന് ഫൈനൽ കൺഫർമേഷൻ കിട്ടാത്തവരാണ് കാസർകോട് തലപ്പാടി ചെക്‌പോസ്റ്റിലെത്തി കുടുങ്ങിയത്. 'കൺഫർമേഷൻ പെൻഡിങ്' എന്നാണ് വെബ്‌സൈറ്റ് പരിശോധിക്കുമ്പോൾ സ്റ്റേറ്റസ് കാണിക്കുന്നത്. അതതു ചെക്‌പോസ്റ്റ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ അധികൃതർ കൺഫർമേഷൻ നൽകാത്തതിനാലാണിത്. തിരക്കൊഴിവാക്കാൻ അനുമതി നൽകുന്നതു ജില്ലാ ഭരണകൂടങ്ങൾ ദീർഘിപ്പിക്കുന്നതായി പരാതിയുണ്ട്.

കുടുങ്ങിയത് മറ്റ് സംസ്ഥാനങ്ങളുടെ പാസുമായി എത്തിയവർ

മറ്റു സംസ്ഥാനങ്ങൾ റെഡ്‌സോൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു മലയാളികളെ കൂട്ടത്തോടെ കേരളത്തിലേക്ക് അയയ്ക്കുകയായിരുന്നു. 43,000 പാസുകളാണു മലയാളികൾക്കു തമിഴ്‌നാട് നൽകിയിട്ടുള്ളത്. പാസ് കിട്ടിയവർ സംസ്ഥാനം വിടണമെന്ന നിർദേശവും ഇതര സംസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. അതേസമയം, ഇവരിൽ ഏറെപ്പേർക്കും കേരളത്തിലെ പാസ് കിട്ടിയിട്ടില്ല. ഇന്നലെ രാവിലെ 10 മുതൽ രാത്രി എട്ടര വരെ 716 വാഹനങ്ങളിലായി 1987പേർ വാളയാർ കടന്നു. ഗർഭിണികൾക്കും അടുത്ത ബന്ധുവിന്റെ മരണം, അടിയന്തര ചികിത്സ, ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാൻ എന്നീ ആവശ്യങ്ങളുമായി വരുന്നവർക്കും മാത്രം എമർജൻസി പാസ് അനുവദിക്കും.

രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ എത്തുകയാണെങ്കിൽ അവരുടെ വാഹനം അതിർത്തിയിൽ യാത്ര അവസാനിപ്പിക്കണം. തുടർന്ന്, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ടാക്‌സിയിൽ യാത്ര തുടരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP